Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറു വർഷത്തിനിടെ നടത്തിയത് 40 കോടി രൂപയുടെ വെട്ടിപ്പ്; വരുമാനം, ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ കണക്കുകളല്ല സമർപ്പിച്ചത്; ഇന്ത്യയിൽ അടയ്ക്കേണ്ട മുഴുവൻ നികുതിയും അടച്ചില്ലെന്ന് സമ്മതിച്ച് ബിബിസി; ആദായനികുതി വകുപ്പിന് ഇ മെയിൽ സന്ദേശം അയച്ചതായി റിപ്പോർട്ട്

ആറു വർഷത്തിനിടെ നടത്തിയത് 40 കോടി രൂപയുടെ വെട്ടിപ്പ്; വരുമാനം, ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ കണക്കുകളല്ല സമർപ്പിച്ചത്; ഇന്ത്യയിൽ അടയ്ക്കേണ്ട മുഴുവൻ നികുതിയും അടച്ചില്ലെന്ന് സമ്മതിച്ച് ബിബിസി; ആദായനികുതി വകുപ്പിന് ഇ മെയിൽ സന്ദേശം അയച്ചതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളിലെ കണ്ടെത്തലുകൾ ശരിവച്ച് ബിബിസി. നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരുമാനം കുറച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് അയച്ച ഇ മെയിലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്.

ആറു വർഷത്തിനിടെ നടത്തിയത് 40 കോടി രൂപയുടെ വെട്ടിപ്പാണെന്ന് വിലയിരുത്തൽ. വരുമാനം, ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ കണക്കുകളല്ല സമർപ്പിച്ചതെന്ന് ബിബിസി മെയിലിൽ ചൂണ്ടിക്കാണിക്കുന്നതായാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ ബിബിസിക്ക് പുതിയ ആദായനികുതി വിശദാംശങ്ങൾ സമർപ്പിക്കേണ്ടി വരും.

ബിബിസി കത്ത് നൽകിയിട്ടുണ്ടെങ്കിലും പിഴ അടക്കം നികുതി തുക നൽകിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.പ്രശ്‌നം പരിഹരിക്കാൻ, ബിബിസി പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യണമെന്നും ബാക്കിയുള്ള എല്ലാ കുടിശ്ശികകളും പിഴകളും അടയ്‌ക്കേണ്ടതുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.

മുൻ കാലങ്ങളിൽ അടയ്ക്കാതെ വെട്ടിച്ച പണത്തിന് അനുപാതികമായ തുക അടച്ച് തുടർ നിയമനടപടികളിൽനിന്ന് മോചിതരാകേണ്ടി വരുമെന്നുമാണ് റിപ്പോർട്ട്. 40 കോടി രൂപയോളം വരുമാന നികുതി ബിബിസി അടച്ചില്ലെന്ന് സർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. കുറഞ്ഞ തുക അടച്ചതിന് പിഴയും പലിശയും ബിബിസി അടക്കണമെന്നും സർക്കാർ വൃത്തങ്ങൾ നിലപാടെടുത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ മോദി ഡോക്യുമെന്ററി റിലീസായതിന് പിന്നാലെ ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ നടന്ന പരിശോധന വൻ വിവാദത്തിലാണ് കലാശിച്ചത്.

ആദായ നികുതി വകുപ്പിന് പുറമെ ബിബിസിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വഷണം നടത്തുന്നുണ്ട്. വിദേശ നാണയ വിനിമയ ചട്ടം ബിബിസി ഇന്ത്യ ലംഘിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ എന്ന ആഗോള മാധ്യമസ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം തുടങ്ങിയത്. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ ബിബിസി നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയെന്നും ഇഡി അന്വേഷണത്തിന് കാരണമായിരുന്നു.

ഫെബ്രുവരിയിൽ ആദായ നികുതി വകുപ്പ് ബിബിസി ഇന്ത്യയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ മൂന്ന് ദിവസമാണ് തുടർച്ചയായി സർവേ നടത്തിയത്. രാജ്യത്തെ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം വിദേശത്തേക്ക് വകമാറ്റുന്നതിൽ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയെന്നും ഈ നടപടിയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പിന്നീട് വ്യക്തമാക്കിയിരുന്നു. 

1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 133 എ പ്രകാരം യുകെ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കണക്കുകളും രേഖകളും പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ബിബിസി കാണിക്കുന്ന വരുമാനവും ലാഭവും 'ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ സ്‌കെയിലിന് ആനുപാതികമല്ല' എന്ന് ഐടി വകുപ്പ് പറഞ്ഞിരുന്നു.

ബിബിസിക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടി വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലുള്ള പകപോക്കൽ നടപടിയെന്നാണ് പ്രതിപക്ഷം അന്ന് വിമർശിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കം ഈ നടപടിക്കെതിരെ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ഈ വിഷയത്തിലാണ് ഇപ്പോൾ ബിബിസി തന്നെ നികുതി അടയ്ക്കാനുണ്ടെന്ന് സമ്മതിച്ചതായി വാർത്തകൾ പുറത്ത് വരുന്നത്

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ' എന്ന പേരിലുള്ള ഡോക്യുമെന്ററി ജനുവരി 17നു ബിബിസി സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP