Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

ബിജെപി ഭരണത്തിൽ കീഴിൽ ക്രൈസ്തവർക്കും മറ്റെല്ലാം പൗരന്മാർക്കും നല്ലതിന് ആവശ്യമായത് ചെയ്യുമെന്ന് സി ബി സി ഐക്ക് അമിത്ഷായുടെ ഉറപ്പ്; മണിപ്പൂരിലും മധ്യപ്രദേശിലും ക്രൈസ്തവർ നേരിടുന്ന ആക്രമണങ്ങളും വെല്ലുവിളികളും ഷായുടെ ശ്രദ്ധയിൽ പെടുത്തി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്; ക്രൈസ്തവരെ ഒപ്പം കൂട്ടാൻ ഉറച്ച് ബിജെപി

ബിജെപി ഭരണത്തിൽ കീഴിൽ ക്രൈസ്തവർക്കും മറ്റെല്ലാം പൗരന്മാർക്കും നല്ലതിന് ആവശ്യമായത് ചെയ്യുമെന്ന് സി ബി സി ഐക്ക് അമിത്ഷായുടെ ഉറപ്പ്; മണിപ്പൂരിലും മധ്യപ്രദേശിലും ക്രൈസ്തവർ നേരിടുന്ന ആക്രമണങ്ങളും വെല്ലുവിളികളും ഷായുടെ ശ്രദ്ധയിൽ പെടുത്തി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്;  ക്രൈസ്തവരെ ഒപ്പം കൂട്ടാൻ ഉറച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: നെടുമ്പാശ്ശേരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സി ബി സി ഐ പ്രസിഡന്റും തുശൂർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്ത് നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂരിലേതടക്കം ക്രൈസ്തവർക്ക് നേരേ രാജ്യത്ത് പലയിടത്തും ഉണ്ടാകുന്ന ആക്രമണങ്ങളിലും വെല്ലുവിളികളിലും സി ബി സി ഐ അമിത്ഷായെ ആശങ്ക അറിയിച്ചു.

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ കൂടാതെ, ഫാ റെന്നി മുണ്ടെൻകുര്യൻ, ഫാ. അലക്‌സ് മാപ്രാണി എന്നിവരാണ് കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത്. സി ബി സി ഐ പ്രതിനിധികളുടെ ആവലാതികൾ ഷാ ക്ഷമാപൂർവം കേട്ടു. മണിപ്പൂരിലെ തന്റെ സമാധാന ദൗത്യവും ഷാ വിശദീകരിച്ചു. മധ്യപ്രദേശിലെ ചില പ്രദേശങ്ങളിൽ, ക്രൈസ്തവർക്ക് നേരേ നടന്ന ചില ആക്രമണങ്ങൾ ആർച്ചബിഷപ്പ് ശ്രദ്ധയിൽ പെടുത്തിയപ്പോൾ, അതുപരിശോധിക്കാമെന്ന് മറുപടി നൽകി. ക്രിസ്ത്യാനികൾക്കും മറ്റെല്ലാ പൗരന്മാർക്കും നല്ലതിന് ആവശ്യമായത് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി സി.ബി.സിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനം എന്നിവയിൽ അടക്കം രാഷ്ട്രനിർമ്മാണത്തിന് ക്രൈസ്തവർ നൽകിയ സംഭാവനകളും ചർച്ചയായി. സമീപകാലത്ത് ചില ക്രൈസ്തവ സ്ഥാപനങ്ങൾ നേരിട്ട പ്രശ്‌നങ്ങളും ഷായുടെ ശ്രദ്ധയിൽ പെടുത്തി. അവ പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്ന് ഉറപ്പ് നൽകി. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു. ന്യൂനപക്ഷ ക്രൈസ്തവർ ഇന്ത്യയിൽ സുരക്ഷിതരാണെന്ന സിറോ മലബാർ കത്തോലിക് സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ നിലപാടിന് വിരുദ്ധമാണ് സിബിസിഐയുടെ നിലപാട് എന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കങ്ങളുടെ തുടർച്ചയായാണ് അമിത് ഷായുടെ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാർ ആൻഡ്രൂസ് താഴത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിലെത്തി അമിത്ഷായെ കണ്ടത്. ഏതാണ്ട് അരമണിക്കൂർ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്‌ച്ച. ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, പാർട്ടി ഓർഗനൈസേഷൻ സെക്രട്ടറി എം. ഗണേശൻ എന്നിവരും തൃശ്ശൂർ ജൂബിലി മിഷൻ ഡയറക്ടറും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ മാസം കൊച്ചി സന്ദർശിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെ ക്രൈസ്തവസഭാ തലവന്മാരും തമ്മിൽ ചർച്ച നടത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് അകമഴിഞ്ഞ സഹകരണമാണ് ബിജെപി.ക്ക് ലഭിക്കുന്നതെന്നും ഈ സഹായം കേരളത്തിൽനിന്നും ഉണ്ടാകണമെന്നും പ്രധാനമന്ത്രി സഭാ തലവന്മാരോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മാർ താഴത്തുമായി നടത്തിയ ചർച്ചയെന്ന് കരുതുന്നു.

അമൃത ആശുപത്രിയുടെ 25-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ കൊച്ചിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിനു ശേഷമായിരുന്നു ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച. സിറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെൽബണിലാണ്. തിങ്കളാഴ്ചയേ അദ്ദേഹം മടങ്ങിയെത്തൂ.

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. കേരളത്തിൽ അഞ്ചുസീറ്റുകൾവരെ നേടുമെന്ന് ബിജെപി. കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി അഭിപ്രായപ്പട്ടിരുന്നു. ക്രിസ്മസിനുസമാനമായി, ഈസ്റ്റർദിനത്തിലും ബിജെപി. പ്രവർത്തകർ ക്രൈസ്തവഭവനങ്ങൾ സന്ദർശിച്ച് സന്തോഷം പങ്കുവെച്ചിരുന്നു.

നേരത്തെ കേരളാ കോൺഗ്രസ് വിട്ട ജോണി നെല്ലൂർ വർക്കിങ് ചെയർമാനായി പുതിയ പാർട്ടി പ്രഖ്യാപിച്ചതും ബിജെപിയുടെ കേരളാ നീക്കത്തിന്റെ ഭാഗമായിരിരുന്നു. നാഷണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പേരിട്ടത്. മുൻ ന്യൂനപക്ഷ കമ്മീഷൻ അംഗമായ വി.വി.അഗസ്റ്റിനാണ് പാർട്ടി ചെയർമാൻ. മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവരാണ് വൈസ് ചെയർമാന്മാർ.

ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നാണ് ജോണി നെല്ലൂർ പറഞ്ഞത്. എന്നാൽ, ബിജെപി അനുകൂല നിലപാടെടുക്കാനാണ് സാധ്യത. ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരെയും ഒപ്പം നിർത്താൻ ബിജെപി നേതൃത്വം ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP