Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ

പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പുതിയ പള്ളി നിർമ്മാണത്തിലെ കണക്ക് സംബന്ധിച്ച് പള്ളി വികാരിയും വിശ്വാസികളും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചെന്ന പേരിൽ കൂട്ട മരണ കുർബാന നടത്തി വികാരി. പള്ളി നിർമ്മാണത്തിലെ കണക്ക് സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിനാണ് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി വികാരി കൂട്ട 'മരണ കുർബാന' നടത്തിയത്. തൃശൂർ പൂമല ലിറ്റിൽ ഫ്ളവർ പള്ളിയിലാണ് സംഭവം.

ജീവിച്ചിരിക്കുന്ന ഇടവകക്കാർക്ക് കൂട്ടമരണക്കുർബാന ചൊല്ലിയതോടെ പ്രശ്നം രൂക്ഷമായി. അതോടെ വികാരിക്ക് അനുകൂലമായി നിന്ന വിശ്വാസികൾപോലും എതിർചേരിയിലെത്തി. വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടവകയിലെ വിശ്വാസികളിൽ ചിലർ പള്ളിക്ക് മുന്നിൽ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി. കോടികൾ മുടക്കി ഇവിടെ പുതിയ പള്ളി നിർമ്മിച്ചിരുന്നു. ഇതിന്റെ കണക്ക് സംബന്ധിച്ച് തർക്കത്തിനൊടുവിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

വികാരി ഫാ.ജോയസൺ കോരോത്താണ് പള്ളി നിർമ്മാണത്തിന് നേതൃത്വം നൽകിയിരുന്നത്. അഞ്ചര കോടിയോളം രൂപ ഇതിനായി വിശ്വാസികളിൽ നിന്ന് പിരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പള്ളി നിർമ്മാണത്തിന് ശേഷം കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കാത്തതാണ് തർക്കത്തിൽ കലാശിച്ചത്.

ഭാരവാഹികളുടേയും വിശ്വാസികളുടേയും നിരന്തര ആവശ്യങ്ങളെ തുടർന്ന് രൂപതയിൽ നിന്ന് കണക്ക് അവതരിപ്പിക്കാൻ നിർദ്ദേശം ലഭിച്ചു. തുടർന്ന് ഏഴ് മാസത്തിന് ശേഷം കണക്ക് അവതരിപ്പിച്ചു. കണക്കിനെ ചൊല്ലി പ്രതിഷേധമുയർന്നു. ഇതിനിടെ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരിൽ വികാരിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ സംഘടിക്കുകയും ചെയ്തിരുന്നു.

പഴയ പള്ളി പൊളിച്ചപ്പോൾ ഉണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മര ഉരുപ്പടികൾ എവിടെ, പള്ളിയുടെ വസ്തുക്കൾ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് പള്ളിയിൽ സിസിടിവി വെക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ വികാരിക്ക് നേരെ ഉന്നയിച്ച് സംരക്ഷണ സമിതി ബോർഡുകൾ സ്ഥാപിച്ചു. പള്ളി സംബന്ധമായ പണമിടപാട് വികാരി നേരിട്ട് നടത്തരുതെന്ന് ഇവർ ആവശ്യപ്പെട്ടു.

ഇത്തരത്തിൽ തനിക്കെതിരെ ഫ്ളക്സുകൾ പൊന്തിയതോടെയാണ് ഫാ.ജോയസൺ കോരോത്ത് കഴിഞ്ഞ ഞായറാഴ്ച കൂട്ടമരണ കുർബാന നടത്തിയത്. തനിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഫ്ളക്സുകൾ പൊന്തിയിട്ടും ഇടവകയിലെ ഒരാളും പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, ഈ ഇടവകക്കാരെല്ലാം മരിച്ചു എന്ന് പറഞ്ഞായിരുന്നു മരണ കുർബാന നടത്തിയത്.

'ഞാനിവിടെ വന്ന് ഏഴ് വർഷം കഴിഞ്ഞ് പള്ളി പണിയും കഴിഞ്ഞപ്പോഴാണ് ആരോപണങ്ങളും ദുരാരോപണങ്ങളും വന്നുകൊണ്ടിരിക്കുന്നത്. ഇന്നുവരെ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. കോടികളുടെ ആരോപണങ്ങൾ ഉന്നയിച്ചു അച്ചനെതിരെ. നിങ്ങളാരെങ്കിലും പ്രതികരിച്ചോ, ആരും പ്രതികരിക്കുന്നില്ല. ഇവിടെ എനിക്കെതിരെ ഫ്ളക്സ് വെച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടോ..ഈ ഇടവകയിൽ എന്ത് തോന്ന്യവാസവും കാണിക്കാമെന്നതിലൂടെ വ്യക്തമാകുന്നത് ഈ ഇടവകക്കാർ എല്ലാം മരിച്ചവരാണ്, പ്രതികരണ ശേഷി ഇല്ലാത്ത മരിച്ചവർ' മരണ കുർബാന നടത്തുന്നതിന് മുമ്പായി വികാരി പറഞ്ഞു. ഇത്തരത്തിൽ രണ്ട് കൂട്ട മരണ കുർബാന വികാരി പെന്തക്കുസ്താ നാളായ കഴിഞ്ഞ ഞായറാഴ്ച നടത്തിയെന്നാണ് ആരോപണം.

പ്രതിഷേധമെന്നോണം ഇന്ന് പള്ളി പരിസരത്ത് ഇടവകയിലെ ഒരു വിഭാഗം വിശ്വാസികൾ പ്രതീകാത്മകമായി തങ്ങളുടെ ഏഴാംചരമദിന ചടങ്ങുകൾ നടത്തുകയും ചെയ്തു. ഇവടവകക്കാർ കൂട്ട മരണ കുർബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങൾ എന്ന ഫള്ക്സ് സ്ഥാപിക്കുകയും ചെയ്തു. താടികൾ കെട്ടിയും കറുത്ത കൈയുറകൾ ധരിച്ചുമായിരുന്നു പ്രതിഷേധം.

ഇടവകയിലെ വിശ്വാസികളിൽ ചിലർ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകൾ പ്രതീകാത്മകമായി നടത്തിയപ്പോൾ ഫ്ളക്സുകൾക്കെതിരെയും തന്നെ കൈയേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി വികാരി പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

തർക്കങ്ങൾക്കിടെ ഇടവകയിലെ ചിലർ വികാരിയുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോട്ടോർ വാഹന വകുപ്പിന് അയച്ചു നൽകി, നമ്പർ പ്ലേറ്റിൽ തോക്കിന്റെ ചിത്രം വെച്ചതിന് മോട്ടോർ വാഹന വകുപ്പ് 3000 രൂപ വികാരിക്ക് പിഴയിടുകയും ചെയ്തു. പള്ളി പണി നടത്തിയതിന് ശേഷം വികാരി മൂന്ന് തവണ കാർ മാറ്റി വാങ്ങിയിട്ടുണ്ടെന്നും ദേവാലയ സംക്ഷണ സമിതി ആരോപണം ഉന്നയിക്കുന്നുണ്ട്.

വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികൾ സമരം നടത്തിയിരുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തിൽ നിന്നും വിശ്വാസികൾ പിന്മാറിയതെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. ഒരു പള്ളിവികാരിക്ക് ചേരുന്ന വിധത്തിലല്ല വികാരിയുടെ പ്രവർത്തനങ്ങൾ എന്നും വിശ്വാസികൾ ആരോപിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്ന തങ്ങൾക്ക് മരണ കൂർബാന ചൊല്ലിയ വികാരിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനുള്ള നീക്കത്തിലാണ് വിശ്വാസികൾ.

വേദോപദേശക്ലാസ്സിൽ പഠിക്കാൻ ചെന്ന കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകാനും നീക്കമുണ്ട്. പള്ളി വികാരി കൂട്ട കുർബാന നടത്തിയവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടത്തിയാണ് വിശ്വാസികൾ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകൾ നടത്തിയത്.

സിബി പതിയിൽ, ജിജോ കുര്യൻ, പി കെ ലാളി, പ്രകാശ് ജോൺ, ജോൺസൺ പുളിയന്മാക്കൽ, ഷാജി വട്ടുകുളം, റോയി മാടപ്പിള്ളി, ജോസ് വെട്ടിക്കൊമ്പിൽ, സാജൻ ആരിവേലിക്കൽ, ജോസ് പുൽക്കൂട്ടിശ്ശേരി, പി ജെ കുര്യൻ, പ്രസാദ് പി ജെ, ജിബി ജോസഫ്, പി ജെ ആന്റണി സിജോ കുറ്റിയാനി, ജോർജ് ചിറമാലിയിൽ, കെ ജെ ജെറി, സിബി സെബാസ്റ്റ്യൻ, റോയ്, ജോജോ കുര്യൻ , അനൂപ് സെബാസ്റ്റ്യൻ എന്നിവരാണ് വിശ്വാസികളുടെ വേറിട്ട സമരത്തിന് നേതൃത്വം നൽകിയത്. 'ഏഴാം ചരമദിനാ'ചരണത്തിന്റെ ഭാഗമായി വിശ്വാസികൾ ഉണ്ണിയപ്പ വിതരണവും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP