Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്യൂബൻ അംബാസഡറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച നിയമവിരുദ്ധം; യോഗം ചേർന്നത് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ; സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും യോഗത്തിൽ പങ്കെടുത്തതും വിവാദത്തിൽ; പിണറായിയുടെ ക്യൂബൻ യാത്രയ്ക്കും കേന്ദ്രം അനുമതി നിഷേധിക്കുമോ?

ക്യൂബൻ അംബാസഡറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച നിയമവിരുദ്ധം; യോഗം ചേർന്നത്  കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ; സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും യോഗത്തിൽ പങ്കെടുത്തതും വിവാദത്തിൽ; പിണറായിയുടെ ക്യൂബൻ യാത്രയ്ക്കും കേന്ദ്രം അനുമതി നിഷേധിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലഹാൻഡ്രോ സിമൻകസ് മറിനുമായി ശനിയാഴ്ച കേരള ഹൗസിൽ നടത്തിയ കൂടിക്കാഴ്ച വിവാദത്തിൽ. ഒരു രാജ്യത്തിന്റെ അംബാസഡറെയും ഡെപ്യൂട്ടി അംബാസഡറെയും വിളിച്ചുവരുത്തി മുഖ്യമന്ത്രി യോഗം ചേരുന്നത് നിയമ വിരുദ്ധവും പ്രോട്ടോക്കോൾ ലംഘനവുമാണ്.  രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ അരങ്ങേറിയത്.

മുഖ്യമന്ത്രി നടത്തിയ വിരുന്നു സൽക്കാരത്തിൽ ക്യൂബൻ അംബാസഡർ മറിനൊപ്പം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻസ് ആബേൽ അബെല്ലെ ഡെസ്‌പെയിങ്ങും കേരള ഹൗസിലെത്തിയിരുന്നു.  കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് യോഗം നടന്നതെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിന്റെ മിനിറ്റ്‌സ് ഇതിനകം പുറത്തുവന്നിട്ടുണ്ട്.  



ആരോഗ്യ - കായിക മേഖലയിൽ കേരളവുമായി സഹകരണം വർധിപ്പിക്കുക, ആയുർവേദത്തിന് ക്യൂബയിൽ പ്രചാരം കൂട്ടുക എന്നീ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്ന് മിനിറ്റ്‌സിൽ പറയുന്നു. ഇത്തരത്തിൽ യു.എ.ഇ, വിയറ്റ്‌നാം, അർജന്റീന അംബാസഡർമാരുമായി കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ക്യൂബൻ അംബാസഡർക്ക് ഡിന്നർ ഒരുക്കുകയാണ് ചെയ്തതെന്ന് മിനിറ്റ്‌സിൽ പറയുന്നു. ജൂൺ മാസം 14 മുതൽ 16 വരെ ക്യൂബ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് യോഗം ചേർന്നതെന്നും പറയപ്പെടുന്നു. ആരോഗ്യ മേഖലയിൽ ക്യൂബയിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നു. ഇതൊക്കെ കേന്ദ്രസർക്കാരിന്റെ അനുമതിയോടു കൂടി മാത്രമെ സാധ്യമാകു.

അനുമതിയില്ലാതെ നടന്ന യോഗം ചാരപ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണം ഉയർന്നതാൽ മുഖ്യമന്ത്രിയും സിപിഎമ്മും അടക്കം പ്രതിരോധത്തിലാകും. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ നടന്ന യോഗത്തെ സംബന്ധിച്ച് അന്വേഷണം നടത്താൻ സാധ്യതയുണ്ട്,.

ക്യൂബൻ അംബാസഡറുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി.പി ജോയ്, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടാതെ  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എം.എ ബേബി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സിപിഎം പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തത് നിയമവിരുദ്ധമായാണ്. അതിനേക്കാൾ ഏറെ ഗൗരവകരമായ വിഷമയാണ് ക്യൂബൻ അംബാസഡറെയും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻസിനെയും ഈ യോഗത്തിൽ പങ്കെടുപ്പിച്ചു എന്നത്.

ക്യൂബയുടെ ഇന്ത്യയിലെ  അംബാസഡറെയും ഡെപ്യൂട്ടി അംബാസഡറെയും ഉൾപ്പെടുത്തി നടന്ന മീറ്റിംഗിലാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഒപ്പം സിപിഎമ്മിന്റെ രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുത്തത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഒരു രാജ്യത്തിന്റെ എംബസിയിൽ കടന്നുചെല്ലണമെങ്കിൽ പോലും കർശനമായ നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. എംബസിയിൽ നിന്നും അനുമതിയില്ലാതെ അവരുടെ മതിൽക്കെട്ടിനുള്ളിൽ പ്രവേശിക്കുന്നതിന് പോലും ഗുരുതര കുറ്റമായാണ് പരിഗണിക്കപ്പെടുന്നത്.

ഡിപ്ലോമാറ്റിക് പദവിയുള്ളവരെ തൊടാൻ യു എൻ നിയമം അനുവദിക്കുന്നില്ല. ചാരപ്രവർത്തനം അടക്കമുള്ള കാര്യങ്ങൾ എംബസികൾ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. അതുകൊണ്ടു തന്നെ സർക്കാർ ഔദ്യോഗിക ചുമതല വഹിക്കുന്നവർ പോലും കൃത്യമായ അകലം പാലിച്ചാണ് മുന്നാട്ട് പോകുന്നത്.

മറ്റ് രാജ്യങ്ങളിലെ എംബസികളുമായി നേരിട്ട് ബന്ധപ്പെടാൻ അധികാരമുള്ളത് കേന്ദ്രസർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാത്രമാണ്. ഇത്തരം ഇടപെടലുകൾ രേഖമൂലമാവണം. നിയമപരമാകണം എന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാത്രമായ പിണറായി വിജയൻ ക്യൂബൻ  അംബാസഡറെയും ഡപ്യൂട്ടി അംബാസഡറെയും ഉൾപ്പെടുത്തി നടത്തിയ യോഗം നിയമ വിരുദ്ധമായാണ് വിദേശകാര്യവുമായി ബന്ധപ്പെട്ട വിദഗ്ദർ പറയുന്നത്.

അത്തരമൊരു യോഗം വിളിച്ചുചേർക്കണമെങ്കിൽ അതിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്, അപേക്ഷ നൽകി അനുമതി ലഭിച്ചാൽ പോലും കേന്ദ്രസർക്കാരിന്റെ പ്രതിനിധികളുടെ സാന്നിദ്ധ്യം അടക്കം ഉണ്ടാകേണ്ടതുണ്ട്. ഇത്തരത്തിൽ ഡൽഹിയിൽ മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തത് നിയമപ്രകാരമല്ലെന്നെന്നാണ് വിമർശനം ഉയരുന്നത്.

നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും നടത്താനിരുന്ന യു.എ.ഇ. സന്ദർശനം റദ്ദാക്കി. ഉദ്യോഗസ്ഥസംഘം പങ്കെടുത്താൽ മതിയെന്നാണ് മന്ത്രാലയം അറിയിച്ചത്.

ക്ഷണം ചട്ടപ്രകാരമല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നറിയുന്നു. യു.എ.ഇ.യിലെ ഒരു മന്ത്രി നേരിട്ടാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. എംബസിയെ അറിയിച്ച് അവിടെനിന്ന് കേന്ദ്രവിദേശ മന്ത്രാലയത്തിലേക്കാണ് ക്ഷണക്കത്ത് പോകേണ്ടിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിനും കഴിഞ്ഞില്ല.

ആദ്യമായാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് വിദേശയാത്രാനുമതി നിഷേധിക്കുന്നത്. യു.എ.ഇ. സർക്കാരിന്റെ ക്ഷണപ്രകാരം അവിടെ നടക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കാനാണ് മെയ്‌ ഏഴ് മുതൽ 11 വരെ മുഖ്യമന്ത്രി തീരുമാനിച്ചത്.

 ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്ത വിദേശയാത്ര തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് ക്യൂബയും സന്ദർശിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ. ഈ യാത്രയ്ക്കും കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. അമേരിക്കൻ പര്യടനത്തിനുശേഷം ക്യൂബയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് അനുഗമിക്കുമെന്നാണ് വിവരം.

എന്നാൽ നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ക്യൂബൻ യാത്രയ്ക്ക് അനുമതി ലഭിക്കുമോ എന്നതിൽ സംശയം ഉയർന്നിട്ടുണ്ട്. യുഎഇയിലേക്ക് പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ പിണറായി വിജയനെ ക്യൂബയിലേക്ക് വിടുമോ  എന്നതാണ് ഉയരുന്ന ചോ്ദ്യം

കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ക്യൂബയിൽ ഇന്ധന പ്രതിസന്ധിയും സാമ്പത്തിക പരാധീനതകളും മൂലം ഇത്തവണ മെയ് ദിന റാലി പോലും മാറ്റിവച്ചിരുന്നു. ക്യൂബയ്‌ക്കെതിരായ ഉപരോധം അമേരിക്ക ഇതുവരെ പിൻവലിച്ചിട്ടില്ല. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉപരോധത്തെ അപലപിക്കുമ്പോഴാണു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ അമേരിക്കയിൽനിന്നു നേരേ ക്യൂബയിലേക്കു പോകാൻ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ചികിൽസയും അമേരിക്കയിലാണ്. ഈ യാത്രയിൽ അമേരിക്കയിൽ തുടർ ചികിൽസകളും നടക്കും.

വൈദ്യശാസ്ത്രം, സ്പോർട്സ്, ടൂറിസം മുതലായ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ ക്യൂബയ്ക്കു താൽപ്പര്യമുണ്ടെന്ന് ഇന്ത്യയിലെ ക്യൂബൻ അംബാസഡർ ഓസ്‌കാർ മാർടിനെസ് കൊർഡോവ് പറഞ്ഞിരുന്നു. അമേരിക്കയുടെ ഉപരോധമുള്ളതുകൊണ്ട് ഇറക്കുമതിക്കു ക്യുബ ഒരുപാടു പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഉപരോധത്തിൽ അയവുവന്നെങ്കിലും പ്രശ്നങ്ങൾ പൂർണമായി തീർന്നിട്ടില്ല.

ടൂറിസം മേഖലയിൽ ക്യൂബ വലിയ നിക്ഷേപം നടത്തിക്കൊണ്ടിരിക്കയാണ്. ഹോട്ടലുകളുടെ എണ്ണം ഇരട്ടിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി കേരളീയർക്കും വിദേശത്തു മുതൽമുടക്കാൻ താൽപ്പര്യമുള്ള സംരംഭകർക്കും ക്യൂബയിൽ ടൂറിസം രംഗത്തു നിക്ഷേപം നടത്താൻ എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്ന് അംബാസഡർ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിരുന്നു. സ്ഥലം പാട്ടത്തിനു നൽകാൻ ക്യൂബ തയാറാണ്. അമേരിക്കയിൽനിന്നു 40 മിനിറ്റുകൊണ്ട് ക്യൂബയിലെത്താൻ കഴിയും. ഇതെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും ക്യൂബയിലേക്ക് പോകുന്നത്.

ജൂൺ 13-15 വരെയാണു ക്യൂബ സന്ദർശനം. ഒപ്പം മന്ത്രി വീണാ ജോർജ് ഉൾപ്പെടെ ആറംഗസംഘമുണ്ടാകും. ഭാര്യ കമലാ വിജയനും പഴ്‌സണൽ അസിസ്റ്റന്റ് വി എം. സുനീഷും യാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിക്കും. യു.എസ്. തലസ്ഥാനമായ വാഷിങ്ടണിൽ ജൂൺ 12-നു മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി ചർച്ചനടത്തുമെന്നു പൊതുഭരണവകുപ്പ് വ്യക്തമാക്കി. ചർച്ചയിൽ മന്ത്രി ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ഇതിനും കേന്ദ്രാനുമതി വേണം. ഇത് കിട്ടുമോ എന്നതാകും യാത്രകളിൽ തീരുമാനം ഉണ്ടാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP