Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൈഫ് മിഷനിൽ സത്യത്തിൽ ഇതല്ലേ സംഭവിച്ചത്? പിണറായി വിജയന് മറുപടി ഇല്ലാത്തത് എന്തുകൊണ്ട്? എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകനായ ശ്യാമിന്റെ ചോദ്യങ്ങൾ പ്രസക്തമാകുമ്പോൾ

ലൈഫ് മിഷനിൽ സത്യത്തിൽ ഇതല്ലേ സംഭവിച്ചത്? പിണറായി വിജയന് മറുപടി ഇല്ലാത്തത് എന്തുകൊണ്ട്? എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകനായ ശ്യാമിന്റെ ചോദ്യങ്ങൾ പ്രസക്തമാകുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ വിശ്വസ്ത ഉദ്യോഗസ്ഥൻ ആയിരുന്ന ശിവശങ്കരൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിൽ ആയതോടെ വീണ്ടും വിവാദം കൊഴുക്കുകയാണ്. സ്വർണക്കടത്തും യുഎഇ കോൺസുലേറ്റും നിറഞ്ഞ വിവാദ വഴികളിൽ നിന്നുമാണ് 20 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച വിവാദവും ആരംഭിക്കുന്നത്. ഇതിൽ ചുരുങ്ങിയത് നാലര കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ആരോപണം.

ഇതിൽ ആർക്കൊക്കെ പങ്കുണ്ട് എന്നതിൽ അടിമുടി സംശയം നിഴലിട്ടു നിൽക്കെയാണ് കേസിൽ കുറേനാൾ അനക്കം ഇല്ലാതിരുന്ന ശേഷം വീണ്ടും ഇ ഡി നടപടി ഉണ്ടാകുന്നത്. സ്വർണക്കടത്തു കേസ് അന്വേഷണത്തിനിടയിൽ സ്വപ്നയുടെ പേരിൽ ഉണ്ടായിരുന്ന ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷൻ അഴിമതി വിഹിതം ആയിരുന്നു എന്നും അത് ശിവശങ്കർ ഏൽപ്പിച്ചതാണ് എന്നുമൊക്കെയാണ് പല ഘട്ടങ്ങളിൽ ആയി വന്ന വെളിപ്പെടുത്തൽ.

ലൈഫ് മിഷന്റെ തുടക്കം മുതൽ നിർണായക തെളിവുകൾ പുറത്തു കൊണ്ടുവന്ന മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയെ വീണ്ടും നിയമസഭാ കാണിക്കില്ലെന്ന നിലപാടിൽ സിപിഎം ഒരുക്കിയ പ്രചാരണത്തിൽ അദ്ദേഹം അടിയറവ് പറയുകയും ചെയ്തു. എന്നാൽ ശിവശങ്കരന്റെ പുതിയ അറസ്റ്റോടെ കേസിൽ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചുള്ള നേരിട്ടുള്ള വെളിപ്പെടുത്തലുമായി അനിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ നിറയുകയാണ്.

ഈ പശ്ചാത്തലത്തിൽ കേസ് സംബന്ധിച്ച് സാധാരണക്കാർക്ക് ഒരു പിടിയും ഇല്ലാത്ത വിധം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകനും സാമൂഹ്യ വിഷയങ്ങളിൽ നിരന്തര പ്രതികരണം നടത്തുന്ന ശ്യാം മോഹൻ കഴിഞ്ഞ ദിവസം കുറിച്ച ലൈഫ് മിഷൻ നിരീക്ഷണം ശ്രദ്ധ നേടുകയാണ്.

ശ്യാമിന്റെ കുറിപ്പ് പൂർണ രൂപത്തിൽ

Syam Mohan PM
16h ·
ലൈഫ് മിഷൻ-റെഡ് ക്രെസെന്റ്ഫണ്ടിങ്ങിനെ കുറിച്ച് ഞാൻ മനസിലാക്കിയത്-- UAE ആസ്ഥാനമായ റെഡ് ക്രെസെന്റ് എന്ന സ്ഥാപനം പ്രളയ ദുരിതാശ്വാസത്തിലേക്കു 20 കോടി രൂപ കൊടുക്കാന് തീരുമാനിക്കുകയും അതിന്മേൽ കേരള സർക്കാരിനായി ലൈഫ് മിഷൻ സിഇഒ യുവി ജോസും റെഡ്‌ക്രെസെന്റുമായി ഒരു MOU ശ്രീ യൂസഫലിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ഒപ്പിട്ടു. ആ പണം ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലുള്ള ഫ്ലാറ്റ് നിർമ്മാണത്തിനായി ഉപയോഗിക്കാം എന്നതായിരുന്നു പദ്ധതി.

ഈ സമയം തന്നെ ആ ഫ്ലാറ്റിന്റെ നിർമ്മാണ ചുമതലക്കുള്ള ആദ്യ പ്ലാനും മറ്റും 'ഹാബിറ്റാറ്റ്' എന്ന സ്ഥാപനം ലൈഫ് മിഷന് സമർപ്പിച്ചിരുന്നു. എന്നാൽ സ്വപനയുടെയും ശിവശങ്കരന്റെയും ഒക്കെ ഇടപെടലിന്റെ ഫലം ആയി 'ഹാബിറ്റാറ്റ്' പുറത്താകുകയും ആ സ്ഥാനത്തേക്ക് സന്തോഷ് ഈപ്പൻ എന്നയാളുടെ 'യൂണിറ്റാക്' എന്ന സ്ഥാപനം വരികയും ചെയ്തു. അതിനും പുറമെ പണം മുഴുവൻ 'യൂണിറ്റാക്' എന്ന സ്ഥാപനത്തിലേക്ക് ട്രാൻസ്ഫർ ആകുന്നു. പക്ഷെ ഈ ഫ്ലാറ്റ് നിർമ്മാണത്തിനായി 'യൂണിറ്റാക്കിനെ' ലൈഫ് മിഷൻ ചുമതലപ്പെടുത്തിയതായി യാതൊരു രേഖകളുമില്ല. അതോടൊപ്പം ലൈഫ് മിഷൻ സിഇഒ റെഡ് ക്രെസെന്റിന് കത്തെഴുതിയിരിക്കുന്നു 'നിങ്ങൾ നേരിട്ട് യൂണിറ്റാക്കിനെ ഈ ഫ്ലാറ്റ് നിർമ്മാണം ഏല്പിച്ചു എന്ന് ഒരു ലെറ്റർ നൽകണം എന്ന് പറഞ്ഞു. അപ്പോൾ സത്യത്തിൽ യൂണിറ്റാക് എങ്ങനെ ചിത്രത്തിൽ ഔദ്യോഗികം ആയി വന്നു എന്ന കാര്യത്തിൽ ആർക്കും രേഖാമൂലം അറിവില്ല. കേരളത്തിന് വേണ്ടി (പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കാൻ) 20 കോടി പണം വാങ്ങാൻ യൂണിറ്റാക്കിനെ ചുമതലപ്പെടുത്തിയത് ഉദ്യോഗസ്ഥ തലത്തിൽ തീരുമാനം എടുക്കാവുന്ന കാര്യം അല്ല. അവിടെയാണ് യഥാർത്ഥ പ്രശ്നങ്ങൾ ആരംഭിക്കുന്നതും. ബാക്കിയുള്ള കാര്യങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിൽ ഉണ്ട്.

കാര്യങ്ങൾ മനസിലാക്കി വന്നപ്പോൾ ഈ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ വിഷയത്തിൽ കുഴപ്പങ്ങൾ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. അതിന്റെ പേരിൽ അനിൽ അക്കര എന്ന വ്യക്തിയെ പാവങ്ങളുടെ വീട് നിർമ്മാണം തടസപ്പെടുത്തിയവൻ എന്ന ചാപ്പയെ ഒരു പരിധി വരെ അന്ന് ഞാനും വിശ്വസിച്ചിരുന്നു. ഇപ്പോഴത് പൂർണ്ണമായും തെറ്റാണു എന്ന ബോധ്യം ഉണ്ട് .20 കോടിയിൽ സിംഹഭാഗവും 'വിഴുങ്ങി' ബാക്കി വന്ന കാശു കൊണ്ട് കേരളത്തിലെ ദളിതരെയും അതേപോലെയുള്ള ഭാവനരഹിതരെയും 'വെർട്ടിക്കൽ കോളനിയിലാക്കി' 'ഉന്തി ഉലർത്തി ഊട്ടാൻ' ഉള്ള പ്ലാൻ ആയിരുന്നു എന്നതുകൊണ്ട് കൂടുതൽ എന്ത് പറയാൻ.
Ps. ലൈഫ് മിഷന്റെ ചെയർമാൻ സ്ഥാനത്തിരിക്കുന്ന കേരള മുഖ്യമന്ത്രി വിഷയത്തിന്റെ മെറിറ്റിൽ ഒരുതവണ പോലും നിയമസഭയിൽ സംസാരിച്ചില്ല എന്നത് ശ്രദ്ധേയം ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP