Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചീട്ടുകൊട്ടാരം പോലെ വൻ കെട്ടിടങ്ങൾ നിലം പൊത്തി; തകർന്ന കെട്ടിടങ്ങൾ അഗ്‌നിക്കിരയായി; ഇറങ്ങിയോടാൻ പോലും കഴിയാതെ ആയിരങ്ങൾ മരണത്തിലേക്ക്; മിക്കവരെയും മരണം വിളിച്ചത് ഉറങ്ങി കിടക്കുമ്പോൾ; ലോകാവസാനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വീടുകളും അപ്പാർട്ട്മെന്റുകളും തകർന്നു വീണു; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുമ്പോൾ

ചീട്ടുകൊട്ടാരം പോലെ വൻ കെട്ടിടങ്ങൾ നിലം പൊത്തി; തകർന്ന കെട്ടിടങ്ങൾ അഗ്‌നിക്കിരയായി; ഇറങ്ങിയോടാൻ പോലും കഴിയാതെ ആയിരങ്ങൾ മരണത്തിലേക്ക്; മിക്കവരെയും മരണം വിളിച്ചത് ഉറങ്ങി കിടക്കുമ്പോൾ; ലോകാവസാനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വീടുകളും അപ്പാർട്ട്മെന്റുകളും തകർന്നു വീണു; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകാവസാനം എത്തിയെന്നോർത്ത് വർ മുട്ടുകുത്തി പ്രാർത്ഥിച്ചു. തുർക്കിയിലും സിറിയയിലുമായി ആയിരങ്ങളെ മരണത്തിന് വിട്ടുകൊടുത്ത റിറ്റ്ച്ചർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തലനാരിഴക്കെങ്കിലും രക്ഷപ്പെട്ടവർക്ക് പറയാനുണ്ടായിരുന്നത് അതായിരുന്നു. ആറ് ലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ, കഴിഞ്ഞ 11 വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ വലഞ്ഞ സിറിയൻ ജനതയാണ് പക്ഷെ ദുരിതങ്ങൾ കൂടുതലായി അനുഭവിക്കുന്നത്. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇരുരാജ്യങ്ങളിലും ആദ്യമുണ്ടായത്. പിന്നാലെ ഒരു ഡസനോളം തുടർചലനമുണ്ടായെന്നാണ് വിവരം. പിന്നീട് റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതരേഖപ്പെടുത്തിയ ചലനവും 6.0 രേഖപ്പെടുത്തിയ ശക്തിയേറിയ ചലനവുമുണ്ടായി.

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനങ്ങളിൽ മരണനിരക്ക് ഉയരുന്നു. ഭൂചലനമുണ്ടായ സ്ഥലങ്ങളിലെല്ലാം രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഭൂചലനത്തെത്തുടർന്ന് കെട്ടിടങ്ങൾ തകർന്നുവീണതാണ് മരണനിരക്ക് ഉയരാൻ കാരണം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. 2,000 വർഷം പഴക്കമുള്ള ചരിത്രസ്മാരകങ്ങളടക്കം തുർക്കിയിൽ ഭൂചലനത്തിൽ തകർന്നിട്ടുണ്ട്. ദിയാർബകിറിൽ ഷോപ്പിങ് മാൾ തകർന്നുവീണു. ഭൂചലനത്തിന് പിന്നാലെ ഗ്യാസ് പൈപ്പലൈൻ തകർന്ന് തീപ്പിടിത്തമുണ്ടായെന്നും റിപ്പോർട്ടുണ്ട്.

ഭാര്യയോടും മകനോടുമൊപ്പം കഷ്ടിച്ച് രക്ഷപ്പെട്ട അനാസഹബ്ബാഷ് എന്ന യുവാവ് പറഞ്ഞത് ഭയന്നു വിറച്ച് ഓടിയകലുന്ന നിരവധി പേരെ താൻ കണ്ടു എന്നായിരുന്നു. ആഭ്യന്തര യുദ്ധകാലത്ത് പോലും താൻ ഇത്രയും ഭയന്നില്ലെന്നും അയാൾ പറഞ്ഞു. ഷെല്ലുകളും വെടിയുണ്ടകളും ഉയർത്തിയ ഭീഷണിയേക്കാൾ ഭയാനകമായിരുന്നു ഈ അനുഭവം എന്നാണ് അയാൾ പറയുന്നത്. സിറിയയിൽ ചുരുങ്ങിയത് 16 നഗരങ്ങളെങ്കിലും ഈ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്.

യൂണിസെഫ് പ്രതിനിധി ഏയ്ഞ്ചെല കീർണി പറഞ്ഞത് കുട്ടികൾ ഉൾപ്പടെ പലരും വീടുകൾ നഷ്ടപ്പെട്ടതിനാൽ ഇപ്പോൾ വെളിമ്പ്രദേശങ്ങളിൽ കഴിയുന്നു എന്നാണ്. പലർക്കും ഏറ്റിട്ടുള്ള മാനസികാഘാതം അളക്കാൻ ആകില്ലെന്നും ഇവർ പറയുന്നു. സ്‌കൂളുകൾക്കും കോളേജുകൾക്കും സിറിയൻ സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവയിൽപലതും അഭയാർത്ഥി ക്യാമ്പുകളായി മാറ്റിക്കഴിഞ്ഞു. ഇപ്പോഴും ആഭ്യന്തരയുദ്ധം നടക്കുന്നതിനാൽ പല പ്രദേശങ്ങളിലേക്കും രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാൻ ആകുന്നില്ല.

വിമതപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള വടക്ക് കിഴക്കൻ സിറിയയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിനോട് കൂടുതൽ അടുത്തു കിടക്കുന്നത്. ഈ മേഖലയിൽ 380 പേർ കൊല്ലപ്പെടുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരു വിമതപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയാകുന്നുണ്ട്. വടക്കൻ സിറിയയിലും തെക്കൻ തുർക്കിയിലും കനത്ത മഴയും മഞ്ഞുവീഴ്‌ച്ചയും തുടരുകയാണ്. ഇത് പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിട്ടുമുണ്ട്.

രക്ഷാപ്രവർത്തകർക്ക് മാത്രമായി കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ വലുതാണ് ദുരന്തം എന്നാണ് പൊതുവെ വിലയിരുത്തുന്നത്. ചരിത്ര പ്രാധാന്യമുള്ള അലെപ്പോ നഗരത്തിന് വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഏകദേശം സമാനമായ അളവിലുള്ള രണ്ട് ഭൂകമ്പങ്ങളാണ് ഇവിടെ ഉണ്ടായത്. ആദ്യഭൂകമ്പത്തിൽ പിടിച്ചു നിന്ന കെട്ടിടങ്ങൾ പലതും മണിക്കൂറുകൾക്കപ്പുറം ഉണ്ടായ രണ്ടാമത്തെ ഭൂകമ്പത്തിൽ നിലം പൊത്തുകയായിരുന്നു. നിലം പൊത്തി വീണ കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും വർദ്ധിക്കും എന്ന ആശങ്കയും ഉണ്ട്. തുർക്കിയിലെ തെരുവുകളിൽ നിന്നും പിടിച്ച വീഡീയോ ക്ലിപ്പുകളിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്ന ഭീകര ദൃശ്യങ്ങൾ കാണാം.

തുർക്കിയിലും കിടപ്പാടങ്ങൾ നഷ്ടപ്പെട്ട ആയിരങ്ങൾ ഇപ്പോഴും തെരുവിലാണ് കഴിയുന്നത്. പലരും, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ കഠിന ശ്രമത്തിലുമാണ്. ക്രെയിനുകളും മറ്റും ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈ ദുരന്തത്തിന്റെ വ്യാപ്തി മൂലം അതൊന്നും തികയാത്ത സാഹചര്യമാണുള്ളത്. പലരും വെറും കൈകൾ കൊണ്ടാണ് കല്ലും മറ്റും പൊക്കി മാറ്റി പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നത്.

തുർക്കിയിൽ 10,000 ൽ അധികം പേർ മരണമടഞ്ഞിരിക്കാം എന്നാണ് ദുരന്ത നിവാരണ വിദഗ്ദ്ധർ കണക്കാക്കുന്നത്. എന്നാൽ, കൃത്യമായ മരണസംഖ്യ അറിയാൻ ഇനിയും ദിവസങ്ങൾ കാക്കേണ്ടി വരുമെന്ന് പ്രസിഡന്റ് എർദ്ദോഗൻ അറിയിച്ചു. ഇതിനു മുൻപ് മൂന്ന് തവണ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചതിനു ശേഷം, അത് നേരെയാക്കി എടുത്ത മലാട്യ നഗരത്തിലെ ഗ്രെയ്റ്റ് എർത്ത്ക്വേക്ക് മോസ്‌കിന് ഇത്തവണയും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഹിറ്റീ രാജവംശത്തിന്റെ കാലത്ത് പണികഴിപ്പിച്ച ഗസിന്റാപ് കൊട്ടാരത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോമാക്കാരും ഒട്ടോമൻ രാജാക്കന്മാരും കോട്ടയായി ഉപയോഗിച്ച 2000 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടം ഇപ്പോൾ ഒരു മ്യുസിയമാണ്. അതിന്റെ പല ഭാഗങ്ങളും തകർന്ന് മണ്ണടിഞ്ഞു എന്നതാണ് ഏറെ ഖേദകരം. തുർക്കിയിൽ ആകെയായി 2818 കെട്ടിടങ്ങൾ തകർന്ന് വീണതായി പ്രസിഡണ്ട് എർദ്ദോഗൻ സ്ഥിരീകരിച്ചിട്ടുണ്ട്.

റിറ്റ്ച്ചർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ അലയൊലികൾ അടുത്തുള്ള ലെബനണിലുംസൈപ്രസിലും ഈജിപ്തിലും വരെ എത്തിയിരുന്നു. ലോക രാഷ്ട്രങ്ങളുടെ സഹായം ആവശ്യപ്പെട്ടുകൊണ്ട് സിറിയ രംഗത്തെത്തിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP