Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരമന പൊലീസിന്റെ പ്രവൃത്തിമൂലം നാണം കെടുന്ന അവസ്ഥയുണ്ടായി; വിമർശനമേൽക്കേണ്ടി വന്നുവെന്നും അന്വേഷണ റിപ്പോർട്ട്; നടുറോഡിൽ സർക്കാർ ജീവനക്കാരൻ മർദ്ദനമേറ്റ സംഭവത്തിൽ വീഴ്ച വരുത്തിയ എഎസ്‌ഐക്ക് സസ്‌പെൻഷൻ; എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണം

കരമന പൊലീസിന്റെ പ്രവൃത്തിമൂലം നാണം കെടുന്ന അവസ്ഥയുണ്ടായി; വിമർശനമേൽക്കേണ്ടി വന്നുവെന്നും അന്വേഷണ റിപ്പോർട്ട്; നടുറോഡിൽ സർക്കാർ ജീവനക്കാരൻ മർദ്ദനമേറ്റ സംഭവത്തിൽ വീഴ്ച വരുത്തിയ എഎസ്‌ഐക്ക് സസ്‌പെൻഷൻ; എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടുറോഡിൽ സർക്കാർ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കരമന പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സസ്‌പെൻഡ് ചെയ്തും എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാർശ ചെയ്തും സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിറക്കി.

കരമന പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ മനോജിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും ഫോർട്ട് സ്റ്റേഷനിലെയും അസി. കമ്മീഷണറുടേയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.

കരമന എസ്‌ഐ സന്ധുവിനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. നടുറോഡിൽ പകൽ സമയത്ത് വച്ച് ബൈക്ക് യാത്രകാരനെ മർദ്ദിച്ച് അവശനാക്കിയ കേസിൽ സമയബന്ധിതമായി കേസെടുക്കാനും തുടർ നടപടികൾ സ്വീകരിക്കാനും പൊലീസിന് സാധിച്ചില്ലെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.

കരമന പൊലീസിന്റെ പ്രവൃത്തി മൂലം പൊതുജനമധ്യത്തിൽ പൊലീസ് നാണം കെടുന്ന അവസ്ഥയുണ്ടായി. മാധ്യമങ്ങളിലൂടെ പൊലീസിന് വിമർശമേൽക്കേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനെ സഹോദരങ്ങളായ അഷ്‌കറും അനീഷും ചേർന്ന് ചൊവ്വാഴ്ചയാണ് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനമേറ്റ് മുഖത്ത് ചോരയൊലിപ്പിച്ച് കരമന സ്റ്റേഷനിൽ എത്തിയ പ്രദീപിനോട് ചികിത്സാരേഖകളുമായി എത്തണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടിടത്ത് നിന്ന് തുടങ്ങുന്നു വീഴ്ച. ചികിത്സാരേഖകളും മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ പിറ്റേ ദിവസം മൊഴി നൽകാനായി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചെന്നാണ് പരാതി. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു. വ്യാഴാഴ്ച വൈകീട്ട് കേസിന്റെ കാര്യം അന്വേഷിക്കാൻ വിളിച്ച പ്രദീപിന്റെ സഹോദരി പ്രതിഭയ്ക്ക് കിട്ടിയതോ അങ്ങനെയൊരു സംഭവം ഉണ്ടായോ എന്ന തരത്തിലുള്ള മറുപടി

മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രദീപിനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തത്.

നിറമൺകരയിൽ ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് സർക്കാർ ജീവനക്കാരനെ നടുറോഡിൽ യുവാക്കൾ മർദിച്ച സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

അതിനിടെ, പ്രതികളായ അർഷാദ്, അനീഷ് എന്നിവരെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകരയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബൈക്ക് യാത്രക്കാരായ യുവാക്കളാണ്, ജോലി കഴിഞ്ഞു മടങ്ങിയ പ്രദീപിനെ ചൊവ്വാഴ്ച മർദിച്ചത്. ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ സിഗ്‌നൽ കാത്തുനിന്ന യുവാക്കൾ, ഹോൺ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചു പ്രദീപിനെ മർദിക്കുകയായിരുന്നു.

താനല്ല ഹോൺ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കൾ പ്രദീപിനെ ബൈക്കിൽനിന്ന് വലിച്ച് താഴെയിട്ടു മർദിച്ചു. പിന്നീട് ഇവർ കടന്നുകളഞ്ഞു. തലയ്ക്കു പരുക്കേറ്റ പ്രദീപിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരമന പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറായില്ലെന്ന് പ്രദീപ് പറഞ്ഞു. പിന്നീട് പ്രദീപ് തന്നെയാണു തൊട്ടടുത്തുള്ള കടയിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിനു കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP