Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുരക്ഷയിലും വാഹനവ്യൂഹത്തിലും പിണറായിക്ക് മുന്നിൽ ഒരാൾ മാത്രം; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ; പിണറായിക്ക് 21 വാഹനങ്ങളെങ്കിൽ ഭഗവന്ത് മാന് അകമ്പടി 42 വാഹനങ്ങൾ; പിണറായിക്ക് സുരക്ഷാ വലയം ഒരുക്കുന്നത് 40 അംഗ കമാൻഡോ സംഘം; പാക്കിസ്ഥാൻ, ഖലിസ്ഥാൻ ഭീഷണിയുള്ള പഞ്ചാബിൽ അതീവസുരക്ഷ അനിവാര്യം; യാതൊരു ഭീഷണിയുമില്ലാത്ത കേരളത്തിലേത് വെറും ഷോ മാത്രമോ?

സുരക്ഷയിലും വാഹനവ്യൂഹത്തിലും പിണറായിക്ക് മുന്നിൽ ഒരാൾ മാത്രം; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ; പിണറായിക്ക് 21 വാഹനങ്ങളെങ്കിൽ ഭഗവന്ത് മാന് അകമ്പടി 42 വാഹനങ്ങൾ; പിണറായിക്ക് സുരക്ഷാ വലയം ഒരുക്കുന്നത് 40 അംഗ കമാൻഡോ സംഘം; പാക്കിസ്ഥാൻ, ഖലിസ്ഥാൻ ഭീഷണിയുള്ള പഞ്ചാബിൽ അതീവസുരക്ഷ അനിവാര്യം; യാതൊരു ഭീഷണിയുമില്ലാത്ത കേരളത്തിലേത് വെറും ഷോ മാത്രമോ?

സായ് കിരൺ

തിരുവനന്തപുരം: സുരക്ഷാ സന്നാഹങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് മത്സരിക്കാൻ രാജ്യത്ത് ഒരാളേയുള്ളൂ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. 21 വാഹനങ്ങളുടെ അകമ്പടിയിൽ, 40 അംഗ കമാൻഡോ സംഘത്തിന്റെ വലയത്തിലാണ് മുഖ്യമന്ത്രി പിണറായിയുടെ സഞ്ചാരമെങ്കിൽ ഭഗവന്ത് മാന് അകമ്പടി പോകുന്നത് 42 വാഹനങ്ങളാണ്. പാക്കിസ്ഥാൻ അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ, പാക്കിസ്ഥാന്റെയും ഖാലിസ്ഥാൻ തീവ്രവാദികളുടെയും സുരക്ഷാ ഭീഷണി ഏറെയുണ്ടെന്നത് ഇതിനൊരു ന്യായീകരണമായി പഞ്ചാബ് സർക്കാർ പറയുന്നു.

പഞ്ചാബിൽ മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിങ് ബാദൽ, അമരീന്ദർ സിങ്, ചരൺജിത് സിങ് ചന്നി എന്നിവർക്ക് 33 വാഹനങ്ങളാണ് അകമ്പടിയുണ്ടായിരുന്നത്. കേരളത്തിലാവട്ടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടികളുമായി ജനങ്ങൾക്കിടയിലാണ് ജീവിച്ചത്. പഞ്ചാബിലേതിന് വിരുദ്ധമായി യാതൊരു സുരക്ഷാ ഭീഷണിയുമില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രി ഇത്രയേറെ വാഹനവ്യൂഹവുമായി സഞ്ചരിക്കുന്നതിനെ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ തന്നെ എതിർക്കുകയാണ്.

ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പൊലീസിന്റെ ഏറ്റവും ഉയർന്ന സുരക്ഷാ തലമാണിത്. മുഖ്യമന്ത്രിക്ക് പുറമെ ഗവർണർക്ക് മാത്രമേ ഈ കാറ്റഗറി സുരക്ഷയുള്ളൂ. എന്നാൽ ഗവർണർക്ക് മുഖ്യമന്ത്രിക്കുള്ള അത്രയും അകടമ്പടി വാഹനങ്ങളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ല. 28കമാൻഡോകളടക്കം 40അംഗ സംഘമാണ് മുഖ്യമന്ത്രിക്കൊപ്പം സുരക്ഷയ്ക്കായി സദാ സമയവും ഉണ്ടാവുക.

ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരുണ്ടാവും. രണ്ട് കമാൻഡോ വാഹനങ്ങളിൽ 10 പേർ, ദ്രുതപരിശോധനാ സംഘത്തിൽ എട്ട് പേർ, ബോംബ്, ഡോഗ് സ്‌ക്വാഡുകളും ആംബുലൻസുകളുമുണ്ടാവും. പൈലറ്റും എസ്‌കോർട്ടും പുറമേ. മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെയും സിഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്‌ഐ.എസ്.എഫിനെയും വിന്യസിക്കും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുമ്പോൾ ചെറു റോഡുകൾ അടയ്ക്കും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കിയതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെയും സിഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്‌ഐ.എസ്.എഫിനെയും വിന്യസിക്കുന്നുണ്ട്. ഒന്നര മണിക്കൂർ മുൻപ് ചടങ്ങ് നടക്കുന്ന സ്ഥലവും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കും. വേദികളേലേക്കുള്ള വഴികൾ പൊലീസ് അടയ്ക്കും. കർശന പരിശോധനയ്ക്ക് ശേഷമേ ആളുകളെ കടത്തിവിടൂ. മാധ്യമപ്രവർത്തകർക്കും കടുത്ത നിയന്ത്രണമാണ്. ഒരു മണിക്കൂർ മുൻപ് വേദിയിലെത്തണം.

മുഖ്യമന്ത്രിക്ക് വേദിയിലെത്താൻ കയറു കെട്ടി പ്രത്യേകമായി വഴിയുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുന്ന പാതയിലേക്കെത്തുന്ന എല്ലാ ചെറുവഴികളും അടച്ചിടും. വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഗതാഗതം നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രി നഗരത്തിൽ യാത്രചെയ്യുമ്പോൾ പത്തു മീറ്റർ ഇടവിട്ട് പൊലീസിനെ നിയോഗിക്കും. പ്രധാന ജംഗ്ഷനുകളിൽ, സിഐമാരുടെ നേതൃത്വത്തിൽ പൊലീസ് സംഘത്തെ നിയോഗിക്കും. ക്ലിഫ്ഹൗസിൽ നിന്ന് മുഖ്യമന്ത്രി പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചാക്കയിലെ വിമാനത്താവളം വരെ റോഡിൽ നിരനിരയായി പൊലീസുകാരെ വിന്യസിക്കും.

ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്‌ഐ.എസ്.എഫ്, ദ്രുതകർമ്മസേന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണുള്ളത്. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേകസുരക്ഷാമേഖലകളാക്കി, ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ക്ലിഫ്ഹൗസിന് ചുറ്റും രാത്രിയും പകലും ഫ്‌ളൈയിങ് സ്‌ക്വാഡ് റോന്തുചുറ്റും. ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ മാത്രമായി എസ്‌പി റാങ്കുള്ള ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിക്കാനും ശുപാർശയുണ്ട്. രണ്ടിടത്തെയും സുരക്ഷാ ഏകോപനവും മേൽനോട്ടവും ഈ ഉദ്യോഗസ്ഥനായിരിക്കും. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് ഡെപ്യൂട്ടി കമ്മിഷണർക്ക് ഓഫീസും അനുവദിക്കും. വിമാനത്താവള സുരക്ഷാചുമതലയുള്ള സിഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്‌ഐ.എസ്.എഫിന് ക്ലിഫ്ഹൗസിന്റെ സുരക്ഷ പൂർണമായി കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP