Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കടംവാങ്ങിയ 5000 രൂപ 'മൂലധനം'; ധൈര്യവും ഭാഗ്യവും ഒപ്പംനിന്നപ്പോൾ ഷെയർ മാർക്കറ്റ് രാജാവായി; പടുത്തുയർത്തിയത് 40,000 കോടിയുടെ സാമ്രാജ്യം; രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ 'വാറൻ ബഫറ്റ്'; സാധാരണക്കാരന്റെ ആകാശ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കി മടക്കം

കടംവാങ്ങിയ 5000 രൂപ 'മൂലധനം'; ധൈര്യവും ഭാഗ്യവും ഒപ്പംനിന്നപ്പോൾ ഷെയർ മാർക്കറ്റ് രാജാവായി; പടുത്തുയർത്തിയത് 40,000 കോടിയുടെ സാമ്രാജ്യം; രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ 'വാറൻ ബഫറ്റ്'; സാധാരണക്കാരന്റെ ആകാശ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കി മടക്കം

ന്യൂസ് ഡെസ്‌ക്‌

മുംബൈ: കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയർ മാർക്കറ്റ് രാജാവായി മാറിയ ഇന്ത്യൻ നിക്ഷേപ മേഖലയിലെ ഇതിഹാസ സമാനമായ ഒരു കഥയാണ് രാകേഷ് ജുൻജുൻവാലയുടെത്. റിസ്‌ക്കെടുക്കാനുള്ള ധൈര്യവും ഭാഗ്യവുമായിരുന്നു ആകെയുള്ള കൈമുതൽ. ഓഹരി വിപണിയിലൂടെ മാത്രം ശതകോടീശ്വരനായി മാറി. ഓഹരി വിപണിയിൽ നിന്ന് ഉണ്ടാക്കിയ സമ്പാദ്യവുമായി സാധാരണക്കാരന്റെ ആകാശ സ്വപ്നം യാഥാകർത്ഥ്യമാക്കിയാണ് രാകേഷ് ജുൻജുൻവാല ജീവിതത്തിൽ നിന്നും മടങ്ങുന്നത്. ജുൻജുൻവാല സ്ഥാപിച്ച അകാശ എയർ വിമാന കമ്പനി ഓഗസ്റ്റ് ഏഴിനാണ് പറന്നുതുടങ്ങിയത്. ആ സ്വപ്നവും സഫലമായി കൃത്യം ഒരാഴ്ച തികയുമ്പോഴാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്.

1985-ൽ സഹോദരന്റെ സുഹൃത്ത് കടമായി നൽകിയ 5000 രൂപയുമായി ഷെയർ മാർക്കറ്റിലേക്ക് ഇറങ്ങുമ്പോൾ അദ്ദേഹത്തിന് കേവലം 25 വയസ്സായിരുന്നു പ്രായം. ഫോർബ്സ് മാസികയുടെ പട്ടിക നോക്കിയാൽ ഇന്ത്യയിലെ 36-ാമത്തെ ധനികനാണ് ജുൻജുൻവാല. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 26,000 കോടിയോളമാണ്. ആസ്തി 42,000 കോടിക്ക് മേലെയും. ഇതിഹാസ സമാനമായ ജീവിതമാണ് രാകേഷ് ജുൻജുൻവാലയുടേത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായതിനാലാണ് പേരിനൊപ്പം അദ്ദേഹം സ്ഥലനാമവും ഒപ്പം കൂട്ടിയത്.

1960 ജൂലൈ 5 ന് ഒരു ഇടത്തരം കുടുംബത്തിലാണ് രാകേഷ് ജുൻജുൻവാല ജനിച്ചത്. പിതാവ് ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആൻഡ് എക്കണോമിക്സ് മുംബൈയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിനു ചേർന്നു. ഈക്കാലത്ത് തന്നെയാണ് ഓഹരിവിപണിയിലെ അരങ്ങേറ്റം.

1985 ൽ വെറും 5,000 രൂപയുമായാണ് ഇദ്ദേഹം ദാലാൽ സ്ട്രീറ്റിലെ ഓഹരി വിപണിയിൽ എത്തിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഫോർബ്‌സ് അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 5.5 ബില്യൺ ഡോളറാണ്. ഇന്ത്യയിലെ അതിസമ്പന്നരുടെ കൂട്ടത്തിൽ.

ജുൻജുൻവാല പറയുന്നതനുസരിച്ച്, പിതാവിന്റെ വാക്കുകൾ കേട്ടതിന് ശേഷമാണ് അദ്ദേഹം ഓഹരി വിപണിയിൽ താൽപ്പര്യം വളർത്തിയെടുത്തത്. റിസ്‌ക് എടുക്കുക ലാഭം ഉണ്ടാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ നിക്ഷേപ രീതി തന്നെ. തന്റെ കരിയറിന്റെ തുടക്കം മുതൽ ഓഹരികളിൽ റിസ്‌ക് എടുക്കുന്ന വ്യക്തിയാണ് രാകേഷ് ജുൻജുൻവാല. അതിനാൽ തന്നെ വളരെ വിചിത്രമായ രീതികൾ നിക്ഷേപ രംഗത്ത് ഇദ്ദേഹം എടുക്കുകയും അതിൽ നേട്ടമുണ്ടാക്കുകയും ചെയ്തു.

സെൻസെക്സ് കേവലം 150 പോയന്റിൽ ട്രേഡ് ചെയ്യുന്ന കാലത്താണ് അദ്ദേഹം ഓഹരി കമ്പോളത്തിലിറങ്ങിയത്. സെൻസെക്സിന്റെയും നിഫ്റ്റിയുടേയും കുതിപ്പിനൊപ്പം രാകേഷ് ജുൻജുൻവാലയും കുതിച്ചു. ബാങ്കിലിട്ടാൽ 10 ശതമാനം പലിശ കിട്ടുന്ന കാലത്ത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് 5000 രൂപ കടം വാങ്ങിയത്. ആദ്യം വാങ്ങിയത് ടാറ്റ ടീയുടെ ഓഹരി. 43 രൂപയ്ക്ക് വാങ്ങിയ ഓഹരി മൂന്നു മാസം കൊണ്ട് 143 രൂപയായി. അരങ്ങേറ്റത്തിൽ തന്നെ മൂന്നിരട്ടി ലാഭം. പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. കടം വാങ്ങിയ പണം പലിശ സഹിതം തിരിച്ചുകൊടുത്തു.

പിന്നെയും കടം വാങ്ങി. അഞ്ച് ലക്ഷം. വാങ്ങിയ ഓഹരികൾ കുതിച്ചുകയറി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജുൻജുൻവാല വാങ്ങുന്ന ഓഹരികളേതെന്ന് നോക്കി വാങ്ങാൻ പിന്നെ ആളുകൾ മത്സരിക്കാൻ തുടങ്ങി. ആ വിശ്വാസം പലപ്പോഴും ജുൻജുൻവാലയെ ലാഭത്തിൽ നിന്ന് വൻ ലാഭത്തിലേക്ക് നയിച്ചു. നല്ല ഓഹരികൾ നോക്കി വാങ്ങുന്ന ജുൻജുൻവാല വിജയമന്ത്രം അദ്ദേഹത്തെ കോടീശ്വരനാക്കി. മരിക്കുമ്പോൾ 37 ഓഹരികളാണ് ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിലുള്ളത്. ചെലവുകുറഞ്ഞ വിമാനയാത്ര വാഗ്ദാനം ചെയ്താണ് അദ്ദേഹം വിമാന കമ്പനി സ്ഥാപിച്ചതും അത് പറന്നുതുടങ്ങിയതും.

വൈവിദ്ധ്യമായ കമ്പനികളിൽ നിക്ഷേപം നടത്തുക എന്ന രീതിയാണ് രാകേഷ് ജുൻജുൻവാല പലപ്പോഴും പിന്തുടർന്നത്. പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്‌നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്‌റോയ് ഹോട്ടൽസ്, ടോപ്‌സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഓഹരിവിപണിയിൽ ജുൻജുൻവാലയ്ക്ക് കണക്കുകൂട്ടൽ പിഴച്ച കഥയുമുണ്ട്. 2005 -ൽ കൈവശമുണ്ടായിരുന്ന ക്രിസിലിന്റെ ഓഹരികൾ വിറ്റ് കിട്ടിയ 27 കോടി കൊണ്ട് മുംബൈയിൽ ഫ്ളാറ്റ് വാങ്ങി. അതിന്റെ മതിപ്പ് വില ഇന്ന് ഏകദേശം 80 കോടിക്ക് അടുത്താണ്. എന്നാൽ ക്രിസിലിന്റെ വില കുത്തനെ കയറി. ആ 27 കോടിയുടെ ക്രിസിൽ ഓഹരികളുടെ മൂല്യം 800 കോടിയോളമായി വർധിച്ചു. അന്ന് അത് വിറ്റത് തെറ്റായ തീരുമാനമായിപ്പോയി. പക്ഷേ, അതിനെ പഴിച്ചിട്ട് കാര്യമില്ല. പിഴവിനെ പിഴവായി അംഗീകരിക്കുക. അത് അംഗീകരിച്ചാൽ മാത്രമേ ആ തെറ്റ് ആവർത്തിക്കാതിരിക്കൂ, എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞത്.

ഓഹരി വിപണിയിൽ എന്നും സാഹസികമായി നീങ്ങുന്നതിൽ രാകേഷ് ജുൻജുൻവാലയ്ക്ക് ചില ആദർശങ്ങൾ ഉണ്ട്, 'നിങ്ങൾ ഒരു റിസ്‌ക് എടുക്കുമ്പോൾ നിങ്ങൾ അത് ബോധവാനായിരിക്കണം. കാര്യങ്ങൾ നിങ്ങൾക്ക് എതിരായാൽ നിങ്ങൾക്ക് അത് സഹിക്കാൻ കഴിയണം. അത് നിങ്ങളെ വൈകാരികമായി ബാധിക്കരുത്, ഫലം പിന്നീട് വരും' രാകേഷ് ജുൻജുൻവാല തന്റെ അവസാന പൊതു പരിപാടിയിലും പറഞ്ഞത് ഇതാണ്.

തന്റെയും ഭാര്യ രേഖയുടെയും പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ ചേർത്ത് Rare എന്റർപ്രൈസസ് തുടങ്ങി. മികച്ച ഷെയർ ട്രേഡിങ് കമ്പനിയായി അത് വളർന്നു. ജുൻജുൻവാലയ്ക്ക് ഓഹരിയിലൂടെ ഏറ്റവും ലാഭംനൽകിയത് ടൈറ്റൻ കമ്പനിയാണ്. 20 വർഷം മുമ്പ് മൂന്നു രൂപ മുതൽ അഞ്ച് രൂപവരെ വിലയുണ്ടായിരുന്നപ്പോൾ ടൈറ്റൻ ഓഹരികൾ വാങ്ങിത്തുടങ്ങി. അദ്ദേഹത്തിനും ഭാര്യയ്ക്കുമായി ഉള്ളത് 4,48,50,970 ടൈറ്റൻ ഓഹരികളാണ്. അതായത് രണ്ടുപേരുടെയും ടൈറ്റനിലെ ഓഹരി പങ്കാളിത്തം 3.98 ശതമാനമാണ്. കമ്പനിയുടെ ഒരു ഓഹരിയുടെ ഇപ്പോഴത്തെ വില 2470 രൂപയാണ്.

ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് ഇന്ത്യൻ ധനകാര്യ മേഖലയിൽ അറിയപ്പെടുന്ന വ്യക്തയാണ് ഇന്ന് അപ്രതീക്ഷിതമായി വിടവാങ്ങിയ രാകേഷ് ജുൻജുൻവാല. ഞായറാഴ്ച രാവിലെ 6:45 ന് കാൻഡി ബ്രീച്ച് ഹോസ്പിറ്റലിൽ നെഞ്ചുവേദനയെ തുടർന്ന് ഇദ്ദേഹത്തെ എത്തിക്കുകയായിരുന്നു, തുടർന്ന് മരിച്ചതായി പ്രഖ്യാപിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹം ഏതാനും ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത് എന്നാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP