Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്ത മന്ത്രിമാർ; സാമ്പത്തിക പ്രതിസന്ധി; എന്നിട്ടും ധൂർത്തിന് കുറവില്ല; പത്ത് മന്ത്രിമാർക്കായി പത്ത് പുത്തൻ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും; 3.22 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി; ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായെന്ന് വിശദീകരണം

പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്ത മന്ത്രിമാർ; സാമ്പത്തിക പ്രതിസന്ധി; എന്നിട്ടും ധൂർത്തിന് കുറവില്ല; പത്ത് മന്ത്രിമാർക്കായി പത്ത് പുത്തൻ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും; 3.22 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി; ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച സ്വയം വിലയിരുത്തലിൽ 'സർക്കാരിന്റെ പ്രതിച്ഛായ' മങ്ങുമ്പോഴും സാമ്പത്തിക ധൂർത്തിന് കുറവില്ല. സംസ്ഥാനത്ത് 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി 3,22,20,000 രൂപ അനുവദിച്ചു. വ്യാഴാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്.

പുതിയ വാഹനം വന്നാൽ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നൽകും. മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതെന്നാണ് ഇത് സംബന്ധിച്ച് സർക്കാർ നൽകുന്ന വിശദീകരണം.

കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനായിരുന്നു ഈ കാറുകൾ. ഡൽഹിയിലേക്കാണ് ഈ കാറുകൾ വാങ്ങിയത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിമാർക്കും പുതിയ കാറുകൾ എത്തുന്നത്.

മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയൽ സമർപ്പിക്കാൻ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടർന്ന് മന്ത്രിമാർ സമർപ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങൾ വാങ്ങാനേ ധനവകുപ്പ് അനുമതി നൽകിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.

നേരത്തെ ജൂൺ മാസം അവസാനം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധനവകുപ്പിന്റെയും ധനമന്ത്രിയുടെയും എതിർപ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ കാർ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ച് വർഷം പഴക്കവും 86,000 കിലോ മീറ്ററും മാത്രം ഓടിയ കാർ മാറ്റുന്നതിൽ ധനവകുപ്പിന് എതിർപ്പുണ്ടായിരുന്നു. എന്നിട്ടും എജിയുടെ ഉപയോഗത്തിനായി ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 1618000 രൂപയാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ നീക്കിവെച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകാൻ നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പ് നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയത്. ഇവയുടെ നിറം പിന്നീട് വെള്ളയിൽ നിന്ന് കറുപ്പാക്കി മാറ്റുകയും ചെയ്തിരുന്നു. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കാർ വാങ്ങുന്നതിന് ഒരു ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രളയ കാലത്തെ പ്രതിസന്ധി പരിഗണിച്ചായിരുന്നു ഇത്. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന ബില്ലുകളിൽ ധനവകുപ്പിന്റെ പ്രത്യക അനുമതി ഈ ഘട്ടത്തിൽ ആവശ്യമായിരുന്നു. എന്നാൽ ഇത് മറികടന്ന് ടൂറിസം വകുപ്പ് ഡയറക്ടർ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ മന്ത്രിസഭ വഴി അനുമതി വാങ്ങുകയായിരുന്നു. എന്നാൽ അന്ന് ആർക്ക് വേണ്ടിയാണ് പുതിയ കാറുകൾ വാങ്ങുന്നതെന്ന് വകുപ്പോ മന്ത്രിസഭയോ വ്യക്തമാക്കിയിരുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP