Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

''ശവഭോഗവും മൃഗസുരതവും സ്വവർഗരതിയുമെല്ലാം സ്വാഭാവികമാകും; ആർക്കും ഏതു രൂപത്തിലുമുള്ള ലൈംഗികതയും ആസ്വദിക്കാൻ കഴിയുന്ന സമൂഹമുണ്ടാവും; കേരളം അധാർമ്മികതകളുടെ കൂത്തരങ്ങാവും''; ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ ഹീനമായി അപഹസിച്ച് എം എം അക്‌ബർ

''ശവഭോഗവും മൃഗസുരതവും സ്വവർഗരതിയുമെല്ലാം സ്വാഭാവികമാകും; ആർക്കും ഏതു രൂപത്തിലുമുള്ള ലൈംഗികതയും ആസ്വദിക്കാൻ കഴിയുന്ന സമൂഹമുണ്ടാവും; കേരളം അധാർമ്മികതകളുടെ കൂത്തരങ്ങാവും''; ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ ഹീനമായി അപഹസിച്ച് എം എം അക്‌ബർ

എം റിജു

കോഴിക്കോട്: 'പിണറായിക്ക് സാരിയും ബ്ലൗസും ധരിച്ചാലെന്താ?' എന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പ്രസംഗിച്ചതിന് പിന്നാലെ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ ഹീനമായി അപഹസിച്ച് സലഫി പണ്ഡിതനും, ഇസ്ലാമിക പ്രഭാഷകനുമായ എം എം അക്‌ബർ രംഗത്ത്. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിൽ, അക്‌ബർ അതി ഗുരുതരമായ ആരോപണങ്ങളാണ് ഈ യൂണിഫോമിനെതിരെ ഉന്നയിക്കുന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോമിന് പിന്നിൽ എൽജിബിടി പൊളിറ്റിക്‌സ് ആണെന്നും, ആർക്കും ഏതുരൂപത്തിലുമുള്ള ലൈംഗികത ആസ്വദിക്കാൻ കഴിയുന്ന സമൂഹനിർമ്മിതിയാണ് ലക്ഷ്യമെന്നം അക്‌ബർ പറയുന്നു. 'ജെൻഡർ ന്യൂട്രൽ എതിർപ്പെന്തുകൊണ്ട്' എന്ന് തലക്കെട്ടിട്ട ലേഖനത്തിലാണ് അക്‌ബർ, കാര്യങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ എം കെ മുനീറിനെപ്പോലെ ഇത് മതനിരാസം കൊണ്ടുവരാനുള്ള അജണ്ടയാണെന്ന് അക്‌ബർ പറഞ്ഞിട്ടില്ല. പകരം കേരളത്തെ കുത്തഴിഞ്ഞ ലൈംഗിതയിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണെന്നാണ് ആരോപിക്കുന്നത്. അക്‌ബറിന്റെ ലേഖനത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. പതിവ് ഇതെല്ലാം അക്‌ബർ വളച്ചൊടിച്ചതും, പെരുപ്പിച്ച് കാട്ടിയതാണെന്നും, പല വാദങ്ങളും വസ്തുതാവിരുദ്ധമാണെന്നും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

എം എം അക്‌ബറിന്റ വിവാദ ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച ഡോ: എം. കെ. മുനീറിന്റെ പരാമർശങ്ങൾ വിവാദമായിരിക്കുകയാണല്ലോ. വിദ്യാർത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരെയുള്ള എതിർപ്പയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങളെ പലരും വളച്ചൊടിക്കുന്നത്. ആറാം നൂറ്റാണ്ടിലെ മാനസികാവസ്ഥ വെച്ചുകൊണ്ടുള്ളതാണ് ഇത്തരം പരാമർശങ്ങൾ എന്ന് പ്രസ്താവിക്കുന്നതോടെ മതത്തെ പ്രതിക്കൂട്ടിലാക്കാമെന്ന് കരുതുന്നവരുമുണ്ട്. വിഷയത്തിന്റെ കാതൽ കാണാതെയുള്ളതാണ് ഇത്തരം പ്രതികരണങ്ങൾ. ജെൻഡർന്യൂട്രൽ യൂണിഫോമിനോട് ഉയരുന്ന എതിർപ്പ് ഏതെങ്കിലും ഒരു വസ്ത്രത്തോടുള്ള എതിർപ്പല്ല; പെണ്ണ് പാന്റുടുക്കുന്നതും പുരുഷൻ പാവാടയിടുന്നതും ഉൾക്കൊള്ളാൻ സമൂഹത്തിൽ ചിലർക്ക് കഴിയാത്തതാണ് ആൺ- പെൺ ഭേദമില്ലാത്ത യൂണിഫോം അടിച്ചേൽപ്പിക്കുന്നതിനോട് പുറം തിരിഞ്ഞു നിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തൽ വിഷയത്തിന്റെ മർമ്മം കാണാതെയുള്ളതാണ്.

ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല; അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഒരാളുടെ ഇഷ്ടം തീരുമാനിക്കുന്നത് അയാളുടെ ധാർമ്മികതയോ സംസ്‌കാരമോ മതമോ സ്വാതന്ത്ര്യമോ കാഴ്ചപ്പാടുകളോ എന്തുമാകാം; അയാളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കുകയെന്നതാണ് ജനാധിപത്യം. വസ്ത്രസ്വാതന്ത്ര്യത്തിൽ ഇടപെടുകയാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാനുള്ള തീരുമാനം എന്നതാണ് അത് എതിർക്കപ്പെടുന്നതിന്റെ ഒന്നാമത്തെ കാരണം.

ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ വസ്ത്രം നടപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിർവ്വഹിച്ച അതേ ദിവസം, 2021 ഡിസംബർ 15 വൈകുന്നേരം 4: 25 ന് ട്വിറ്ററിൽ ഉന്നതവിദ്യാഭ്യസ- സാമൂഹ്യനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ: ആർ ബിന്ദുവിന്റെ വരികൾ ആൺ- പെൺ ഭേദമില്ലാത്ത യൂണിഫോം അടിച്ചേൽപ്പിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. ആ ഉത്തരത്തോടാണ്, അല്ലാതെ ഏതെങ്കിലും വസ്ത്രങ്ങളോടല്ല, ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ വിമർശിക്കുന്നവരുടെ എതിർപ്പ്. മന്ത്രിയുടെ ട്വീറ്റിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം: ''സമത്വവും സംവേദനക്ഷമതയും കൊണ്ട് നിർവ്വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഇത് നേടുന്നതിന്, ആദ്യമായി സമൂഹത്തിന്റെ എതിർ വർഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാർഗം തുറന്നു കൊടുക്കണം.'

സ്ത്രീ-പുരുഷസമത്വമുണ്ടാക്കുകയല്ല, എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ ഹെറ്റെറോനോർമേറ്റിവ് പൊതുബോധത്തെ തകർക്കുകയുമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നതിന്റെ ലക്ഷ്യമെന്നർത്ഥം. ഈ തകർക്കൽ അപകടകരമാണ് എന്ന് കരുതുന്നവരാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ വിമർശിക്കുന്നത്. ആൺ-പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കുഞ്ഞുങ്ങളെ വളർത്തിയാൽ എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ പൊതുബോധത്തെ തകർക്കുവാൻ കഴിയുമെന്ന് കരുതുന്നവരാണ് ഈ യൂണിഫോം അടിച്ചേൽപ്പിക്കലിന് പിന്നിലുള്ളതെന്ന് മന്ത്രിയുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എൽ. ജി. ബി. ടി ആക്ടിവിസം എന്ന് വിളിക്കപ്പെടുന്നതും അന്താരാഷ്ട്ര തലത്തിൽ ലോബിബിയിങ്ങ് നടത്തി നിലനിൽക്കുന്നതുമായ ഈ ആശയധാരയുൾക്കൊള്ളുന്ന ബുദ്ധിജീവികളുടെ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമാണിത്. യാതൊരു വിധ ശാസ്ത്രീയമായ പഠനങ്ങളും നടക്കാത്ത- നടത്താൻ സമ്മതിക്കാത്ത ആശയം.

എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുധാരണയെ തകർക്കണം എന്ന ലക്ഷ്യമുണ്ട്; ആ ലക്ഷ്യത്തിലേക്ക് ലോകത്തെ കൊണ്ടുപോകണം എന്ന ആശയവുമുണ്ട്; അതിന്ന് ആൺ-പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വസ്ത്രം അടിച്ചേൽപ്പിക്കണമെന്ന ചിന്തയുമുണ്ട്. ഈ ലക്ഷ്യമോ ആശയമോ ചിന്തയോ ശാസ്ത്രീയമാണോ? അവയാണ് ശരിയെന്ന് വല്ല പഠനങ്ങളും തെളിയിച്ചിട്ടുണ്ടോ? വസ്തുനിഷ്ഠമായ വല്ല സ്ഥിതിവിവരക്കണക്കുകളും അവയെ സ്ഥാപിക്കുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. പക്ഷെ അങ്ങനെ ഉത്തരം പറയാൻ പോലും സമ്മതിക്കാത്ത, പറഞ്ഞാൽ ട്രാൻസ്‌ഫോബിക് എന്നും ഹോമോഫോബിക് എന്നും മുദ്ര കുത്തി നിയമനടപടികൾക്ക് വിധയമാക്കാൻ വരെ ധൃഷ്ടമാകും വിധം ശക്തമാണ് ഇന്ന് എൽജിബിറ്റി ആക്ടിവിസം. പ്രസ്തുത ആക്ടിവിസത്തിന് വിനീത വിധേയരായി അധാർമ്മികതകളുടെ കൂത്തരങ്ങാക്കാൻ കേരളത്തെ ഒരുക്കിക്കൊടുക്കുന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധിക്കുന്ന നടപടിയെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണ് അതിന്നെതിരെ ശബ്ദിക്കുന്നത്. സ്വാതന്ത്രലൈംഗികതയുടെ ദ്രംഷ്ടങ്ങങ്ങളാൽ ലോകരാഷ്ട്രങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന എൽജിബിറ്റി പൊളിറ്റിക്സ് കേരളത്തിന്റെ ധാർമ്മികതയെയും തകർക്കുമെന്ന് അത് സംഹാരമാടിക്കൊണ്ടിരിക്കുന്ന നാടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും മനസ്സിലാകുന്നുവെന്നതിന്നതിനാലുള്ളതാണ് ഈ എതിർപ്പ്.

എൽജിബിറ്റി പൊളിറ്റിക്സിന്റെ ആത്യന്തികമായ ലക്ഷ്യം ആർക്കും ഇപ്പോഴും ലിംഗമാറ്റം നടത്താവുന്ന, ആർക്കും ഏതുരൂപത്തിലുമുള്ള ലൈംഗികത ആസ്വദിക്കാൻ കഴിയുന്ന ഒരു സമൂഹനിർമ്മിതിയാണ്. ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുകയെന്നാൽ അത്തരമൊരു സമൂഹനിർമ്മിതി നടത്തുകയെന്നാണർത്ഥം. എതിർവർഗ്ഗപ്രണയവും സ്വവർഗ്ഗരതിയും ഉഭയവർഗാനുരാഗവും ശിശുകാമവും ശവഭോഗവും മൃഗസുരതവും അഗമ്യഗമനവുമെല്ലാം സ്വാഭാവിക ലൈംഗികപ്രവർത്തനങ്ങളായി അംഗീകരിക്കപ്പെടുന്ന, അവയോട് താല്പര്യമുള്ളവർക്ക് അവയെല്ലാം അനുഭവിക്കുവാൻ യാതൊരുവിധ സങ്കോചവും തോന്നേണ്ടതില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷത്തിന്റെ സൃഷ്ടിയാണ് ലക്ഷ്യം. അതിലേക്ക് മസ്തിഷ്‌കപ്രക്ഷാളനം നടത്തുന്നതിന്റെ ഒന്നാം ഘട്ടമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നാണ് ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ അതിന്നർത്ഥം.

ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള വസ്ത്രം അടിച്ചേൽപ്പിക്കുന്നത് വഴി സ്വന്തം ലിംഗത്വത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്ത അടുത്ത തലമുറ ഉണ്ടാവുകയാണ് ചെയ്യുകയെന്നതാണ് വാസ്തവം. ഇക്കാര്യം ജെൻഡർ ന്യൂട്രൽ യൂണിഫോം പരീക്ഷിച്ച നാടുകളിലെ അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു സാമൂഹ്യനിർമ്മിതി തന്നെയാണ് ഹെറ്റെറോനോർമേറ്റിവ് പരികൽപ്പനകളാൽ തകർക്കപ്പെട്ടാൽ സംഭവിക്കാൻ പോകുന്നത്. എല്ലാ തരം ലൈംഗികവൈകൃതങ്ങളെയും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന ക്വിയർ നോർവേറ്റിവ് സമൂഹമുണ്ടാകണമെങ്കിൽ ജെൻഡർ നോൺ കൺഫോമിങ് ആയ വ്യക്തികൾ വളർന്നു വരണം. തങ്ങൾ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ബാല്യമുണ്ടാവണം. ഓരോരുത്തരും സ്വന്തം ലിംഗത്വമെന്താണെന്ന് തീരുമാനിക്കേണ്ടത് കൗമാരത്തിലെത്തിയ ശേഷം മാത്രമാകണം. അതിനായാണ് എൽജിബിറ്റി ആക്ടിവിസം ജെൻഡർ ന്യൂട്രാലിറ്റിയെ പ്രൊമോട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ധാർമ്മികബോധമുള്ളവർ അതിനെ എതിർക്കുന്നത്.

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ അനുകൂലിക്കുന്നവർ ആൺ-പെൺ സമത്വത്തിലേക്കുള്ള ചുവടുവെപ്പായാണ് അതിനെ അവതരിപ്പിക്കാറുള്ളത്. എൽജിബിടി ആക്ടിവിസത്തെയോ അവരുടെ പ്രവർത്തനപദ്ധതികളെയോ കുറിച്ച് യാതൊന്നുമറിയാത്ത അവരിൽ ചിലർ മനസ്സിലാക്കുന്നത് ഇതൊരു സമത്വപ്രശ്നമായും ലിംഗനീതിക്ക് വേണ്ടിയുള്ള കാൽവെപ്പായുമെല്ലാമാണ്. ജെൻഡർ ന്യൂട്രൽ യൂണിഫോം വഴി കുറേക്കൂടി ഊഷ്മളമായ സൗഹൃദമുണ്ടാക്കാനും ആണും പെണ്ണും തുല്യരാണെന്ന ബോധമുണ്ടാക്കുവാനും കഴിയുമെന്നാണ് വാദിക്കപ്പെടുന്നത്. വസ്ത്രധാരണത്തിലെ ഐകരൂപ്യം വഴി സൗഹൃദം ഊഷ്മളമാകുമെന്നും തുല്യതാബോധമുണ്ടാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? അത്തരത്തിലുള്ള വല്ല പഠനവും നടന്നിട്ടുണ്ടോ? അങ്ങനെയൊന്നും നടന്നതായി ഈ വാദമുന്നയിക്കുന്നവർ തന്നെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല.

വസ്ത്രം ഓരോരുത്തരുടെയും സ്വത്വത്തെ പ്രതിനിധീകരിക്കുന്നതാണ്. സ്വത്വം ഇല്ലാതാക്കിക്കൊണ്ടുള്ള സൗഹൃദത്തിന് യാന്ത്രികതയാണുണ്ടാവുകയെന്നതാണ് സത്യം. സ്വത്വം മറച്ചുവെച്ചുകൊണ്ടുള്ള, സ്വാഭാവികമല്ലാത്ത സൗഹൃദം വഴിയുണ്ടാകുന്ന ബന്ധങ്ങൾക്ക്, അത് കേവലമായ സ്നേഹബന്ധമാണെങ്കിലും പ്രണയമാണെങ്കിലും, സ്ഥായീഭാവമുണ്ടാവുകയില്ല. തികച്ചും യാന്ത്രികമായ കൊടുക്കൽ വാങ്ങലുകൾ മാത്രമേ അതിലൂടെയുണ്ടാവൂ. വസ്ത്രം ഒരേപോലെയായാൽ ആണും പെണ്ണും തുല്യരാണെന്ന ബോധമുണ്ടാകുമെന്നതിന് തെളിവുകളൊന്നുമില്ല. അത് വഴി തുല്യതാബോധമുണ്ടാകുമെന്ന് വാദിക്കുന്നവർ അങ്ങനെ വാദിക്കുന്നതിന്റെ ശാസ്ത്രീയമായ അടിസ്ഥാനമെന്താണ് എന്ന് വ്യക്തമാക്കേണ്ടേതുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്തതിനാലാണ് അങ്ങനെയൊന്നും ഉദ്ധരിക്കപ്പെടാത്തത്. ശാസ്ത്രീയമായ ഒരു പഠനവും ആ വാദത്തെ സ്ഥാപിക്കുന്നില്ല; സ്ഥിതിവിവരക്കണക്കുകളൊന്നും അതിനെ സ്ഥിരീകരിക്കുന്നുമില്ല. കേവലമായ ഊഹത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള പരികല്പനയാണത്. അത്തരം പരികല്പനകളുടെ പരീക്ഷണത്തിന് വേണ്ടി ഭാവിപൗരന്മാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് ന്യായീകരിക്കാനാവില്ല.- ഇങ്ങനെയാണ് അക്‌ബർ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP