Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്ക് കൂദാശകൾ നിഷേധിച്ച് കത്തോലിക്ക സഭ; ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ കുർബാന നൽകേണ്ടെന്ന് ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം; നീക്കം, ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശം ലംഘിച്ച്

അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്ക് കൂദാശകൾ നിഷേധിച്ച് കത്തോലിക്ക സഭ; ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ കുർബാന നൽകേണ്ടെന്ന് ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം; നീക്കം, ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശം ലംഘിച്ച്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം : അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കറായ നാൻസി പെലോസിക്ക് കുർബാന നിഷേധിക്കാൻ കത്തോലിക്ക സഭ തീരുമാനിച്ചു. സാൻഫ്രാൻസിസ്‌കോ അതിരൂപത ആർച്ച് ബിഷപ്പ് സാൽവത്തോർ ജെ. കോർഡിലിയോണാണ് ഈ തീരുമാനം രൂപതയിലെ വൈദികരെ അറിയിച്ചത്. ഗർഭച്ഛിദ്രത്തിന് പിന്തുണയ്ക്കുന്നതുകൊണ്ടാണ് സഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ബിഷപ്പ് പറഞ്ഞു.

സഭ വിശ്വാസ പ്രകാരമുള്ള കൂദാശകൾ നിഷേധിക്കുന്നതിനോട് നാൻസി പെലോസി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഗർഭച്ഛിദ്രത്തെ കത്തോലിക്ക സഭ കാലങ്ങളായി എതിർത്തുവരികയാണ്. ഗർഭച്ഛിദ്രം ഒരു കടുത്ത പാപമായിട്ടാണ് സഭ കരുതിപോരുന്നത്.

ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരോട് പൊതുവേ കത്തോലിക്ക സഭ വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ട്. അത്തരക്കാർക്ക് കത്തോലിക്ക സഭ വിശ്വാസ പ്രകാരമുള്ള കൂദാശകളും അവകാശങ്ങളും നിഷേധിക്കുന്നത് പതിവാണ്. നാൻസി പെലോസിയെപോലെ ഉന്നത പദവിയിലിരിക്കുന്ന രാഷ്ട്രീയ നേതാവിന് കുർബാന നിഷേധിച്ചതിനോട് അമേരിക്കൻ പൊതുസമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് സഭ നേതൃത്വം.

ആർച്ച് ബിഷപ്പ് സാൽവത്തോർ ജെ. കോർഡിലിയോൺ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സാൻഫ്രാൻസിസ്‌കോ രൂപതയിലെ പള്ളികളിലെ ആരാധനയിൽ നാൻസി പെലോസി പങ്കെടുത്താൽ കുർബാനയടക്കമുള്ള കൂദാശകൾ നൽകേണ്ടെന്നാണ് ആർച്ച് ബിഷപ്പിന്റെ നിർദ്ദേശം. ഗർഭച്ഛിദ്രത്തെ പിന്താങ്ങുന്ന എല്ലാവരോടും സഭയുടെ സമീപനം ഇതുതന്നെ ആയിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പെലോസിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

കഴിഞ്ഞ വർഷം യുഎസിലെ ചില കത്തോലിക്ക ബിഷപ്പുമാർ ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ പ്രസിഡന്റ് ജോ ബൈഡനും കുർബാന അടക്കമുള്ള കൂദാശകൾ നിഷേധിക്കാനൊരുങ്ങിയിരുന്നു. എന്നാൽ വത്തിക്കാന്റെ ശക്തമായ ഇടപെടൽമൂലം അത്തരമൊരു നീക്കം തടഞ്ഞിരുന്നു. ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ കുർബാനയടക്കമുള്ള കൂദാശകൾ ആർക്കും നിഷേധിക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പുമാർക്കും വൈദികർക്കും കർശന നിർദ്ദേശം നൽകിയിരുന്നു. അതിന്റെ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

നിയമപരമായ ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ കത്തോലിക്കാ ബിഷപ്പുമാരുടെ പ്രതികരണം ഏറെ നാളായി യുഎസിൽ ചർച്ചാ വിഷയമാണ്. 82-കാരിയായ സ്പീക്കർ നാൻസി പെലോസി നിയമപരമായ ഗർഭച്ഛിദ്രത്തിന്റെ വക്താവായിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തെ അസാധുവാക്കുന്ന ഒരു കരട് രേഖ യു.എസ് സുപ്രീം കോടതിയിൽ നിന്നും ചോർന്നത് വലിയ വിവാദമായിരിക്കുകയാണ്.

ഭരണകക്ഷിയായ ഡെമോക്രാറ്റുകളും ഗർഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്ന അഭിഭാഷകരും ആശങ്കയോടെയാണ് രേഖ ചോർന്നതിനെ കാണുന്നത്. പെലോസി ചെയ്യുന്നത് അതിക്രൂരമായ തിന്മയാണെന്നും ഗർഭച്ഛിദ്രത്തിനെ അനുകൂലിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. പെലോസിയുമായി താൻ പലവട്ടം ഇതേക്കുറിച്ച് ചർച്ച ചെയ്‌തെങ്കിലും അവർ നിലപാട് മാറ്റാൻ തയ്യാറായില്ല. ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തിലാണ് കുർബാന നിഷേധിക്കാൻ തീരുമാനിച്ചതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP