Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആപ്പ് വാങ്ങിയാൽ പിന്നെ സെയിൽസ് ഏജന്റുമാരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ; വിളിച്ചാൽ ഫോൺ എടുക്കില്ല; റീഫണ്ട് ചോദിച്ചാലും കിട്ടാൻ വിഷമം; ബൈജൂസ് ആപ്പ് വാങ്ങി പല രക്ഷിതാക്കളും ആപ്പിലായതായി ബിബിസി റിപ്പോർട്ട്

ആപ്പ് വാങ്ങിയാൽ പിന്നെ സെയിൽസ് ഏജന്റുമാരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ; വിളിച്ചാൽ ഫോൺ എടുക്കില്ല; റീഫണ്ട് ചോദിച്ചാലും കിട്ടാൻ വിഷമം; ബൈജൂസ് ആപ്പ് വാങ്ങി പല രക്ഷിതാക്കളും ആപ്പിലായതായി ബിബിസി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് കാലത്ത് ഒന്നരവർഷത്തോളം സ്‌കൂളുകൾ അടച്ചിട്ടതോടെ വിഷമിച്ചത് കുട്ടികൾ മാത്രമല്ല, രക്ഷിതാക്കളും കൂടിയാണ്. തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം കിട്ടുന്നില്ലല്ലോ എന്ന ആധി വല്ലാതെ വളർന്നു. അടച്ചുപൂട്ടൽ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വലിയൊരു അളവിൽ ആശ്വാസമായിരുന്നു എന്ന് പറയാതെ വയ്യ. പല ഓൺലൈൻ സ്ഥാപനങ്ങളും നേട്ടങ്ങൾ കൊയ്തു. അക്കൂട്ടത്തിൽ എഡ്‌ടെക് രംഗത്തെ ഭീമനായ ബൈജൂസ് ആപ്പും മികച്ച വളർച്ച നേടി. എന്നാൽ, ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പിനെ കുറിച്ച് പരാതികൾ ഏറുന്നതായി റിപ്പോർട്ട് ചെയ്തത് മറ്റാരുമല്ല ബിബിസിയാണ്. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നില്ല, പണം തിരിച്ചുനൽകുന്നില്ല എന്നിവയാണ് രക്ഷിതാക്കളുടെ മുഖ്യപരാതികൾ. ബിബിസിയുടെ ബിസിനസ് കറസ്‌പോണ്ടന്റ് നിഖിൽ ഇനാംദാർ എഴുതിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.

ദിഗംബർ സിങ് എന്ന അക്കൗണ്ടന്റിന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. ഓൺലൈൻ ട്യൂഷന് വേണ്ടി ദിഗംബർ സിങ് ബൈജൂസിന് ആദ്യം കൊടുത്തത് 5000 രൂപ. പിന്നീട് ബൈജൂസിന്റെ സഹായത്തോടെ 35,000 രൂപ ലോണെടുത്തു. മകന് വേണ്ടി രണ്ടുവർഷത്തെ മാത്സ്-സയൻസ് പ്രോഗാം. ആദ്യം തന്നെ ബൈജൂസിന്റെ സെയിൽസ് പ്രതിനിധി വീട്ടിൽ വന്ന് മകനോട് ഉത്തരം പറയാൻ വിഷമമുള്ള ചോദ്യങ്ങൾ എല്ലാം ചോദിച്ച് അവന്റെ ഉത്സാഹം കെടുത്തി കളഞ്ഞു. എന്നാൽ, പ്രശനം അതല്ല. വാഗ്ദാനം ചെയ്ത സേവനങ്ങൾ കിട്ടിയില്ല. മുഖാമുഖമുള്ള കോച്ചിങ്, മകന്റെ പഠന പുരോഗതി കൃത്യമായി വിളിച്ച് അറിയിക്കുന്ന കൗൺസിലറുടെ സേവനം ഇതൊന്നു കിട്ടിയില്ല. ആദ്യ കുറെ മാസത്തിന് ശേഷം ബൈജൂസ് ഫോൺകോളുകൾക്ക് മറുപടി നൽകാതായി.

എന്നാൽ ബൈജൂസ് ആരോപണങ്ങൾ നിഷേധിക്കുന്നു. ഫോളോ അപ്പ് കാലത്ത് പല തവണ ദിഗംബർ സിങ്ങിനോട് സംസാരിച്ചിരുന്നു. ഏതുസമയത്തും സേവനങ്ങൾക്ക് റീഫണ്ട് നൽകുന്ന നയമുണ്ടെന്നും കമ്പനി പറയുന്നു. തങ്ങളുടെ ഉത്പന്നം കൈപ്പറ്റി രണ്ടുമാസത്തിന് ശേഷമാണ് ദിഗംബർ സിങ് റീഫണ്ട് ചോദിച്ചതെന്നും കമ്പനി വിശദീകരിക്കുന്നു. 15 ദിവസ റീഫണ്ട് കാലാവധിയാണ് ബൈജൂസിന് ഉള്ളത്. ഏതായാലും പിന്നീട് ദിഗംബർ സിങ്ങിന് റീഫണ്ട് കിട്ടിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ദിഗംബർ സിങ്ങിന് മാത്രമല്ല പരാതി

സേവനത്തിലെ പോരായ്മ-ഉദാഹരണത്തിന് ഒരുകുട്ടിക്ക് ഒരു ട്യൂട്ടറും, പുരോഗതി വിലയിരുത്താൻ മെന്ററും-പലപ്പോഴും നടപ്പായില്ലെന്ന് പല രക്ഷിതാക്കളും പരാതിപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മൂന്നു വ്യത്യസ്തമായ കേസുകളിൽ ബൈജൂസിന് ഉപഭോക്തൃ കോടതികളിൽ പിഴ അടയ്‌ക്കേണ്ടിയും വന്നു.

സെയിൽസ് ഏജന്റുമാർ കബളിപ്പിക്കുന്നു

കച്ചവടം നടന്നാൽ പിന്നെ സെയിൽസ് ഏജന്റുമാരുടെ പൊടിപോലും കാണില്ല എന്നതാണ് മറ്റൊരു പരാതി. കരാർ ഒപ്പിട്ട് കഴിഞ്ഞാൽ ഏതാനും മാസങ്ങൾക്ക് ശേഷം സെയിൽസ് ഏജന്റുമാർ മുങ്ങും. പിന്നെ റീഫണ്ട് കിട്ടാനും പിടിപ്പത് പണിയാണ്. കച്ചവടം നടന്നാൽ പിന്നീട് ഫോളോ അപ്പിന് ഏജന്റുമാർക്ക് താൽപര്യമില്ല.

ടാർജറ്റിനായി ഏജന്റുമാരുടെ നെട്ടോട്ടം

ബൈജൂസിലെ പല മുൻ ജീവനക്കാരും പറയുന്നത് സെയിൽസ് ടാർജറ്റിനായുള്ള അതിസമ്മർദ്ദത്തെ കുറിച്ചാണ്. ടാർജറ്റ് നേടിയെടുക്കാനുള്ള ഓട്ടത്തിൽ ഏജന്റുമാർക്ക് മുകളിൽ സമ്മർദ്ദം കൂട്ടാൻ മാനേജർമാരുണ്ട്. അതുകൊണ്ട് തന്നെ കമ്പനിക്കെതിരെ ഓൺലൈൻ കൺസ്യൂമർ, എംപ്ലോയീ ഫോറങ്ങളിൽ നൂറുകണക്കിന് പരാതികളാണ്.

എന്നാൽ, ബൈജൂസ് ഈ ആരോപണം നിഷേധിക്കുന്നു. തങ്ങളുടെ ഉത്പന്നത്തിന്റെ മൂല്യം, കുട്ടിയും രക്ഷിതാവും മനസ്സിലാക്കി വിശ്വാസം വന്നാൽ മാത്രമേ അവർ അത് വാങ്ങുന്നുള്ളു എന്ന് കമ്പനി പറയുന്നു. രക്ഷിതാക്കളോട് ജീവനക്കാർ ഏതെങ്കിലും തരത്തിൽ മോശമായി പെരുമാറുന്ന തൊഴിൽ സംസ്‌കാരം തങ്ങൾ അനുവദിക്കാറില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

ഭീമമായ ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12-മുതൽ 15 മണിക്കൂർവരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യതയുള്ള ഉപഭോക്താവുമായി 120 മിനിറ്റിൽ കൂടുതൽ ഫോൺ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തും. അന്നേദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബിബിസിയോട് വെളിപ്പെടുത്തി. അതേസമയം, എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും കൃത്യമായ ടാർഗറ്റുകളുണ്ടാകും. തങ്ങളും അതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് ബൈജൂസ് ആപ്പ് അധികൃതർ പറയുന്നു. ജീവനക്കാരുടെ ആരോഗ്യകരവും മാനസികവുമായ കാര്യങ്ങൾക്ക് വേണ്ടി എല്ലാ പരിശീലനവും നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

പഠനസാമഗ്രികൾ മികച്ചെന്ന് അഭിപ്രായം

ബിബിസി റിപ്പോർട്ട് പ്രകാരം ബൈജൂസിന്റെ പഠനസാമഗ്രികൾ ടെക്‌നോളജിയുടെ സഹായത്തോടെ ഉള്ള മികച്ച പഠനാനുഭവങ്ങളാണ്.എന്നാൽ, കടുത്ത സെയിൽസ് തന്ത്രങ്ങൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥയെ മുതലെടുത്തുകൊണ്ടാണെന്നും, അവരുടെ കടക്കെണി കൂട്ടുന്നുവെന്നും ചില വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. ബൈജൂസ് ഉത്പ്പന്നം വാങ്ങിയില്ലെങ്കിൽ കുട്ടികൾ പിന്നോക്കം പോകും എന്ന തരത്തിലുള്ള അഗ്രസീവ് സെയിൽസ് തന്ത്രങ്ങളും പരാതിക്ക് ഇടയാക്കുന്നു. ഉത്പ്പന്നം വാങ്ങിപ്പിക്കാൻ രക്ഷിതാക്കളെ നിരന്തരം വിളിക്കുന്നതും തന്ത്രങ്ങളിൽ പെടുന്നു.

2011 ലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്‌ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്

ബൈജൂസിന് മാത്രമല്ല ഈ പ്രശ്‌നം

രക്ഷിതാക്കളുടെ പരാതികൾ ഏറുന്നെങ്കിലും, ഇത് ബൈജൂസിന്റെ മാത്രം പ്രശ്‌നമായി പലരും കാണുന്നില്ല. എഡ് ടെക് മേഖലയാകെ ഈ പ്രശ്‌നമുണ്ടെന്ന് വിദഗധർ പറയുന്നു. വിമർശനങ്ങൾ ഏറുന്നെങ്കിലും കാര്യമായ മാറ്റങ്ങൾ വരുന്നതുമില്ല. പരാതികളിൽ ചിലത് ശ്രദ്ധ നേടുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ പോന്നതാകുന്നില്ല. എന്നാൽ, എഡ് ടെക് രംഗത്ത് നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP