Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബോത്സ്വാനിയൻ വകഭേദത്തിന്റെ നു എന്ന പേരു ഓമിക്രോൺ എന്നാക്കി മാറ്റി ലോകാരോഗ്യ സംഘടന; ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കയും എട്ട് രാജ്യങ്ങളും വിമാന നിരോധനം ഏർപ്പെടുത്തി; ബെൽജിയത്തിലെ രോഗി വാക്‌സിൻ എടുക്കാത്ത സ്ത്രീ; മറ്റൊരു ലോക്ക്ഡൗണിന് തയ്യാറെടുപ്പ് തുടങ്ങി

ബോത്സ്വാനിയൻ വകഭേദത്തിന്റെ നു എന്ന പേരു ഓമിക്രോൺ എന്നാക്കി മാറ്റി ലോകാരോഗ്യ സംഘടന; ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കയും എട്ട് രാജ്യങ്ങളും വിമാന നിരോധനം ഏർപ്പെടുത്തി; ബെൽജിയത്തിലെ രോഗി വാക്‌സിൻ എടുക്കാത്ത സ്ത്രീ; മറ്റൊരു ലോക്ക്ഡൗണിന് തയ്യാറെടുപ്പ് തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോവിഡിനെ പൂർണ്ണമായും നിയന്ത്രിക്കാനായില്ലെങ്കിലും വാക്സിൻ എത്തിയതോടെ അതിന്റെ വീര്യം കുറച്ചെങ്കിലും ചോർത്താനായതിൽ ലോകം ആശ്വാസം കണ്ടെത്തുന്നതിനിടയിലാണ് ബോത്സ്വാനയിൽ നിന്നും കൊറോണയുടെ പുതിയൊരു വകഭേദം പുറത്തെത്തിയത്. മുപ്പതിലധികം മ്യുട്ടേഷനുകൾക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, നിലവിലെ വാക്സിനുകളുടെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാനും ഇതിനാവുമത്രെ.

നു എന്ന് പേരിടും എന്ന് കരുതിയിരുന്ന ഈ വകഭേദത്തിന് ഇപ്പോൾ ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഓമിക്രോണിന്റെ പേരാണ് നൽകിയിരിക്കുന്നത്. ലോകത്തെ മറ്റൊരു അടച്ചുപൂട്ടലിലേക്ക് ഓമിക്രോൺ നയിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. പുതിയ വകഭേദത്തെ കണ്ടെത്തിയ വാർത്ത എത്തിയ ഉടൻ തന്നെ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ രംഗത്തുവന്നു. തൊട്ടുപുറകെ യൂറോപ്യൻ യൂണിയനും യാത്രാ വിലക്ക് ഏർപ്പെടുത്തുകയാണ്. നമീബിയ, ബോത്സ്വാന, സിംബാബ്വേ, ലെസോത്തോ എസ്വാറ്റിനി എന്നീ രാജ്യങ്ങളീൽ നിന്നുള്ള വിമാനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്.

വാക്സിന്റെ പ്രഭാവം കുറയ്ക്കുമെന്നു മാത്രമല്ല, മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനങ്ങളെ നിർവ്വീര്യമാക്കുവാനും ഓമിക്രോൺ എന്ന ഈ വകഭേദത്തിന് കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്. ലോകത്ത് ഇതുവരെ 77 പേരിലാണ് ഈ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബോത്സ്വാന, ഹോങ്കോംഗ്, ഇസ്രയേൽ എന്നിവിടങ്ങളിലാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല, ഇവിടങ്ങളിൽ നിന്നും തിരികെ എത്തുന്നവർ രോഗ പരിശോധനയ്ക്കും സെൽഫ് ഐസൊലേഷനും വിധേയരാവുകയും വേണം.

കോവിഡിന്റെ അതിഭീകരമായ ആക്രമണത്തിൽ നിന്നും സാവധാനം കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയും ഈ മാരക വകഭേദത്തിനെതിരെ കടുത്ത മുൻകരുതലുകൾ എടുക്കുകയാണ്. ഇവിടെനിന്നും ഇന്ത്യയിലെത്തിയ കോവിഡ് രോഗികളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പഠനത്തിനായി അയയ്ക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്തിലായിരിക്കുകയാണ്. ഇപ്പോൾ ദക്ഷിണാഫ്രിക്കയി പര്യടനം തുടരുന്ന ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിക്കുമെന്നറിയുന്നു. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി.

അതേസമയം, കോവിഡിനെ നിയന്ത്രണത്തിലാക്കി എന്ന ആത്മവിശ്വാസത്തിൽ നിയന്ത്രണങ്ങൾ പൂർണ്ണമായും എടുത്തുകളഞ്ഞ ബ്രിട്ടനേയും വിറപ്പിക്കുകയാണ് ഓമിക്രോൺ. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനം തടഞ്ഞതുകൊണ്ട് മാത്രം ഓമിക്രോണിനെ തടയാൻ കഴിയില്ല എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ വീണ്ടും സ്ഥിതിഗതികൾ വഷളായേക്കാം എന്ന് അവർ പറയുന്നു. എന്നാൽ, വളരെ കുറച്ചുപേരിൽ മാത്രമാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുള്ളു എന്നും അതിനാൽ തന്നെ വ്യാപകമായി ഇത് പടരുമെന്ന ആശങ്ക വേണ്ടെന്നും മറുപക്ഷം പറയുന്നു.

നിലവിലെ വാക്സിൻ കൊണ്ടു തന്നെ പുതിയ വകഭേദത്തെ നേരിടാനാകുമെന്നാണ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറയുന്നത്. അതേസമയം, ഉടൻ തന്നെ, വർക്ക് ഫ്രൊം ഹോം, വാക്സിൻ പാസ്സ്പോർട്ട് എന്നിവ ഉൾപ്പെട്ട പ്ലാൻ ബി നടക്കുന്നത് അമിതമായ പ്രതികരണമായി പോകുമെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധിയും പറയുന്നു. ഇന്നലെ രാത്രിയാണ് ഓമിക്രോൺ വകഭേദത്തെ ആശങ്കപ്പെടേണ്ട വകഭേദം എന്ന വിഭാഗത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയത്.

പുതിയ വകഭേദം എത്തുന്നതിനു മുൻപ് പരമാവധി പേരെ പൂർണ്ണമായും വാക്സിനേഷൻ ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ജെനെറ്റിക്സ് ഇൻസ്റ്റിട്യുട്ട് ഡയറക്ടർ പ്രൊഫസർ ഫ്രാങ്കോയിസ് ബാലോക്സിനുള്ളത്. ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും ശാന്തത കൈവിടരുതെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദത്തിന്റെ ഇരട്ടി ശക്തിയുള്ളതാണ് ഓമിക്രോൺ എന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്. യൂറോപ്യൻ യൂണിയന് പുറമേ അമേരിക്കയടക്കം എട്ടു രാജ്യങ്ങളും ആഫ്രിക്കൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.

അതേസമയം എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇന്നലെ രാത്രി അമേരിക്കയും പ്രഖ്യാപിച്ചു. എന്നാൽ, വിമാന സർവ്വീസുകൾ നിരോധിക്കുകയില്ല. അതുപോലെ അമേരിക്കൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ഈ പുതിയ നയം ബാധകമാവുകയുമില്ല. ഇന്നലെ ദക്ഷിണാഫ്രിക്കയിൽ നിന്നും നെതർലാൻഡ്സിലെത്തിയ വിമാനത്തിലെ യാത്രക്കാരെ വിമാനത്തിനു പുറത്തിറങ്ങാൻ അനുവദിച്ചില്ല. അവസാനം അവരെ പരിശോധനക്ക് വിധേയരാക്കുകയും അവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് പുറത്തിറങ്ങാൻ അനുവദിച്ചത്.

നേരെ മറിച്ച്, നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുൻപായി ജൊഹന്നാസ് ബർഗിൽ നിന്നും ഹീത്രൂവിലെത്തിയ അവസാന വിമാനത്തിലെ യാത്രക്കാർ രോഗപരിശോധനയൊന്നുംനടത്തിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല, അവരുടെ യാത്രാ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തില്ല.

എന്തുകൊണ്ട് ഓമിക്രോണിനെ കൂടുതൽ ഭയക്കണം ?

വിദഗ്ദരുടെ അഭിപ്രായത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള കൊറോണ വകഭേദങ്ങളിൽ വെച്ച് ഏറ്റവുമധികം ഭയക്കേണ്ട ഒരിനമാണ് ഓമിക്രോൺ. 32 മ്യുട്ടേഷനുകളാണ് ഇതിന് സംഭവിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഈ വകഭേദത്തെ കൂടുതൽ ഭീകരനാക്കുന്നതെന്നും ശാസ്ത്രലോകം പറയുന്നു. നിലവിൽ ലോകമാകെ പടർന്നിരിക്കുന്ന, അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് സംഭവിച്ച മ്യുട്ടേഷൻ ഓമിക്രോണിനും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിനും അധിക വ്യാപനശേഷി ഉണ്ടായിരിക്കും.

ദക്ഷിണാഫ്രിക്കൻ വകഭേദം എന്നറിയപ്പെട്ടിരുന്ന, വാക്സിനെ പ്രതിരോധിക്കാൻ ഏറെ ശേഷിയുള്ള ബീറ്റ വകഭേദത്തിനു സംഭവിച്ച മ്യുട്ടേഷനും ഇതിൽ സംഭവിച്ചിട്ടുണ്ട്. ആന്റിബോഡികളെ കബളിപ്പിച്ച് രക്ഷപ്പെടാൻ വൈറസുകളെ സഹായിക്കുന്ന ഈ മ്യുട്ടേഷൻ സംഭവിച്ചതിനാൽ ഇതിന് വാക്സിന്റെ പ്രതിരോധശേഷിയെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിയും. അതിനൊപ്പം കഴിഞ്ഞ ശീതകാലത്ത് ബ്രിട്ടനിൽ പടർന്ന് പിടിക്കാൻ ആൽഫ വകഭേദത്തെ സഹായിച്ച മ്യുട്ടേഷനും ഇതിലുണ്ട്.

ഇതിനെല്ലാം പുറമെ മൊത്തം 32 മ്യുട്ടേഷനുകളാണ് ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്നത്. ഇത്രയധികം മ്യുട്ടേഷൻ ഇതുവരെ കണ്ടെത്തിയ ഒരു വകഭേദത്തിലും സംഭവിച്ചിരുന്നില്ല. വൈറസിനെ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുവാനും അവിടെ സ്ഥിതിചെയ്യുവാനും സഹായിക്കുന്ന സ്പൈക്കിന്റെ ചില നിശ്ചിത ഭാഗങ്ങളിലാണ് മ്യുട്ടേഷൻ സംഭവിച്ചിരിക്കുന്നത്. ഈ മ്യുട്ടേഷനുകൾ കാരണം സ്പൈക്ക് പ്രോട്ടീൻ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ നിന്നും വ്യത്യസ്തമായി കാണപ്പെടും. അതുകൊണ്ടു തന്നെ മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന് ഇതിനെ തിരിച്ചറിയാൻ ആകാതെ വരും.

വൈറസിനെ തിരിച്ചറിയാൻ ആകാതെ വരുന്നതോടെ ആന്റിബോഡികൾക്ക് അവയെ പ്രതിരോധിക്കാൻ കഴിയാതെ വരും. അങ്ങനെയാണ് ഈ വകഭേദം വാക്സിനുകളെയും സ്വാഭാവിക പ്രതിരോധശേഷിയേയും നിഷ്പ്രഭമാക്കുന്നത്. അതുതന്നെയാണ് ഈ വകഭേദത്തെ കുറിച്ച് കൂടുതൽ ആശങ്കയുണരാൻ കാരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP