Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

രണ്ട് ഇരുമ്പ് കമ്പികൾ ഫ്രെയിമിന്റെ സഹായത്തോടെ വാഴയിൽ ഘടിപ്പിക്കാം; വളരുന്നതിനനുസരിച്ച് കമ്പികൾ സ്വയം ക്രമീകരിച്ച് ശക്തമായ രീതിയിൽ ഊന്നൽ നൽകാം; വാഴകൾ കാറ്റിൽ നശിക്കില്ല; മലയാളിയുടെ കണ്ടു പിടിത്തത്തിന് പേറ്റന്റ്; സംജീദ് സലാമിന്റെ നേട്ടം ഇങ്ങനെ

രണ്ട് ഇരുമ്പ് കമ്പികൾ ഫ്രെയിമിന്റെ സഹായത്തോടെ വാഴയിൽ ഘടിപ്പിക്കാം; വളരുന്നതിനനുസരിച്ച് കമ്പികൾ സ്വയം ക്രമീകരിച്ച് ശക്തമായ രീതിയിൽ ഊന്നൽ നൽകാം; വാഴകൾ കാറ്റിൽ നശിക്കില്ല; മലയാളിയുടെ കണ്ടു പിടിത്തത്തിന് പേറ്റന്റ്; സംജീദ് സലാമിന്റെ നേട്ടം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:വാഴകൾ കാറ്റിൽ നശിക്കാതിരിക്കാൻ സഹായിക്കുന്നതും മലയാളി യുവ എഞ്ചിനീയർ വികസിപ്പിച്ചെടുത്തതുമായ കാർഷിക ഉപകരണത്തിന് കേന്ദ്ര സർക്കാർ പേറ്റന്റ് അനുവദിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജിലെ പൂർവ്വവിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ സംജീദ് സലാം വികസിപ്പിച്ചെടുത്ത ഉപകരണത്തിനാണ്് പേറ്റന്റ് ലഭിച്ചിട്ടുള്ളത്.മെക്കാനിക്കൽ എഞ്ചിനീയറിംഗിലാണ് എം എ എഞ്ചിനിയറിങ് കോളേജിൽ നിന്നും സംജീദ് സലാം ബിരുദം കരസ്ഥമാക്കിയിട്ടുള്ളത്.

വാഴകർഷകർക്ക് ഏറെ ഉപകാരപ്രദമായ ഈ ഉപകരണം. കുലച്ച വാഴകൾ കാറ്റിൽ നശിച്ചുപോകാതിരിക്കാൻ സഹായിക്കുന്നതാണ്.2019 ൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ വികസിപ്പിച്ചെടുത്ത ഈ ഉപകരണം ഫലപ്രദമാണ് നിരവധി സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിരുന്നു. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഈ ഉപകരണം നിർമ്മിക്കാം. രണ്ട് ഇരുമ്പ് കമ്പികൾ ഫ്രെയിമിന്റെ സഹായത്തോടെ വാഴയിൽ ഘടിപ്പിക്കുന്നു. വാഴ വളരുന്നതിനനുസരിച്ച് കമ്പികൾ സ്വയം ക്രമീകരിച്ച് ശക്തമായ രീതിയിൽ ഊന്നൽ നൽകുകുന്നതാണ് ഉപകരണത്തിന്റെ പ്രവർത്തന രീതി.

കൃഷിക്കാർക്ക് 60-70 രൂപ നിരക്കിൽ ഉപകരണം നിർമ്മിച്ചുനൽകാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.കോതമംഗലത്തെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ ഈ ഉപകരണം കോളേജ് അധികൃതർ മുമ്പ് പരിചയപ്പെടുത്തിയിരുന്നു.വ്യാവസായിക അടിസ്ഥാനത്തിൽ ഇത് നിർമ്മിച്ച് സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യാൻ കൃഷിവകുപ്പ് എഡിഎ സന്നദ്ധത അറിയിച്ചിട്ടുണ്ട്.കേരള സ്റ്റാർട്ട് അപ്പ് മിഷൻ നടത്തിയ നൂതന സാങ്കേതികമേഖലയിലെ മത്സരത്തിൽ ഈ ഉപകരണത്തിന് 2 ലക്ഷം രൂപ പാരിതോഷികം ലഭിക്കുകയുണ്ടായി. ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ സംജീദ് സലാം കോളേജിലെ ജൂനിയർ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി ചേർന്ന് കാർഷികമേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ഈ പദ്ധതിയെക്കുറിച്ച് കെഎസ്ഐഡിസിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തപ്പോൾ മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജിൽ ഒരു റൂറൽ ഡവലപ്മെന്റ് സെന്റർ തുടങ്ങുവാനുള്ള സന്നദ്ധത അറിയിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിനെ തുടർന്ന് കൊച്ചിയിലുള്ള കെഎസ്ഐഡിസി ഓഫീസും കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കോളേജ് അസ്സോസ്സിയേഷനും കർഷകരും കൈകോർത്തുകൊണ്ട് കോളേജിൽ ഒരു ഇന്നൊവേഷൻ ഡവലപ്മെന്റ് സെന്റർ ആരംഭിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഈ പ്രൊജക്ട് വഴി വിവിധ മേഖലയിലുള്ള കർഷകർക്ക് നേരിട്ട് അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ആശയവിനിമയം നടത്തുവാനും വിദ്യാർത്ഥികൾ തന്നെ അദ്ധ്യാപകരുടെ സഹായത്തോടെ പ്രശ്നപരിഹാരം നടപ്പാക്കുവാനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ഇത് വഴി പുതിയ തലമുറയിലുള്ള വിദ്യാർത്ഥികൾക്ക് കാർഷികമേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കുവാനും പുതിയ സംരംഭങ്ങൾ തുടങ്ങുവാനും  ഉപകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സെമിനാറുകൾ ക്ലാസ്സുകൾ,ശില്പശാലകൾ തുടങ്ങിയവ നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ പങ്കാളിത്തത്തിൽ (അസാപ്പ്) കോളേജിൽ സജ്ജമാക്കിയിട്ടുണ്ട് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഈ പ്രൊജക്ട് തുടങ്ങുവാനായി നേതൃത്വം നൽകിയ സംജീദ് കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ മീറ്റിങ് വഴി കർഷകർക്ക് ഉപകാരപ്രദമായ പല ആശയങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

ഹൈഡ്രോപോണിക്സ് രീതിയിൽ മണ്ണില്ലാതെ ചോളം, ഗോതമ്പ് എന്നിവ മുളപ്പിച്ച് കന്നുകാലികൾക്ക് തീറ്റയായി കൊടുക്കുന്ന സാങ്കേതിക വിദ്യ, മത്സ്യങ്ങൾക്ക് തീറ്റയായി ചെലവ് കുറഞ്ഞ രീതിയിൽ ബിഎസ്എഫ് ലാർവ്വ ഉത്പാദനം, ഫർണീച്ചർ വ്യവസായത്തിൽ ഓട്ടോമാറ്റിക് മെഷീണറി നിർമ്മാണം, മഞ്ഞൾ പൊടിക്കുന്ന ചെറു യന്ത്രങ്ങളുടെ വികസനവും നിർമ്മാണവും മുതലായ പ്രൊജക്ടുകൾ ഇവിടെ ആരംഭിക്കുന്നതാണ്.

നിലവിൽ നമ്മുടെ നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുകയും വിലതകർച്ച നേരിടുകയും ചെയ്യുന്ന കപ്പ, പൈനാപ്പിൾ എന്നിവ സംസ്‌കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ചെറുയന്ത്രങ്ങളുടെ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നകാര്യവും ആലോചനയിലുണ്ട്.
മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് വികസിപ്പിക്കുന എല്ലാ സാങ്കേതിക വിദ്യകളും പ്രകൃതിയെ ചൂഷണം ചെയ്യാതെ മാതൃകാപരമായ രീതിയിലാണ് നിർമ്മിക്കുന്നത്.

സോളാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമീപഭാവിയിൽ വൈദ്യുതി ഉൽപ്പാദനത്തിൽ കോളേജ് സ്വയം പര്യാപ്തത കൈവരിക്കുകയും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ചാർജ്ജിങ് സ്റ്റേഷനുകൾ നിർമ്മിക്കുമെന്നും മാർ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷൻ സെക്രട്ടറി ഡോ വിന്നി വർഗീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP