Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

സ്ത്രീകൾക്ക് വീടിനു വെളിയിൽ ഇറങ്ങാൻ അനുമതിയില്ല; വെള്ളക്കാരായതുകൊണ്ട് മാത്രം കുട്ടികൾ ആക്രമിക്കപ്പെടുന്നു; തെരുവിന്റെയും കടകളുടെയും നിയന്ത്രണങ്ങൾ മുസ്ലീങ്ങൾക്ക് മാത്രം; ശരിഅത്ത് കോടതിയും സജീവം; ബ്രിട്ടനിൽ താലിബാൻ ഭരണം നടക്കുന്ന കഥ

സ്ത്രീകൾക്ക് വീടിനു വെളിയിൽ ഇറങ്ങാൻ അനുമതിയില്ല; വെള്ളക്കാരായതുകൊണ്ട് മാത്രം കുട്ടികൾ ആക്രമിക്കപ്പെടുന്നു; തെരുവിന്റെയും കടകളുടെയും നിയന്ത്രണങ്ങൾ മുസ്ലീങ്ങൾക്ക് മാത്രം; ശരിഅത്ത് കോടതിയും സജീവം; ബ്രിട്ടനിൽ താലിബാൻ ഭരണം നടക്കുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ന് ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് പൊളിറ്റിക്കൽ ഇസ്ലമൈസേഷൻ അഥവാ ഇസ്ലാമിന്റെ രാഷ്ട്രീയവത്ക്കരണം. പാവപ്പെട്ട, സമാധാനപ്രേമികളായ ഇസ്ലാം മതവിശ്വാസികളാണ് ഇതുകാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് എന്നതാണ് സത്യം. ഒരു തെറ്റും ചെയ്യാതെ നിഷ്‌കളങ്കരായ വിശ്വാസികൾപോലും ഇതുകാരണം പലപ്പോഴും സംശയത്തിന്റെ നിഴലിൽ വരുന്നു. ബ്രിട്ടനിലും ഇത്തരത്തിലുള്ള ഇസ്ലാമിന്റെ രാഷ്ട്രീയവത്ക്കരണം ആരംഭിച്ചിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബ്ലാക്ക്‌ബേണിൽ വെള്ളക്കാർക്ക് പ്രവേശിക്കാൻ അനുമതിയില്ലാത്ത സ്ഥലങ്ങൾ ഉണ്ടത്രെ! അതുപോലെ,ബ്രാഡ്ഫോർഡിലെ കടുത്ത യാഥാസ്ഥികരായ രക്ഷകർത്താക്കൾ താലിബാൻ നിയമങ്ങളോട് സമാനമായ കടുത്ത നിയമങ്ങൾ അനുസരിച്ചാണ് കുട്ടികളെ വളർത്തുന്നതെന്നും ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ഫോറിൻ സർവീസസിൽ പ്രൊഫസറായ ഈദ് ഹുസൈൻ പറയുന്നു. അദ്ദേഹം നേരിട്ടു നടത്തിയ സർവ്വേയുടെ ഫലമായാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

എ ജേർണി എക്രോസ് മുസ്ലിം ബ്രിട്ടൻ എന്ന പഠന റിപ്പോർട്ടിലാണ് ഹുസൈൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലെ വലിയ മോസ്‌കുകളിലും അതിനെ ചുറ്റിപ്പറ്റിയുള്ള ഇസ്ലാമിക സമൂഹത്തിലും നടത്തിയ പഠനങ്ങളാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം പറയുന്നു. കിഴക്കൻ ലണ്ടനിലെ ടവർ ഹാംലെറ്റ്സിൽ ജനിച്ചുവളർന്ന ഹുസൈനും തന്റെ യൗവ്വനകാലത്ത് ജിഹാദിയാകാനുള്ള പരിശീലനം നേടിയ വ്യക്തിയാണ്. ബ്ലൂവാട്ടർ ബോംബേഴ്സ് നേതാവായ ഒമർ ഖ്യയ്യാമിനെ പോലുള്ളവരായിരുന്നു ഹുസൈന്റെ പരിശീലകർ.

അടുത്ത ആഴ്‌ച്ച പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിൽ താൻ ഈ സർവ്വേ നടത്തിയത് എങ്ങനെയെന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. വെള്ളിയാഴ്‌ച്ച പ്രാർത്ഥനകൾക്ക് ഒത്തുകൂടുന്നവരുമായും, ടാക്സി ഡ്രൈവർമാർ, കടയുടമകൾ, ഇമാംമാർ തുടങ്ങിയവരുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളും അദ്ദേഹം നൽകുന്നുണ്ട്. ഇതിലാണ് പല വെള്ളക്കാരും തങ്ങൾ പോകുവാൻ ഭയപ്പെടുന്ന ഇടങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 12 വയസ്സുള്ള ഒരു ബാലനെ വെള്ളക്കാരനായതുകൊണ്ടുമാത്രം ഏഷ്യൻ വംശജരായ മുസ്ലീങ്ങൾ ആക്രമിച്ച കഥ അതിൽ ഒരാൾ പറയുന്നുമുണ്ട്. ബ്ലാക്ക്‌ബേണീലായിരുന്നു ഈ സംഭവം നടന്നത്.

ബോൾട്ടൺ, ഡ്യുസ്ബറി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങൾ തികച്ചും മറ്റൊരു ലോകത്താണെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. പ്രദേശവാസികളായ വെള്ളക്കാരുമായി ഒരു അടുപ്പവും ഉണ്ടാക്കാതെയാണ് ഇവിടങ്ങളിൽ മുസ്ലിം മതവിശ്വാസികൾ കഴിയുന്നത്. അതുപോലെ ബ്രാഡ്ഫോർഡിലെ ചില രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികൾ നാടകം, തീയറ്റർ, ഡാൻസ് ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ടെന്നും പറയുന്നു. താലിബാൻ നിയമങ്ങളോട് സമാനമായ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഇവർ ശാരീരികമായി ബ്രിട്ടനിലാണ് ജീവിക്കുന്നതെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്നും ഹുസൈൻ പറയുന്നു.

ദിയോബന്ദിസിന്റെയും തബ്ലീഗി ജമാ അത്തിന്റെയും ഒരു ആഗോള ആസ്ഥാനമായ ബ്ലാക്ക്‌ബേണിലേക്ക് പോകാൻ വെള്ളക്കാർ പലരും ഭയപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബ്രിട്ടനിലെ പല മോസ്‌കുകളിലും മേധാവിത്വം തീവ്ര മതവിശ്വാസം പുലർത്തുന്നവർക്കാണെന്നും പുസ്തകത്തിൽ പറയുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപീകരണത്തിന് ഉത്തരവാദികളായ ദിയോബന്ദീസ് ആണ് ബ്രിട്ടനിലെ പകുതിയിലധികം മോസ്‌കുകൾ ഭരിക്കുന്നത്. 2019-ൽ ഇവിടെ നടന്ന ഒരു സമ്മേളനത്തിൽ 12,000 വിശ്വാസികൾ പങ്കെടുത്തതായും അദ്ദേഹം പറയുന്നു. ഇവർ എല്ലാവരും പുരുഷന്മാരായിരുന്നു.

നഗരത്തിലെ വാലി റേഞ്ച് ഏരിയായിൽ തീവ്രവാദികളുടെ സാന്നിദ്ധ്യം അധികമാണെന്നാണ് ഹുസൈൻ സംസാരിച്ച വെള്ളക്കാരിൽ ഭൂരിഭാഗവും പറയുന്നത്. രാത്രി ഇരുട്ടിയാൽ ഈ ഭാഗത്തേക്ക് പോകാൻ വെള്ളക്കാർ ഭയപ്പെടുന്നു. അതുമാത്രമല്ല, ഇംഗ്ലീഷ് പതാക ഉയർത്തിയാൽ നിങ്ങളെ വംശീയ വാദി എന്ന് മുദ്രകുത്തി നിയമനടപടികൾ സ്വീകരിക്കാൻ ബ്ലാക്ക്‌ബേൺ ആൻഡ് ഡാർവെൻ കൗൺസിൽ ശ്രമിക്കുമെന്ന ആരോപണവും ചിലർ ഉന്നയിക്കുന്നുണ്ട്.

അതുപോലെ ഒരു മുസ്ലിം സ്‌കൂളിൽ പെൺകുട്ടികൾ നീന്തൽ വസ്ത്രങ്ങൾ ധരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് അവിടത്തെ പ്രധാന അദ്ധ്യാപിക പെൺകുട്ടികളെ നീന്തൽ ക്ലാസ്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയതായി മുൻ കൗൺസിലർ സൈമ അഫ്സൽ പറയുന്നു. അതേസമയം, ബ്രാഡ്ഫോർഡ് 30 വർഷത്തിനുള്ളിൽ ഒരു അപ്പാത്തീർഡ് നഗരമായി മാറുമെന്നും ഹുസൈൻ നിരീക്ഷിക്കുന്നു. വെള്ളക്കാരെ കാണാനില്ലെന്നു തന്നെ പറയാം. നിരവധി മോസ്‌കുകളും മദ്രസകളും ഉള്ള ഒരു നഗരം കൂടിയാണിത്.

ഇവിടെയാണ് രക്ഷകർത്താക്കൾ കുട്ടികളെ കലാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുന്നത്. കലാപ്രവർത്തനം മതവിശ്വാസത്തിന് എതിരാണെന്നാണ് ഇവർ കാരണമായി പറയുന്നത്. അതിനിടയിൽ ഒരുദിവസം ഇസ്ലാം ബ്രാഡ്ഫോർഡ് സെന്റർ സന്ദർശിച്ച ഈദ് ഹുസൈന് അവിടെ ഒരു ഇമാം ആധുനിക കണ്ടുപിടുത്തങ്ങളെ നിരാകരിക്കാൻ അനുയായികളോട് ആഹ്വാനം ചെയ്യുന്നതും കേൾക്കേണ്ടി വന്നു. ഓരോ പുതിയ കണ്ടുപിടുത്തങ്ങളൂം ദൈവത്തിന്റെ പാതയിൽ നിന്നുള്ള വ്യതിയാനങ്ങളാണെന്നും അത്തരം വ്യതിയാനങ്ങൾ ഒരുത്തനെ നരകത്തിലെത്തിക്കുമെന്നായിരുന്നു ഇമാം പറഞ്ഞത്.

അതേസമയം ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹ മദ്ധ്യത്തിൽ നിന്നും ഒളിപ്പിച്ചു നിർത്താനാണ് ഇവിടുള്ള വിശ്വാസികൾ ഏറെയും ശ്രമിക്കുന്നതെന്ന് ഒരു ഇമാം തന്നോട് പറഞ്ഞതായി ഹുസൈൻ വെളിപ്പെടുത്തുന്നു. അത്തരം കുട്ടികൾക്ക് സർക്കാർ നൽകുന്ന ധനസഹായം വാങ്ങി ഇവർ ബിസിനസ്സ് ആരംഭിക്കുകയോ അല്ലെങ്കിൽ മറ്റു മക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ പ്രദാനം ചെയ്യുകയോ ആണ് ചെയ്യുന്നതെന്ന് ഇമാം വെളിപ്പെടുത്തിയത്രെ.

ഭൗതികമായി ബ്രിട്ടനകത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും ഡ്യുസ്ബറിയിൽ എത്തിയാൽ വേറെ ഏതോ ലോകത്ത് എത്തിച്ചേർന്ന പ്രതീതിയായിരിക്കും ഉണ്ടാവുക എന്ന് ഈദ് ഹുസൈൻ പറയുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മോസ്‌കുകളിൽ ഒന്നായ മാർകാസി മോസ്‌ക് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ, ഇതിൽ പ്രാർത്ഥനയ്ക്കായി പ്രവേശിക്കാൻ സ്ത്രീകൾക്ക് അവകാശമില്ല. ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകൾക്ക് വീടിന് വെളിയിൽ പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ് ഇവിടെ നിലവിലുള്ളതെന്ന് ഹുസൈൻ പറയുന്നു.

കർശനമായ ഖലീഫിസത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന യാഥാസ്ഥിക മുസ്ലീങ്ങളാണ് ഡ്യുസ്ബറിയിൽ ഏറെയുള്ളത്. ഇവർ പ്രദേശവാസികളായ വെള്ളക്കാരോട് സംസാരിക്കുക കൂടി ചെയ്യില്ലെന്നും ഹുസൈൻ പറയുന്നു. നിറയെ ഫലസ്തീൻ പതാകകൾ പാറിക്കളിക്കുന്ന ഒരു മോസ്‌കായിരുന്നു ഡിഡ്സ്ബറിയിൽ ഹുസൈൻ കണ്ടത്. ഇവിടെ ഒരു ശരിയത്ത് കോടതിയും പ്രവർത്തിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങൾ വിശ്വാസികളിൽ ഏറിയപങ്കും ഇവിടെയാണ് പരിഹരിക്കുന്നത്.

മാഞ്ചസ്റ്ററിലും എഡിൻബർഗിലുമൊക്കെ ഇങ്ങനെയുള്ള തീവ്ര മതവിശ്വാസികളെ കണ്ടുമുട്ടിയ കഥകൾ പുസ്തകത്തിൽ ഹുസൈൻ വിവരിക്കുന്നുണ്ട്. തികച്ചും അക്രമങ്ങൾ നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ വളർന്ന അഭയാർത്ഥികൾക്ക് സമാധാനപരമായ ഒരു അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവില്ലെന്ന് ഒരു കൗൺസിലർ തന്നോട് പറഞ്ഞതായും അദ്ദേഹം പറയുന്നു.

ഗ്ലാസ്ഗോയിൽ ചിലയിടങ്ങളിൽ പെൺകുട്ടികളെ ഹിജാബ് ധരിപ്പിക്കാൻ നിർബന്ധിതരാക്കിയപ്പോൾ ബിർമ്മിങ്ഹാമിലെ ഒരുകൂട്ടർ പറഞ്ഞത് തങ്ങൾ ശരിയത്ത് അടിസ്ഥാനമാക്കിയുള്ള ഒരു ഭരണകൂടത്തിനായി കാത്തിരിക്കുന്നു എന്നാണ്. ഇവിടെയും ഹിജാബ് പലയിടങ്ങളീലും നിർബന്ധമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ഒരിക്കലും പുരുഷന് സമാനമാകാൻ കഴിയില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്. മറയ്ക്കേണ്ട ഭാഗങ്ങൾ സ്ത്രീ മറയ്ക്കുക തന്നെ വേണമെന്ന് ഇവർ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP