Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി; രാത്രി മുഴുവൻ നിന്ന് പെയ്ത് തോരാമഴ; രണ്ട് ദിവസം കൂടി കനത്തമഴയും കാറ്റും കടലാക്രമണവും തുടരും; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം; ഏറ്റവും കൂടുതൽ മഴ പെയ്തത് പത്തനംതിട്ടയിൽ: വെള്ളപ്പൊക്ക ഭീഷണിയിൽ കുട്ടനാട്

തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി; രാത്രി മുഴുവൻ നിന്ന് പെയ്ത് തോരാമഴ; രണ്ട് ദിവസം കൂടി കനത്തമഴയും കാറ്റും കടലാക്രമണവും തുടരും; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം; ഏറ്റവും കൂടുതൽ മഴ പെയ്തത് പത്തനംതിട്ടയിൽ: വെള്ളപ്പൊക്ക ഭീഷണിയിൽ കുട്ടനാട്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ദിവസങ്ങളായി പെയ്യുന്ന മഴയിൽ നനഞ്ഞ് കുളിച്ച് കേരളം. ഇന്നലെ രാത്രിയും മഴതെല്ലും തോർന്നില്ല. പലയിടങ്ങളിലും ശക്തമായ കാറ്റോട് കൂടി മഴ തിമിർത്തു പെയ്തു. തോരാമഴയിൽ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജനം. അറബിക്കടലിലെ ന്യൂനമർദം അതിതീവ്രമായതിന്റെ സ്വാധീനത്തിൽ രണ്ട് ദിവസം കൂടി കനത്തമഴയും കാറ്റും കടലാക്രമണവും തുടരും. പലയിടങ്ങളിലും മഴ കനതക്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണിയിൽ പേടിച്ചു വിറയ്ക്കുകയാണ് കുട്ടനാട്. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം ഇടമുറിയാതെ പെയ്യുന്ന മഴയാണ് കുട്ടനാടിനെ വെള്ളപ്പൊക്ക ഭീഷണിയിലാക്കുന്നത്. കോവിഡ് സാഹചര്യം കൂടിയാകുമ്പോൾ സ്ഥിതി രൂക്ഷമാക്കുന്നു.

കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ നഗരത്തിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. പുത്തൻ പള്ളിയിലും മ്യൂസിയം പരിസരത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മീതെ മരം വീണു. തിരുവനന്തപുരം തെങ്കാശി സംസ്ഥാനപാതയിൽ കൊല്ലക്കാവിലും വെമ്പായത്തും റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആർക്കും പരിക്കില്ല. പല സ്ഥലങ്ങളിലും വെള്ളം കയറി. രാത്രിയിലും നീണ്ടു നിന്ന തോരാമഴ ഇപ്പോഴും തുടരുകയാണ്.

പത്തനംതിട്ടയിലാണ് ഏറ്റവും അധികം വേനൽമഴ ലഭിച്ചത്. മാർച്ച് 1 മുതൽ മെയ്‌ 13വരെയുള്ള കണക്കനുസരിച്ച് പത്തനംതിട്ട ജില്ലയിൽ ഇതുവരെ ഏകദേശം 70 സെന്റീമീറ്ററിലധികം മഴ ലഭിച്ചു. ദീർഘകാല ശരാശരിപ്രകാരം 34 സെന്റീമീറ്റർ ലഭിക്കേണ്ട സ്ഥാനത്താണ് ഇരട്ടിയിലും അധികം മഴ. കഴിഞ്ഞ രണ്ടു ദിവസമായുള്ള ന്യൂനമർദപ്രേരിത മഴകൂടിയായതോടെയാണ് കണക്കുപുസ്തകങ്ങൾ കവിഞ്ഞ് ഒഴുകിയത്.

സംസ്ഥാനത്തെ നൂറിലേറെ വരുന്ന മഴമാപനികളിൽ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കോന്നി മഴമാപിനിയിലാണ്. ഏകദേശം 97 സെ.മീ.യിലധികം മഴ ഇക്കാലയളവിൽ രേഖപ്പെടുത്തിയെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെയും വനം വകുപ്പിലെയും നിരീക്ഷകർ പറഞ്ഞു. ഇത് റെക്കോർഡാണ്. പുനലൂരാണ് രണ്ടാമത് (86 സെ.മീ.), കാഞ്ഞിരപ്പള്ളി (82 സെ.മീ.) മൂന്നാമതും.

അറബിക്കടലിലെ ന്യൂനമർദം അതിതീവ്രമായതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂരും കാസർകോടും ,യെല്ലോ അലർട്ടും നിലവിൽവന്നു. സംസ്ഥാനം അതീവ ജാഗ്രതയിൽ. രണ്ട് ദിവസം കൂടി കനത്തമഴയും കാറ്റും കടലാക്രമണവും തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. മഴക്കെടുതി നേരിടാൻ ജില്ലകളിൽവിപുലമായ സംവിധാനങ്ങൾ ഒരുക്കി. സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ദേശീയദുരന്തപ്രതിരോധ സേനയെയും വിന്യസിച്ചു. 1077 എന്ന ടോൾഫ്രീ നമ്പറിൽ എമർജൻസി ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

അടുത്ത 24 മണിക്കൂറിൽ ഇതിന്റെ ശക്തി വർധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര പഥത്തിൽ കേരളമില്ല. ന്യൂനമർദ കേന്ദ്രത്തിന്റെ നിലവിലെ സ്ഥാനം കേരള തീരത്ത് നിന്ന് അധികം അകലെയല്ല. അതുകൊണ്ടുതന്നെ കേരളത്തിൽ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടൽക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരണം.

കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാം. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നിരുന്നാലും നമ്മൾ ജാഗ്രത കൈവിടാതിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാറ്റിന്റെ സ്വാധീനം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ളത് വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. സമീപ ജില്ലകളിലും കാറ്റ് പ്രതീക്ഷിക്കാം. അതുകൊണ്ട് ശക്തമായ കാറ്റുമൂലമുള്ള അപകടങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മറ്റ് വസ്തുക്കൾ എന്നിവ സുരക്ഷിതമാക്കി മാറ്റണം. ഓരോ കുടുംബവും അവരവരുടെ ഭൂമിയിലെ മരങ്ങൾ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ചില്ലകൾ വെട്ടിക്കളയണം. അതുപോലെ ചെറിയ ചാലുകൾ തടസപ്പെട്ടിട്ടില്ല എന്നും ഉറപ്പുവരുത്തണം.

അതിതീവ്ര മഴ തുടരുകയാണെങ്കിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം, വെള്ളക്കെട്ട് മലയോര മേഖലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കടൽക്ഷോഭവും തുടരുമെന്നാണ് കാണുന്നത്. ഇവിടങ്ങളിലൊക്കെയുള്ള അപകടാവസ്ഥയിലുള്ള ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തദ്ദേശ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ചേർന്ന് തയ്യാറാക്കിവെച്ച സുരക്ഷിത ക്യാമ്പുകളിലേക്ക് അധികൃതരുടെ നിർദ്ദേശം ലഭിക്കുന്ന മുറക്ക് മാറി താമസിക്കാൻ എല്ലാവരും തയ്യാറാവണം.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ കേന്ദ്ര-സംസ്ഥാന സേനകൾ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുൻകരുതലായി വിന്യസിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നിലവിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുള്ളത്.

കരസേനയുടെ ഡിഎസ്സി ഒരു ടീമിനെ കാസർകോടും രണ്ട് ടീമുകളെ കണ്ണൂരും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ 2 സംഘങ്ങൾ തിരുവനന്തപുരത്ത് സ്റ്റാൻഡ്‌ബൈ ആയി സജ്ജമാണ്. ഒരു എഞ്ചിനിയറിങ് ടാസ്‌ക് ഫോഴ്‌സ് ബംഗളുരുവിൽ തയ്യാറായി നിൽക്കുന്നുണ്ട്. വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തിയിരിക്കുന്നു. ഇവരെ സംസ്ഥാന പൊലീസും അഗ്‌നിശമന രക്ഷാസേനയും പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് വളണ്ടിയർമാരും സഹായിക്കും.

മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. കടലിലുണ്ടായിരുന്ന മൽസ്യ തൊഴിലാളികളെ സുരക്ഷിതമായി മുൻകൂട്ടി തന്നെ കരയ്‌ക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട്. ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻസ് സെന്റർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടർ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കും. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP