Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

വ്യാജരേഖകൾ നല്കി വിസ അടിപ്പിച്ച ഏജന്റിന്റെ ചതിയിൽ വീണു യു കെയിൽ എത്തിയ മലയാളി യുവാവിന് വഴിയിൽ ക്രൂര മർദ്ദനം; അബോധാവസ്ഥ മാറിയപ്പോൾ ഡിസ്ചാർജ് ചെയ്ത് എൻ എച്ച് എസ്; നാട്ടിലേക്ക് മടങ്ങാൻ പോലുമാകാതെ ഒരു മലയാളി യുവാവ്

വ്യാജരേഖകൾ നല്കി വിസ അടിപ്പിച്ച ഏജന്റിന്റെ ചതിയിൽ വീണു യു കെയിൽ എത്തിയ മലയാളി യുവാവിന് വഴിയിൽ ക്രൂര മർദ്ദനം; അബോധാവസ്ഥ മാറിയപ്പോൾ ഡിസ്ചാർജ് ചെയ്ത് എൻ എച്ച് എസ്; നാട്ടിലേക്ക് മടങ്ങാൻ പോലുമാകാതെ ഒരു മലയാളി യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

സീമെൻ വിസയിൽ ബ്രിട്ടനിലെത്തിയ മലയാളി യുവാവിനെതിരെ വംശീയാക്രമണം. തെരുവിൽ ക്രൂരമായ മർദ്ദനത്തിന് വിധേയനായ 27 കാരനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ മാർച്ച് 23 ന് ഹീത്രൂ വിമാനത്താവളത്തിലെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. നല്ലൊരു ജീവിതം കൊതിച്ച് ബ്രിട്ടനിലെത്തിയ ഈ യുവാവിന്റെത് വിസതട്ടിപ്പിന് ഇരയായ കഥകൂടിയാണ്.

തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശിയായ യുവാവിന് ആഡംബര കപ്പലുകളിൽ ജോലിചെയ്ത പ്രവർത്തി പരിചയമുണ്ട്. കൂടുതൽ മെച്ചപ്പെട്ട ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു വിസ ഏജന്റുമായി കണ്ടുമുട്ടുന്നത്. യുവാവിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോകാം എന്നേറ്റ ഏജന്റ് ഇയാളിൽ നിന്നും 5 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. നിരവധി വ്യാജരേഖകൾ ചമച്ചാണ് ഏജന്റ് യുവാവിന് വിസ തയ്യാറാക്കി നൽകിയത്.

ബ്രിട്ടനിലെത്തിയ ഉടനെ അതിർത്തി പൊലീസിനൊപ്പം ബ്രിട്ടീഷ് വിമാനത്താവള അധികൃതരും ഈ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തു. തന്റെ അറിവില്ലായ്മയിൽ പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ യുവാവിന്റെ പാസ്സ്പോർട്ട് പിടിച്ചുവച്ച അധികൃതർ അയാളെ കൊണ്ട്, അഭയാർത്ഥി സ്റ്റാറ്റസിനുള്ള ചില അപേക്ഷാ ഫോമുകളിൽ ഒപ്പിട്ടു വാങ്ങുകയുംചെയ്തു. അതിനുശേഷം അയാളെ വിട്ടയക്കുകയായിരുന്നു.

മറ്റൊരു ഉത്തരേന്ത്യൻ കുടുംബത്തോടൊപ്പം, ഏജന്റ് ഒരുക്കിയിരുന്ന സ്ഥലത്തേക്ക് എത്തിയ ഇയാൾ ഒരു ജോലിക്കായുള്ള ശ്രമം തുടർന്നു. നിത്യക്കൂലിയിൽ ചില ജോലികൾ ലഭിച്ച അയാൾ അതുമായി ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിന്തുടർന്നെത്തിയ ഒരു സംഘം ഇയാളെ മർദ്ദിച്ച് അവശനാക്കി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവിച്ച കാര്യങ്ങൾ മുഴുവനായും ഇയാൾക്ക് ഓർമ്മയില്ല.

ബസ്സിൽ യാത്രചെയ്യുമ്പോൽ ആരൊക്കെയോ പണം ചോദിച്ച് തന്നെ സമീപിച്ചിരുന്നതായി ഇയാൾ പറയുന്നു. പിന്നീട് ബസ്സിറങ്ങി നടന്നപ്പോൾ ഇവർ തന്നെ പിന്തുടർന്നതും ഇയാൾക്ക് ഓർമ്മയുണ്ട്. പിന്നീട് ബോധം വരുമ്പോൾ ഇയാൾ ഒരു തെരുവോരത്ത് കിടക്കുകയായിരുന്നു. ഇയാളെ കണ്ട ചില ഉത്തരേന്ത്യക്കാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ബോധം തെളിഞ്ഞ ഇയാളെ പ്രഥമശുശ്രൂഷകൾ നൽകി വിട്ടയയ്ക്കുകയും ചെയ്തു.

തിരിച്ച് വിമാനത്താവളത്തിലെത്തി അധികൃതരോട് തന്റെ പാസ്സ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മെയ്‌ 20 ന് വരാനായിരുന്നു പറഞ്ഞത്. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹവും അതോടെ സാധിക്കാതെപോയി. ആക്രമണത്തെ തുടർന്നുണ്ടായ പരിക്കുകൾ നിമിത്തം ജോലി ചെയ്യാനാകാതെ പോയ ഇയാൾക്ക് താമസിക്കാനും ഒരിടമില്ല. മറ്റൊരു മാർഗ്ഗവുമില്ലാതെ അയാൾ തുടർചികിത്സയ്ക്കായി എൻ എച്ച് എസ് ആശുപത്രിയിൽ പ്രവേശിച്ചു. അവിടെ അയാൾ മലയാളി നഴ്സുമാരുടെ സംരക്ഷണത്തിൽ സുഖപ്പെട്ടു വരികയാണ്.

യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസിയേഷൺ ഇക്കാര്യം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ഹൈക്കമ്മീഷൺ വാഗ്ദാനം ചെയ്യുകയുംചെയ്തു. ഇയാളെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ അയയ്ക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ വക്താവ് അറിയിച്ചു.

നിരവധി പേരാണ് കേരളത്തിൽ നിന്നും ഇത്തരം വ്യാജ വിസയുണ്ടാക്കി ബ്രിട്ടനിലേക്ക് എത്താൻ ശ്രമിക്കുന്നത്. കടുത്ത പരിശോധനകളുള്ള ബ്രിട്ടനിൽ, വ്യാജ വിസ തിരിച്ചറിയാതെ രക്ഷപ്പെടുന്നവർ തുലോം വിരളമാണ്. നാട്ടിൽ ഏജന്റിനു കൊടുത്ത പണം നഷ്ടമാകും എന്നുമാത്രമല്ല പലവിധ നിയമനടപടികൾക്കും വിധേയരാകേണ്ടതായും വരും അത്തരക്കാർക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP