Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേഗന് മുന്നേ വേദനിപ്പിക്കപ്പെട്ട പെൺകുട്ടിയുണ്ടായിരുന്നു ബ്രിട്ടീഷ് കൊട്ടാരത്തിൽ; ഇന്ത്യൻ രാജാവിൽ നിന്നും പണം വാങ്ങി ദത്തെടുക്കപെട്ട ഗോരമ്മ രാജകുമാരി; ഇന്ത്യയിൽ ക്രിസ്ത്യൻ മതം പ്രചരിപ്പിക്കാൻ വിക്ടോറിയ രാജ്ഞി കണ്ടെത്തിയ സൂത്രപ്പണി ഒടുവിൽ കൊട്ടാരത്തിനു നാണക്കേടായി ചരിത്രത്തിനു മുന്നിലെത്തുമ്പോൾ

മേഗന് മുന്നേ വേദനിപ്പിക്കപ്പെട്ട പെൺകുട്ടിയുണ്ടായിരുന്നു ബ്രിട്ടീഷ് കൊട്ടാരത്തിൽ; ഇന്ത്യൻ രാജാവിൽ നിന്നും പണം വാങ്ങി ദത്തെടുക്കപെട്ട ഗോരമ്മ രാജകുമാരി; ഇന്ത്യയിൽ ക്രിസ്ത്യൻ മതം പ്രചരിപ്പിക്കാൻ വിക്ടോറിയ രാജ്ഞി കണ്ടെത്തിയ സൂത്രപ്പണി ഒടുവിൽ കൊട്ടാരത്തിനു നാണക്കേടായി ചരിത്രത്തിനു മുന്നിലെത്തുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ:  മേഗനും ഡയാനയ്ക്കും മുന്നേ ബ്രിട്ടീഷ് രാജകൊട്ടാരത്തിൽ നിന്നും കരഞ്ഞു കൊണ്ട് പടിയിറങ്ങിയ അനേകം രാജകുമാരിമാരുണ്ടാകാം, അവരിൽ പലരും ചരിത്രത്തിനു മുന്നിൽ അജ്ഞാത വാസത്തിലേക്കു മറഞ്ഞിട്ടുമുണ്ടാകാം. എന്നാൽ ബ്രിട്ടീഷ് കൊട്ടാരത്തിൽ എത്തിയ ആദ്യ വെള്ളക്കാരിയല്ലാത്ത പെൺകുട്ടികളിൽ ഒരാളായ ഗോരമ്മ എന്ന ഇന്ത്യൻ പെൺകുട്ടിയെക്കുറിച്ചാണ് മേഗൻ ഉയർത്തിവിട്ട വംശീയ കൊടുംകാറ്റിനെ തുടർന്ന് ഇപ്പോൾ മാധ്യമ ചർച്ചകൾ.

ഇന്ത്യൻ വംശജയും ചരിത്രകാരിയും എഴുത്തുകാരിയുമായ ഡോ. പ്രിയ അത്വാൽ ട്വിറ്ററിൽ ഗോരമ്മയെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തന്റെ നാട് പിടിച്ചടക്കി 1834ൽ വരാണസിയിലേക്കു നാടുകടത്തിയപ്പോൾ കൂർഗ് രാജാവായിരുന്ന രാജ ചിക്ക വീര രാജേന്ദ്രയാണ് കപ്പം നൽകി 18 വർഷത്തിന് ശേഷം മകളുമായി ഇംഗ്ലണ്ടിലെത്തി അന്നത്തെ വിക്ടോറിയ രാജ്ഞിയുമായി കരാറുണ്ടാക്കി മകൾ ഗോരമ്മയെ കൊട്ടാരത്തിൽ രാജകുമാരിയായി വളർത്താൻ ശ്രമിച്ചത്.

സ്വത്തും മുതലുമൊക്കെ കിട്ടുമെന്നായപ്പോൾ കൊട്ടാരത്തിൽ വളരാൻ രാജ്ഞി അനുമതി നൽകിയെങ്കിലും ഗോരമ്മയുടെ ജീവിതം കടുത്ത വംശീയവെറിയിൽ അതിദുരിതമായി മാറുകയായിരുന്നു എന്നാണ് കഴിഞ്ഞ ആഴ്ച ഹാരിയുടെ പത്‌നി മേഗൻ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്ന് കൊട്ടാരത്തിലെ ചരിത്രം തേടി നടക്കുന്ന എഴുത്തുകാർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ മേഗൻ നേരിട്ടതൊക്കെ വച്ച് നോക്കുമ്പോൾ ഗോരമ്മയൊക്കെ അതിഭീകരമായ പ്രയാസങ്ങളിലൂടെയാണ് കടന്നു പോയിരിക്കുക എന്ന് കൊട്ടാരം ചരിത്ര നിരീക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വർഷം റോയൽസ് ആൻഡ് റിബൽസ് എന്ന പുസ്തകം എഴുതിയ ഡോ. പ്രിയ അതവൽ കൊട്ടാരത്തിൽ മുൻപ് നടന്ന നിശബ്ദ വിപ്ലവങ്ങളൊക്കെ അതിസൂക്ഷ്മമായ നിരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബം പഴയ പ്രതാപം പേറി ജീവിക്കുന്നത് ബ്രിട്ടീഷ് ജനത നൽകുന്ന നികുതിയിൽ നിന്നാണെന്നു ഓർമ്മിക്കണമെന്നതടക്കം കടുത്ത വിമർശമാണ് ഡോ. പ്രിയയെപ്പോലുള്ളവർ ട്വിറ്റർ അടക്കമുള്ള നവമാധ്യമങ്ങൾ വഴി ഉയർത്തുന്നത്.

കൊട്ടാരത്തിൽ മേഗന് മുന്നേ നടന്നവർ അനേകം

മേഗൻ പുറത്തു പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്താണ് മുൻപും കൊട്ടാരത്തിൽ അതിഭീകരമായ വംശവെറി സഹിച്ചും എതിർത്തും അനേകം പേർ ജീവിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. എന്നാൽ കൊട്ടാരം വംശവെറിയുടേതു കൂടിയാണെന്ന ആരോപണം കയ്യോടെ നിഷേധിക്കാനാണ് രാജകുടുംബം ഇപ്പോൾ ആഗ്രഹിക്കുന്നത്. മാധ്യമങ്ങളിൽ അത്തരം ചർച്ചകൾ നടക്കരുത് എന്നും അവർ ആഗ്രഹിക്കുന്നത്. മെഗനെ കുറ്റപ്പെടുത്താൻ തയ്യാറായ ഐടിവി അവതാരകൻ പിയേഴ്‌സ് മോർഗന് കയ്യോടെ രാജിവയ്ക്കേണ്ടി വന്നതും ഇക്കാര്യത്തിൽ കൊട്ടാരം നിലപാടുകളോട് ചേർന്ന് പോകുന്നതാണ്.

പല്ലിനിട കുത്തിയാൽ നന്നായി നാറും എന്നറിയാവുന്ന ബ്രിട്ടീഷ് മാധ്യമങ്ങളും സംഭവം ആഗോള മാധ്യമങ്ങൾ ഏറ്റെടുക്കാതിരിക്കാൻ പരമാവധി ശ്രമം നടത്തുന്നു. എന്നാൽ മേഗൻ പറഞ്ഞു വച്ചതിനേക്കാൾ അനേകം കാര്യങ്ങൾ കൊട്ടാരത്തിന്റെ ഇരുണ്ട ഇടനാഴിയിൽ മറഞ്ഞിരിപ്പുണ്ട് എന്നോർമ്മപ്പെടുത്തിയാണ് ഗോരമ്മയുടെ ജീവിതകഥ ഡോ. പ്രിയ ഓർമ്മിപ്പിക്കാൻ തയ്യാറായത്. വിക്ടോറിയ ഗോരമ്മ എന്നായിരുന്നു കൊട്ടാരത്തിൽ എത്തിയ 11കാരി പെൺകുട്ടിക്ക് നൽകിയ പേരെങ്കിലും അവൾ 23 വയസിൽ മരിക്കുമ്പോഴേക്കും 12 വർഷത്തിനിടയിൽ തന്നെ കൊട്ടാരത്തിന്റെ അദൃശ്യമായ വർണവെറി എല്ലായ്‌പ്പോഴും അവൾക്കു നേരിടേണ്ടി വന്നിരുന്നു.

രാജ്ഞിക്കുണ്ടായിരുന്നത് മത പ്രചാരണം ഉൾപ്പെടെ ഇരട്ട തന്ത്രം

വിക്ടോറിയ രാജ്ഞി പല വിഷയങ്ങളിലും വിമർശിക്കപ്പെടുന്നുണ്ടെങ്കിലും ഗോരമ്മയുടെ പേരിൽ ഇന്ത്യയിൽ ക്രിസ്തുമത പ്രചാരണമായിരുന്നു രാജ്ഞിയുടെ ലക്ഷ്യം എന്നതാണ് പുതിയ വിവാദം. കൊളോണിയൽ വാഴ്ച കത്തി നിന്ന കാലത്തു സ്വത്തും പണവും ഈടാക്കി ഗോരമ്മയെ പോലെ നൂറോളം ''ഗോഡ്‌സ് കിഡ്‌സ്'' ആണ് ബ്രിട്ടീഷ് കൊട്ടാരം തേടിയെത്തിയത്.

അക്കൂട്ടത്തിൽ സിഖ് രാജവംശ പരമ്പരയിലെ ദുലീപ് സിങ്ങും ഉണ്ടായിരുന്നു. ദുലീപിനെയും ഗോരമ്മയെയും വിവാഹം കഴിപ്പിച്ചു ഇന്ത്യയിൽ എത്തിച്ചാൽ അവരും കുട്ടികളും കുടുംബവും ഒക്കെയായി ക്രിസ്ത്യൻ മത പ്രചാരണം നടത്താം എന്ന ആഗ്രഹവും രാജ്ഞിക്കുണ്ടായിരുന്നു. എന്നാൽ ബ്രിട്ടനിലെത്തിയിട്ടും എന്നും ഇന്ത്യൻ വികാരം മനസ്സിൽ സൂക്ഷിച്ച ദുലീപ് ഗോരമ്മയെ സ്വന്തം സഹോദരിയെപ്പോലെയാണ് കണക്കാക്കിയത്. അതോടെ രാജ്ഞിയുടെ ഗൂഢ പദ്ധതി പൊളിയുകയും ചെയ്തു.

യുകെയിൽ 15 വയസിൽ തലപ്പാവണിഞ്ഞു എത്തിയ സുന്ദരക്കുട്ടനായി എത്തിയ ദുലീപിനെ രാജ്ഞിക്കും ഏറെ ഇഷ്ടമായിരുന്നു. യുകെയിൽ എത്തിയപ്പോൾ മതം മാറ്റി ക്രിസ്ത്യാനി ആക്കിയെങ്കിലും ദുലീപ് രഹസ്യമായി തന്നെ സിഖ് വിശ്വാസത്തിലേക്ക് മാറിയിരുന്നു. തുടർന്ന് കൊട്ടാരം എതിർപ്പ് മറികടന്നു സിഖ് മതത്തിൽ തന്നെ എത്തുകയും ചെയ്തു. തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച ദുലീപിനെ ബ്രിട്ടൻ വഴിക്കു വച്ച് പിടികൂടി ബ്രിട്ടനിൽ എത്തിച്ചു. രണ്ടു വിവാഹങ്ങളിലായി എട്ടു മക്കൾ ജനിച്ചെങ്കിലും അതിൽ ഒരാൾക്ക് പോലും മറ്റൊരു കുട്ടി പിറക്കാതെ എട്ടുപേരും മരണപ്പെട്ടു. ഇതിൽ ഏറെ ദുരൂഹത ഉണ്ടെന്നും ബ്രിട്ടന്റെ കൈകളിൽ ചളി പുരണ്ട സംഭവം ആന്നെന്നുമാണ് ചരിത്രകാരന്മാർ പറയുന്നത്. ഏതായാലും അതോടെ സിഖ് രാജവംശത്തിനും അന്ത്യമായി.

ഗോരമ്മ കൊട്ടാരം റിബലായി മാറി, വെള്ളക്കാരുടെ കണ്ണിൽ കരടായി

എത്രയൊക്കെ കൊട്ടാരം രീതികൾ പറഞ്ഞു നൽകിയിട്ടും ഗോരമ്മ കൊട്ടാരത്തിലെ രീതികളുമായി ഇണങ്ങിയില്ല. തന്നെ സംരക്ഷിക്കാൻ കൂർഗ് രാജ്യത്തിൽ നിന്നും കടത്തിയ പൊന്നും പണവും വജ്രവും ഒക്കെ അച്ഛൻ രാജ്ഞിക്കു സമ്മാനിച്ചപ്പോൾ അതിൽ ഒരു വിഹിതം മാത്രം മതിയായിരുന്നു ഗോരമ്മയ്ക്കു പട്ടുമെത്തയിൽ ഉറങ്ങി ഉല്ലസിക്കാൻ. ഇട്ടുമൂടാൻ സമ്പത്തുമായി എത്തിയ രാജകുമാരി എല്ലാ സുഖ ലോലുപതയും അനുഭവിച്ചെങ്കിലും തന്നെ അപരിചിതരായ ആളുകളുടെ കയ്യിൽ ഉപേക്ഷിച്ച അച്ഛനോടുള്ള വൈരാഗ്യം എന്ന വണ്ണം കൊട്ടാരം ചിട്ടവട്ടകൾ മറക്കാനും മറികടക്കാനും ഗോരമ്മ തയ്യാറായി.

പാർട്ടികളിൽ പുരുഷന്മാരോടൊപ്പം മദ്യപിക്കാനും ഉല്ലസിക്കാനും ഗോരമ്മ മടിച്ചില്ല. കൊട്ടാരത്തിനുള്ളിൽ ഒരു വിപ്ലവ നായിക പിറക്കുക ആയിരുന്നു ഗോരമ്മയിലൂടെ. ഏതായാലും 19 വയസിൽ വിക്ടോറിയ ഗോരമ്മ 50കാരനായ കേണൽ ജോൺ കമ്പലിന്റെ വധുവായി. എന്നാൽ ഗോരമ്മയുടെ സമ്പത്തിൽ പുളച്ചു നടന്ന ജോൺ കമ്പൽ എഡിത് എന്ന മകളുടെ ജനന ശേഷം ഒരിക്കൽ അപ്രത്യക്ഷനായി.

സമ്മർദ്ദവും മാനസിക പ്രയാസവും മൂലം വിവാഹശേഷം വെറും നാലു വർഷത്തിനകം തന്നെ രോഗിയായി ഗോരമ്മ ജീവിതം വെടിഞ്ഞു. ആശ്രയം നൽകാൻ എത്തിച്ച കൊട്ടാരം തന്നെയാണ് ഗോരമ്മയുടെ ജീവിതാവസ്ഥക്കു പ്രധാന കാരണമായി മാറിയത്. ഇപ്പോൾ കാലം ഇത്രയേറെ കടന്നിട്ടും മേഗൻ അനുഭവിച്ചത് കുറേശ്ശേയായി പുറത്തു വരുമ്പോൾ 170 വർഷം മുൻപ് കൊട്ടാരത്തിന്റെ പ്രതാപ കാലത്തു ഒരു കറുത്ത വർഗ്ഗക്കാരിയായ ഗോരമ്മ എന്ന ആരും തുണയില്ലാത്ത പെൺകുട്ടി ഏതുവിധം മാനസിക സമ്മർദ്ദം ആയിരിക്കും അനുഭവിച്ചിരിക്കുക? മെഗന്റെ വെളിപ്പെടുത്തലിനു ശേഷം കൊട്ടാരത്തെ അസ്വസ്ഥമാക്കുന്ന ഇത്തരം ഏറെ കഥകൾ ഇനിയും പുറത്തു വരാനിരിക്കുകയാണ്. ചൂളി നിൽക്കാൻ മാത്രമേ കൊട്ടാരത്തിനു കഴിയൂ, കാരണം അത്രയ്ക്ക് അധികം കണ്ണീരാണ് അവിടെ വീണു നനഞ്ഞിട്ടുണ്ടാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP