Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമ്പതു വർഷങ്ങൾക്ക് മുമ്പ് സ്വിസ് ജനതയിൽ മുഴുവനും പ്രധാനപ്പെട്ട രണ്ടു സഭകളിൽ ഉൾപ്പെടുന്നവർ; ഇന്ന് ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവർ; വിശ്വാസികളിൽ തന്നെ ഭൂരിഭാഗവും ആരാധനാലയങ്ങളിൽ അടക്കം പതിവായി പോവുന്നുമില്ല; സ്വിറ്റ്സർലൻഡും മതരഹിത ജീവിതത്തിലേക്ക്

അമ്പതു വർഷങ്ങൾക്ക് മുമ്പ് സ്വിസ് ജനതയിൽ മുഴുവനും പ്രധാനപ്പെട്ട രണ്ടു സഭകളിൽ ഉൾപ്പെടുന്നവർ; ഇന്ന് ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവർ; വിശ്വാസികളിൽ തന്നെ ഭൂരിഭാഗവും ആരാധനാലയങ്ങളിൽ അടക്കം പതിവായി പോവുന്നുമില്ല; സ്വിറ്റ്സർലൻഡും മതരഹിത ജീവിതത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ബേൺ: ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലുമൊക്കെ മതപരത വർധിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ യൂറോപ്പിൽനിന്ന് നേരെ തിരിച്ചുള്ള കണക്കാണ് പുറത്തുവരാണ്. യൂറോപ്പിൽ മാത്രമല്ല അമേരിക്കയിലും ഓസ്ത്രേലിയയിലും കാനഡയിലുമൊക്കെ മത രഹിതരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ഇനി വിശ്വാസികളിൽ തന്നെ മതദൃഡതയും തീരെയില്ല. അതായത് വിശ്വാസികളിൽ തന്നെ ഭൂരിഭാഗവും സ്ഥിരമായി ആരാധനാലയങ്ങളിൽ പോകുന്നവരുമല്ല. സ്‌കാൻഡനേവിയൻ രാജ്യങ്ങളിലും ബ്രിട്ടനിലും ജർമ്മനിയിലുമൊക്കെ കണ്ട മതരഹിത സമൂഹത്തിന്റെ രീതിയിലേക്ക് സ്വിറ്റ്സർലൻഡും നീങ്ങുകയാണെന്നാണ് ഏറ്റവും ഒടുവിൽ നടന്ന പല സർവേകളും സൂചിപ്പിക്കുന്നത്.

സ്വിറ്റ്സർലൻഡിൽ ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരെന്ന് ഫെഡറൽ സ്റ്റാറ്റിക്കൽ ഓഫീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്്. 2019-ൽ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 1.9 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.വിദേശ താമസക്കാരിൽ 35.1 ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. 2018-ൽ നിന്ന് 1.7 ശതമാനം പോയിന്റ് വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

2019-ൽ സ്വിറ്റ്സർലൻഡിൽ താമസിച്ചിരുന്ന പ്രായപൂർത്തിയായവരിൽ 34.4 ശതമാനം മുതിർന്നവരും തങ്ങൾ റോമൻ കത്തോലിക്കരാണെന്നാണ് പറഞ്ഞത്. 22.5 ശതമാനം പേർ പ്രൊട്ടസ്റ്റന്റ് വിഭാഗമെന്നും. 2019-ൽ ഇരുവിഭാഗത്തിലും മതവിശ്വാസികളുടെ എണ്ണത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ കുറവുണ്ടായിട്ടുണ്ട്. അമ്പതു വർഷങ്ങൾക്ക് മുമ്പ് സ്വിസ് ജനത മുഴുവനും രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു സഭയിൽ ഉൾപ്പെടുന്നവരായിരുന്നു.സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന മൂന്നിലൊന്നിലധികം പേർ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല. 45 ശതമാനം പേരും കഴിഞ്ഞ സർവേക്ക് മുമ്പുള്ള 12 മാസങ്ങളായി പ്രാർത്ഥനയും നടത്തിയിട്ടില്ല എന്നാണ് സർവേയിൽ തെളിയുന്നത്.

സന്തോഷ സൂചികയിൽ ഒന്നാമത് മതരഹിത രാജ്യങ്ങൾ

ഏറ്റവും പ്രധാനം മതം കത്തിനിൽക്കുന്ന രാജ്യങ്ങളിൽ കലാപവും ദാരിദ്രവും വർധിക്കുമ്പോൾ മതരഹിത സമൂഹങ്ങളിൽ തുടർച്ചയായി പുരോഗതിയും സമാധാനവും ഉണ്ടാവുന്നു എന്നതാണ്. ആഗോള സന്തോഷ സൂചികയിൽ തുടർച്ചയായി മുന്നിലെത്താറുള്ളത് മതരഹിത രാജ്യങ്ങൾ എന്ന് അറിയപ്പെടുന്ന സ്‌കാൻഡനേവിയൻ രാജ്യങ്ങളാണ്.

മാർച്ച് 20ന് പ്രസിദ്ധീകരിച്ച 2020ലെ വേൾഡ് ഹാപ്പിനസ് ഇൻഡെക്സിലും ഇതേ അവസ്ഥയാണ്. 156 രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും ഫിൻലൻഡ് ഒന്നാം സ്ഥാനം നിലനിർത്തി. ഡെന്മാർക്ക്, സ്വിറ്റ്‌സർലൻഡ്, ഐസ്ലൻഡ്, നോർവേ എന്നിവയാണ് തൊട്ടു പിന്നിൽ ഉള്ളത്. പട്ടികയിൽ 18-ാം സ്ഥാനത്താണ് യു.എസ്. രാജ്യങ്ങൾക്കൊപ്പം നഗരങ്ങളെയും ഇത്തവണ സന്തോഷജീവിതത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യ കഴിഞ്ഞതവണയും സ്ഥാനം മെച്ചപ്പെടുത്താതെ പിന്നാക്കം പോയി. 144 ആണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ വർഷം 140-ാം സ്ഥാനത്തായിരുന്നു. അഫ്ഗാനിസ്താനാണ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്. ലോക ജനതയുടെ സന്തോഷത്തെക്കുറിച്ചുള്ള എട്ടാമത് റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റൈനബിൾ ഡവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്കാണ് വിവിധ ഏജൻസികളുടെ സഹായത്തോടെ ഹാപ്പിനസ് സർവേ റിപ്പോർട്ട് തയാറാക്കുന്നത്. കേവലം വൈകാരിക പ്രകടനമെന്ന നിലയ്ക്കല്ല സന്തോഷത്തെ റിപ്പോർട്ടിൽ വ്യാഖ്യാനിക്കുന്നത്. വ്യക്തിക്ക് ജീവിതസാഹചര്യത്തിൽ മൊത്തത്തിലുള്ള സംതൃപ്തി, സ്വന്തം ചുറ്റുപാടിൽ അതിജീവിക്കാനുള്ള ആത്മവിശ്വാസം, പരസ്പര സഹകരണം എന്നിവയാണ് സന്തോഷം എന്നതുകൊണ്ട് ഇവിടെ അർഥമാക്കുന്നതെന്ന് ഹാപ്പിനസ് റിപ്പോർട്ട് എഡിറ്റർ ജോൺ എച്ച്. ഹെല്ലിവെൽ പറയുന്നു.

ഹാപ്പിനസ് റിപ്പോർട്ടിൽ തുടർച്ചയായി സ്‌കാൻഡിനേവിയൻ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ വരാറുള്ളത്. സംതൃപ്തിയുടെ ആറ് മേഖലകളിൽ - വരുമാനം, ആരോഗ്യം, ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം, ഉദാരത എന്നിവയിൽ ഈ രാജ്യങ്ങൾ മികച്ച രീതിയിൽ സ്‌കോർ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP