Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബുറെവി മാന്നാർ കടലിടുക്കിൽ തുടരുന്നു; കാറ്റിന്റെ വേഗം 30 മുതൽ 40 കിലോമീറ്റർ വരെയായി ചുരുങ്ങി; സാധാരണ ന്യൂനമർദമായി അവസാനിച്ചേക്കും; തമിഴ്‌നാടിന്റെ തെക്കൻ തീരങ്ങളിൽ ശക്തമായ മഴ; കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ബുറെവിയെ തളച്ചത് അറബിക്കടലിലെ ന്യൂനമർദ്ദവും സഹൃന്റേയും ജാഫ്‌നയുടെ വടക്കൻ മലനിരയും; ആശങ്ക ഏതാണ്ട് ഒഴിയുമ്പോൾ

ബുറെവി മാന്നാർ കടലിടുക്കിൽ തുടരുന്നു; കാറ്റിന്റെ വേഗം 30 മുതൽ 40 കിലോമീറ്റർ വരെയായി ചുരുങ്ങി; സാധാരണ ന്യൂനമർദമായി അവസാനിച്ചേക്കും; തമിഴ്‌നാടിന്റെ തെക്കൻ തീരങ്ങളിൽ ശക്തമായ മഴ; കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ബുറെവിയെ തളച്ചത് അറബിക്കടലിലെ ന്യൂനമർദ്ദവും സഹൃന്റേയും ജാഫ്‌നയുടെ വടക്കൻ മലനിരയും; ആശങ്ക ഏതാണ്ട് ഒഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാന്നാർ കടലിടുക്കിൽ കഴിഞ്ഞ രണ്ടു ദിവസത്തോളമായി നിലയുറപ്പിച്ച ബുറെവി ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദമായി മാറി അവിടെത്തന്നെ തുടരുന്നു. കാറ്റിന്റെ വേഗം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയായി ചുരുങ്ങി. ഇന്നത്തോടെ സാധാരണ ന്യൂനമർദമായി മാറി അവിടെത്തന്നെ അവസാനിക്കാനാണു സാധ്യത. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനു 40 കിലോമീറ്റർ അകലെ മാന്നാർ കടലിടുക്കിലാണ് ബുറെവി ചുഴലിക്കാറ്റ് വീശുന്നത്. ന്യൂനമർദമായി മാറിയതിനാൽ ഇനി കേരളത്തിലേക്ക് എത്താനുള്ള സാധ്യതയില്ല.

ആരും പ്രതീക്ഷിക്കാത്തതാണ് ബുറെവിക്ക് സംഭവിച്ചത്. സാധാരണഗതിയിൽ വടക്കുപടിഞ്ഞാറോട്ട് പാഞ്ഞുപോകേണ്ട ന്യൂനമർദം, ശ്രീലങ്ക കടന്നതോടെ ശക്തികുറഞ്ഞു. എങ്കിലും മന്നാർ കടന്നാലുടൻ അറബിക്കടലിൽനിന്നു കിട്ടുന്ന ഗതികോർജത്തിന്റെ സഹായത്തോടെ വീണ്ടും ശക്തിപ്രാപിച്ച് ഒമാൻ തീരത്തേക്ക് നീങ്ങും എന്നായിരുന്നു മിക്ക വിശകലനങ്ങളും. എന്നാൽ ബുറെവിക്ക് പടിഞ്ഞാറോട്ടു പോകാനാവാത്ത രീതിയിൽ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ടു. മുകളിലായി ശക്തമായ വായുപ്രവാഹംം രൂപപ്പെട്ടു.

ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദമുണ്ടായി. ഇതൊടെ രാമേശ്വരം ഭാഗത്ത് കടലിന് ആഴം കുറവായതിനാൽ, ചുഴലിക്കാറ്റായി മാറാൻവേണ്ട ഗതികോർജം കൈവരിക്കാൻ ബുറെവിക്ക് കഴിയാതെപോയി. കന്യാകുമാരി തീരംവഴി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോൾ ഈ കാറ്റ്. സഹ്യപർവതനിരകൾ കേരളത്തിലേക്ക് കടത്താതെ ബുറെവിയെ തെക്കോട്ടുതന്നെ നീക്കി. എങ്കിലും വന്നുപെട്ട അതേ ഇടത്തുനിന്ന് കറങ്ങിക്കൊണ്ടിരിക്കുകയാണത്. ആന്തരികമായ ശക്തിയുപയോഗിച്ച് നീങ്ങാനാണ് ബുറെവി ശ്രമിക്കുന്നത്. എന്നാൽ,സഹ്യന്റെയും ജാഫ്‌നയുടെ വടക്കൻ മലനിരയുടെയും ഇടപെടൽ ബുറെവിയെ ക്ഷീണിപ്പിക്കുകയായിരുന്നു.

ബുറെവി ചുഴലിക്കാറ്റ് തെക്കൻ തമിഴ്‌നാട്ടിൽ കരയിൽ കടക്കുന്നതിനുമുമ്പുതന്നെ ദുർബലമായതോടെ കേരളത്തിന്റെ ആശങ്കയൊഴിഞ്ഞു എന്നതാണ് വസ്തുത. വെള്ളിയാഴ്ച പകൽ തമിഴ്‌നാട്ടിൽനിന്ന് തെക്കൻ കേരളത്തിലൂടെ കാറ്റ് കടന്നുപോകുമെന്നായിരുന്നു പ്രവചനം. ദുരന്തം നേരിടാൻ വൻ ഒരുക്കമാണ് കേരളം നടത്തിയത്. എന്നാൽ, തമിഴ്‌നാട്ടിൽപ്പോലും ബുറെവി കരതൊട്ടില്ല. വ്യാഴാഴ്ച രാത്രിതന്നെ ബുറെവി ദുർബലമായി. കരയിൽ കടക്കാതെ കടലിൽവെച്ചുതന്നെ അതിതീവ്ര ന്യൂനമർദമായി രാമനാഥപുരം തീരത്തിനടുത്ത് മാന്നാർ കടലിടുക്കിൽ നിലയുറപ്പിച്ചു. 18 മണിക്കൂർ അവിടെത്തന്നെനിന്ന് വെള്ളിയാഴ്ച െവെകുന്നേരത്തോടെ ശക്തികുറഞ്ഞ ന്യൂനമർദമായിമാറി. ശനിയാഴ്ച രാവിലെയോടെ അത് വീണ്ടും ദുർബലമാകും.

എങ്കിലും ബുറെവി തമിഴ്‌നാട്ടിൽ മഴയുടെ രൂപത്തിൽ നാശമുണ്ടാക്കി. തമിഴ്‌നാടിന്റെ തെക്കൻ തീരത്ത് ശക്തമായ മഴ തുടരുകയാണ്. കൃഷിനാശവുമുണ്ട്. ചെന്നൈ ഉൾപ്പെടെ 21 ജില്ലകളിലാണ് മഴ തുടരുന്നത്. ചിദംബരം നടരാജക്ഷേത്രത്തിൽ 40 വർഷത്തിനു ശേഷം വെള്ളം കയറിയിരുന്നു. അറബിക്കടലിൽ നിന്നുള്ള ഈർപ്പ പ്രവാഹം മർദമേഖലയിലേക്കു നീങ്ങുന്നതിന്റെ ഫലമായാണ് കുറച്ചു ദിവസങ്ങളായി പലയിടത്തും ശക്തമായ മഴ ലഭിക്കുന്നത്. കേരളത്തിൽ പല ഭാഗങ്ങളിലും ഇന്നു കൂടി ശക്തമായ മഴ ലഭിച്ചേക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നു പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് ആണ്.

ബംഗാൾ ഉൾക്കടലിൽ നവംബർ 28 ന് രൂപമെടുത്ത ബുറെവി ലങ്കൻ തീരം കടന്ന് തമിഴ്‌നാട്ടിനടുത്തുള്ള മാന്നാർ കടലിലിടുക്കിലെത്താൻ ഒരാഴ്ചയിലേറെ എടുത്തിരുന്നു. കിഴക്കൻ തീരത്തു നിന്ന് വടക്കോട്ട് നീങ്ങിയ ബുറെവിക്ക് ബംഗാൾ ഉൾക്കടലിൽ നിന്ന് അറബിക്കടലിലേക്കുള്ള മാന്നാർ കടലിടുക്കിലെ മർദ്ദവ്യതിയാനം മൂലം കടൽപരപ്പിലൂടെ നീങ്ങാനുള്ള ശക്തി കുറഞ്ഞു. ഈ വേഗതക്കുറവാണ് ബുറെവിയെ ദുർബലമാക്കിയത്. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ കരതൊട്ടപ്പോൾ അവിടെ വേഗത നഷ്ടമായി.

2017 ൽ ഇതേ സ്ഥലത്ത് നവംബർ 29ന് രൂപമെടുത്ത ഓഖി ചുഴലിക്കാറ്റ് കേരളതീരത്ത് എത്തിയത് 24മണിക്കൂറിലാണ്. കടൽ പരപ്പിലെ താപവ്യതിയാനത്തിൽ നിന്നാണ് ചുഴലിക്കാറ്റുകൾ ഊർജ്ജമെടുത്ത് ശക്തിയാർജ്ജിക്കുന്നത്. ന്യൂനമർദ്ദമായി തുടങ്ങി തീവ്ര ന്യൂനമർദ്ദമായും അതിതീവ്ര ന്യൂനമർദ്ദമായും മാറുന്ന ഈ ചുഴിയാണ് കൂടുതൽ കരുത്താർജ്ജിച്ച് ചുഴലിക്കാറ്റായി കടലിലൂടെ നീങ്ങുന്നത്. ശക്തികുറഞ്ഞ് ഇതേ പ്രക്രിയയിലൂടെ അത് ഇല്ലാതാകുന്നത് അപൂർവ്വമാണ്. കരയിൽ മരങ്ങളിലും കെട്ടിടങ്ങളിലും മലയിലുമെല്ലാം ഇടിച്ചാണ് സാധാരണ ചുഴലിക്കാറ്റുകൾ ശാന്തമാകാറ്. ഇത്തവണ അറബിക്കടലിലെ മർദ്ദവ്യതിയാനം ചുഴലിക്കാറ്റിനെ മെരുക്കിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ.

തമിഴ്‌നാട്ടിൽ കരയിൽ കടക്കുംമുമ്പുതന്നെ കാറ്റ് ഇത്രയധികം ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പിനു മാത്രമല്ല, ലോകത്തെ പല പ്രമുഖ കാലാവസ്ഥാ ഏജൻസികൾക്കും കണക്കുകൂട്ടാനായില്ല. അടുത്തിടെയായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുണ്ടാകുന്ന ന്യൂനമർദങ്ങൾ പലതും പ്രവചനങ്ങൾ അസാധ്യമാക്കി അസാധാരണ ഗതി സ്വീകരിക്കുന്നത് കാലാവസ്ഥാ പ്രവചനത്തിന് വെല്ലുവിളിയാവുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP