Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്ത്യയെ നോക്കൂ...എത്ര വൃത്തികെട്ട വായുവാണ് അവിടെ! ട്രംപ് അങ്ങനെ പറയാമോ എന്ന് ഒരുകൂട്ടർ; നമ്മൾ നന്നാവാത്തതുകൊണ്ടല്ലേ..യുഎസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞതെന്ന് മറുകൂട്ടർ; 'ഹൗഡി മോദി'യുടെ ഫലമെന്ന് പരിഹസിച്ച് കോൺഗ്രസ്; ട്രംപ് തരാതരം പോലെ പിന്നിൽ നിന്ന് കുത്തുന്ന ചങ്ങാതിയോ? സംവാദത്തിലെ പരാമർശം ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഇന്ത്യയെ നോക്കൂ...എത്ര വൃത്തികെട്ട വായുവാണ് അവിടെ! ട്രംപ് അങ്ങനെ പറയാമോ എന്ന് ഒരുകൂട്ടർ; നമ്മൾ നന്നാവാത്തതുകൊണ്ടല്ലേ..യുഎസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞതെന്ന് മറുകൂട്ടർ; 'ഹൗഡി മോദി'യുടെ ഫലമെന്ന് പരിഹസിച്ച് കോൺഗ്രസ്; ട്രംപ് തരാതരം പോലെ പിന്നിൽ നിന്ന് കുത്തുന്ന ചങ്ങാതിയോ? സംവാദത്തിലെ പരാമർശം ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'എന്നാലും ട്രംപ് അങ്ങനെ പറഞ്ഞല്ലോ എന്ന് വിഷമിച്ചിട്ടൊന്നും കാര്യമില്ല. ട്രംപ് തരാതരം പോലെ പറയും. നമ്മൾ നന്നാവാത്തോണ്ടല്ലേ, ട്രംപ് അങ്ങനെയൊക്കെ പറഞ്ഞത്. ' ഇങ്ങനെയൊക്കെയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംവാദം. സംഗതി ട്രെൻഡിങ്ങാവാൻ കാരണം മറ്റൊന്നുമല്ല, ഇന്ത്യയിലെ വായു വൃത്തികെട്ടതാണെന്ന വെള്ളിയാഴ്ച രാവിലത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി സംവാദത്തിലെ പരാമർശമാണ്. വൃത്തികെട്ടതിന് പകരം മലിനം എന്ന വാക്കായാലും കുഴപ്പമില്ല. ട്വിറ്ററിൽ ഇതൊന്നുമല്ല പ്രശ്‌നം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉറ്റസൗഹൃദം ഉണ്ടായിട്ടും ഹൗഡി മോദി അടക്കം വമ്പൻ പരിപാടികൾ യുഎസിൽ സംഘടിപ്പിച്ചിട്ടും ട്രംപ് നന്നായില്ലല്ലോ എന്നല്ല നന്നായി ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് സങ്കടം പറച്ചിൽ. കഴിഞ്ഞ വർഷമായിരുന്നല്ലോ ഹൗഡി മോദി സംഭവം. പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുകയും ചെയ്തു. ഇതൊക്കെ കൊണ്ട് തന്നെ ഫിൽത്തി ഇന്ത്യ, ഹൗഡി മോദി ഹാഷ് ടാഗുകൾ ട്വിറ്ററിൽ പൊടിപൊടിക്കുന്നു. താന്താങ്ങളുടെ നഗരങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഹോ എന്തൊരു മലിനീകരണം എന്ന് പലരും പരിതപിക്കുന്നു.

കഴിഞ്ഞ മാസം കൂടി ട്രംപ് പറഞ്ഞു മോദി തന്റെ വലിയ സുഹൃത്താണെന്ന്. അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യൻ-അമേരിക്കക്കാരുടെ വോട്ട് തനിക്കാണെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു. ഏതായാലും പ്രസിഡൻഷ്യൻ ഡിബേറ്റിൽ അതൊന്നും അദ്ദേഹം ഓർത്തില്ല.
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചാണ് ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചത്. 'ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ്.' - ജോ ബൈഡനുമായുള്ള സംവാദത്തിൽ ട്രംപ് പറഞ്ഞു.

ട്രംപിനെ എന്തിന് ചീത്ത പറയണം?

സംഗതി ഇന്ത്യാക്കാരെ മുറിപ്പെടുത്തുന്നതാണെങ്കിലും ആരെയെങ്കിലും നിർബന്ധിച്ച് നമ്മെ ബഹുമാനിപ്പിക്കാൻ ആവില്ലെന്നാണ് ഒരാളുടെ അഭിപ്രായം. സ്വകാര്യ വാഹനങ്ങൾ നിരുത്സാഹപ്പെടുത്തുക, പൊതുഗതാഗതത്തിന് സബ്‌സിഡി നൽകുക, ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക, വാഹന നിരോധന മേഖലകൾ ഉണ്ടാക്കുക, പൊതുഗതാഗത ദിവസം ആചരിക്കുക എന്നിങ്ങനെ പോകുന്നു പുക മഞ്ഞ് മൂടിയ ഡൽഹിയുടെ ചിത്രവുമായി ഒരാളുടെ ട്വീറ്റ്.

മറ്റൊരാൾ കേന്ദ്ര സർക്കാരിന്റെ ആപ്പിനെ ഉദ്ധരിച്ചാണ് വാദം മുന്നോട്ട് വയ്ക്കുന്നത്. ന്യൂഡൽഹിയിലെയും വാഷിങ്ടൺ ഡിസിയിലെയും വായു മലിനീകരണതോതിന്റെ താരതമ്യമാണ് വിഷയം. ഡൽഹി എയർ ക്വാളിറ്റി ഇൻഡക്‌സ്-567 വാഷിങ്ടൺഡിസി -25. നമ്മളാണ് മാറേണ്ടത്. ദീപാവലിക്ക് മാത്രം പോരാ ആഹ്വാനങ്ങൾ, വർഷം മുഴുവൻ വേണം.

മൂന്നാമത്തെ ആൾ പറയുന്നത് ക്ഷേത്രത്തിനും പ്രതിമകൾക്കും എല്ലാം പണം ദുർവ്യയം ചെയ്യാതെ വായു മലിനീകരണത്തെയും കാലാവസ്ഥാ മാറ്റത്തെയും നേരിടാൻ നടപടികൾ വേണമെന്നാണ് ആൾ പറയുന്നത്.

വിടാതെ കോൺഗ്രസും

കോൺഗ്രസ് നേതാവ് കപിൽ സിബൽ മോദിയെ ലാക്കാക്കിയാണ് പതിവ് പോലെ അമ്പെയ്തത്. ട്രംപുമായുള്ള സൗഹൃദത്തിന്റെ ഫലം-1. ഇന്ത്യയുടെ കോവിഡ് മരണ സംഖ്യയെ ട്രംപ് ചോദ്യം ചെയ്തു.2. ഇന്ത്യയിലെ വായു മലിനമെന്ന് പറഞ്ഞു 3. ഇന്ത്യയെ താരിഫ് രാജാവെന്ന് വിളിച്ചു. ഇതാണ് ഹൗഡി മോദിയുടെ ഫലമെന്ന് സിബൽ പരിഹസിച്ചു.

പലപ്പോഴും ട്രംപ് മോദിയെ പുകഴ്‌ത്താറുണ്ടെങ്കിലും പ്രസിഡന്റ്്ഷ്യൽ ഡിബേറ്റിൽ അതൊന്നും കണ്ടില്ല. മുതിർന്ന ഗവേഷകനും കോളമിസ്റ്റുമായ മൈക്കൾ കുഗിൾമാൻ ചോദിച്ചു: 'സംവാദങ്ങളിൽ ട്രംപിന്റെ ഇകഴ്‌ത്തലുകൾക്ക് ശേഷവും നരേന്ദ്ര മോദി ഹൗഡി മോദി സമയത്തെ പിന്തുണ അദ്ദേഹത്തിന് തുടരുമോ? ' പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'അബ്കീ ബാർ, ട്രംപ് സർക്കാർ' എന്ന പരാമർശവും മോദി നടത്തിയിരുന്നു.

തരംകിട്ടുമ്പോൾ ട്രംപ് തിരിഞ്ഞുകുത്തും

മേയിൽ യു.കെ ആസ്ഥാനമായ ടെലിവിഷൻ നെറ്റ് വർക് ഐ.ടി.വി ക്ക് നൽകിയ അഭിമുഖത്തിൽ 'ഇന്ത്യക്ക് നല്ല വായുവില്ല, നല്ല വെള്ളവുമില്ല' എന്ന് പറഞ്ഞ ട്രംപ് ഇന്ത്യയിലെ ചില നഗരങ്ങളിൽ 'നിങ്ങൾക്ക് ശ്വസിക്കാൻ പോലും കഴിയില്ല' എന്നും ആരോപിച്ചിരുന്നു. 2018 ഒക്ടോബർ ഒന്നിന് ഇന്ത്യയെ ട്രംപ് 'താരിഫ് കിങ്' എന്ന് പരിഹസിച്ചിരുന്നു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന നികുതിയെ പരാമർശിച്ചായിരുന്നു അത്. 2019 ജനുവരിയിൽ അഫ്ഗാനിസ്ഥാനിൽ 'ലൈബ്രറി' നിർമ്മിക്കാൻ ഫണ്ട് നൽകിയെന്ന് പറഞ്ഞ് മോദിയെ ട്രംപ് കളിയാക്കി. അഫ്ഗാനിസ്ഥാനിൽ അതാരാണ് ഉപയോഗിക്കുകയെന്ന് ട്രംപ് ചോദിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ലൈബ്രറി നിർമ്മിച്ചിട്ടില്ലെന്ന് ഇന്ത്യ പിന്നീട് വിശദീകരിച്ചിരുന്നു. അഫ്ഗാന്റെ പാർലമെന്റ് കെട്ടിടമാണ് ഇന്ത്യ നിർമ്മിച്ചുനൽകിയത്.

ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യ ഉയർന്ന താരിഫ് ഏർപെടുന്നതിനെ കളിയാക്കിയും ട്രംപ് രംഗത്തുവന്നു. 'ഒരു ഫോൺകോളിൽ മോദി അത് 50 ശതമാനമാക്കി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സി ക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാൻ ട്രംപ് കടുത്ത സമ്മർദ്ദമാണ് ഉപയോഗിച്ചത്. ഒടുവിൽ മരുന്ന് കയറ്റി അയയ്ക്കാമെന്ന് ഇന്ത്യ നിലപാടെടുത്തതോടെ മോദി മഹാനായ നേതാവാവെന്നായി ട്രംപ്. പ്രസിഡന്റ് സ്ഥാനാർത്ഥി സംവാദത്തിനിടെ, ഇത് രണ്ടാം വട്ടമാണ് ട്രംപ് ഇന്ത്യക്കെതിരെ പരാമർശം നടത്തുന്നത്. ആദ്യത്തേത് ഇന്ത്യയുടെ കോവിഡ് കണക്കുകൾ തെറ്റാണ് എന്ന പരാമർശമായിരുന്നു. നവംബർ 3 നാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP