Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

സ്വവർഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമെന്നും മാരക പാപമെന്നും പഠിപ്പിച്ചിരുന്ന കത്തോലിക്ക സഭയെ പോപ്പ് തന്നെ തിരുത്തിയപ്പോൾ ഉണ്ടായത് നിലക്കാത്ത അനുരണനങ്ങൾ ഉള്ള ബോംബ് സ്ഫോടനം; നടുക്കം മാറാതെ കത്തോലിക്ക സഭ; ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അനേകം മെത്രാന്മാർ കലാപത്തിന്; പോപ്പ് അങ്ങനെ പറഞ്ഞില്ലെന്ന് തിരുത്തി കേരളത്തിലെ കത്തോലിക്ക മെത്രാന്മാരുടെ സമിതിയും

സ്വവർഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമെന്നും മാരക പാപമെന്നും പഠിപ്പിച്ചിരുന്ന കത്തോലിക്ക സഭയെ പോപ്പ് തന്നെ തിരുത്തിയപ്പോൾ ഉണ്ടായത് നിലക്കാത്ത അനുരണനങ്ങൾ ഉള്ള ബോംബ് സ്ഫോടനം; നടുക്കം മാറാതെ കത്തോലിക്ക സഭ; ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അനേകം മെത്രാന്മാർ കലാപത്തിന്; പോപ്പ് അങ്ങനെ പറഞ്ഞില്ലെന്ന് തിരുത്തി കേരളത്തിലെ കത്തോലിക്ക മെത്രാന്മാരുടെ സമിതിയും

മറുനാടൻ മലയാളി ബ്യൂറോ

''സ്വവർഗ്ഗാനുരാഗികൾക്കും കുടുംബമുണ്ടാക്കാനുള്ള അവകാശമുണ്ട്, അവരും ദൈവത്തിന്റെ മക്കൾ തന്നെയാണ്. അവരെ ഭ്രഷ്ടരാക്കുവാനോ തള്ളിപ്പറയുവാനോ കഴിയില്ല'' പുതിയതായി റിലീസ് ചെയ്ത ഒരു ഡോക്യൂമെന്ററി ഫിലിമിൽ 83 കാരനായ മാർപ്പാപ്പ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ മാറ്റൊലി ലോകമെമ്പാടുമുള്ള കത്തോലിക്ക സഭകളെ അടിമുടി ഉലച്ചിരിക്കുകയാണ്. പുരോഗമനവാദിയെന്ന് അറിയപ്പെടുന്ന പോപ്പിന്റെ ഈ പ്രസ്താവന, സ്വതന്ത്ര ചിന്താഗതിക്കാരായ കത്തോലിക്ക വിശ്വാസികളും യുവാക്കളും സ്വാഗതം ചെയ്യുമ്പോഴും പലയിടങ്ങളിലും ഇത് സഭയ്ക്കുള്ളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്.

ഏകദേശം 1.2 ബില്ല്യണോളം വരുന്ന കത്തോലിക്ക വിശ്വാസികളിലെ പാരമ്പര്യവാദികൾക്ക് പോപ്പിന്റെ ഈ വാക്കുകൾ സൃഷ്ടിക്കുന്നത് നടുക്കം തന്നെയാണ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലേയും കത്തോലിക്ക സഭകൾ, വത്തിക്കാന്റെ നിയന്ത്രണത്തിൽ നിന്നും മാറിപോകും എന്നുവരെ സൂചനകൾ ലഭിക്കുന്നുണ്ട്. ഇവിട പല രാജ്യങ്ങളിലും സ്വവർഗ്ഗരതി നിയമ വിരുദ്ധമാണ്. ഏകദേശം 200 മില്ല്യൺ കത്തോലിക്കാ വിശ്വാസികളാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉള്ളത്. സഭയും വളരെ ശക്തമാണിവിടെ. 1980-2012 കാലഘട്ടത്തിൽ യൂറോപ്പിൽ കത്തോലിക്ക സഭയ്ക്ക് 6 ശതമാനം മാത്രം വളർച്ച കൈവരിക്കാനായപ്പോൾ, അതേകാലഘട്ടത്തിൽ ആഫ്രിക്കയിൽ സഭ കൈവരിച്ചത് 283 ശതമാനം വളർച്ചയാണ്.

പാരമ്പര്യവാദികൾക്ക് മുൻതൂക്കമുള്ള ആഫ്രിക്കയിലെ കത്തോലിക്ക സഭ സ്വവർഗ്ഗാനുരാഗത്തെ കുറിച്ച് അവർക്കുള്ള അഭിപ്രായം തുറന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിനെ നാസിസവും കമ്മ്യുണിസവും എങ്ങനെ നശിപ്പിച്ചുവോ അതുപോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നശിപ്പിക്കാൻ എത്തിയതാണ് പാശ്ചാത്യരുടെ സ്വവർഗ്ഗരതിയും ഗർഭം അലസിപ്പിക്കലും അതുപോലെ ഇസ്ലാമിക തീവ്രവാദവും എന്നാണ് ഗിയിയയിലെ കർദ്ദിനാൾ റോബർട്ട് സാറാ പറയുന്നത്. സ്വവർഗ്ഗ രതിയെ രതിവൈകല്യമെന്നും പൊതു സമൂഹത്തിന് അസ്വീകാര്യമാണെന്നുമാണ് നൈജീരിയയിലെ കത്തോലിക്ക ബിഷപ്പുമാരുടെ സമിതി വിശേഷിപ്പിച്ചത്.

അമേരിക്കയിലും പാരമ്പര്യവാദികൾ പോപ്പിനെതിരെ തിരിഞ്ഞിട്ടുണ്ട്. വർഷങ്ങളായി സ്വവർഗ്ഗ രതിയെ കുറിച്ച് സഭ പഠിപ്പിച്ചു വരുന്നതിന്റെ നേർ വിപരീതമാണ് പോപ്പിന്റെ ഇപ്പോഴത്തെ നിലപാട് എന്നായിരുന്നു റോഡ് ഐലൻഡിലെ ബിഷപ്പ് തോമസ് ടോബിൻ പ്രതികരിച്ചത്. പോപ്പിന്റെ ജന്മദേശമായ അർജന്റീന ഉൾപ്പെടുന്ന തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും പ്രതിഷേധം ശക്തമാണ്. മാർപ്പാപ്പയുടെ പ്രസ്താവനയുടെ ധാർമ്മികമായ ശരിയെ കുറിച്ച് സംശയമുണ്ടെന്നാണ് ശക്തമായ മറ്റൊരു കത്തോലിക്ക സഭയായ ഫിലിപ്പൈൻസിലെ സഭ പറഞ്ഞത്.

ലോകവ്യാപകമായി സഭയെ ഭിന്നിപ്പിക്കലാണോ മാർപ്പാപ്പയുടെ ഉദ്ദേശം എന്ന് കാലാകാലങ്ങളായി വത്തിക്കാനിലെ സംഭവങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പലരും ചോദിക്കാൻ ആരംഭിച്ചു കഴിഞ്ഞു. സഭയിലെ തന്നെ തന്റെ മുൻഗാമികളുടെ തീരുമാനങ്ങൾക്ക് വരെ പോപ്പ് എതിര് നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സംശയങ്ങൾ ഉയരുന്നത്. 1986-ൽ അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ കാലത്ത് സ്വവർഗ്ഗരതിയെ കടുത്ത അധാർമ്മികതയായാണ് കണ്ടിരുന്നത്. വിവാഹം ഒരു പുണ്യകർമ്മമാണെങ്കിൽ, സ്വവർഗ്ഗ രതി വെറുക്കപ്പെടേണ്ട ഒരു പാപമാണെന്നായിരുന്നു അന്നത്തെ പോപ്പിന്റെ നിലപാട്.

പിന്നീട് 2003-ൽ ബോധനങ്ങൾ പുതുക്കിയപ്പോഴും സ്വവർഗ്ഗരതിയുടെ കാര്യം പരിഗണനയിലെത്തി. സ്വവർഗ്ഗരതിക്കാരോടുള്ള ബഹുമാനം ഒരു കാരണവശാലും സ്വവർഗ്ഗ രതിയെ അനുകൂലിക്കുന്നതിലോ അതിന് നിയമ സാധുത നൽകുന്നതിലോ, സ്വവർഗ്ഗ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലോ എത്തിച്ചേരരുത് എന്ന് അന്ന് കർശനമായ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സ്വവർഗ്ഗാനുരാഗികൾ, കുട്ടികളെ ദത്തെടുക്കുന്നതിനെ പോലും സഭ എതിർത്തിരുന്നു.

അന്ന്, സവർഗ്ഗരതിക്കെതിരെ കർശനമായ ചട്ടങ്ങൾ എഴുതിയ ജർമ്മൻ കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗറാണ് പിന്നീട് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പയായത്. 2013- ൽ പദവിയിൽ നിന്നും വിരമിച്ച ശേഷം, വത്തിക്കാനിൽ വിശ്രമജീവിതം നയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നബനഡിക്ട് പതിനാറാമനാണ് ഇന്ന് പോപ്പിന്റെ പരിഷ്‌കരണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പാരമ്പര്യവാദികൾക്ക് പ്രചോദനം നൽകുന്നത്. ഈ വർഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ സ്വവർഗ്ഗാനുരാഗികളെ അന്തിക്രിസ്തുമാരായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, തന്റെ മുൻഗാമിയെ നേരിട്ട് വെല്ലുവിളിക്കുകയാണ് പോപ്പ് ഫ്രാൻസിസ് എന്നർത്ഥം.

2014 ൽ കുടുംബജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വത്തിക്കാനിൽ നടന്ന സിനഡിൽ, സ്വവർഗ്ഗാനുരാഗികളുടെ ഗുണങ്ങളെ കുറിച്ചുള്ള പരാമർശം നടന്നിരുന്നു. എന്നാൽ, പാരമ്പര്യ വാദികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആ വിഷയത്തിൽ കൂടുതൽ മുന്നോട്ട് പോകാനായില്ല. ബാലപീഡനത്തിൽ ഉൾപ്പെട്ട പുരോഹിതന്മാരെ കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച്, സ്വവർഗ്ഗാനുരാഗത്തിനെതിരായി ഉയരൂന്ന ശബ്ദങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന ഒരു ലാവൻഡർ മാഫിയ വത്തിക്കാനിൽ ഉണ്ടെന്ന് അന്ന് പാരമ്പര്യവാദികൾ ആരോപിച്ചിരുന്നു.

അതേസമയം, വത്തിക്കാനിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഈ ഡോക്യൂമെന്ററിയും പോപ്പിന്റെ വാക്കുകളുമെന്നാണ് മറ്റൊരു കൂട്ടം നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞവർഷം, സഭയ്ക്കുള്ളിൽ ഏറെ സ്വാധീനമുള്ള കർദ്ദിനാൾ ജിയോവാന്നി ബെക്സിയുവിനെകടമകളിൽ നിന്നും പോപ്പ് പിരിച്ചുവിട്ടിരുന്നു. വത്തിക്കാൻ ഫണ്ടിൽ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന തിരുമറികളുടെ പേരിലായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട്, കർദ്ദിനാളുമായി ബന്ധമുള്ള 39 കാരിയായ ഒരു ഇറ്റാലിയൻ വനിത കഴിഞ്ഞയാഴ്‌ച്ച അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

കത്തോലിക്ക സഭ ഏറെ ശക്തമായ കേരളത്തിലും ഇതിന്റെ പ്രതിദ്ധ്വനി വലുതായിരുന്നു. സ്വവർഗ്ഗ ലൈംഗികതയെ ഫ്രാൻസിസ് മാർപാപ്പ ന്യായീകരിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി കേരള കത്തോലിക്ക മെത്രാൻ സമിതി രംഗത്തെത്തി. ഇത്തരത്തിൽ സ്വവർഗ്ഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക്കുടുംബത്തിനു തുല്യമായ നിയമസാധുത നൽകണമെന്ന് മാർപാപ്പ പറഞ്ഞിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. സ്വവർഗ്ഗ ലൈംഗികതയുമായി ബന്ധപ്പെട്ട സഭയുടെ കാഴ്‌ച്ചപ്പാടുകൾക്ക് മാറ്റം വന്നിട്ടില്ലെന്നും മെത്രാൻ സമിതി വ്യക്തമാക്കി. ഇത്തരക്കാർ കാരുണ്യവും സ്നേഹവും അർഹിക്കുന്നു എന്ന് മാത്രമാണ് മാർപാപ്പ പറഞ്ഞത് എന്നും ഇവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP