Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202128Wednesday

ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ് വന്നതോടെ പോപ്പിന്റെ ആരോഗ്യത്തിന് കൂടുതൽ കരുതൽ; ചെറുപ്പത്തിൽ ശ്വാസ കോശങ്ങളിൽ ഒന്ന് നീക്കം ചെയ്ത 83 കാരനായ പോപ്പിന് കോവിഡ് ബാധിച്ചാൽ സ്ഥിതി വഷളാകും; പോപ്പ് ഫ്രാൻസിസ് ഇന്നലെ സർവ്വമത സമ്മേളനത്തിന് എത്തിയത് മാസ്‌ക് ധരിച്ച്

ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ് വന്നതോടെ പോപ്പിന്റെ ആരോഗ്യത്തിന് കൂടുതൽ കരുതൽ; ചെറുപ്പത്തിൽ ശ്വാസ കോശങ്ങളിൽ ഒന്ന് നീക്കം ചെയ്ത 83 കാരനായ പോപ്പിന് കോവിഡ് ബാധിച്ചാൽ സ്ഥിതി വഷളാകും; പോപ്പ് ഫ്രാൻസിസ് ഇന്നലെ സർവ്വമത സമ്മേളനത്തിന് എത്തിയത് മാസ്‌ക് ധരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് വ്യാപനം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി ഒരു പൊതുപരിപാടിയിൽ മാസ്‌ക് ധരിച്ച് പോപ്പ് ഫ്രാൻസിസ് എത്തി. 11 സുരക്ഷാ ഗാർഡുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പോപ്പിന്റെ ആരോഗ്യ നിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്നാണിത്. മാത്രമല്ല, പോപ്പ് താമസിച്ചിരുന്ന ഹോട്ടലിൽ താമസിക്കുന്ന മറ്റൊരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ വാരാന്ത്യത്തിൽ വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പകാലത്ത്, തന്റെ സ്വദേശമായ അർജന്റീനയിൽ വെച്ചുതന്നെ, ചില ആരോഗ്യപരമായ കാരണങ്ങളാൽ പോപ്പിന്റെ ശ്വാസകോശങ്ങളിൽ ഒന്ന് നീക്കം ചെയ്തിരുന്നു. ഇത് കൂടുതൽ വെല്ലുവിളിയാവുകയാണ് ഈ കൊറോണക്കാലത്ത്.

മാത്രമല്ല, അദ്ദേഹത്തിന്റെ പ്രായവും ശരീര ഭാരവും അദ്ദേഹത്തെ കൂടുതൽ അപകട സാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായ പരിശോധനാ സംവിധാനങ്ങൾ അദ്ദേഹത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തേ, പ്രതിവാര ജനസമ്പർക്കത്തിന് പോകുമ്പോൾ കാറിനുള്ളിൽ മാത്രമായിരുന്നു അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നത്. ലോകസമാധാനത്തിനായി, വിവിധ മതനേതാക്കൾ ഒരുമിച്ചു ചേർന്ന് നടത്തിയ പ്രർത്ഥനാ യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ചോവ്വാഴ്‌ച്ച പൊതുവേദിയിൽ പോപ്പ് മാസ്‌ക് ധരിച്ചത്. നേരത്തേ അദ്ദേഹം മാസ്‌ക് ധരിക്കാതെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

റോമിലെ സാന്റാ മരിയ ബസിലിക്കയിൽ കുർബാന അർപ്പിക്കുമ്പോഴും അദ്ദേഹം വെളുത്ത മാസ്‌ക് ധരിച്ചിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിന്റെ ആത്മീയ നേതാവ് പാത്രിയാർക്കീസ് ബർത്തലോമ്യൂവും അദ്ദേഹത്തോടൊപ്പം കുർബാനയ്ക്ക് ഉണ്ടായിരുന്നു. അതേസമയം റോമിലെ മറ്റിടങ്ങളിൽ യഹൂദർ, ബുദ്ധമതാനുയായികൾ, ഹിന്ദുക്കൾ, മുസ്ലിംങ്ങൾ എന്നിവർ അവരവരുടെ ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. മറ്റ് മതനേതാക്കളെ പോലെ പ്രസംഗ സമയത്ത് പോപ്പ് മാസ്‌ക് ഊരിയെങ്കിലും അത് കഴിഞ്ഞ ഉടനെ മാസ്‌ക് വീണ്ടും ധരിച്ചു.

ആംഗ്ലിക്കൻ സഭയുടെ ആത്മീയ നേതാവ് കാന്റൻബറി ആർച്ച് ബിഷപ്പ്, ജസ്റ്റിൻ വെൽബിയും ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, കോവിഡ് നിയന്ത്രണങ്ങളാൽ അത് സാധ്യമായില്ല. മാർപ്പാപ്പ താമസിക്കുന്ന ഡോമസ് സാങ്ക്റ്റെ മാർതേയിലെ ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിലാണ്. 2013-ൽ മാർപ്പാപ്പയായി തെരഞ്ഞെടുത്തതുമുതൽ അദ്ദേഹം താമസിക്കുന്നത് ഇവിടെയാണ്. സാധാരണക്കാരുടെ ഇടയിൽ എപ്പോഴും ഉണ്ടാകണം എന്ന അഭിപ്രായത്തിലാണ് അപോസ്റ്റലിക് പാലസ് ഉപേക്ഷിച്ച് അദ്ദേഹം ഇവിടെ താമസമാരംഭിച്ചത്.

ഇവിടയുള്ള ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പുറമേയാണ് മാർപ്പാപ്പയുടെ അംഗരക്ഷകരായ സ്വിസ്സ് ഗാർഡിലെ പതിനൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇറ്റലിയിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ബാറുകളിലും റെസ്റ്റോറന്റുകളിലും വൈകിട്ട് 6 മണിക്ക് ശേഷം മാത്രമാണ് ടേബിൾ സർവ്വീസ് അനുവദിച്ചിട്ടുള്ളത്.

പൊതുജനങ്ങൾ കൂടാനിടയുള്ള ചത്വരങ്ങളും മറ്റ് പൊതുസ്ഥലങ്ങളും രാത്രി 9 മണിക്ക് ശേഷം അടച്ചിടാനും ഉത്തരവിറക്കിയിട്ടുണ്ട്. ഇന്നലെ 10,871 പേർക്കാണ് ഇറ്റലിയിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 89 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP