Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ചങ്ങലക്കിട്ട് പൂട്ടിയ ആയിരക്കണക്കിന് ആൺകുട്ടികൾ; അവരെ ക്രൂരമായ മർദ്ദനത്തിനും പീഡനങ്ങൾക്കും വിധേയരാക്കുന്നത് സ്‌കൂൾ നടത്തിപ്പുകാരായ മത മേധാവികൾ; മുതിർന്ന കുട്ടികൾ മുതൽ പ്രായം കുറഞ്ഞവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു; ഇസ്ലാമിക് സ്‌കൂളുകളിലെ ക്രൂരതയുടെ കഥയുമായി ബി ബി സി ഡോക്യൂമെന്ററി

ചങ്ങലക്കിട്ട് പൂട്ടിയ ആയിരക്കണക്കിന് ആൺകുട്ടികൾ; അവരെ ക്രൂരമായ മർദ്ദനത്തിനും പീഡനങ്ങൾക്കും വിധേയരാക്കുന്നത് സ്‌കൂൾ നടത്തിപ്പുകാരായ മത മേധാവികൾ; മുതിർന്ന കുട്ടികൾ മുതൽ പ്രായം കുറഞ്ഞവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു; ഇസ്ലാമിക് സ്‌കൂളുകളിലെ ക്രൂരതയുടെ കഥയുമായി ബി ബി സി ഡോക്യൂമെന്ററി

മറുനാടൻ മലയാളി ബ്യൂറോ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ നിന്നുള്ള ഒരു മോചനം എന്ന സ്വപ്നമാണ് ദൈവ വിശ്വാസമായും പിന്നീട് മത സങ്കല്പങ്ങളയുമൊക്കെ വളർന്ന് പന്തലിച്ചത്. എന്നാൽ അതേ മതങ്ങൾ സ്ഥാപനവത്ക്കരിക്കപ്പെടുമ്പോൾ, അതിൽ മനുഷ്യത്വം മരിക്കുന്നു എന്നതിന്റെ ഏറ്റവും ഉത്തമോദാഹരണമാണ് സുഡനിലെ, ഖൽവാസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്‌കൂളുകൾ. ''ചങ്ങലയ്ക്കിട്ട ബാല്യങ്ങൾ'' എന്നപേരിൽ ബി ബി സി ന്യുസ് (അറബിക്) സംപ്രേഷണം ചെയ്യുന്ന അന്വേഷണാത്മക ഡോക്യൂമെന്ററിയാണ് ഈ ക്രൂരത ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്.

സുഡാനിൽ അങ്ങോളമിങ്ങോളമായി ഏകദേശം 30,000 ത്തോളം ഖൽവാസുകളാണ് ഉള്ളത്. മതനേതാക്കളുടെ കീഴിലുള്ള ഇത്തരം സ്‌കൂളുകളിൽ അഞ്ച് വയസ്സ് മുതൽക്കുള്ള കുട്ടികൾ വരെ ചങ്ങലയിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനത്തിന് വിധേയരാകുന്നു എന്നാണ് ഈ ഡോക്യൂമെന്ററി വെളിപ്പെടുത്തുന്നത്. ലൈംഗിക പീഡനത്തിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ചാനൽ പറയുന്നു. മതിയായ പോഷകാഹരങ്ങൾ ലഭിക്കാതെ വിളർച്ച ബാധിച്ച കുഞ്ഞുങ്ങൾ കിടന്നുറങ്ങുന്നത് അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ വെറും നിലത്താണ്. കൊടും ചൂടിനെ പ്രതികരിക്കാനുള്ള അത്യാവശ്യ സംവിധാനങ്ങൾ പോലുമില്ല.രോഗബാധയുള്ള ചില കുട്ടികൾക്കാകട്ടെ മരുന്നുപോലും നൽകുന്നില്ല.

ഇത്തരത്തിലൊരു ഖൽവയിലെ മുൻ വിദ്യാർത്ഥികൂടിയായ റിപ്പോർട്ടർ ഫത്തേ-അൽ റഹ്മാൻ അൽ ഹംദാനിയാണ് വേഷപ്രച്ഛന്നനായി ചെന്ന് ഈ രംഗങ്ങൾ കാമറയിൽ പകർത്തിയത്. കഴിഞ്ഞ 18 മാസങ്ങൾ കൊണ്ട് 23 ഓളം ഖൽവകൾ സന്ദർശിച്ചാണ് ഹംദാനി ഈ ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത്. മർദ്ദിച്ച് മൃതപ്രായമാക്കിയ മൊഹമ്മദ് നദേർ, ഇസ്മയിൽ എനീ രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ ഡോക്യൂമെന്ററി മുന്നോട്ട് നീങ്ങുന്നത്. ഭക്ഷണവും ജലവുമില്ലാതെ ഒരു ഖൽവയ്ക്കുള്ളിൽ അഞ്ചു ദിവസത്തോളമാണ് ഇവരെ അടച്ചുപൂട്ടിയിട്ട് മർദ്ദിച്ചത്. മുറിവിൽ ടാർ പുരട്ടുകയുംചെയ്തു.

ഖൽവയിലെ മുതിർന്ന കുട്ടികൾ തങ്ങളെക്കാൾ പ്രായം കുറഞ്ഞവരെ നിർബന്ധിത പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയരാക്കാറുണ്ടെന്നാണ് മൊഹമ്മദ് നദേർ പറയുന്നത്. ഈ അന്വേഷണത്തിനിടയിൽ മറ്റു ചില ഖൽവകളിൽ നിന്നും ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങളുടെ കഥകൾ പുറത്തുവന്നു. ഈയടുത്ത് ഒരു ഖൽവയിൽ നിന്നും രക്ഷപ്പെട്ടെത്തിയ മൂന്ന് കുട്ടികളെ പരിശോധിച്ച ഫൊറൻസിക് വിദഗ്ദൻ ബി ബിസിയോട് പറഞ്ഞത് അവർ തുടർച്ചയായി ലൈംഗിക പീഡനത്തിന് വിധേയരായിരുന്നു എന്നാണ്.

മൊഹമ്മദ് നദെറും ഇസ്മയിലും ഇത്തരത്തിലുള്ള ക്രൂര പീഡനങ്ങളിൽ നിന്നും രക്ഷനേടിയതും പിന്നീട് അവരുടെ കുടുംബങ്ങൾ നീതിക്കായി പോരാടിയതുമാണ് ഡോക്യൂമെന്ററിയുടെ കേന്ദ്രബിന്ദു. ഇവർ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് സുഡാനീസ് സമൂഹത്തിൽ സ്വാധീനം ഏറെയുള്ള മത നേതാക്കളോടാണ്. ഷെയ്ഖ് എന്നറിയപ്പെടുന്ന ഈ നേതാക്കളാണ് ഖൽവാകളുടെ ഭരണം നടത്തുന്നത്.ദീർഘനാളായി രാഷ്ട്രപതിയായിരുന്ന ഒമാർ അൽ- ബഷീറിനെ പുറത്താക്കിയ 2018 ലെ വിപ്ലവാനന്തര സർക്കാരിന്റെ കാലത്ത് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നാണ് നാദെറിന്റെ മാതാവ് ഫാത്തിമ പറഞ്ഞത്.

ഈ കുട്ടി താമസിച്ചിരുന്ന ഖൽവയുടെ ചുമതലയുള്ള ഷെയ്ഖ് ഇതിനെ പറ്റി നൽകുന്ന വിവരണം അതീവ വിചിത്രമാണ്. കുട്ടികളെ തടവിലാക്കുന്നത് തെറ്റാണെന്ന് പറഞ്ഞ ഷെയ്ഖ് പക്ഷെ കുട്ടികളെ ചങ്ങലയ്ക്കിടുകയും മർദ്ദിക്കുകയും ചെയ്യുന്നതുകൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ടെന്നും പറയുന്നു. മാത്രമല്ല, സാധാരണയായ ഖൽവകൾ പിന്തുടര്ന്നു വരുന്ന ഒരു രീതിയാണിതെന്നും അയാൾ പറഞ്ഞു. ലൈംഗികാതിക്രമത്തെ കുറിച്ചുള്ള ആരോപണം നിഷേധിച്ച ഷെയ്ഖ് ഖുറാനെ വിമർശിക്കുന്നു എന്നപേരിൽ റിപ്പോർട്ടർക്ക് നേരെ ആരോപണം അഴിച്ചുവിട്ട് പ്രതികരിക്കാനാണ് ശ്രമിച്ചത്.

പിന്നീട് ഈ ഷെയ്ഖിനെ മറ്റു മൂന്ന് അദ്ധ്യാപകർക്കൊപ്പം അറസ്റ്റ് ചെയ്ത് വിചാരണ നടത്തി. ഇടയ്ക്ക് ജാമ്യത്തിലിറങ്ങിയ ഇയാൽ പിന്നീട് ഒരു വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. ഇപ്പോൾ ആ ഖൽവ പുതിയൊരു ഷെയ്ഖിന്റെ കീഴിലാണ്. തന്റെ കീഴിൽ ഒരു കാരണവശാലും വിദ്യാർത്ഥികളെ മർദ്ദിക്കാൻ അനുവദിക്കില്ലെന്നാണ് ഇയാൾ പറയുന്നത്.

കുട്ടികൾ മാത്രമല്ല, മുതിരന്നവരേയും ഇത്തരം ഖൽവകളിൽ തടവിലാക്കി പീഡനങ്ങൾക്ക് വിധേയരാക്കുന്നു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ബി ബി സി വ്യക്തമാക്കുന്നു. വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിരവധി പുരുഷന്മാരെ താമസിപ്പിക്കുന്ന ഖൽവാകൾ സെൻട്രൽ സുഡാനിലുണ്ട്. കെട്ടിയിട്ട് വലിയ ചൂരൽ കൊണ്ട് കഴുതയെ തല്ലുന്നതുപോലെ തല്ലുമെന്നും തങ്ങൾ ഷെയ്ഖിന്റെ അടിമകളാണെന്നുമായിരുന്നു ഇത്തരത്തിലുള്ള ഒരു ഖൽവയിലെ അന്തേവാസി റിപ്പോർട്ടറോട് പറഞ്ഞത്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ട സുഡാനീസ് സ്റ്റേറ്റ് പ്രോസിക്യുട്ടർമാർ പക്ഷെ ഖൽവകളുടെ കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്നും ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥനത്തിനടുത്തുള്ള ഓംഡുർമാൻ നഗരത്തിലെ ഒരു പബ്ലിക് പ്രോസിക്യുട്ടറായ ബറ്റൂൾ ഷരിഫ് അഹമ്മദ്, ഇത്തരത്തിൽ ബന്ധനസ്ഥരാക്കുന്നതും മർദ്ദിക്കുന്നതുമൊക്കെ ഖൽവകളിലെ സ്ഥിരം സംഭവമാണെന്ന് പറഞ്ഞ് അതിനെ നിസ്സാരവത്ക്കരിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള ഖൽവകളിലേക്ക് മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ വിടുന്നതെന്നായിരുന്നു, ഇത് കുട്ടികളുടെ അവകാശത്തിന്റെ ലംഘനമല്ലെ എന്ന ചോദ്യത്തിന് ഉത്തരം. രാജ്യം മുഴുവനും പടര്ന്നു കിടക്കുന്ന ഖൽവകളുടെ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉണ്ടായിരുന്ന ദുർഭരണത്തിന്റെ ബാക്കിപത്രങ്ങൾ ഒരൊറ്റ രാത്രികൊണ്ട് നീക്കാനാവില്ലെന്നുമായിൂന്നു സുഡാൻ മതകാര്യ മന്ത്രി ചാനലിനോട് പറഞ്ഞത്.

എന്നാൽ, ഇത്തരത്തിലുള്ള ഖൽവകളും അവയ്ക്കുള്ളിലെ മർദ്ദന പരിപാടികളും സുഡാനിൽ മാത്രം ഒതുങ്ങുന്നില്ല എന്നാണ് ബി ബി സി പറയുന്നത്. നൈജീരിയ, സെനെഗൽ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP