Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു ലോക മഹായുദ്ധങ്ങൾക്കും സമാനമായ നിലയിലേക്ക് ബ്രിട്ടന്റെ കടം പെരുകുമെന്നു സൂചന; ജോലി ചെയ്തു നടുവൊടിക്കാൻ സാധാരണക്കാർ തയ്യാറാകേണ്ടി വരും; കോവിഡിൽ നൽകിയ സഹായം ഒക്കെ തിരിച്ചു പിടിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ കനത്ത നികുതി ബാധ്യതകളിൽ സാധാരണക്കാർ ചക്രശ്വാസം വലിക്കും; എത്ര ജോലി ചെയ്താലും മിച്ചം പിടിക്കാൻ കയ്യിൽ ഒന്നും ബാക്കി കാണില്ല

രണ്ടു ലോക മഹായുദ്ധങ്ങൾക്കും സമാനമായ നിലയിലേക്ക് ബ്രിട്ടന്റെ കടം പെരുകുമെന്നു സൂചന; ജോലി ചെയ്തു നടുവൊടിക്കാൻ സാധാരണക്കാർ തയ്യാറാകേണ്ടി വരും; കോവിഡിൽ നൽകിയ സഹായം ഒക്കെ തിരിച്ചു പിടിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ കനത്ത നികുതി ബാധ്യതകളിൽ സാധാരണക്കാർ ചക്രശ്വാസം വലിക്കും; എത്ര ജോലി ചെയ്താലും മിച്ചം പിടിക്കാൻ കയ്യിൽ ഒന്നും ബാക്കി കാണില്ല

പ്രത്യേക ലേഖകൻ

കവൻട്രി: രണ്ടു ലോക മഹായുദ്ധങ്ങളുടെ കെടുതികളിൽ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയർന്നു വന്ന നാടാണ് ബ്രിട്ടനെന്നു ചരിത്രാന്വേഷകർ എക്കാലവും ആവേശത്തോടെ പറയുന്ന കഥകളാണ്. എന്നാൽ പഴയ കോളനി രാജ്യങ്ങളായ ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും എത്തിയ കുടിയേറ്റക്കാർ എല്ലു നീരാക്കി ജോലി ചെയ്താണ് ആധുനിക ബ്രിട്ടനെ പടുത്തുയർത്തിയതെന്ന സത്യമാണ് അവരിൽ പലരുടെയും രണ്ടാം തലമുറയ്ക്ക് പങ്കുവയ്ക്കാനുള്ള സത്യം. വഴികളിൽ അടിമപ്പണിക്ക് തുല്യമായ തരത്തിൽ ജോലി ചെയ്യേണ്ടി വന്ന സാഹചര്യമാണ് അന്നത്തെ കുടിയേറ്റക്കാരിൽ നല്ല പങ്കിനും നേരിടേണ്ടി വന്നതത്രെ.

ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന കാരണത്താൽ ഉണ്ടായ അപമാന ഭാരവും ജോലി സ്ഥലത്തെ രണ്ടാം കിടക്കാർ ആയതുകൊണ്ട് നേരിടേണ്ടി വന്ന കഷ്ടപ്പാടും ഒക്കെയാണ് ആധുനിക ബ്രിട്ടന്റെ പളപളപ്പിനു പിന്നിൽ മറഞ്ഞു കിടക്കുന്ന സത്യം. കല്ലിന്മേൽ കല്ല് വയ്ക്കാൻ ശേഷി ഇല്ലാതെ തകർന്ന ബ്രിട്ടൻ രണ്ടാം ലോക മഹായുദ്ധ കെടുതികളിൽ നിന്നും അതിശയിപ്പിക്കുന്ന വേഗത്തിൽ കരകയറിയത് ഒരു ജനതയുടെ മൊത്തം കഷ്ടപ്പാട് കൂടി ആണെന്നാണ് ചരിത്ര കഥകൾ ഓർമ്മിപ്പിക്കുന്നതും.

ഇപ്പോൾ സമാനമായ തരത്തിൽ ചരിത്രം കറങ്ങി തിരിഞ്ഞ് എത്തുകയാണ് എന്നോർമ്മിപ്പിക്കുകയാണ് സാമ്പത്തിക ലോകത്തെ പുത്തൻ വർത്തമാനങ്ങൾ. കോവിഡ് നൽകിയ തിരിച്ചടികൾ ഒടുവിൽ സാധാരക്കാരായ നികുതി ദായകരിലേക്കു തന്നെ എത്തുമ്പോൾ വർധിച്ച നികുതി നൽകി നടുവൊടിയുന്ന ഒരു തലമുറയാണ് ഇനി ജീവിച്ചിരിക്കുന്നതെന്നു സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.

ഫർലോ സംവിധാനങ്ങളും ബിസിനസുകൾ പിടിച്ചു നിർത്താൻ സർക്കാർ നൽകിയ വായ്പകളും അടക്കം അനവധി ബില്യൺ പൗണ്ട് ജനങളുടെ കൈകളിൽ എത്തിച്ചു കഴിഞ്ഞതിനാൽ ഇനിയവ സാവധാനം തിരിച്ചു പിടിക്കുന്ന നടപടികളാകും ഉണ്ടാവുക. ഏറ്റവും ചുരുങ്ങിയത് 40 ബില്യൺ പൗണ്ട് എങ്കിലും തിരിച്ചു പിടിക്കാൻ വർധിപ്പിച്ച നികുതി മൂലം സർക്കാരിന് കഴിഞ്ഞേക്കും. എന്നാൽ ഇതല്ലാതെ മറ്റു വഴികൾ ഇല്ലെന്നും വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നു.

ആയുധമെടുത്തുള്ള യുദ്ധം പോലെ അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യത്തിന് നഷ്ടം ഉണ്ടായിട്ടില്ലെങ്കിലും സാമ്പത്തിക നഷ്ടം നികത്താൻ ജനം കൂടുതൽ കഷ്ടപ്പാടുകൾ രാജ്യത്തിന് വേണ്ടി സഹിക്കേണ്ടി വരും എന്നാണ് മുന്നറിയിപ്പുകൾ. എത്ര ജോലി ചെയ്താൽ കയ്യിൽ മിച്ചം പിടിക്കാൻ ഒന്നും ബാക്കി കാണില്ല എന്ന ജീവിത യാഥാർഥ്യമാണ് സാധാരണക്കാരെ തുറിച്ചു നോക്കുന്നത്.

ഒരു വർഷം നികുതിയായി 40 ബില്യൺ ജനങ്ങളിൽ നിന്നും തന്നെ കണ്ടെത്തുക എന്ന സാഹചര്യം ഏതു സർക്കാരിനെ സംബന്ധിച്ചായാലും പ്രയാസം നിറഞ്ഞതു തന്നെയാണ്. എന്നാൽ പാഞ്ഞുകയറുന്ന കടക്കെണിയിൽ സർക്കാർ തകരുമ്പോൾ കൂടെ ജനങ്ങളും അതിന്റെ കെടുതികൾ അനുഭവിക്കേണ്ടി വരും എന്ന യാഥാർഥ്യം മുന്നിൽ നിൽക്കുന്നതിനാൽ ജനം അൽപം പ്രയാസപ്പെടട്ടെ എന്ന തീരുമാനം തന്നെയാകും ഇനിയുള്ള വർഷങ്ങളിൽ നികുതി സംബന്ധിച്ച് സർക്കാരിന്റെ പൊതു നയം.

ബ്രിട്ടീഷ് സർക്കാരിന്റെ കടമെടുപ്പ് രണ്ടു ലോക യുദ്ധങ്ങളിൽ കണ്ട അതേ സാഹചര്യത്തിലേക്ക് നീങ്ങുകയാണ് എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കൽ സ്റ്റഡീസ് മുന്നറിയിപ്പ് നൽകുന്നു. കോവിഡിനെ നേരിടാൻ ഇതിനകം കൂടുതലായി 200 ബില്യൺ പൗണ്ടാണ് യുകെ സർക്കാർ ചെലവിട്ടിരിക്കുന്നത്. ഇതിൽ നല്ല പങ്കും ജനങ്ങളുടെ കൈകളിൽ തന്നെ പണമായി എത്തുക ആയിരുന്നു.

ജോലി ചെയ്യാൻ സാധിക്കാതെ വന്നവർക്കും അടച്ചിടേണ്ടി വന്ന ബിസിനസ് സ്ഥാപനങ്ങൾക്കും സർക്കാർ സുരക്ഷാ കവചമായി മാറിയത് അങ്ങനെയാണ്. വാർഷിക കടമെടുപ്പു പരിധി കുറച്ചു കൊണ്ട് വരും എന്ന കൺസർവേറ്റിവ് തിരഞ്ഞെടുപ്പു വാഗ്ദാനത്തിനു കൂടിയാണ് കോവിഡ് തിരിച്ചടി നൽകിയിരിക്കുന്നത്. ഒരു തലമുറക്കാലം എങ്കിലും ഉയർന്ന നികുതിയുടെ ഭാരം താങ്ങാൻ തയ്യാറാകണം എന്ന മുന്നറിയിപ്പും ഐ.എഫ്.എസ് മുന്നോട്ടു വയ്ക്കുന്നു.

സാമ്പത്തിക ലോകം ഒന്നാകെ കോവിഡ് ദുരിതം ഏറ്റുവാങ്ങുക ആണെങ്കിലും അമേരിക്കയും ജർമനിയും നേരിടുന്നതിന്റെ ഇരട്ടി ദുരിതമാണ് യുകെയും സ്‌പെയിനും നേരിടുന്നത്. ഇനിയും യുകെ ലോക്ക് ഡൗൺ ദേശ വ്യാപകമായി നടപ്പാക്കിയാൽ 2022നു മുൻപ് സമ്പദ് രംഗം തിരിച്ചു വരവിന്റെ പാതയിലേക്ക് എന്ന സൂചന പോലും നൽകില്ലെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്. കോവിഡ് രണ്ടാം വരവിൽ എത്തിയപ്പോൾ ലോക് ഡൗൺ പ്രാദേശികമായി ചുരുക്കാൻ സർക്കാർ പ്രധാനമായി തയ്യാറായതും ഇത്തരം മുന്നറിയിപ്പുകൾ കണക്കിലെടുത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP