Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കനത്ത ജാഗ്രതയ്ക്കിടയിലും കർഷക രോഷം ഡൽഹിയിലേക്കും പടരുന്നു; ഇന്ത്യാ ഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ: പഞ്ചാബിലും കർണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കനത്ത പ്രതിഷേധം

കനത്ത ജാഗ്രതയ്ക്കിടയിലും കർഷക രോഷം ഡൽഹിയിലേക്കും പടരുന്നു; ഇന്ത്യാ ഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ: പഞ്ചാബിലും കർണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കനത്ത പ്രതിഷേധം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കനത്ത ജാഗ്രതയ്ക്കിടയിലും കർഷക രോഷം ഡൽഹിയിലേക്കും പടരുന്നു. കർഷക ബില്ലിനെതിരെ ഇന്ത്യാ ഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിച്ചാണ്് ഇന്നലെ കോൺഗ്രസ് പ്രതിഷേധം അരങ്ങേറിയത്. പഞ്ചാബിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ട്രാക്ടർ കത്തിച്ചത്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രതിഷേധം ഡൽഹിയിലേക്കു പടരാതിരിക്കാൻ ജാഗ്രത പുലർത്തിയിരുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് രാവിലെ ട്രക്കിൽ ട്രാക്ടർ എത്തിച്ചത്. ഇന്ത്യാ ഗേറ്റിനു മുന്നിൽ ട്രാക്ടർ റോഡിലിറക്കിയ ശേഷം കത്തിച്ച പ്രവർത്തകർ, കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

സംഭവത്തിൽ അഞ്ച് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കർഷകരുടെ ഉപജീവനമാർഗമായ ട്രാക്ടർ കത്തിച്ച് കോൺഗ്രസ് നടത്തിയ നാടകം രാജ്യത്തിനു നാണക്കേടായെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വിമർശിച്ചു. രാജ്യത്തിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്നവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസർക്കാർ പാസാക്കിയ കർഷക ബില്ലിനെതിരെ രാജ്യമെമ്പാടും രോഷം പുകയുകയാണ്. പഞ്ചാബിലും കർണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കനത്ത പ്രതിഷേധമാണ് കേന്ദ്രസർക്കാരിനെതിരെ ഉയരുന്നത്.

ബില്ലുകളിൽ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ധർണ നടത്തി. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മവാർഷികത്തിൽ, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഖട്കർ കലനിലായിരുന്നു ധർണ. പ്രതിഷേധത്തിൽ വരും ദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലേക്കു പ്രകടനം നടത്താൻ ശ്രമിച്ച കോൺഗ്രസ് ഡൽഹി ഘടകം പ്രസിഡന്റ് അനിൽ കുമാർ ചൗധരി ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ പ്രചാരണങ്ങളിലൂടെ കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തുന്നവർക്കെതിരെ കോടതിയെ സമീപിക്കുമെന്നു ബിജെപി ഡൽഹി ഘടകം വക്താവ് നീൽകാന്ത് ബക്ഷി പറഞ്ഞു.

ബില്ലുകൾക്കെതിരെ തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, തൂത്തുക്കുടി അടക്കം ജില്ലകളിൽ കോൺഗ്രസ്, ഇടതു പാർട്ടികൾ, വിസികെ, എംഡിഎംകെ എന്നിവ പങ്കെടുത്തു. കാഞ്ചീപുരത്തു ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പങ്കെടുത്തു. തൂത്തുക്കുടിയിൽ കനിമൊഴി നേതൃത്വം നൽകി. കർണാടക ബന്ദിൽ മണ്ഡ്യയിലും ശ്രീരംഗപട്ടണത്തും റോഡ് ഉപരോധത്തിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ബെംഗളൂരു നഗരത്തിൽ നാനൂറോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP