Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

യേശു ക്രിസ്തുവിനെ പൊക്കിയെടുത്ത് പൊലീസ് ഹെലികോപ്റ്റർ പറന്നു; രക്ഷകനെ കാണാനാകാതെ കണ്ണീരോടെ അനുയായികൾ; യേശു ക്രിസ്തുവിന്റെ പുനർജന്മം എന്നവകാശപ്പെട്ട് ജീവിച്ച സൈബീരിയയിലെ കൾട്ട് ലീഡറേ റഷ്യൻ പൊലീസ് പൊക്കിയത് പ്രത്യേക ഓപ്പറേഷനിലൂടെ

യേശു ക്രിസ്തുവിനെ പൊക്കിയെടുത്ത് പൊലീസ് ഹെലികോപ്റ്റർ പറന്നു; രക്ഷകനെ കാണാനാകാതെ കണ്ണീരോടെ അനുയായികൾ; യേശു ക്രിസ്തുവിന്റെ പുനർജന്മം എന്നവകാശപ്പെട്ട് ജീവിച്ച സൈബീരിയയിലെ കൾട്ട് ലീഡറേ റഷ്യൻ പൊലീസ് പൊക്കിയത് പ്രത്യേക ഓപ്പറേഷനിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ശാസ്ത്രവും സാങ്കേതികവിദ്യയും വളരുന്നതിനൊപ്പം ലോകത്ത് അന്ധവിശ്വാസവും വളരുകയാണ്. ഏറ്റവും സങ്കടകരമായ കാര്യം, വിദ്യാഭ്യാസമുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇത്തരത്തിൽ അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുന്നത് എന്നതാണ്. ഇന്ന് മേലനങ്ങി ജോലിചെയ്യാതെ സുഖമായി ജീവിക്കാനുള്ള ഒരു ഉപാധിയായി മാറിയിരിക്കുകയാണ് ആത്മീയത. ഇത്തരം തട്ടിപ്പ് ആത്മീയവാദികൾക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് യേശു ക്രിസ്തുവിന്റെ പുനർജന്മമാണെന്ന് വിശ്വസിപ്പിച്ച് അനുയായികളെ കൂട്ടി ജീവിക്കുന്ന സൈബീരിയയിലെ ഒരു മുൻ പൊലീസ് കോൺസ്റ്റബിൾ.

ആത്മീയത വിറ്റു ജീവിച്ചുവന്നിരുന്ന മുൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ, വിസാരിയോൺ എന്ന് വിളിക്കപ്പെടുന്ന സെർജി ടൊറൊപോ, അയാളുടെ ഉറ്റ അനുയായിയും റോക്ക് സംഗീതജ്ഞനുമായ വാഡിം റെഡ്കിൻ എന്നിവരെ ഒരു പ്രത്യേക ഓപ്പറേഷനിലൂടെ റഷ്യൻ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തു.ചെയ്ത ഉടനെ അവരെ പൊലീസ് ഹെലികോപറ്ററിലേറ്റി കൊണ്ടുപോവുകയും ചെയ്തു. 59 വയസ്സുള്ള ഈ മുൻ പൊലീസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടിരുന്നത് 1990-ൽ താൻ യേശുക്രിസ്തുവിന്റെ പുനർജന്മമായി പുനർജനിച്ചു എന്നായിരുന്നു.

വ്ളാഡിമിർ പുട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റഷ്യൻ നാഷണൽ ഗാർഡ്, എഫ് എസ് ബി സെക്യുരിറ്റി സർവ്വീസ് എന്നിവർ ചേർന്ന് സംയുക്തമായിട്ടായിരുന്നു ഈ ഓപ്പറേഷൻ നടത്തിയത്. ഒരു സൈനിക ഓപ്പറേഷന് സമാനമായി നാല് ഹെലികോപ്റ്ററുകളിലായി ഡസൻ കണക്കിന് ആയുധധാരികളായ സൈനികരാണ് ഇതിൽ പങ്കെടുത്തത്. ജനവാസമില്ലാത്ത സ്ഥലത്തുള്ള സൺ സിറ്റി എന്ന കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയായിരുന്നു ഈ അഭിനവ ആൾദൈവത്തെ അറസ്റ്റ് ചെയ്തത്.

മാനസികമായ ആക്രമണങ്ങൾ അഴിച്ചുവിട്ട് അനുയായികളിൽ ചിലരുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഈ സെക്ട് ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ആരോപിച്ചത്. ടൊറോപ്പിനൊപ്പം , സെക്ടിന്റെ മറ്റ് രണ്ട് നേതാക്കളായ വാഡിം റെഡ്കിൻ, വ്ളാഡിമിർ വെഡെർനിക്കോവ് എന്നിവരേയും അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടോ അതിലധികമോ വ്യക്തികൾക്ക് ശരീരത്തിൽ ഗുരുതരമായ പരിക്കേൽപിച്ചു എന്ന പരാതിയിലും ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

സൈബീരിയയിലെ ക്രാസ്നോയാഴ്സ്‌ക് മേഖലയിലെ അധികം വികസനം എത്തിനോക്കാത്ത കുറാഗിൻസ്‌കി ജില്ലയിലാണ് ഈ കൾട്ടിന്റെ ആസ്ഥാനം. നാല് ഹെലികോപറ്ററുകൾക്കൊപ്പം 50 ബസ്സുകൾ, ഒരു ആംബുലൻസ്, മെഡിക്കൽ വർക്കർമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒരു വലിയ സംഘം സൈനികർ തന്നെയാണ് ഓപ്പറേഷനായി എത്തിയിരുന്നത്. അറസ്റ്റിനു ശേഷം ടൊറൊപ്പിനേയും റെഡ്കിനിനേയും ഹെലികോപ്റ്ററിൽ കയറ്റി ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

പുകവലി, മദ്യപാനം എന്നിവ കർശനമായി നിരോധിക്കപ്പെട്ടിരിക്കുന്ന ഈ കൾട്ട് നിരവധി വർഷങ്ങളായി സൈബീരിയയിൽ നിലനിൽക്കുന്നു. ഇപ്പോൾ ഇത്ര ധൃതിപിടിച്ച്, അതിരാവിലേയുള്ള ഒരു ഓപ്പറേഷനിലൂടെ ഇതിന്റെ നേതാക്കളെ അറസ്റ്റുചെയ്യുവാനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 5000 ത്തോളം അംഗങ്ങളാണ് ഈ കൾട്ടിൽ ഉള്ളത്. അവരിൽ പകുതിയിലധികം പേരും അവരുടെ ആസ്ഥാനമായ സൺസിറ്റി കോമ്പൗണ്ടിൽ മരംകൊണ്ടുണ്ടാക്കിയ കുടിലുകളിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവർ അടുത്തുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നു.

ചർച്ച് ഓഫ് ലാസ്റ്റ് ടെസ്റ്റമെന്റ് എന്നറിയപ്പെടുന്ന ഈ കൾട്ടിന്റെ ആത്മീയ നേതാവായ ടൊറോപ് പത്ത് വോള്യങ്ങളിലായി ബൈബിളിന് ഒരു തുടർച്ചയും രചിച്ചിട്ടുണ്ട്. കുലീനരായ കന്യകകൾക്കായി തങ്ങൾ ഒരു സ്‌കൂളും നടത്തുന്നു എന്ന് കഴിഞ്ഞവർഷം ഇയാൾ ബി ബി സി ന്യുസിനോട് പറഞ്ഞിരുന്നു. കുലീനരായ പുരുഷന്മാരുടെ ഭാവി വധുക്കളാകാനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നതെന്നും അയാൾ വ്യക്തമാക്കിയിരുന്നു. പുരുഷനു മേൽ ആധിപത്യം സ്ഥാപിക്കാനോ സ്വന്തം സ്വാതന്ത്ര്യം ഉദ്ഘോഷിക്കാനോ അല്ല ഒരു സ്ത്രീ മുതിരേണ്ടതെന്നും മറിച്ച് ലജ്ജാവതിയും ദുർബലയും, എന്നും ഭർത്താവിന്റെ തണലിൽ ജീവിക്കുന്ന ഭാര്യയുമാകാനാണ് ഒരു സ്ത്രീ ശ്രമിക്കേണ്ടതെന്നും അയാൾ പറഞ്ഞിരുന്നു.

അനുയായികൾക്കിടയിൽ വിസാരിയോൺ എന്ന് അറിയപ്പെടുന്ന ഇയാൾക്ക് രണ്ട് ഭാര്യമാരും ആറ് കുട്ടികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതിനിടയിൽ ഏഴു വയസ്സുമുതൽ അയാളോടൊപ്പം ജീവിക്കുന്ന ഒരു 19 വയസ്സുകാരിയെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. ആഡംബരങ്ങളും സൗകര്യങ്ങളും നിറഞ്ഞ ഒരു ബംഗ്ലാവിലാണ് ഇയാൾ താമസിക്കുന്നത്. അതേ സമയം ഇയാളുടെ അനുയായികൾ താമസിക്കുന്നത് മരം കൊണ്ടുണ്ടാക്കിയ കുടിലുകളിലും, അതും ലോകത്തിലെ തന്നെ ഏറ്റവും ശൈത്യമേറിയ ഒരു മേഖലയിൽ.

സൈബീരിയൻ പട്ടണമായ മിനുസിൻസ്‌കിൽ ഒരു രാത്രികാല ട്രാഫിക് കോൺസ്റ്റബിളായിരുന്ന ഇയാളെ പിന്നീട് ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിനു ശേഷമാണത്രെ ഇയാൾക്ക് വെളിപാടുണ്ടാകുന്നത്. പ്രകൃതിയെ നശിപ്പിക്കാനുള്ള ഉദ്യമങ്ങളിൽ നിന്നും മനുഷ്യ രാശിയെ പിൻതിരിപ്പിക്കാനും യുദ്ധത്തിന്റെ തിന്മകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമായി ദൈവം തന്നെ ഇങ്ങോട്ട് അയച്ചതാണെന്നാണ് ഇയാൾ പറയുന്നത്.

ക്രിസ്ത്മസ്സ് ആഘോഷങ്ങൾ നിരോധിച്ച ഈ ആത്മീയനേതാവ് തന്റെ ആദ്യകുർബാന ദിവസമായ ഓഗസ്റ്റ് 18 ആണ് അനുയായികൾക്ക് ആഘോഷിക്കുവാനുള്ള ദിവസമായി നിശ്ചയിച്ചത്. ക്രിസ്തുവിന്റെ മാതാവായ മേരി തന്റെ സ്വന്തം അമ്മയാണെന്നും അയാൾ അവകാശപ്പെടുന്നു. ഔദ്യോഗിക രേഖകളിൽ ഇയാളുടെ മാതാവിന്റെ പേര് പക്ഷെ നാദിയേസ്ഡ എന്നാണ്. ജർമ്മനിയിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ഇയാൾക്ക് അനുയായികളുണ്ട്.

അനുയായികൾക്കെതിരെ മാനസിക പീഡനം നടത്തി, രണ്ടോ അതിലധികമോ പേർക്ക് ശാരീരികമായ പരിക്കുകൾ ഉണ്ടാക്കി എന്നിവയാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ. കൂടുതൽ വിശദാംശങ്ങൾ വെളിവായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP