Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

മാമൻ മാപ്പിള ഹാളിൽ 50 പേർ മാത്രം; ലക്ഷങ്ങൾ ഓൺലൈനിലൂടെ പങ്കെടുത്ത് ആവേശം കൊള്ളും; സോണിയാ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും; പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രാവിലെ പര്യടനം: കോവിഡ് പ്രോട്ടോക്കോളിൽ ഒതുങ്ങി നിയമസഭയിലെ 50-ാം വാർഷികം ഇന്ന് അസാധ്യ കാര്യങ്ങളുടെ തമ്പുരാൻ ആഘോഷിക്കുന്നത് ഇങ്ങനെ

മാമൻ മാപ്പിള ഹാളിൽ 50 പേർ മാത്രം; ലക്ഷങ്ങൾ ഓൺലൈനിലൂടെ പങ്കെടുത്ത് ആവേശം കൊള്ളും; സോണിയാ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും; പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രാവിലെ പര്യടനം: കോവിഡ് പ്രോട്ടോക്കോളിൽ ഒതുങ്ങി നിയമസഭയിലെ 50-ാം വാർഷികം ഇന്ന് അസാധ്യ കാര്യങ്ങളുടെ തമ്പുരാൻ ആഘോഷിക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50- ാം വാർഷികം ഇന്ന് ആഘോഷമാക്കും. വൈകിട്ട് അഞ്ചിനു മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സൂം ആപ്പ് വഴി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ആഘോഷത്തിൽ 50 പേർ മാത്രമായിരിക്കും പങ്കെടുക്കുക. അതേസമയം ലക്ഷങ്ങളായിരിക്കും ഓൺലൈനിലൂടെ ഈ പരിപാടി കാണുക.

ഉമ്മൻ ചാണ്ടിയെ കരുത്തുറ്റ നേതാവാക്കി മാറ്റിയ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇന്നു രാവിലെ ഉമ്മൻ ചാണ്ടി പര്യടനം നടത്തും. അദ്ദേഹവും കുടുംബവും തിരുവനന്തപുരത്തുനിന്ന് ഇന്നലെ പുതുപ്പള്ളിയിലെത്തി. ക്ഷണിക്കപ്പെട്ട 50 പേരാണ് നേരിട്ടു പങ്കെടുക്കുക. മറ്റുള്ളവർ വിഡിയോ കോൺഫറൻസ് വഴി ചേരും. സാമൂഹിക, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലെ 50 പ്രമുഖവ്യക്തികളാണ് മാമൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുക. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്‌നിക് തുടങ്ങിയവർ ആശംസ നേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വിവിധ മുന്നണിനേതാക്കൾ എന്നിവരും പങ്കെടുക്കും.

Stories you may Like

16 ലക്ഷം ആളുകൾ ഓൺലൈനിൽ കാണുമെന്നാണ് സംഘാടകരായ കോട്ടയം ഡി.സി.സി. കരുതുന്നത്. വിവിധ മണ്ഡലം കമ്മിറ്റികൾ പൊതുഇടങ്ങളിൽ പരിപാടി കാണാൻ സൗകര്യം ഒരുക്കും. വൈകീട്ട് 3.30-ന് ദേശഭക്തിഗാനത്തോടെ തുടക്കം. ഉമ്മൻ ചാണ്ടിയുടെ ജീവിതരേഖ 4.30-ന് പ്രദർശിപ്പിക്കും. ഹാളിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം.
പുതുപ്പള്ളിയിലെ വീട്ടിൽനിന്ന് രാവിലെ പുറപ്പെട്ട് ഏഴിന് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കും. 10-ന് പുതുപ്പള്ളിയിൽ സമ്മേളനം. അവിടെനിന്ന് വാകത്താനം, മീനടം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം, മണർകാട് പഞ്ചായത്തുകളിലൂടെ പോകും. രണ്ടിന് കോട്ടയത്തേക്ക് മടങ്ങും. ഉച്ചഭക്ഷണം കഴിഞ്ഞ് പൊതുപരിപാടിയിൽ എത്തും.

തപാൽ സ്റ്റാംപ് പുറത്തിറക്കി
ഉമ്മൻ ചാണ്ടി നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മൈ സ്റ്റാംപ് പദ്ധതിയിൽ തയാറാക്കിയ തപാൽ സ്റ്റാംപ് പുറത്തിറക്കി. ഉമ്മൻ ചാണ്ടി നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മൈ സ്റ്റാംപ് പദ്ധതിയിൽ തയാറാക്കിയ തപാൽ സ്റ്റാംപ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെ ന്നി ബഹനാൻ, എം.കെ. രാഘ വൻ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു. അഞ്ചു രൂപയുടെ സ്റ്റാംപ് ആണ് ഇറക്കിയത്.

ആശംസകളാൽ നിറഞ്ഞ് പുതുപ്പള്ളി ഹൗസ്
ഇന്നലെ മുതൽ തിരുവനന്തപുരത്തെ ഉണ്ണൻ ചണ്ടിയുടെ പുതുപ്പള്ളി ഹൗസ് ആശംസകളാൽ നിറഞ്ഞു നിൽക്കുകയാണ്. സുവർണ ജൂബിലിയുടെ തലേ ദിവസമായ ഇന്നലെ മുതൽ ആശംസ നേരാനെത്തിയവരുടെ തിരക്കായിരുന്നു രാവിലെ മുത. തൊണ്ട ശരിയല്ലെങ്കിലും പതിഞ്ഞ ശബ്ദത്തിൽ എല്ലാവരെയും സ്‌നേഹപൂർവം അദ്ദേഹം സ്വീകരിച്ചു, വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

മുൻ മന്ത്രി വി എസ്. ശിവകുമാർ ഷാൾ അണിയിച്ച് ആദരിച്ചപ്പോൾ ക്രൂശിത ക്രിസ്തുരൂപം ഭാര്യ ഉപഹാരമായി നൽകി. പന്തളത്തു പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ക്ലാസിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോയ ആളാണിതെന്നു പറഞ്ഞാണു പന്തളം സുധാകരൻ ഉമ്മൻ ചാണ്ടിയെ ഷാൾ അണിയിച്ചത്. ഗുരുസ്ഥാനത്താണു കാണുന്നതെന്നു പറഞ്ഞ് അദ്ദേഹം കാൽ തൊട്ടു വന്ദിച്ചു. ഇടയ്ക്ക് ബൊക്കെയുമായി എത്തിയ ഒരു പ്രവർത്തകൻ ഉമ്മൻ ചാണ്ടിയെ കെട്ടിപ്പിടിച്ചു സ്‌നേഹം പ്രകടിപ്പിച്ചു. സന്ദർശകരെല്ലാം ഉമ്മൻ ചാണ്ടിക്കൊപ്പം പടം എടുത്ത ശേഷമാണ് മടങ്ങിയത്.

ഇതിനിടെ എത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടി സമരപ്പന്തലിൽ നിന്നു മടങ്ങിയെത്തും വരെ കാത്തിരുന്നു. കെപിസിസി, ഡിസിസി ഭാരവാഹികളടക്കം ആശംസ നേരാൻ വന്നു കൊണ്ടേയിരുന്നു. ഇടയ്ക്കു കേക്ക് വിതരണം. മുൻ സ്പീക്കർമാരായ കെ.രാധാകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, എം.വിജയകുമാർ, സംവിധായകൻ ബാലചന്ദ്രമേനോൻ തുടങ്ങി ഒട്ടേറെപ്പേർ ഫോണിൽ ആശംസ നേർന്നു.

കെപിസിസി ആഘോഷം നാളെ
കെപിസിസി സംഘടിപ്പിക്കുന്ന, ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സുവർണജൂബിലി ആഘോഷം നാളെ നടക്കും. രാവിലെ 11ന് ഇന്ദിരാഭവനിൽ പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.

കൊച്ചി മെട്രോ മുതൽ കണ്ണൂർ വിമാനത്താവളം വരെ
അസാധ്യ കാര്യങ്ങൾ ചെയ്യുന്നതിൽ ഉമ്മൻ ചാണ്ടിയുടെ മിടുക്ക് വളരെ വലുതാണ്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിഞ്ഞതാണ് ജനപ്രതിനിധിയെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവനയെന്നു മുൻ ചീഫ് സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തുന്നു

1995 ൽ തുടക്കമിട്ട വിഴിഞ്ഞം പദ്ധതി വിവാദങ്ങളിൽ കുരുങ്ങി 20 വർഷമാണു നീണ്ടുപോയത്. 2011 ൽ അധികാരമേറ്റശേഷം ഉമ്മൻ ചാണ്ടി മുൻകയ്യെടുത്താണ് കുരുക്കഴിച്ചു തുടങ്ങിയത്. കേന്ദ്രസർക്കാരിൽ തുടർച്ചയായി സമ്മർദം ചെലുത്തി അനുമതികൾ നേടിയെടുത്ത് 2015 ഡിസംബറിൽ തുറമുഖ നിർമ്മാണം തുടങ്ങി. പാർട്ടിക്കുള്ളിൽ നിന്നു പോലും ശക്തമായ എതിർപ്പു നേരിടേണ്ടി വന്നു. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 6500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയപ്പോൾ പദ്ധതിക്കു പൂർണപിന്തുണ നൽകി. അടുത്തവർഷം തുറമുഖം പ്രവർത്തനം തുടങ്ങും.

പലവിധ വിവാദങ്ങളിൽ കുരുങ്ങി നീണ്ടുപോയ കൊച്ചി മെട്രോ നിർമ്മാണത്തിനു തുടക്കമിട്ടത് 2012 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. വിവാദങ്ങൾക്കൊടുവിൽ ഡിഎംആർസിക്കു കരാർ നൽകി 2013 ൽ നിർമ്മാണം തുടങ്ങി. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സർവീസ് തുടങ്ങാൻ പക്ഷേ, 2017 വരെ കാത്തിരിക്കേണ്ടിവന്നു.

1997 ൽ തുടക്കമിട്ട പദ്ധതിയാണെങ്കിലും കണ്ണൂർ വിമാനത്താവളത്തിനു കേന്ദ്രാനുമതി ലഭിച്ചത് 2008 ലാണ്. പക്ഷേ, തുടർപ്രവർത്തനങ്ങൾ നീങ്ങിയില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014 ലാണ് നിർമ്മാണം തുടങ്ങിയത്. 2016 ൽ എയർഫോഴ്‌സിന്റെ ആദ്യവിമാനം പരീക്ഷണാർഥം വിമാനത്താവളത്തിലിറക്കി. 2018 ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കി ഔദ്യോഗിക സർവീസുകൾ തുടങ്ങി.

എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചത് ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാർ ആയിരുന്നു. 8 മെഡിക്കൽ കോളജുകൾ സ്ഥാപിക്കാനായിരുന്നു സർക്കാർ പദ്ധതി. ആദ്യത്തേത് മഞ്ചേരിയിൽ 2013ൽ ഉദ്ഘാടനം ചെയ്തു. 31 വർഷത്തിനുശേഷം കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ മെഡിക്കൽ കോളജ് ആയിരുന്നു അത്.

40 വർഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയപാതാ ബൈപാസുകളുടെ നിർമ്മാണം പുനരാരംഭിച്ചത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ്. ചെലവിന്റെ 50% സംസ്ഥാനം വഹിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കഴക്കൂട്ടംമുക്കോല) ബൈപാസുകളുടെ നിർമ്മാണം പുനരാരംഭിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP