Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പ്രതിദിന മരണസംഖ്യ 2000 കവിയുമ്പോഴും രോഗവ്യാപനം കുറഞ്ഞെന്ന് അവകാശപ്പെട്ട് ട്രംപ്; വൈറസ് വന്ന വഴിയെ മടങ്ങുമെന്നും പ്രസിഡണ്ട്; രോഗവ്യാപനം തുടരുമ്പോഴും മോട്ടോർ സൈക്കിൾ റാലിക്കായി ഒത്തുകൂടിയത് ആയിരങ്ങൾ; ഫേസ് മാസ്‌കും സാമൂഹിക അകലവും കെട്ടുകഥയാകുമ്പോൾ അമേരിക്ക നീങ്ങുന്നത് വൻ ദുരന്തത്തിലേക്കോ ?

പ്രതിദിന മരണസംഖ്യ 2000 കവിയുമ്പോഴും രോഗവ്യാപനം കുറഞ്ഞെന്ന് അവകാശപ്പെട്ട് ട്രംപ്; വൈറസ് വന്ന വഴിയെ മടങ്ങുമെന്നും പ്രസിഡണ്ട്; രോഗവ്യാപനം തുടരുമ്പോഴും മോട്ടോർ സൈക്കിൾ റാലിക്കായി ഒത്തുകൂടിയത് ആയിരങ്ങൾ; ഫേസ് മാസ്‌കും സാമൂഹിക അകലവും കെട്ടുകഥയാകുമ്പോൾ അമേരിക്ക നീങ്ങുന്നത് വൻ ദുരന്തത്തിലേക്കോ ?

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയിലെ പുതിയ ഹോട്ട്സ്പോട്ടായി മാറിയ ഫ്ളോറിഡ, ടെക്സാസ്, അരിസോണ എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറയുകയാണെന്ന് പ്രസിഡണ്ട് ട്രംപ് അവകാശപ്പെടുമ്പോഴും ഇന്നലെ അമേരിക്കയിൽ കോവിഡ് മൂലം മരണമടഞ്ഞത് 2060 പേർ. മെയ്‌ മാസത്തിനു ശേഷം ഇതാദ്യമായാണ് പ്രതിദിന മരണ സംഖ്യ 2000 കടക്കുന്നത്. എന്നാൽ അപ്പോഴും അമേരിക്കൻ പ്രസിഡണ്ടിന് നിസ്സംഗതയാണ്. വൈറസ് അതിന്റെ പാട്ടിന് വന്നവഴിയേ മടങ്ങിക്കോളും എന്നാണ് അദ്ദേഹം പറയുന്നത്.

ആരംഭം മുതൽക്കേ കൊറോണയെന്ന കുഞ്ഞൻ വൈറസിന്റെ മാരകമായ പ്രഹരശേഷിയെ നിസ്സാരമായി കണ്ടിരുന്നയാളായിരുന്നു ട്രംപ്. അമേരിക്കയിൽ സ്ഥിതിഗതികൾ ഇത്ര വഷളാകാൻ ട്രംപിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഒരുപരിധി വരെ കാരണമായതെന്ന അരൊപണം പല കോണുകളിൽ നിന്നും ഉയരുന്നുമുണ്ട്. ഫ്ളൂ വന്ന് പ്രതിവർഷം എത്രയോ പേർ മരിക്കുന്നു എന്നിട്ടും അമേരിക്ക അടച്ചിട്ടില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനതന്നെ അദ്ദേഹം ഈ പകർച്ചവ്യാധിയോട് എടുക്കുന്ന സമീപനത്തിന് നല്ലൊരു ഉദാഹരണമായിരുന്നു.

Stories you may Like

ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിച്ചാൽ രോഗം ഭേദമാകുമെന്നും, പിന്നീട് രോഗത്തേക്കാൾ ചെലവേറിയ ചികിത്സ വേണ്ടെന്നുമൊക്കെയുള്ള പ്രസ്താവനകളുമായി അദ്ദേഹം പലതവണ, കൊറോണയുടെ ഗൗരവത്തെ നിസ്സാരവത്ക്കരിച്ചിരുന്നു. ഇതിന്റെയൊക്കെ അനന്തരഫലമാണ് അമേരിക്കയിൽ ഇന്നും ഒഴിയാത്ത കൊറോണാ വ്യാപനം. ഇതുവരെ 1,61,00 ത്തിൽ അധികം പേരാണ് അമേരിക്കയിൽ ഈ പകർച്ചവ്യാധിക്ക് കീഴടങ്ങി മരണമടഞ്ഞത്. ലോകത്തെ മൊത്തം കോവിഡ് മരണങ്ങളുടെ നാലിലൊന്ന് വരും ഇത്.

കാലിഫോർണീയ, ഫ്ളോറിഡ, ടെക്സാസ് എന്നീ സംസ്ഥാനങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ കാര്യത്തിൽ കുറവ് ദൃശ്യമാണെങ്കിലും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തുന്നതും ഇവിടങ്ങളിലാണ് എന്നതൊരു സത്യമാണ്. പ്രതിദിനം ഏകദേശം 60,000 ത്തോളം പുതിയ കേസുകൾ രേഖപ്പെടുത്തുന്ന അമേരിക്ക ഇന്ന് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രോഗബാധയിലും മരണനിരക്കിലും ലോകത്തിൽ പത്താം സ്ഥാനത്താണ്. 23 സംസ്ഥാനങ്ങളിൽ മരണനിരക്ക് വർദ്ധിക്കുകയാണെന്നും 20 സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന് ശക്തി കൂടിയിട്ടുണ്ടെന്നുമാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

സ്ഥിതിഗതികൾ ഗുരുതരമായി തുടരുമ്പോഴും സാമൂഹിക അകലം പാലിക്കാതേയും മാസ്‌കുകൾ ധരിക്കാതേയും ആയിരക്കണക്കിന് ബൈക്ക് പ്രേമികളാണ് എല്ലാ വർഷവും നടക്കുന്ന സ്റ്റർജീസ് മോട്ടോർസൈക്കിൾ റാലിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. പത്ത് ദിവസം നടക്കുന്ന ആഘോഷങ്ങൾക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് തുടക്കം കുറിച്ചത്. സംഗീതം, ബൈക്ക് സ്റ്റണ്ടുകൾ, ബൈക്ക് റേസിങ് തുടങ്ങിയവയുള്ള ഈ മഹോത്സവത്തിന് സൗത്ത് ഡെക്കോട്ടയിലെ നഗരത്തിൽ ഏകദേശം 2.5 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ കരുതുന്നത്.

ആദ്യദിവസം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അയിരക്കണക്കിന് ബൈക്ക് പ്രേമികൾ മാസ്‌കുകൾ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഉത്സവപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റർജി നഗര അധികൃതർ ഈ ആഘോഷം റദ്ദ് ചെയ്താലും ആയിരക്കണക്കിന് ബൈക്ക് പ്രേമികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടെ എത്തിച്ചേരുമെന്ന് അറിഞ്ഞതുകൊണ്ടാണ് ആഘോഷ പരിപാടികൾ മാറ്റിവയ്ക്കാതിരുന്നതെന്നാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പറയുന്നത്.

1938 മുതൽ എല്ലാ വർഷവും നടക്കുന്ന ഉത്സവമാണ് സ്റ്റെർജീസ് മോട്ടോർസൈക്കിൾ റാലി. കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇതിനായി ഇവിടെ എത്തിച്ചേർന്നത്. മഹാവ്യാധിയുടെ ഭീതി നിലനിൽക്കുന്നതിനാൽ ഈ വർഷം സന്ദർശകരുടെ എണ്ണം നേർ പകുതിയായേക്കാം എന്നാണ് സംഘാടകർ കരുതുന്നത്. നിരവധി പേരാണ് കൊറോണയെ അവഗണിച്ച് ഇവിടെ എത്താൻ പോകുന്നതെന്ന്, റാലിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിൽ പിന്നെ ഇന്നുവരെ സൗത്ത് ഡെക്കോട്ടയിൽ 9,300 പേർക്കാണ് കോവിഡ് ബാധ ഉണ്ടായിട്ടുള്ളത്. 144 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP