Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉരുൾ പൊട്ടൽ ഭീതിയിൽ മലയോര മേഖല; നദികളും ഡാമുകളും നിറഞ്ഞതോടെ നാലു ജില്ലകളിൽ റെഡ് അലേർട്ട്; പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ട് ശബരിമലയും പമ്പയും: ഇടുക്കി അണക്കെട്ടിൽ 32 മണിക്കൂറിനുള്ളിൽ ഉയർന്നത് എട്ടടി വെള്ളം; വെള്ളം രണ്ടടി കൂടി ഉയർന്നാൽ മുല്ലപ്പെരിയാറിലും ഷട്ടറുകൾ തുറക്കും: പ്രളയ ഭീതിയിൽ വിറങ്ങലിച്ച് കേരളം

ഉരുൾ പൊട്ടൽ ഭീതിയിൽ മലയോര മേഖല; നദികളും ഡാമുകളും നിറഞ്ഞതോടെ നാലു ജില്ലകളിൽ റെഡ് അലേർട്ട്; പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ട് ശബരിമലയും പമ്പയും: ഇടുക്കി അണക്കെട്ടിൽ 32 മണിക്കൂറിനുള്ളിൽ ഉയർന്നത് എട്ടടി വെള്ളം; വെള്ളം രണ്ടടി കൂടി ഉയർന്നാൽ മുല്ലപ്പെരിയാറിലും ഷട്ടറുകൾ തുറക്കും: പ്രളയ ഭീതിയിൽ വിറങ്ങലിച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം വീണ്ടും പ്രളയ ഭീതിയിൽ. രണ്ട് ദിവസമായി നിർത്താതെ പെയ്ത കനത്ത മഴയിൽ നദികൾ കരകവിയുകയും ഡാമുകൾ നിറയുകയും ചെയ്തതോടെ കേരളം വീണ്ടും പ്രളയ ഭീതിയിലായിരിക്കുകയാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ശക്തമായതോടെ ജനം ഭീതിയോടെയണ് ജീവിക്കുന്നത്. രണ്ട് ദിവസമായി പെയ്ത തോരാമഴയിൽ കേരളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.

വീണ്ടും ഉരുൾ പൊട്ടാനും നദികളിൽ വെള്ളം പൊങ്ങാനും ഇടയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. അപകടമേഖലയിലുള്ളവരെ അടിയന്തരമായി മാറ്റാൻ കലക്ടർമാർക്കു സർക്കാർ നിർദ്ദേശം നൽകി. മലയോര മേഖലയിൽ രാത്രി ഗതാഗതം നിരോധിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരവാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. നദികളും ഡാമുകളും നിറഞ്ഞതോടെ നാലു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും നൽകി. വടക്കൻ ജില്ലകളിലും ഇടുക്കിയിലും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ മഴ കുറയും. നാളെ മറ്റൊരു ന്യൂനമർദം രൂപംകൊള്ളുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണു നിഗമനം.

പത്തനംതിട്ട ജില്ലയിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്നും തീവ്രമഴയുടെ മുന്നറിയിപ്പാണ് ജില്ലയിലുള്ളത്. പമ്പാ ത്രിവേണി മുങ്ങിയ നിലയിലാണ്. 2018ലെ പ്രളയത്തിനു സമാനമായി നിമിഷനേരംകൊണ്ട് ത്രിവേണിയിൽ ജലം ഇരമ്പിയെത്തി. പമ്പയിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടലുണ്ടായി. വലിയ മരങ്ങൾ വെള്ളത്തിനൊപ്പം ഒഴുകിയെത്തി. ശബരിമല ഉൾവനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പമ്പ, കക്കി നദികൾ കരകവിഞ്ഞ് ത്രിവേണി പൂർണമായും മുങ്ങി. വ്യാഴാഴ്ച രാത്രി ജലനിരപ്പ് ഉയർന്നെങ്കിലും ഇന്നലെ രാവിലെ താഴ്ന്നിരുന്നു. രാവിലെ 11ന് ശേഷമാണ് വീണ്ടും വെള്ളമെത്തി ത്രിവേണി പൂർണമായും മുങ്ങിയത്. റാന്നി ടൗണിൽ വെള്ളം കയറി. ഇട്ടയപ്പാറ ബസ് സ്റ്റാൻഡും സമീപ സ്ഥാപനങ്ങളും വെള്ളത്തിലായി. ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞു. ശബരിമല പാതയിൽ വടശേരിക്കര കന്നാംപാലത്തിനും മനോരമ മുക്കിനും മധ്യേ വെള്ളം കയറി. പമ്പാനദിയിൽ നിന്നുള്ള വെള്ളം തോട്ടിലൂടെ എത്തിയാണ് റോഡ് മുങ്ങിയത്.

കനത്തമഴയിൽ ശബരിമല പാതയിൽ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ശബരിമലയും പമ്പയും പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. പാതയിൽ വാഹനഗതാഗതം പൂർണമായി നിലച്ചു. ഒറ്റക്കല്ല്, പ്ലാംതോട് എന്നിവിടങ്ങളിലുണ്ടായ മണ്ണിടിച്ചിൽ ഇനിയും നീക്കം ചെയ്യാനായിട്ടില്ല. ഒറ്റക്കല്ല് ഭാഗത്തെ മണ്ണിടിച്ചിൽ ശനിയാഴ്ച ഉച്ചയോടെയെങ്കിലും നീക്കംചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സീതത്തോട്ടിൽനിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി റോഡിൽവീണുകിടന്ന മരങ്ങൾ മുറിച്ചുനീക്കി. ശബരിമല പാതയിൽ പലയിടത്തും മണ്ണിടിയുമെന്ന ഭീതി ഉണ്ട്. പ്ലാപ്പള്ളി, രാജാമ്പാറ, അട്ടത്തോട് മേഖലയിലായി പലയിടത്തും ചെറിയ തോതിൽ മണ്ണിടിഞ്ഞു.

കിഴക്കൻ മേഖലയിൽ പെയ്ത കനത്ത മഴയിലും ഉരുൾപൊട്ടലിലും റാന്നിയിൽ വെള്ളം കയറി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. റാന്നി ടൗണിൽ മാമുക്ക്, പേട്ട എന്നിവിടങ്ങളിൽ വെള്ളം കയറി. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്ന പ്രദേശങ്ങളിലും വെള്ളം കയറി. രാത്രി 10 മണിയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പുനലൂർമൂവാറ്റുപുഴ പാതയിൽ മാമുക്ക്, ചെത്തോങ്കര എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അത്തിക്കയംമടന്തമൺ റോഡിൽ രണ്ടിടത്തും വെള്ളം കയറിയിട്ടുണ്ട്. ചെട്ടിമുക്ക്‌വലിയകാവ് റോഡിൽ പുള്ളോലി ഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

മഴ കനത്താൽ 20 ദിവസത്തിൽ ഇടുക്കി ഡാം നിറയും
മഴ കനത്താൽ 20 ദിവസത്തിനുള്ളിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്തും.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ ശക്തമായ മഴ രേഖപ്പെടുത്തി 22.64 സെന്റീമീറ്റർ. ഈ വർഷം ഇതു വരെ പെയ്ത ഏറ്റവും വലിയ മഴയാണിത്. വ്യാഴാഴ്ച പെയ്ത മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് 6 അടി ഉയർന്നിരുന്നു. ജലനിരപ്പ് 2402 അടി കടന്നപ്പോൾ 2018 ഓഗസ്റ്റ് 9 ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി. ഒരു മാസത്തിനു ശേഷമാണ് താഴ്‌ത്തിയത്.

മുല്ലപ്പെരിയാറിലും ഷട്ടറുകൾ തുറന്നേക്കും
വള്ളം രണ്ടടി കൂടി ഉയർന്നാൽ മുല്ലപ്പെരിയാറിലും ഷട്ടറുകൾ തുറക്കും. ഇത് സംബന്ധിച്ച് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. രണ്ടാമത്തെ മുന്നറിയിപ്പ് കൂടി വന്നാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും. മുല്ലപ്പെരിയാർ തുറക്കുമോ എന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് വേഗം ഉയരർന്നതോടെ ചെറുതോണി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് നാലിന് ജലനിരപ്പ് 2355.90 അടിയിലെത്തി. 32 മണിക്കൂറിനുള്ളിൽ അണക്കെട്ടിൽ എട്ട് അടി വെള്ളം വർധിച്ചു. വെള്ളം പുറത്തേക്ക് ഒഴുക്കിവിടണമെങ്കിൽ ഇനി 18 അടി കൂടി ജലനിരപ്പ് ഉയരണം. നിലവിലെ അവസ്ഥ തുടർന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ജലനിരപ്പ് ഷട്ടറിന് ഒപ്പം എത്തും. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. എന്നാൽ, പ്രളയസാധ്യത വിലയിരുത്തി, ഓഗസ്റ്റിൽ ജലനിരപ്പ് 2382-ൽ എത്തിയാൽ ഷട്ടർ തുറക്കാനാണ് വൈദ്യുതി ബോർഡിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്.

കഴിഞ്ഞവർഷം ഇതേ ദിവസത്തേക്കാൾ 37 അടി വെള്ളം നിലവിൽ കൂടുതലുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച 22.6 സെന്റിമീറ്റർ മഴപെയ്തു. ഈ വർഷം ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് ആറ് വരെ 1401.6 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ 550 മില്ലിമീറ്റർ മഴ ഈ വർഷം അധികം ലഭിച്ചു.

ഇടുക്കിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകം
രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴ ഇടുക്കിക്കാർക്ക് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായതാണ് ഇടുക്കിക്കാരെ ഭീതിയിലാഴ്‌ത്തുന്നത്. കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളുടെ ഉയർന്ന മേഖലകളിൽ ഉണ്ടായ ഒട്ടേറെ ഉരുൾപൊട്ടലുകളിലും മണ്ണിടിച്ചിലുകളിലും വ്യാപക കൃഷി നാശം. കിഴക്കേമാട്ടുക്കട്ട മേഖലയിൽ തോട്ടങ്ങളിലാണ് കൂടുതലായി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായത്. വലിയ പടുതാക്കുളം ഉൾപ്പെടെ തകർന്ന് താഴേയ്ക്ക് ഒഴുകി എത്തിയത് നാശനഷ്ടത്തിന്റെ തോത് വർധിപ്പിച്ചു.

കിഴക്കേമാട്ടുക്കട്ട, പടുക മേഖലകളിൽ 20 ഹെക്ടറോളം കൃഷിസ്ഥലം ഒലിച്ചുപോയി. കിഴക്കേമാട്ടുക്കട്ട മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന മേഖലകളിൽ നിന്ന് 11 കുടുംബങ്ങളിലെ 43 പേരെ 2 ദുരിതാശ്വാസ ക്യാംപുകളിലേക്കായി മാറ്റി. ഡോർലാൻഡ്, പൂവന്തിക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലുകളും വ്യാപക നാശം വിതച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് പതിനേഴിൽ അധികം വീടുകളിൽ വെള്ളം കയറി. പല വീടുകളിൽ നിന്നും വീട്ടുപകരണങ്ങൾ ഒലിച്ചുപോയി. ചില വീടുകളിൽ എട്ടടിയോളം വരെ ഉയരത്തിൽ വെള്ളം ഉയർന്നു. ഇന്നലെ രാവിലെ വെള്ളം ഇറങ്ങി. ഈ വീടുകളിലെല്ലാം മണ്ണും ചെളിയും അടിഞ്ഞു കിടക്കുകയാണ്. ഇവ വൃത്തിയാക്കി വീടുകളുടെ കേടുപാടുകൾ പരിഹരിച്ച് താമസ യോഗ്യമാക്കാൻ ഏറെ ബുദ്ധിമുട്ടാണ്.

കനത്ത മഴയിൽ കുമളി മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ. മുല്ലയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ റോഡ് പൂർണമായും തകർന്നു. വ്യാപകമായ കൃഷി നാശവും ഉണ്ടായി. വ്യാഴാഴ്ച രാത്രി 9 -ന് ശേഷമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കുമളി 65-ാം മൈലിൽ നിന്ന് മുല്ലയാറിലേയ്ക്കുള്ള റോഡ് ഒരു കിലോമീറ്ററോളം പൂർണമായി തകർന്നു. മലവെള്ളം ഈ ഭാഗത്തുള്ള തോട്ടിൽ നിന്ന് ഗതി മാറി റോഡിലൂടെ ഒഴുകുകയായിരുന്നു. 100-ലധികം കുടുംബങ്ങൾ മുല്ലയാർ ഭാഗത്ത് താമസിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രളയ ദുരന്തത്തിൽ പെട്ടവർക്കായി നാല് തരം ക്യാംപുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ക്വാറന്റീനിൽ കഴിയുന്നവർക്കും രോഗലക്ഷണമുള്ളവർക്കും കോവിഡ് ബാധിച്ചാൽ അപകടസാധ്യത കൂടിയവർക്കും സാധാരണക്കാർക്കും വെവ്വേറെ ക്യാംപുകളുണ്ടാകും. ജലാശയങ്ങളിലിറങ്ങരുതെന്നും പാലങ്ങളിൽ കാഴ്ച കാണാൻ നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ആറ് ചെറു ഡാമുകളിലും റെഡ് അലർട്ട്

ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, ഇരട്ടയാർ, പത്തനംതിട്ടയിലെ മൂഴിയാർ, തൃശൂരിലെ പെരിങ്ങൽക്കുത്ത് എന്നീ ചെറു ഡാമുകളിൽ ജലനിരപ്പ് അപകടനിലയിലും മുകളിലെത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകളിൽ മുന്നറിയിപ്പില്ല.

ഇടുക്കി, വയനാട് ജില്ലകളിലാണ് അതിതീവ്രമഴ പെയ്തത്. ഇടുക്കിയിലെ പീരുമേട്ടിൽ 26.1 സെന്റിമീറ്റർ മഴ പെയ്തു. മറ്റു സ്ഥലങ്ങളിലിങ്ങനെ ഇടുക്കി 22.1, മൂന്നാർ 22.9, മാനന്തവാടി 21.

17 ചെറു ഡാമുകൾ തുറന്നു.

  •  ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, ഇരട്ടയാർ.
  • പത്തനംതിട്ട: മണിയാർ, മൂഴിയാർ
  •  പാലക്കാട്: മൂലത്തറ, മംഗലം, ശിരുവാണി, കാഞ്ഞിരപ്പുഴ
  • തൃശൂർ: പെരിങ്ങൽക്കുത്ത് പൂമല
  •  വയനാട്: കാരാപ്പുഴ
  •  കോഴിക്കോട്: കുറ്റ്യാടി, കക്കയം
  •  കണ്ണൂർ: പഴശ്ശി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതു പരിഗണിച്ച് ഇടുക്കിയിലെ ജനറേറ്ററുകളുടെ പ്രവർത്തനം വർധിപ്പിച്ചു ജലനിരപ്പ് നിയന്ത്രിക്കുന്നതിനു ബോർഡ് നിർദേശിച്ചിട്ടുണ്ട്.

ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുര സാഗർ, ഷോളയാർ തുടങ്ങിയ വൻകിട ഡാമുകളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകട ഭീഷണി ഇല്ല.

  • ഇടുക്കിയിൽ 2380.58 അടി വെള്ളം നിലനിർത്താൻ ജലകമ്മിഷന്റെ അനുമതി ഉണ്ടെങ്കിലും ഇന്നലെ 2354.12 അടി വെള്ളമേയുള്ളൂ.
  •  ഇടമലയാർ അനുവദനീയം: 162.5 മീറ്റർ വരെ. നിലവിൽ: 147.04 മീറ്റർ.
  • കക്കി (ആനത്തോട്) അനുവദനീയം: 975.36 മീറ്റർ. നിലവിൽ: 963 മീറ്റർ.
  • ബാണാസുര സാഗർ അനുവദനീയം: 773.5 മീറ്റർ. നിലവിൽ: 768.85 മീറ്റർ.
  •  ഷോളയാർ: അനുവദനീയം: 2658 അടി. നിലവിൽ: 2635 അടി.

വൈദ്യുതി ബോർഡ് കഴിഞ്ഞ ദിവസമാണ് കൺട്രോൾ റൂമുകൾ തുറന്നത്. തലസ്ഥാനത്തു വൈദ്യുതി ഭവനിലുള്ള കൺട്രോൾ റൂമിലാകട്ടെ ഡാം സുരക്ഷയുമായി ബന്ധപ്പെട്ടവർ ആരുമില്ല. എല്ലാ ഡാം സുരക്ഷാ വിദഗ്ധരെയും ഇടുക്കി ജില്ലയിലേക്കു നിയോഗിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP