Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

ആരും കൊതിക്കുന്ന സ്വപ്‌ന തുല്യമായ നേട്ടം കൈവരിച്ച് സഫ്‌ന; ഫയർമാനായ ആശിഷ് ദാസിനെ തേടി സന്തോഷ വാർത്ത എത്തിയത് കോവിഡ് ഡ്യൂട്ടിക്കിടെ; ഗോകുലിന് ഇത് മധുര പ്രതികാരം; മലയാളം ഓപ്ഷനലാക്കി മധുരം നുണഞ്ഞ് ദേവി നന്ദന; കഷ്ടപ്പാടുകളോട് പൊരുതി വിജയം സ്വന്തമാക്കി വിവേക: അച്ഛനും സഹോദരിക്കും പിന്നാലെ സിവിൽ സർവീസ് സ്വന്തമാക്കി ഡോ.ജോർജ് അലൻ ജോൺ

ആരും കൊതിക്കുന്ന സ്വപ്‌ന തുല്യമായ നേട്ടം കൈവരിച്ച് സഫ്‌ന; ഫയർമാനായ ആശിഷ് ദാസിനെ തേടി സന്തോഷ വാർത്ത എത്തിയത് കോവിഡ് ഡ്യൂട്ടിക്കിടെ; ഗോകുലിന് ഇത് മധുര പ്രതികാരം; മലയാളം ഓപ്ഷനലാക്കി മധുരം നുണഞ്ഞ് ദേവി നന്ദന; കഷ്ടപ്പാടുകളോട് പൊരുതി വിജയം സ്വന്തമാക്കി വിവേക: അച്ഛനും സഹോദരിക്കും പിന്നാലെ സിവിൽ സർവീസ് സ്വന്തമാക്കി ഡോ.ജോർജ് അലൻ ജോൺ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയുടെ ഫലം എത്തുമ്പോൾ ആദ്യ 100 റാങ്കിൽ 11 മലയാളികളാണ് ഇടംപിടിച്ചത്. മലയാളി സി.എസ് ജയദേവിന് പരീക്ഷയിൽ അഞ്ചാം റാങ്കാണ്. ബെംഗളൂരു നാഷനൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎഎൽഎൽബി നേടിയ ശേഷമായിരുന്നു ജയദേവിന്റ സിവിൽ സർവീസസ് തയ്യാറെടുപ്പ്. ബെംഗളൂരു സി.വി. രാമൻ നഗർ സീനപ്പ ലേഔട്ടിൽ താമസിക്കുന്ന ഐടി ദമ്പതികളായ തൃശൂർ കുറ്റുമുക്ക് വെങ്ങാനല്ലൂർ വാരിയത്ത് സതീശൻ വാരിയരുടെയും കോട്ടയം ഏറ്റുമാനൂർ ഉദയനയിൽ റോഷ്‌നിയുടെയും മകനാണ്.

22-ാം വയസ്സിൽ സ്വപ്‌ന തുല്യമായ നേട്ടവുമായി സഫ്‌ന
ആരും കൊതിക്കുന്ന സ്വപ്‌നതുല്യമായ നേട്ടമാണ് വളരെ ചെറിയ പ്രായത്തിൽ തിരുവനന്തപുരം സ്വദേശി സഫ്ന നസറുദ്ദീൻ എന്ന 22കാരി സ്വന്തമാക്കിയിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ സിവിൽ സർവീസ് എ്‌ന മോഹം സങ്‌നയുടെ മനസ്സിൽ കൂടുകൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ 2018-ൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പിജിക്ക് പോവാതെ നേരെ വെച്ചുപിടിച്ചത് സിവിൽ സർവീസസ് പരിശീലനത്തിന്. 2019-ലെ സിവിൽ സർവീസസ് പരീക്ഷയിലെ ആദ്യശ്രമത്തിൽ തന്നെ സ്വന്തമാക്കിയത് 45-ാം റാങ്കും. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് സഫ്‌ന തന്റെ ലക്ഷ്യം കൈവരിച്ചത്.

പത്താം ക്ലാസ് വരെ പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഹയർസെക്കൻഡറി തലത്തിൽ ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്ത് പാങ്ങോട് കേന്ദ്രീയ വിദ്യാലയയിലും. 2015-ൽ ബി.എ. സാമ്പത്തികശാസ്ത്രത്തിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ. 2018-ൽ ഒന്നാം റാങ്കോടെ ബിരുദപഠനം പൂർത്തിയാക്കി തന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചു. ഒരു വർഷം തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിലായിരുന്നു പരിശീലനം.

ചിട്ടയായ പഠനത്തിലൂടെയാണ് സഫ്‌ന തന്റെ സ്വപ്‌നത്തെ കൈപ്പിടിയിലൊതുക്കിയത്. പഠനത്തിനാവശ്യമായ പുസ്തകങ്ങളെല്ലാം കണ്ടെത്തി. തെറ്റുകൾ മനസിലാക്കി, അത് തിരുത്തി മുന്നോട്ടുപോയി. ഒരു ദിവസം ഇത്ര മണിക്കൂർ എന്നരീതിയിലായിരുന്നില്ല പഠനം, പക്ഷേ, ഓരോ ദിവസവും എത്ര പഠിക്കണമെന്ന് ആദ്യംതന്നെ മുൻകൂട്ടി തീരുമാനിക്കും. അത് പൂർത്തിയാക്കുകയും ചെയ്യും. പരിശീലനത്തിന് ചേർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം ഡീആക്ടിവേറ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കും.

സത്യസന്ധയായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുമെന്നാണ് സഫ്ന നൽകുന്ന ഉറപ്പ്. സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെ പിന്നോക്കംനിൽക്കുന്നവരുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും സഫ്ന പറയുന്നു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ ഹാജ നസറുദ്ദീനാണ് സഫ്നയുടെ പിതാവ്. മാതാവ് എ.എൻ. റംല കാട്ടാക്കട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജീവനക്കാരിയാണ്. ഫർഹാന നസറുദ്ദീൻ, ഫസ്ന നസറുദ്ദീൻ എന്നിവർ സഹോദരിമാർ.

ആശിഷ് ദാസിനെ തേടി സന്തോഷ വാർത്ത എത്തിയത് കോവിഡ് ഡ്യൂട്ടിക്കിടെ
കൊല്ലം: കോവിഡ് ഡ്യൂട്ടിക്കിടെ അണുനശീകരണത്തിനു പോകാനൊരുങ്ങുമ്പോഴാണു പത്തനാപുരം അഗ്‌നിരക്ഷാ കേന്ദ്രത്തിലെ ഫയർമാൻ ആശിഷ് ദാസിനെ തേടി സിവിൽ സർവീസ് പരീക്ഷാ വിജയ വാർത്ത എത്തിയതഅഞ്ചാം ശ്രമത്തിലാണ് 291-ാം റാങ്കെന്ന നേട്ടം ആശിഷിനെ തേടിയെത്തിയത്. പ്ലസ്ടുവിനു ശേഷം ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് ഡിഗ്രി പൂർത്തിയാക്കി. പിന്നീട് കൊല്ലത്തെ ഹോട്ടലിൽ വെയ്റ്റർ ആയും കേറ്ററിങ് ഗ്രൂപ്പിൽ ആഹാരം വിതരണം ചെയ്തും 3 വർഷം. 2012 ൽ ഫയർമാനായി കണ്ണൂർ തളിപ്പറമ്പിൽ ജോലിയിൽ പ്രവേശിച്ചു.

കുണ്ടറയിൽ കോൾഡ് സ്റ്റോറേജ് ഉടമയായ യേശുദാസിന്റെയും മുഖത്തല സെന്റ് ജൂഡ് സ്‌കൂളിൽ 'ആയ' ആയിരുന്ന മറിയക്കുട്ടിയുടെയും ഏക മകൻ ഈ നേട്ടത്തിലെത്തിയത് ഏറെ പ്രതിസന്ധികൾ മറികടന്നാണ്. സിവിൽ സർവീസസ് നേട്ടം കോവിഡ് കാലത്തെ ശുചീകരണത്തൊഴിലാളികൾക്കു സമർപ്പിക്കുന്നതായി ആശിഷ് പറഞ്ഞു. ഭാര്യ സൂര്യ സൗദിയിൽ നഴ്‌സാണ്. മകൾ 7 മാസം പ്രായമായ അമേയ.

ഗോകുലിന് ഇത് മധുര പ്രതികാരം
സ്‌കൂൾ യുവജനോത്സവത്തിലെ ഉപന്യാസ മത്സരവേദിയെന്നു കരുതി കാർട്ടൂൺ മത്സരത്തിന്റെ ക്ലാസ് റൂമിലേക്കു കയറിച്ചെന്ന കാഴ്ചപരിമിതിയുള്ള ആറാം ക്ലാസുകാരനെ നോക്കി 'ഇത് കാർട്ടൂൺ വരയ്ക്കാനും ഉണ്ടോ' എന്ന് ആക്ഷേപിച്ചവർ അറിയുക. എസ്.ഗോകുൽ എന്ന ആ കുട്ടി കാഴ്ചയുള്ളവരെയും മറികടന്നു സിവിൽ സർവീസസ് പരീക്ഷയിൽ മിന്നുംജയം കരസ്ഥമാക്കി.

തിരുമല 'ഗോകുല'ത്തിൽ ജി.ഒ. സുരേഷ്‌കുമാറിന്റെയും ശോഭയുടെയും മകൻ ഗോകുലിനു സിവിൽ സർവീസസ് പരീക്ഷയിലെ 820-ാം റാങ്ക് മധുരപ്രതികാരം കൂടിയാണ്. മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തരബിരുദം നേടിയ ഗോകുൽ കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ പിഎച്ച്ഡി ചെയ്യുകയാണിപ്പോൾ. പരിശീലനത്തിനു പോകാതെ സ്വന്തം പരിശ്രമത്തിലാണു ഗോകുൽ സിവിൽ സർവീസസിൽ നേട്ടം കൊയ്തത്. സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു പൂർണമായും കംപ്യൂട്ടറിലൂടെ വായിച്ചുകേട്ടാണു പഠിച്ചത്.

മലയാളം ഓപ്ഷനാക്കി മധുരം നുണഞ്ഞ് ദേവി നന്ദന
തിരുവനന്തപുരം: ബെംഗളൂരു ഡെലോയിറ്റിൽ രണ്ട് വർഷം ജോലി ചെയ്ത ശേഷമാണ് എ.വി. ദേവി നന്ദനസിവിൽ സർവീസിലേക്ക് തിരിഞ്ഞത്. കോഴിക്കോട് എൻഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനശേഷം ക്യാംപസ് പ്ലേസ്‌മെന്റ് വഴി ബെംഗളൂരുവിലെത്തിയ ശേഷം ദേവി നന്ദനയുടെ മനസ്സിൽ സിവിൽ സർവീസ് മോഹം കൂടുകൂട്ടുകയായിരുന്നു.. സ്വന്തമായി സമ്പാദിച്ച പണം കൊണ്ടു സിവിൽ സർവീസസ് പരീക്ഷയ്ക്കു തയ്യാറെടുക്കുമ്പോൾ എ.വി. ദേവി നന്ദന ഓപ്ഷനലായി തിരഞ്ഞെടുത്തത് മലയാളം. 92ാം റാങ്കിന് അങ്ങനെ മാതൃഭാഷയുടെ മധുരവും. മലയാളം ഓപ്ഷനലായെടുത്ത 11 പേർ ഇക്കുറി റാങ്ക് പട്ടികയിലുണ്ട്.

കഷ്ടപ്പാടുകൾക്കിടയിൽ പഠിച്ച് വിവേക്
തലശ്ശേരി: കഷ്ടപ്പാടുകളുടെ ഭൂതകാലത്തെ തോൽപിച്ചാണ് കെ.വി.വിവേക് സിവിൽ സർവീസിലെത്തിയത്. ചാണകം മെഴുകിയ തറയിൽ, ചിമ്മിനി വിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിച്ചാണ് തലശ്ശേരി ചിറക്കര പൊതിവട്ടത്തു വീട്ടിൽ കെ.വി.വിവേകിന്റെ(31) രംഗപ്രവേശം. എല്ലാ കഷ്ടപ്പാടിൽനിന്നുമുള്ള മോചനം വിദ്യാഭ്യാസമാണെന്നു പറഞ്ഞുതന്ന അമ്മ കെ.കെ.പ്രഭാവതിക്കാണ് വിവേക് തന്റെ 301-ാം റാങ്ക് സമർപ്പിക്കുന്നത്.

കാസർകോട് കുറ്റിക്കോലിൽ തെയ്യം കലാകാരന്മാരുടെ കുടുംബത്തിലാണു വിവേകിന്റെ ജനനം. തെയ്യച്ചമയങ്ങളുടെ നിറമില്ലായിരുന്നു കുട്ടിക്കാലത്തിന്. അമ്മ പ്രഭാവതി തപാൽ വകുപ്പ് ജീവനക്കാരിയായിരുന്നു. കാസർകോട്ടെ വീടു വിട്ട്, സ്വന്തം നാടായ തലശ്ശേരിയിലേക്കെത്തുമ്പോൾ മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹം മാത്രമായിരുന്നു പ്രഭാവതിക്ക്. ചിറക്കരയിൽ വൈദ്യുതിയോ, നല്ല ശുചിമുറിയോ ഇല്ലാത്ത ഓലമേഞ്ഞ വീട്ടിൽ താമസം.

ഹയർ സെക്കൻഡറി കഴിഞ്ഞു തിരുച്ചിറപ്പള്ളിയിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് പഠനം. ചെന്നൈയിൽ ഐടി സെക്ടറിൽ ജോലി നേടിയെങ്കിലും വീണ്ടും പഠിക്കണമെന്ന വാശി. കൊൽക്കത്ത ഐഐഎമ്മിൽനിന്ന് എംബിഎ നേടി പുറത്തിറങ്ങിയപ്പോഴാണു സിവിൽ സർവീസ് എന്ന സ്വപ്നം. 2018ൽ 667ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിൽ ജോലിക്കു കയറി. അവധിയെടുത്തു കൊല്ലത്ത് സിവിൽ സർവീസ് അക്കാദമിയിൽ മെന്ററായി പ്രവർത്തിക്കുകയായിരുന്നു. രണ്ടാമത്തെ പരിശ്രമത്തിലാണു 301ാം റാങ്കിലെത്തിയത്. സഹോദരി വർഷ കുവൈത്തിൽ ഡന്റിസ്റ്റാണ്.

അച്ഛനും സഹോദരിക്കും പിന്നാലെ സിവിൽ സര്ഡവീസ് നേടി ഡോ.ജോർജ് അലൻ ജോൺ
കോഴിക്കോട്: സഹോദരി ചൈത്ര തെരേസ ജോണിനെ പൊലീസ് യൂണിഫോമിൽ കണ്ടതോടെയാണ് ഡോ.ജോർജ് അലൻ ജോൺ ആദ്യമായി സിവിൽ സർവീസിലേക്കു നോട്ടമെറിഞ്ഞത്. .അച്ഛൻ ഡോ.ജോൺ ജോസഫ്, സഹോദരി ചൈത്ര തെരേസ ജോൺ എന്നിവർക്കു പുറകേയാണ് ജോർജ് അലനും കേന്ദ്ര സർവീസിലെത്തുന്നത്. ഇതോടെ കോഴിക്കോട് ഈസ്റ്റ്ഹിൽ ചൈത്രത്തിൽ സിവിൽ സർവീസിൽ ഹാട്രിക് തിളക്കംചേച്ചിയെപ്പോലെ ഐപിഎസ് തന്നെ തിരഞ്ഞെടുക്കാനാണു തീരുമാനം. കുടുംബം ഇപ്പോൾ ഡൽഹിയിലാണുള്ളത്.

1983ൽ ഇരുന്നൂറിനോട് അടുത്ത റാങ്ക് നേടിയ അച്ഛൻ കോട്ടയം കുറിച്ചിത്താനം സ്വദേശി ഡോ.ജോൺ ജോസഫ് ആണ് വീട്ടിലെ ആദ്യ സിവിൽ സർവീസ് വിജയി. ഐപിഎസ് വേണ്ടെന്നു വച്ച് ഐആർഎസ് തിരഞ്ഞെടുത്ത അദ്ദേഹം കേന്ദ്ര ധനകാര്യ വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായാണു വിരമിച്ചത്. ചൈത്ര തെരേസ 2015ൽ സിവിൽ സർവീസ് പരീക്ഷയിൽ 111ാം റാങ്ക് നേടി. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര ഇപ്പോൾ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്‌പിയാണ്.

2017 വരെ ഡോക്ടറാകാൻ വേണ്ടി മാത്രം ആഗ്രഹിച്ചിരുന്ന ജോർജ് അലൻ ചൈത്രയുടെ പരിശീലന വേളയിൽ ഐപിഎസ് പരിശീലന കേന്ദ്രത്തിൽ പോയിരുന്നു. അവിടെ നിന്നാണ് ഐപിഎസ് നേടണമെന്ന ആഗ്രഹം ആദ്യമായി തോന്നിയതെന്ന് ജോർജ് അലൻ പറയുന്നു. 2017ൽ പരീക്ഷ എഴുതിയപ്പോൾ 400നു മുകളിലായിരുന്നു റാങ്ക് ഇക്കുറി 156ൽ എത്തി.

ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഓർത്തോപീഡിക്‌സ് സർജൻ ആയി ജോലി ചെയ്യുന്ന ജോർജ് അലൻ ഫലം വരുമ്പോഴും ശസ്ത്രക്രിയാ മുറിയിലായിരുന്നു. രാത്രി 8 വരെയുള്ള ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ ശേഷമാണു കുടുംബത്തിനൊപ്പം സന്തോഷം പങ്കിടാനെത്തിയത്. ആരോഗ്യസർവകലാശാല എംഎസ് ഓർത്തോപീഡിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP