Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഇതുവരെ സ്ഥിരീകരിച്ചത് 78 മരണങ്ങൾ; അണുബോംബിന് തുല്യമായ കെമിക്കൽ സ്ഫോടനത്തിൽ മരണം കുതിച്ചുയരുന്നു; ആയിരങ്ങൾക്ക് പരിക്ക്; ബെയ്റൂട്ട് നഗരം കുലുങ്ങി വിറച്ചു; ചലനം സൈപ്രസ് വരെ നീണ്ടു; പോർട്ടിലെ രാസവസ്തുക്കൾ നിറച്ച വെയർഹൈസിൽ ഉണ്ടായ സ്വാഭാവിക സ്ഫോടനം എന്ന് നിഗമനം; ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഭീകരസംഘടനകളും ഇസ്രയേലും; ആക്രമണമെന്ന് ആരോപിച്ച് അമേരിക്കയും

ഇതുവരെ സ്ഥിരീകരിച്ചത് 78 മരണങ്ങൾ; അണുബോംബിന് തുല്യമായ കെമിക്കൽ സ്ഫോടനത്തിൽ മരണം കുതിച്ചുയരുന്നു; ആയിരങ്ങൾക്ക് പരിക്ക്; ബെയ്റൂട്ട് നഗരം കുലുങ്ങി വിറച്ചു; ചലനം സൈപ്രസ് വരെ നീണ്ടു; പോർട്ടിലെ രാസവസ്തുക്കൾ നിറച്ച വെയർഹൈസിൽ ഉണ്ടായ സ്വാഭാവിക സ്ഫോടനം എന്ന് നിഗമനം; ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഭീകരസംഘടനകളും ഇസ്രയേലും; ആക്രമണമെന്ന് ആരോപിച്ച് അമേരിക്കയും

മറുനാടൻ മലയാളി ബ്യൂറോ

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ നടന്ന സ്ഫോടനത്തിൽ മരണം 78 ആയി ഉയർന്നു. വ്യവസായിക തുറമുഖത്തിലെ രാസവസ്തുക്കൾ സൂക്ഷിക്കുന്ന വെയർഹൗസിലാണ് സ്ഫോടനം ഉണ്ടായത്. 3,700 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലബനീസ് ആരോഗ്യകാര്യ മന്ത്രി പ്രസ്താവിച്ചു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയാണ് സംഭവം ഉണ്ടായത്. ആദ്യം പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയർന്നു. തുടർന്ന് വൻ ശബ്ദത്തോടെ സ്ഫോടനം നടക്കുകയും ഒരു അഗ്‌നിഗോളം ആകാശത്തേക്ക് ഉയരുകയും ചെയ്തു. ഉടൻ തന്നെ നഗരം മുഴുവനും കനത്ത പുകയിൽ മൂടി.

ബെയ്റൂട്ടിൽ നിന്നും 125 മൈൽ അകലെ മെഡിറ്ററേനിയൻ കടലിൽ സ്ഥിതിചെയ്യുന്ന സൈപ്രസിൽ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു എന്നാണ് വാർത്തകൾ പറയുന്നത്. മാത്രമല്ല, പല കെട്ടിടങ്ങൾക്കും നേരിയ തോതിലുള്ള ചലനവും അനുഭവപ്പെട്ടു. സമീപത്തുള്ള കെട്ടിടങ്ങളെ ഏതാണ്ട് പൂർണ്ണമായി തന്നെ നശിപ്പിച്ച സ്ഫോടനം, മൈലുകൾക്കപ്പുറമുള്ള പല കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. അതിനിടെ ഇതൊരു ആക്രമണമെന്നാണ് അമേരിക്ക പറയുന്നത്.

വർഷങ്ങൾക്ക് മുൻപ് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൈസ് ആയിരുന്നു അതെന്നാണ് സുരക്ഷാ ഏജൻസികളെ ഉദ്ദരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. അമോണിയം നൈട്രേറ്റായിരുന്നു അവിടെ സംഭരിച്ചിരുന്നതെന്നും 2014 മുതൽ അത് അവിടെ സംഭരിച്ചിരിക്കുകയായിരുന്നു എന്നും ലെബനീസ് ഇന്റീരിയർ മിനിസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ശേഷം കണ്ട നേരിയ ചുവപ്പ് നിറമുള്ള പുക ഇത് സ്ഥിരീകരിക്കുന്നു എന്ന് വിദഗ്ദരും അഭിപ്രായപ്പെടുന്നു.

2,700 ടൺ രാസവസ്തുക്കളാണ് സ്ഫോടനത്തിൽ ഉൾപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം ഇത് ടി എൻ ടിയുടെ മൂന്ന് കിലോ ടണ്ണിന് തുല്യമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിരോഷിമയെ നശിപ്പിച്ച ലിറ്റിൽ ബോയിയുടെ അഞ്ചിൽ ഒന്ന് പ്രഹരശേഷിയുള്ള സ്ഫോടനമായിരുന്നു അത്. സ്ഫോടനത്തിന് ശേഷം സമീപ പ്രദേശത്താകെ പടർന്ന രൂക്ഷ ഗന്ധം കാരണം പ്രദേശവാസികളെയാകെ ഒഴിപ്പിച്ചു.

സ്ഫോടനത്തിൽ പങ്കുണ്ടെന്ന കാര്യം ഇസ്രയേൽ നിഷേധിച്ചു. മാത്രമല്ല, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവയ്ക്കൊപ്പം ലെബനന് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് ഇപ്പോൾ ലബനൻ കടന്നുപോകുന്നത്. അതിന്റെ കൂടെയാണ് കൊറോണ വരുത്തിവച്ച പ്രതിസന്ധിയും. ഈ രണ്ട് ദുരിതങ്ങളിൽ നിന്നും കരകയറുവാൻ കഠിനമായി ശ്രമിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ മറ്റൊരു ദുരന്തം ലെബനനെ തേടിയെത്തുന്നത്.

രാജ്യാന്തര വ്യാപാരത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ലെബനനിലെ വ്യവസായിക തുറമുഖം സ്ഫോടനത്തിൽ പൂർണ്ണമായും നശിച്ചു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. സംഭവസ്ഥലത്തുനിന്നും ഏതാനും മൈലുകൾ മാത്രം മാറിയുള്ള പ്രധാന വിമാനത്താവളത്തിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ പല ആശുപത്രികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു, മാത്രമല്ല, ആളുകൾ കൂട്ടത്തോടെ ചികിത്സ തേടിയെത്തിയതും ആശുപത്രികളുടെ പ്രവർത്തനത്തെ തകരാറിലാക്കിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് നഗരത്തിന്റെ പല മേഖലകളിലും വൈദ്യൂതി ബന്ധം വിഛേദിക്കപ്പെട്ടതും ദുരിതത്തിന്റെ ആക്കം കൂട്ടി.

ഇസ്രയേലും ഹിസ്ബുള്ള ഗ്രൂപ്പും തമ്മിൽ ദക്ഷിണ അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ഒരാഴ്‌ച്ച മുൻപാണ്, പരിശീലനം സിദ്ധിച്ച തീവ്രവാദികളെ അതിർത്തി കടത്തിവിടാൻ ഹിസ്ബുള്ള ഗ്രൂപ്പ് ശ്രമിക്കുകയാണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തിയത്. മാത്രമല്ല, 2005-ൽ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് ഈ സ്ഫോടനം നടന്നത് എന്നതും ഇതിന് രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. ഹരീരിയും ഒരു ട്രക്ക് സ്ഫോടനത്തിലായിരുന്നു കൊല്ലപ്പെട്ടത്.

ഏതായാലും സംഭവത്തിൽ പങ്കൊന്നുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ഇസ്രയേൽ. മാത്രമല്ല, അവർ ബെയ്റൂട്ടിന് എല്ലാ സഹായങ്ങളും വാഗ്ദാനം നൽകിയിട്ടുമുണ്ട്. കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് അപകടമാണോ, മനുഷ്യനിർമ്മിത സ്ഫോടനമാണോ എന്ന് ഇപ്പോൾ പറയാനാകില്ല എന്നുമാണ് യു എൻ വക്താവ് പ്രതികരിച്ചത്.

2005-ൽ ട്രക്ക് ബോംബ് ആക്രമണത്തിൽ മുൻ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്ഫോടനം നടന്നത്. ഹരീരി ഉൾപ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഷിയാ മുസ്ലിം മൂവ്‌മെന്റ് ഹെസ്ബുല്ലയിൽപെട്ട നാലുപേർ നെതർലൻഡ്‌സിലെ കോടതിയിൽ വിചാരണ നേരിടുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP