Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

സ്പെയിനിൽ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ഒറ്റപ്പെടുത്തി മറ്റ് രാജ്യങ്ങൾ; ഫ്രാൻസിലും പൊടുന്നനെ രോഗികളുടെ കുതിപ്പ്; ജർമ്മനി സകലർക്കും സൗജന്യ പരിശോധനയുമായി രംഗത്ത്; ഇറ്റലിയും ബൽജിയവും ആശങ്കയിൽ; യൂറോപ്പ് വീണ്ടും കൊറോണയുടെ പിടിയിലേക്ക്

സ്പെയിനിൽ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ഒറ്റപ്പെടുത്തി മറ്റ് രാജ്യങ്ങൾ; ഫ്രാൻസിലും പൊടുന്നനെ രോഗികളുടെ കുതിപ്പ്; ജർമ്മനി സകലർക്കും സൗജന്യ പരിശോധനയുമായി രംഗത്ത്; ഇറ്റലിയും ബൽജിയവും ആശങ്കയിൽ; യൂറോപ്പ് വീണ്ടും കൊറോണയുടെ പിടിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

യൂറോപ്പിൽ കൊറോണയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുവാൻ ഒരുങ്ങുന്നു എന്ന ആശങ്കയുയർത്തി രോഗവ്യാപനം ശക്തമാകുന്നു. സ്പെയിനിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ, കാറ്റലോണിയയിലേക്ക് ആരും യാത്രചെയ്യരുതെന്ന നിർദ്ദേശവുമായി ഫ്രാൻസ് രംഗത്തെത്തി. സ്പെയിനിൽ നിന്നും തിരികെ എത്തുന്നവർക്ക് ക്വാറന്റൈൻ നിയമങ്ങൾ വീണ്ടും ഏർപ്പെടുത്തുകയാണ് നോർവേയും. അതേ സമയം ക്വാറന്റൈൻ ഒഴിവാക്കിയുള്ള എയർ ബ്രിഡ്ജ് ഏത് സമയവും പിൻവലിക്കാം എന്നാണ് ബ്രിട്ടൻ മുന്നറിയിപ്പ് നൽകുന്നത്. എയർ ബ്രിഡ്ജ് പിൻവലിച്ചാൽ, സ്പെയിൻ സന്ദർശിച്ച് മടങ്ങുന്ന ബ്രിട്ടീഷുകാർക്ക് രണ്ടാഴ്‌ച്ചക്കാലത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടി വരും.

ട്രാഫിക് സിഗ്‌നൽ സിസ്റ്റം നടപ്പാക്കിയ ബ്രിട്ടനിൽ സ്പെയിൽ നിലവിൽ ഗ്രീൻ ലിസ്റ്റിലാണെങ്കിലും അത് ഏത് നിമിഷവും മാറിയേക്കാം എന്നാണ് ഔദ്യോഗിക വക്താക്കൾ പറയുന്നത്. സ്പെയിനിലെ സ്ഥിതി ഇനിയും വഷളാകുകയാണെങ്കിൽ, മുന്നറിയിപ്പില്ലാതെ തന്നെ സ്പെയിനിനെ ഗ്രീൻ ലിസ്റ്റിൽ നിന്നും നീക്കിയേക്കും. ഇത് പല ബ്രിട്ടീഷ് വിനോദ സഞ്ചാരികളേയും അവരുടെ സ്പെയ്നിലേക്കുള്ള യാത്ര റദ്ദ് ചെയ്യുവാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.

അതേസമയം, യൂറോപ്പിലാകെ രോഗവ്യാപനം മൂർഛിക്കുന്ന സാഹചര്യത്തിൽ ഒഴിവുകാല യാത്രകഴിഞ്ഞെത്തുന്ന എല്ലാ പൗരന്മാർക്കും സൗജന്യ പരിശോധന ഏർപ്പാടാക്കുകയാണ് ഫ്രാൻസും ജർമ്മനിയും. സ്പെയിനും കൂടുതൽ കർക്കശ നിലപാടുകളിലേക്ക് പോവുകയാണ്. നേരത്തേ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് മാസ്‌ക് ധരിക്കണമെന്നില്ല എന്നൊരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നു. അതിൽ മാറ്റം വരുത്തി, ബീച്ചിൽ ഓടുന്നവർ മാസ്‌ക് ധരിക്കണമെന്ന നിയമം കോസ്റ്റാ ഡെൽ സോൾ അധികൃതർ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ മാസ്‌ക് ധരിക്കാതെ എത്തുന്നവർക്ക് കായിക പരിശീലനം നൽകില്ലെന്ന് മിജാസ് ടൗൺ ഹാളും പ്രഖ്യാപിച്ചു.

അങ്ങനെ സ്പെയിനിലും സാവധാനം പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാവുകയാണ്. മാഡ്രിഡിലും കാനറി ദ്വീപിലും മാത്രമാണ് പുറംവാതിൽ പ്രവർത്തനങ്ങളിൽ, സാമൂഹിക അകലം പാലിക്കാൻ സാധിക്കുമെങ്കിൽ മാസ്‌ക് നിർബന്ധമല്ലാത്തത്. ഇന്നലെ പുതിയതായി 2,255 പേർക്ക് കൂടി സ്പെയിനിൽ രോഗബാധ സ്ഥിരീകരിച്ചതോടെ മഹാവ്യാധിയുടെ രണ്ടാം വരവിനെ കുറിച്ചുള്ള ആശങ്ക എല്ലായിടത്തും പടർന്നിരിക്കുകയാണ്.

ഇതോടെ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ 12 ശതമാനം വരുമാനത്തിന്റെ സ്രോതസ്സായ സ്പെയിനിലെ ടൂറിസം മേഖല അനിശ്ചിതാവസ്ഥയിലെത്തി. മാസങ്ങൾക്ക് ശേഷം രാജ്യാതിർത്തികൾ വിദേശ ടൂറിസ്റ്റുകൾക്കായി തുറന്നപ്പോൾ ചെറിയൊരു ആശ്വാസം കണ്ടെത്തിയതായിരുന്നു ടൂറിസം വ്യവസായം. എന്നാൽ, രോഗവ്യാപനം ഈ രീതിയിൽ മുന്നോട്ട് പോയാൽ വീണ്ടും ഒരു ലോക്ക്ഡൗൺ അത്യന്താപേക്ഷിതമാകും എന്നും സൂചനകൾ ലഭിക്കുന്നു.

രോഗവ്യാപനം മൂർഛിച്ച രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന ജർമ്മൻ പൗരന്മാർക്ക് സൗജന്യ കോവിഡ് പരിശോധന ഏർപ്പാടാക്കുമെന്ന് ജർമ്മൻ ആരോഗ്യകാര്യ മന്ത്രി പറഞ്ഞു. ആരംഭം എന്ന നിലയിൽ ഈ പരിശോധന നിർബന്ധമാക്കില്ലെന്നും അവർ പറഞ്ഞു. ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാർ ഇക്കാര്യത്തിൽ സമ്മതമറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടയിൽ ഫ്രാൻസിലും രോഗവ്യാപനത്തിന് ശക്തി വർദ്ധിച്ചു. ഇന്നലെ ഒരു ദിവസം 1,062 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊട്ട് മുൻപത്തെ ദിവസം ഇത് 584 ആയിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്‌ച്ചകൊണ്ട് ഫ്രാൻസിലെ രോഗികളുടെ എണ്ണം 66 ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ച്ചകൊണ്ട് മാത്രം വർദ്ധിച്ചത് 26 ശതമാനവും. അതേ സമയം കോവിഡ് ബാധിച്ച് മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടി മരിച്ച ബെൽജിയത്തിൽ ഒരാഴ്‌ച്ചകൊണ്ട് രോഗവ്യാപനത്തിന്റെ വ്യാപ്തി 89 ശതമാനം വർദ്ധിച്ചു.

ഇറ്റലിയിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ച 300 ൽ അധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂൺ മദ്ധ്യത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടക്കുന്നത്. വടക്കൻ ഇറ്റലിയിലാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈയടുത്ത് സ്ഥിരീകരിച്ച രോഗബാധകളുടെ സ്രോതസ്സ് വിദേശത്തുനിന്നും എത്തിയ കുടിയേറ്റ തൊഴിലാളികളാണെന്നാണ് അനുമാനിക്കുന്നത്.

വേനലവധി ആഘോഷിക്കുന്ന യൂറോപ്പിൽ, സാമൂഹിക അകലം പാലിക്കാത്തതാണ് പൊടുന്നനെയുണ്ടായ ഈ രോഗവ്യാപനത്തിന് കാരണമായി ചില വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇതുകൊറോണയുടെ രണ്ടാം വരവാണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഏതായാലും, വീണ്ടും ലോക്ക്ഡൗണിന്റെ ഇരുണ്ട നാളുകളിലേക്ക് തിരികേ പോകേണ്ടിവരുമോ എന്ന ഭീതിയിലാണ് യൂറോപ്പ്. ഇനിയൊരു ലോക്ക്ഡൗൺ ഉണ്ടായാൽ അത് സാമ്പത്തികസ്ഥിതിയെ മാത്രമല്ല, ജനങ്ങളുടെ മാനസികാരോഗ്യത്തേയും അപ്പാടെ തകർത്തേക്കാം എന്ന് പല വിദഗ്ദരും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP