Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ഉന്നതർ പ്രതികളായ പീഡന - അബ്കാരി കൊല കേസിലുൾപ്പെട്ടവർ ഗൂഢാചോലന നടത്തി നടത്തിയ ക്വട്ടേഷൻ കൊലയെന്ന വാദം തെളിഞ്ഞില്ല; അരുവിക്കര നിന്നും ചാക്ക അനന്തപുരി ആശുപത്രിയിൽ 9,500 ലിറ്റർ വെള്ളമെത്തിച്ച് അടുത്ത ലോഡ് എടുക്കാൻ പാഞ്ഞപ്പോഴുണ്ടായ അപകടം; ചീഫ് കെമിക്കൽ ലാബിലെ സയന്റിഫിക് ഓഫീസറെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ക്ലീനർക്ക് തടവു ശിക്ഷ; ഡ്രൈവറും ലോറിയുടമയും കുറ്റവിമുക്തർ

ഉന്നതർ പ്രതികളായ പീഡന - അബ്കാരി കൊല കേസിലുൾപ്പെട്ടവർ ഗൂഢാചോലന നടത്തി നടത്തിയ ക്വട്ടേഷൻ കൊലയെന്ന വാദം തെളിഞ്ഞില്ല; അരുവിക്കര നിന്നും ചാക്ക അനന്തപുരി ആശുപത്രിയിൽ 9,500 ലിറ്റർ വെള്ളമെത്തിച്ച് അടുത്ത ലോഡ് എടുക്കാൻ പാഞ്ഞപ്പോഴുണ്ടായ അപകടം; ചീഫ് കെമിക്കൽ ലാബിലെ സയന്റിഫിക് ഓഫീസറെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ക്ലീനർക്ക് തടവു ശിക്ഷ; ഡ്രൈവറും ലോറിയുടമയും കുറ്റവിമുക്തർ

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ ചീഫ് കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ ഉദ്യാഗസ്ഥനെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ നര ഹത്യാ കേസിൽ വാഹനമോടിച്ച ലോറി ക്ലീനറെ ഏഴേ മുക്കാൽ വർഷത്തെ കഠിന തടവിനും 50,200 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ അസി: സെഷൻസ് കോടതി ശിക്ഷിച്ചു. ലോറി ക്ലീനറായ അരുവിക്കര സ്വദേശി ഉണ്ണികൃഷ്ണനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ശിക്ഷയനുഭവിക്കാനായി പ്രതിയെ കൺവിക്ഷൻ വാറണ്ട് പ്രകാരം കോടതി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. വിചാരണ കോടതി 3 വർഷത്തിന് മുകളിൽ തടവു ശിക്ഷ വിധിച്ചാൽ അതേ കോടതിക്ക് പ്രതിക്ക് മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി ശിക്ഷ നടപ്പിലാക്കുന്നത് താൽക്കാലികമായി സസ്‌പെന്റ് ചെയ്യുവാൻ ക്രിമിനൽ നടപടി ക്രമത്തിൽ ചട്ടമില്ലാത്തതിനാലാണ് പ്രതിയെ ജയിലിലേക്ക് അയച്ചത്. പിഴയൊടുക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. ഫുട്പാത്തിലൂടെ നടന്ന ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. കേസിൽ 2 മുതൽ 4 വരെ പ്രതികളായ ലോറി ഡ്രൈവറെയും തെളിവു നശിപ്പിച്ചയാളെയും ലോറിയുടമയേയും തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. വിചാരണയിൽ ഇവർക്ക് ഊരി പോകാനുതകുന്ന രീതിയിൽ വെള്ളം ചേർത്ത കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചതിനാലാണ് കോടതി ഇവരെ വിട്ടയക്കാൻ കാരണമായത്. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂട്ടിങ് ഏജൻസിയായ ക്രൈംബ്രാഞ്ച് ദയനീയമായി പരാജയപ്പെട്ടതായി കോടതി വിധിന്യായത്തിൽ വിലയിരുത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

കുറ്റകരമായ നരഹത്യാക്കുറ്റത്തിന് ഏഴു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം രണ്ടു മാസത്തെ വെറും തടവനുഭവിക്കണം. ബാരിക്കേഡും നടപ്പാതയും തകർത്ത് റോഡ് ഡവലെപ്പ്‌മെന്റ് കമ്പനിക്ക് നാശ നഷ്ടം വരുത്തിയതിന് ആറുമാസം തടവു ശിക്ഷ അനുഭവിക്കണം. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാത്തതിനും വിവരം പൊലീസിൽ അറിയിക്കാതെ കൃത്യ സ്ഥലത്തു നിന്നും ഓടി മറഞ്ഞ് ഒളിവിൽ പോയ കുറ്റത്തിന് ഇരുനൂറ് രൂപ പിഴയൊടുക്കണം. അല്ലാത്തപക്ഷം രണ്ടു ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. ഡ്രൈവിങ് ലൈസൻസും ബാഡ്ജുമില്ലാതെ ലോറി ഓടിച്ചതിന് മൂന്നു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പരാമർശിച്ചിട്ടുള്ളതിനാൽ ഫലത്തിൽ പ്രതി കൂടിയ ശിക്ഷാ കാലാവധിയായ ഏഴു വർഷം കഠിനജോലി ചെയ്തുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയും 50, 200 രൂപ പിഴയും ഒടുക്കണം. പിഴത്തുകയിൽ 40,000 രൂപ കൊല്ലപ്പെട്ട ദമ്പതികളുടെ അവകാശികൾക്ക് നൽകാനും കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ചീഫ് കെമിക്കൽ ലബോറട്ടറിയിലെ ജൂനിയർ സയന്റിഫിക് ഓഫീസർ രവീന്ദ്രൻ (45), ഭാര്യയും കണിയാപുരം ബ്ലോക്ക് റിസോഴ്‌സ് സെന്റർ അദ്ധ്യാപക ട്രെയിനറുമായ അജിതകുമാരി (45) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അരുവിക്കര നിന്നും ചാക്ക അനന്തപുരി ആശുപത്രിയിൽ 9,500 ലിറ്റർ വെള്ളമെത്തിച്ച് അടുത്ത ലോഡെത്തിക്കാൻ ശര വേഗത്തിൽ പാഞ്ഞ ടാങ്കർ ലോറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. ലേണേഴ്‌സ് ലൈസൻസ് മാത്രമുള്ള 24 കാരനായ ക്ലീനർ കൈ തെളിയാനായുള്ള പരീശീലനം നേടാനായി ലോറി ഓടിച്ചത് നരഹത്യയിൽ കലാശിച്ചതായാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം. അതേ സമയം പല വിവാദ പീഡന , അബ്കാരി - കൊല കേസുകളുടെയും ശാസ്ത്രീയ പരിശോധന നടത്തുന്ന യാതൊരു പ്രീണനങ്ങൾക്കും സ്വാധീനങ്ങൾക്കും വശംവദനാകാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെ ഉന്നത സ്വാധീനമുള്ള പ്രതികൾ ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയില്ല. റോഡപകട മരണമായ നരഹത്യാ കേ സാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഒന്നു മുതൽ നാലു വരെ പ്രതികളായ കൃത്യ സമയം ടാങ്കർ ലോറി ഓടിച്ച ലോറി ക്ലീനർ അരുവിക്കര വില്ലേജിൽ കടമ്പനാട് കുറുന്തോട്ടം കൃഷ്ണ നിവാസിൽ ഉണ്ണികൃഷ്ണൻ (24) , ഹെവി വാഹനമോടിക്കാനുള്ള ബാഡ്ജില്ലാത്ത ലോറി ഡ്രൈവർ തിരുമല കുന്നപ്പുഴ ചെറുവട്ടറ്റിൽ വീട്ടിൽ സുധി എന്ന സന്തോഷ് കുമാർ (29) , യഥാർത്ഥ പ്രതിയെ മാറ്റി ആൾമാറാട്ടം നടത്തി കളവായ വിവരം നൽകിയും ലോറിയുടെ ട്രിപ്പ് ഷീറ്റുകൾ തീയിട്ട് തെളിവുകൾ നശിപ്പിക്കുകയും ചെയ്ത കടമ്പനാട് ഗീതാഭവനിൽ ഗോപകുമാർ (26) , ലോറിയുടമ കരകുളം കുറവൂർക്കോണം അരുൾ നിവാസിൽ സരോജിനി (76) എന്നിവരാണ് കുറ്റകരമായ നരഹത്യാ കേസിൽ വിചാരണ നേരിട്ടത്.

തലസ്ഥാന നഗരത്തിലെ പേട്ട നാലുമുക്ക് ജംഗ്ഷനിലെ സ്റ്റേറ്റ് ബാങ്കിന് മുൻ വശത്ത് 2008 ഫെബ്രുവരി 27 ന് വെളുപ്പിന് 4. 40 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികളായ ഇരുവരും കണ്ണമ്മൂല ഗോകുലം വീട്ടിൽ നിന്നും പ്രഭാത സവാരിക്ക് പേട്ട - പാറ്റൂർ റോഡിലൂടെയുള്ള ഫുട്പാത്തിൽ ബാരിക്കേഡിന് ഉള്ളിലൂടെ നടന്നു പോകുകയായിരുന്നു. ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന 95 മീറ്റർ ഉയരത്തിലും 13.6 മീറ്റർ മീറ്റർ നീളത്തിലുള്ള ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡുകൾ ടാങ്കർ ലോറി കൊണ്ടിടിപ്പിച്ച് തകർത്ത് ദമ്പതികളെ മതിലിൽ ചേർത്ത് ചതച്ചരച്ച് ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. അമിത വേഗതയിലെത്തിയ ടാങ്കർ ലോറി 13 മീറ്റർ 60 സെന്റീമീറ്റർ നീളത്തിലുള്ള ക്രാഷ് ബിരിയറായ ലോഹ ബാരിക്കേഡും ഫുട്പാത്തും ഇടിച്ചു തകർത്ത് നാശ നഷ്ടപ്പെടുത്തിയതിലൂടെ തിരുവനന്തപുരം റോഡ് ഡെവലപ്പ്മെന്റ് കമ്പനിക്ക് 41,000 രൂപയുടെ നഷ്ടം പ്രതികൾ സംഭവിപ്പിച്ചതായും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. യഥാസമയം മുറിവേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ അപകടവിവരം പൊലീസിൽ അറിയിക്കുകയോ ചെയ്യാതെ പ്രതികൾ ഓടി രക്ഷപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്. യഥാർത്ഥ പ്രതികളെ മാറ്റി സംഭവവുമായി ബന്ധമില്ലാത്തവരെ പ്രതികളാക്കാൻ ശ്രമിച്ചതായും വാഹനത്തിന്റെ ട്രിപ്പ് ഷീറ്റ് നശിപ്പിച്ചതായും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.

3 അന്വേഷണ ഏജൻസികളാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള ബന്ധുക്കളുടെ പരാതിയിലാണ് കേസ് ക്രൈം ബ്രാഞ്ച് ഏജൻസി അന്വേഷിച്ചത്. ആദ്യം തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസും തുടർന്ന് പേട്ട പൊലീസും അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 2010 ൽ എഫ് ഐ ആർ റീ - രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് 2011 ഫെബ്രുവരി 10ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 ( 2 ) ( തന്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടു കൂടി ചെയ്യുന്ന കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്നു മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും തെളിവു നശിപ്പിക്കലും ) , 427 ( നാശനഷ്ടം വരുത്തൽ ) ,114 ( കുറ്റം ചെയ്യപ്പെടുമ്പോൾ പ്രേരകൻ സന്നിഹിതനാകൽ ) , 34 ( കൂട്ടായ്മ ) , കേരളാ മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 134 എ , ബി ( പ്രഥമ ശുശ്രൂഷ നൽകാതെയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെയും വിവരം പൊലീസിൽ അറിയിക്കാതെയും കൃത്യ സ്ഥലത്തു നിന്നും രക്ഷപ്പെടൽ ) , 3 (1) ( ലൈസൻസില്ലാതെ വാഹനമോടിക്കൽ ) , 224 ( ട്രിപ്പ് ഷീറ്റ് എഴുതി സൂക്ഷിക്കാതിരിക്കൽ ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്.

പ്രോസിക്യൂഷൻ ഭാഗത്തേക്ക് സ്വതന്ത്ര സാക്ഷികളായും ഔദ്യോഗിക സാക്ഷികളായും 40 പേരെ കോടതിയിൽ വിസ്തരിക്കുകയും 31 തൊണ്ടിമുതലുകളും 25 രേഖകളും അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. സംഭവം നേരിൽ കണ്ടവരും ദൃക്‌സാക്ഷികളുമായ പത്രക്കെട്ടെടുക്കാൻ പോയ 2 പത്ര ഏജന്റുമാരുടെയും പ്രഭാത സവാരിക്കിറങ്ങിയ 3 സ്ഥലവാസികളുടെയും സാക്ഷിമൊഴികളാണ് കേസ് വിചാരണയിൽ നിർണ്ണായകമായത്. കൃത്യ വാഹനത്തിന് യാതൊരു വിധ യന്ത്രതകരാറോ ബ്രേക്ക് സിസ്റ്റ തകരാറോ ഇല്ലായെന്നും പെഡൽ ബ്രേക്കും ഹാൻഡ് ബ്രേക്കും ശരിയായി പ്രവർത്തിക്കുന്നതായുമുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ റിപ്പോർട്ടും കോടതി തെളിവിൽ സ്വീകരിച്ചു. ബാരിക്കേഡിലും മറ്റും കണ്ടെത്തിയ ദമ്പതികളുടെ രക്തക്കറ , ഫുട്പാത്തിൽ നിന്നും കിട്ടിയ ദമ്പതികളുടെ ചെരുപ്പുകൾ , തലമുടി ഭാഗങ്ങൾ എന്നിവ ശാസ്ത്രീയ പരിശോധന നടത്തി ഫോറൻസിക് ലാബിലെ സീറോളജി വിഭാഗം സമർപ്പിച്ച എഫ് എസ് എൽ റിപ്പോർട്ടും വിചാരണയിൽ നിർണ്ണായകമായി.

സംഭവത്തിൽ വെച്ച് രണ്ടു വ്യക്തികൾ കൊല്ലപ്പെട്ടുവെന്ന സാഹചര്യവും കാൽനട യാത്രക്കാർക്ക് മാത്രമായി കരുതിവച്ച ഫുട്പാത്ത് പോലും നടക്കാൻ സുരക്ഷിതമല്ലെന്നുള്ളതും സംഭവത്തിന് ശേഷം വൈദ്യസഹായം ലഭ്യമാക്കാനുള്ള യാതൊരു മാനുഷിക സമീപനവും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടാകാത്തതും ഉയർന്ന ശിഷ നൽകാനുള്ള കാര കോടതി ഗൗരവമായി വീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പ്രതിയോട് സഹതാപമോ മമതയോ കാട്ടിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ സ്വഭാവം , അളവ് , വലിപ്പം , വ്യാപ്തി എന്നിവക്ക് നേരിട്ട് ആനുപാതികമായിക്കണം ശിക്ഷ എന്നു വിധിയിൽ കോടതി പരാമർശിച്ചു.

അതേ സമയം പ്രതിക്കുള്ള ശിക്ഷ വർദ്ധിപ്പിക്കാതെ ഏഴു വർഷമായി ലഘൂകരിച്ച് ചുരുക്കാൻ 6 സാഹചര്യങ്ങളാണ് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയത്. കുറ്റ കൃത്യം നടക്കുമ്പോൾ പ്രതിക്ക് പ്രായം 24 വയസ്സ് എന്നതും പ്രതിയാണ് കുടുംബത്തിന്റെ ഏകാശ്രയം എന്നതും സംഭവം കഴിഞ്ഞ് 12 വർഷങ്ങൾ പിന്നിട്ടുവെന്നതും ദീർഘ കാലം പ്രോസിക്യൂഷൻ വിചാരണയുടെ മാനസിക വേദന പ്രതി അനുഭവിച്ചുവെന്നതും പ്രതിക്ക് ലേണേഴ്‌സ് ലൈസൻസ് ലഭിച്ചിരുന്നുവെന്നതും ഡ്രൈവിങ് അറിയാമെന്നതുമാണ് ശിക്ഷ ലഘൂകരിക്കാനുള്ള 5 സാഹചര്യങ്ങളായി കോടതി വിധി ന്യായത്തിൽ പരാമർശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP