Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കൊറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ

രണ്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കൊറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ് രണ്ട് ചതുരശ്ര കിലോമീറ്ററിൽ പത്ത് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ധാരാവി. സമ്പർക്കത്തിലൂടെ പടരുന്ന കൊറോണ പോലൊരു രോഗത്തിന് കാട്ടുതീ പോലെ പടർന്ന് പിടിക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം.

എന്നിട്ടും ലോകത്തെ മുഴുവൻ വിറപ്പിച്ച കൊറോണയെന്ന ഭീകരനെ പിടിച്ചുകെട്ടുന്നതിൽ വിജയിച്ചിരിക്കുന്ന ഈ ചേരി ഇന്ന് ലോക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ഒക്കെ തീർത്തും അസാദ്ധ്യമായ ഒരു സാഹചര്യത്തിലാണ് ധാരാവി ഈ നേട്ടം കൈവരിച്ചതെന്നതാണ് അവരെ അദ്ഭുതപ്പെടുത്തുന്നത്.

ആയിരങ്ങളാണ് മുംബൈയിൽ കൊറോണക്ക് കീഴടങ്ങി മരണം വരിച്ചത്. എന്നാൽ ധാരാവിയിൽ ഇതുവരെയുള്ള കോവിഡ് മരണം വെറും 82 മാത്രം. പത്തും പന്ത്രണ്ടും പേർ ഒരു മുറിയിൽ പാർക്കുകയും നൂറുകണക്കിനാളുകൾ ഒരേ ശൗചാലയം ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഈ ചേരിയിൽ ഉള്ളതെന്നോർക്കണം.

കൊറോണയെ നേരിടാൻ, സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ ഇവിടെ ഫലവത്താവുകയില്ല എന്ന് അധികൃതർ തിരിച്ചറിഞ്ഞതാണ് ധാരാവിയുടെ വിജയത്തിനു പിന്നെ ഏറ്റവു പ്രധാന കാരണം. സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും തീർത്തും അസാദ്ധ്യമാണിവിടെ മാത്രമല്ല, നൂറുകണക്കിന് ആളുകൾ ഒരേ ശൗചാലയം തന്നെ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സമ്പർക്ക ട്രേസിംഗും അസാദ്ധ്യമാണ്.

വീട്വീടാന്തരം കയറിയിറങ്ങി പരിശോധന നടത്തുക എന്നതായിരുന്നു തീരുമാനിച്ചത്. എന്നാൽ രോഗവ്യാപന തോത് വർദ്ധിക്കാൻ തുടങ്ങുമ്പോഴും വെറും 50,000 പേരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുവാൻ കഴിഞ്ഞിരുന്നുള്ളു. അവിടെയാണ് മിഷൻ ധാരാവി എന്ന് പേരിട്ട സമാനതകളില്ലാത്ത പോരാട്ടം കൊറോണക്കെതിരെ ആരംഭിച്ചത്. ദിവസേന ചേരിയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് ഇവിടെത്തെ അന്തേവാസികളെ മുഴുവനും രോഗ പരിശോധനക്ക് വിധേയരാക്കി.

ബോളിവുഡ് താരങ്ങളും ബിസിനസ്സ് രംഗത്തെ അതികായരുമൊക്കെ മെഡിക്കൽ ഉപകരണങ്ങൾക്കുള്ള പണം നൽകിയപ്പോൾ കെട്ടിടനിർമ്മാണ തൊഴിലാളികൾ 200 കിടക്കകളുള്ള ഒരു ഫീൽഡ് ആശുപത്രി നിർമ്മിച്ചു നൽകി. സ്‌കൂളുകൾ, കല്യാണ മണ്ഡപങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ താത്കാലിക ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റി. അവിടെയെത്തുന്നവർക്ക് സൗജന്യ ഭക്ഷണം, പോഷകങ്ങൾ എന്നിവക്ക് പുറമേ യോഗാ പരിശീലനവും നൽകിയിരുന്നു.

ഏകദേശം 1,25,000 പേർ താമസിക്കുന്ന ഹോട്ട്സ്പോട്ടുകളിൽ കർശന നിർദ്ദേശങ്ങൾ നൽകുകയും ജനങ്ങൾ അവ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ധാരാളം സന്നദ്ധസേവകർ സൗജന്യ ഭക്ഷണവുമായി ധാരാവിയിലാകെ കറങ്ങി. അതിനാൽ ആർക്കും ഇവിടെ പട്ടിണി കിടക്കേണ്ടതായി വന്നില്ല. ജൂൺ അവസാനമായപ്പോഴേക്കും ചേരിയിലെ പകുതിയിലധികം പേരെ രോഗ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

സാഹചര്യം മനസ്സിലാക്കിയുള്ള ഇടപെടൽ, സമർത്ഥമായ ആസൂത്രണം, അത് കൃത്യമായി നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പൊലീസുകാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ കാണിച്ച സമർപ്പണ മനോഭാവം എന്നിവയാണ് ഇവിടെ കാട്ടുതീ പോലെ പടർന്ന് കയറുന്നതിൽ നിന്നും കൊറോണയെ തടഞ്ഞത്. ഒരുമിച്ച് നിൽക്കുകയും ഒരേ മനസ്സോടെ പ്രവർത്തിക്കുകയും ചെയ്താൽ മനുഷ്യനിപ്പോഴും ഒരു കാര്യവും അസാദ്ധ്യമല്ലെന്ന് തെളിയിച്ച ഒരു സംഭവമാണിതെന്നാണ് പല പാശ്ചാത്യ മാധ്യമങ്ങളും പറയുന്നത്.

ധാരാവി കോവിഡ് റെഡ് സോണിൽനിന്ന് ഗ്രീൻസോണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാൻ പാടുപെടുന്ന വികസ്വര രാജ്യങ്ങൾക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോൾ ധാരാവി. മെയ്‌ ആദ്യത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പകുതിയിലധികം രോഗികൾ രോഗമുക്തരായി. എൺപതോളം പേർ ഒരു ശുചിമുറി പങ്കിടുന്ന ചേരിയിൽ ഈ മാസം മരണങ്ങളുടെ എണ്ണവും കുറഞ്ഞു. മെയ്‌ മാസത്തിനുശേഷം പുതിയ രോഗബാധിതരുടെ എണ്ണം നാലിരട്ടിയായി വർധിച്ച രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഈ കണക്കുകൾ.

'വൈറസിനെ പിന്തുടരുക' എന്ന സമീപനമാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണർ കിരൺ ദിഘവ്കർ പറയുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം വൈറസിനെ പിന്തുടരുക എന്നതായിരുന്നു ഏക പോംവഴി. ഏപ്രിൽ മുതൽ തന്നെ ചേരിനിവാസികളുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥർ 47,500 ഓളം വീടുകൾ കയറിയിറങ്ങി. 700,000 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. പനി ക്ലിനിക്കുകൾ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതെല്ലാം ഫലം കണ്ടു.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ധാരാവി നിവാസികളിൽ 51% പേരും സുഖം പ്രാപിച്ചു. മെയ്‌ തുടക്കത്തിൽ പുതിയ കേസുകൾ ഒരു ദിവസം ശരാശരി 60 ആയിരുന്നെങ്കിൽ പിന്നീട് 20 ആയി കുറഞ്ഞു. 100 ചതുരശ്രയടി കുടിലിൽ ഏഴ് പേരുള്ള ഒരു കുടുംബം വീതം ഒരു ദശലക്ഷം ആളുകൾ താമസിക്കുന്ന സ്ഥലം ആണിത്. റമസാൻ സമയത്ത് ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ളവർ എങ്ങനെ നോമ്പു മുറിക്കുമെന്നതിൽ ആശങ്കാകുലരായിരുന്നു. എന്നാൽ കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തി. അങ്ങനെ ധാരാവി അവിടേയും മാതൃകയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP