Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തും പതിനാറും രോഗികൾ ദിവസവും ഉണ്ടായപ്പോഴെ പേടിച്ച് വിറച്ച് ആസ്ട്രേലിയ; മെൽബോൺ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങൾ; വിക്ടോറിയ സംസ്ഥാനത്തെ വാതിലടച്ചകത്തി അയൽ സംസ്ഥാനങ്ങൾ; കൊറോണ ആദ്യഘട്ടത്തിൽ ആക്രമിക്കാതിരുന്ന രാജ്യത്ത് രണ്ടാം ഘട്ടത്തിൽ ചലനം തുടങ്ങിയപ്പോൾ കരുതലുകൾ ഇങ്ങനെ; കേരളത്തിൽ പോലും നൂറിൽ അധികം രോഗികൾ ദിവസേന ഉണ്ടായിട്ടും അനങ്ങാതിരിക്കുമ്പോൾ ആസ്ട്രേലിയയുടെ കരുതൽ കണ്ട് അമ്പരന്ന് ലോകം

പത്തും പതിനാറും രോഗികൾ ദിവസവും ഉണ്ടായപ്പോഴെ പേടിച്ച് വിറച്ച് ആസ്ട്രേലിയ; മെൽബോൺ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങൾ; വിക്ടോറിയ സംസ്ഥാനത്തെ വാതിലടച്ചകത്തി അയൽ സംസ്ഥാനങ്ങൾ; കൊറോണ ആദ്യഘട്ടത്തിൽ ആക്രമിക്കാതിരുന്ന രാജ്യത്ത് രണ്ടാം ഘട്ടത്തിൽ ചലനം തുടങ്ങിയപ്പോൾ കരുതലുകൾ ഇങ്ങനെ; കേരളത്തിൽ പോലും നൂറിൽ അധികം രോഗികൾ ദിവസേന ഉണ്ടായിട്ടും അനങ്ങാതിരിക്കുമ്പോൾ ആസ്ട്രേലിയയുടെ കരുതൽ കണ്ട് അമ്പരന്ന് ലോകം

മറുനാടൻ മലയാളി ബ്യൂറോ

വിക്ടോറിയ സംസ്ഥാനത്തുകൊറോണയുടെ രണ്ടാം തേരോട്ടമാരംഭിച്ചതോടെ മാസങ്ങൾ നീണ്ടുനിന്ന ലോക്ക്ഡൗൺ കാലത്തെ ദുരിതങ്ങൾ വീണ്ടും തങ്ങളെത്തേടിയെത്തുമെന്ന ഭയത്തിലാണ് ആസ്ട്രേലിയക്കാർ.

ആസ്ട്രേലിയയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനത്ത് അവിചാരിതമായി എത്തിയ കൊറോണയുടെ രണ്ടാം വരവ് മറ്റ് സംസ്ഥാനങ്ങളേയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. വൈറസ് വ്യാപനം തടയുവാൻ മാർച്ചിൽ അടച്ചുപൂട്ടിയ അതിർത്തികൾ നേരത്തേ തീരുമാനിച്ചതുപോലെ ഇപ്പോൾ തുറക്കേണ്ട എന്നാണ് മറ്റ് സംസ്ഥാനങ്ങൾ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ചൊവ്വാഴ്‌ച്ച വിക്ടോറിയയിൽ 17 പുതിയ കേസുകളാണ് റിപ്പോർട്ട്‌ചെയ്യപ്പെട്ടത്. അതിൽ 11 കേസുകളുടെ സ്രോതസ്സ് ഇനിയും വ്യക്തമായിട്ടില്ല. ഇതോടെ തുടർച്ചയായ പതിനേഴാം ദിവസമാണ് പുതിയതായി രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം രണ്ടക്കത്തിൽ എത്തുന്നത്. കൊറോണയുടെ ഹോട്ട്സ്പോട്ടായ മെൽബോൺ നഗരത്തിൽ വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനുഭവിക്കുകയാണ്. ആറ് ഗവണ്മെന്റ് ജില്ലകളിൽ നിർബന്ധിത ലോക്ക്ഡൗൺ ആണെന്ന് വിക്ടോറിയൻ ആരോഗ്യകാര്യമന്ത്രി ജെന്നി മികാകോസ് അറിയിച്ചു.

ഹ്യും, ബ്രിംബാങ്ക്, കാസി, കാർഡിനിയ, മോർലാൻഡ്, ഡെയർബിൻ എന്നിവയാണ് ആ ആറു ജില്ലകൾ. നിയമപരമായി സ്റ്റേ അറ്റ് ഹോം നിർദ്ദേശങ്ങൾ നൽകിയിട്ടിലെങ്കിലും അതും ഉടൻ പ്രതീക്ഷിക്കാം എന്നാണ് അറിയുവാൻ സാധിക്കുന്നത്. കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചവരിൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നതിനാൽ വിക്ടോറിയയിലെ രണ്ട് സ്‌കൂളുകളും അടച്ചുപൂട്ടി. ബേൺസ്വിക്ക് ഈസ്റ്റ് പ്രൈമറി സ്‌കൂളും കീലോർ വ്യുസ് പ്രൈമറി സ്‌കൂളുമാണ് അടച്ചത്. ഇത് രണ്ടും മെൽബൺ നഗരത്തിലാണ് ഉള്ളത്. മൂന്ന് ദിവസത്തേക്കാണ് സ്‌കൂളുകൾ അടച്ചിരിക്കുന്നത്.

കൊറോണയുടെ സമൂഹവ്യാപനത്തിൽ വന്ന വർദ്ധനവ് ആശങ്കയുണർത്തുന്നതാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിൽ വിമുഖത കാണിക്കുന്ന അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളാണ് രോഗവ്യാപനത്തിന് ഒരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായ തീരുമാനങ്ങളല്ല അത്തരം കുടുംബങ്ങളിൽ എടുക്കുന്നതും നടപ്പാക്കുന്നതും. പുതിയ കേസുകൾ വർദ്ധിക്കുമ്പോഴും ക്വീൻസ് ലാൻഡ്, സൗത്ത് ആസ്ട്രേലിയ, വെസ്റ്റേൺ ആസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളോട് അതിർത്തികൾ തുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ വിക്ടോറിയയിൽ നിലവിലുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ, അതിർത്തികൾ തുറക്കാനുള്ള മുൻതീരുമാനത്തിൽ നിന്നും പുറകോട്ട് പോകരുതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രീമിയർമാരോട് ആവശ്യപ്പെട്ടു. ന്യുസിലൻഡിൽ ചെയ്തതുപോലെ കോവിഡ്-19 പൂർണ്ണമായും ഇല്ലാതെയാക്കുക എന്നത് സർക്കാരിന്റെ അജണ്ടയിൽ ഇല്ലായിരുന്നു എന്നുപറഞ്ഞ പ്രധാനമന്ത്രി, മനുഷ്യ ജീവനോടൊപ്പം സമ്പദ്ഘടനയും സംരക്ഷിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം എന്നും കൂട്ടിച്ചേർത്തു.

അതേ സമയം വെസ്റ്റേൺ ആസ്ട്രേലിയയിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അതിർത്തികൾ തുറക്കില്ലെന്ന് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. വിക്ടോറിയയിൽ വൈറസ് വ്യാപനം നിയന്ത്രണാധീനമായില്ലെങ്കിൽ അതിർത്തികൾ അടഞ്ഞു തന്നെ കിടക്കേണ്ടി വരുമെന്ന് സൗത്ത് ആസ്ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 20 ന് ആയിരുന്നു അതിർത്തികൾ തുറക്കാൻ നേരത്തേ നിശ്ചയിച്ചിരുന്നത്. അതേ സമയം ക്വീൻസ്ലാൻഡ്, നോർത്തെൺ ടെറിട്ടറി, വെസ്റ്റേൺ ആസ്ട്രേലിയ ടാസ്മാനിയ എന്നീ സംസ്ഥാനങ്ങളുമായി നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ സൗത്ത് ആസ്ട്രേലിയ നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വാരാന്ത്യത്തിൽ വിക്ടോറിയയിൽ 121 രോഗബാധിതരുള്ളതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 34 പേർ മാത്രമാണ് വിവിധ രാജ്യങ്ങളിൽ നിന്നായി ആസ്ട്രേലിയയിലേക്ക് തിരിച്ചെത്തി ഹോട്ടലുകളിൽ നിർബന്ധ ക്വാറന്റൈനിൽ ഉള്ളവർ. തിങ്കളാഴ്‌ച്ച രോഗബാധ സ്ഥിരീകരിച്ച 16 പുതിയ രോഗികളിൽ ഒരാൾ മെൽബോണിൽ ജൂൺ 6 ന് നടന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിൽ പങ്കെടുത്ത ആളാണ്. രോഗവ്യാപനം ശക്തമായി ഉള്ള മേഖലകളിലേക്കുള്ള യാത്രകൾ നിർത്തിവയ്ക്കണമെന്ന് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മെൽബോണിലേക്കുള്ള യാത്ര ഒഴിവാക്കുവാൻ ന്യു സൗത്ത് വെയിൽസും തങ്ങളുടേ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയായിരുന്നു വിക്ടോറിയ. എന്നാൽ രോഗവ്യാപനം ശക്തമായതിന്റെ വെളിച്ചത്തിൽ അത് നിർത്തിവയ്ക്കുകയായിരുന്നു. ആവശ്യമില്ലാത്തെ യാത്രകൾ ഒഴിവാക്കുവാൻ ജനങ്ങളോട് ആവശ്യപ്പെട്ട വിക്ടോറിയയിൽ കഴിയുന്നത്രപേർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ ജൂലായ് 19 രാത്രി 11.59 വരെ നീട്ടിയിട്ടുമുണ്ട്. പൊതുസ്ഥലങ്ങളിൽ ഒത്തുചേരുവാൻ അനുവാദമുള്ളത് പരമാവധി 20 പേർക്കായി നിജപ്പെടുത്തി. അതുപോലെ മതപരമായ ചടങ്ങുകൾക്കും 20 പേർക്ക് മാത്രമേ ഒത്തുചേരാനാകു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP