Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ലോക്ക്ഡൗണിൽ മണിപ്പൂരിൽ പെട്ട് പോയ ബ്രിട്ടീഷ് യുവതി 1700 കിലോമീറ്റർ പല വാഹനങ്ങളിൽ യാത്ര ചെയ്ത് ഡൽഹിയിൽ എത്തി; എല്ലാം ഒരുക്കിയത് ഇന്ത്യ; ഒടുവിൽ ഇന്ത്യയെക്കുറിച്ച് ഒരു നല്ല വാർത്ത ചെയ്ത് ബ്രിട്ടീഷ് മാധ്യമങ്ങൾ

ലോക്ക്ഡൗണിൽ മണിപ്പൂരിൽ പെട്ട് പോയ ബ്രിട്ടീഷ് യുവതി 1700 കിലോമീറ്റർ പല വാഹനങ്ങളിൽ യാത്ര ചെയ്ത് ഡൽഹിയിൽ എത്തി; എല്ലാം ഒരുക്കിയത് ഇന്ത്യ; ഒടുവിൽ ഇന്ത്യയെക്കുറിച്ച് ഒരു നല്ല വാർത്ത ചെയ്ത് ബ്രിട്ടീഷ് മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണക്കാലത്ത് ഏറ്റവും സാഹസികമായി ദീർഘദൂരയാത്ര നടത്തിയ അപൂർവം ചിലരിലൊരാളായിരിക്കും ലോക്ക്ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് യുവതി കോറിന്നെ ഹെൻഡേർസൻ എന്ന 30കാരി. ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ മണിപ്പൂരിലെ ഒരു ഉൾഗ്രാമത്തിൽ പെട്ട് പോയ കോറിന്നെ ബ്രിസ്റ്റോളിലെ തന്റെ വീട്ടിലെത്തിച്ചേരാനുള്ള അദമ്യമായ ആഗ്രഹത്താൽ 1700 കിലോമീറ്റർ പല വാഹനങ്ങളിൽ യാത്ര ചെയ്താണ് ഡൽഹിയിൽ എത്തിയത്. 

യുവതിക്ക് ഈ സാഹചര്യത്തിലും യാത്രക്ക് സൗകര്യമൊരുക്കി ഇന്ത്യ എല്ലാവിധ സഹായങ്ങളുമേകിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് എപ്പോഴും മോശമായി എഴുതാൻ മത്സരിക്കാറുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ ഈ യുവതിയെക്കുറിച്ചുള്ള വാർത്തയിലൂടെ ആദ്യമായി ഇന്ത്യയെക്കുറിച്ച് നല്ലൊരു വാർത്തയാണ് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തന്റെ സുഹൃത്തിന്റെ കുടുംബം സന്ദർശിക്കാനായിരുന്നു മൂന്നാഴ്ചത്തെ പര്യടനത്തിനായി കോറിന്നെ മണിപ്പൂരിലെത്തിയിരുന്നത്.

തന്റെ ട്രിപ്പിന്റെ അവാസനത്തിൽ ബ്രിട്ടനിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴായിരുന്നു ഇന്ത്യയിൽ മാർച്ച് 25ന് കൊറോണ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെടുകയും ഈ യുവതി ഇന്ത്യയിൽ പെട്ട് പോവുകയും ചെയ്തത്. ലോക്ക്ഡൗൺ കാലത്ത് ഒരു വീട്ടിൽ പെട്ട കോറിന്നെക്ക് ദാഹജലത്തിന് പോലും ബുദ്ധിമുട്ടിയെന്ന് ബ്രിട്ടീഷ ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് ദിവസത്തെ റെസ്‌ക്യൂ മിഷനിലൂടെ യുവതിയെ ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു ഫോറിൻ ഓഫീസെന്നും ബ്രിട്ടീഷ് മാധ്യമങ്ങളെഴുതിയിരിക്കുന്നു. സാധാരണ താൻ കോൺവാളിലേക്കോ അല്ലെങ്കിൽ ഇറ്റലിയിലേക്കോ ആണ് ഹോളിഡേക്ക് പോകാറുള്ളതെന്നും എന്നാൽ ഇപ്രാവശ്യം ഇന്ത്യയിലേക്ക് പോകാൻ തീരുമാനിക്കുയും അത് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത അനുഭവമായിത്തീരുകയായിരുന്നുവെന്നും കോറിന്നെ പറയുന്നു.

സ്വദേശത്ത് മടങ്ങിയെത്താൻ തനിക്ക് സഹായമേകിയ ഇന്ത്യൻ അധികൃതർക്കും തദ്ദേശീയരായ നിരവധി പേർക്കും താൻ കടപ്പെട്ടിരിക്കുന്നുവെന്നും യുവതി പറയുന്നു. മണിപ്പൂരിലെ വിദൂരസ്ഥമായ നോൻഗ്മാൻ ഗ്രാമത്തിൽ നിന്നും ഡൽഹിയിലെത്താൻ കോറിന്നെ അപകടം പതിയിരിക്കുന്ന പർവതപാതകളും കുണ്ടുകുഴികളും നിറഞ്ഞ റോഡുകളും താണ്ടിയിരുന്നുവെന്നു തലനാരിഴക്കാണ് വിവിധ അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടിരുന്നതെന്നും റിപ്പോർട്ടുണ്ട്. കോറിന്നെ കയറിയ കാറുകൾ രണ്ട് പ്രാവശ്യം മറിയാൻ പോയിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങൾ താണ്ടി ഡൽഹിയിലെത്തുമ്പോഴേക്കും ലണ്ടനിൽ നിന്നും മോസ്‌കോയിലേക്ക് പോകുന്ന കരദൂരം കോറിന്നെ താണ്ടിയിരുന്നുവെന്നാണ് റിപ്പോർട്ട്.

യുവതിയുടെ യാത്രക്ക് സുരക്ഷയേകി വിവിധയിടങ്ങളിൽ പൊലീസ് അകമ്പടി സേവിച്ചിരുന്നു. യാത്രക്കിടെ നിരവധി ഹോട്ടലുകളിൽ ഇവർ തങ്ങുകയും ചെയ്തിരുന്നു. ഡ്രൈവർമാർക്ക് ഇംഗ്ലീഷ് അറിയാത്തതിനാൽ അവരോട് സംസാരിക്കാൻ നിർവാഹമില്ലാത്തതിനാൽ താൻ കാർ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന് സമയം പോക്കുകയായിരുന്നുവെന്നും കോറിന്നെ ഓർക്കുന്നു.

നോക്കിയിരിക്കെ മാറുന്ന ഇന്ത്യയുടെ ഭൂവൈവിധ്യം തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും കോറിന്നെ എടുത്ത് കാട്ടുന്നു.ഇപ്പോൾ ബ്രിസ്റ്റോളിലെ വീട്ടിലെത്തിയതിന്റെ ആഹ്ലാദത്തിലായ കോറിന്നെ 14 ദിവസത്തെ ക്വോറന്റീനിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

കോവിഡ് 19 ലോകമെമ്പാടും പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മൊത്തം മൂന്ന് ലക്ഷത്തോളം ബ്രിട്ടീഷ് ഹോളിഡേ മെയ്‌ക്കർമാരാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയിരുന്നത്. ഇവരെ തിരിച്ച് കൊണ്ടു വരാൻ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് 75 മില്യൺ പൗണ്ടാണ് മാർച്ചിൽ വകയിരുത്തിയിരുന്നത്. നിരവധി പേരെ തിരിച്ച് കൊണ്ടു വന്നെങ്കിലും ഇപ്പോഴും 57,500 ബ്രിട്ടീഷ് ഹോളിഡേ മെയ്‌ക്കർമാർ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP