Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

മിലാൻ നഗരത്തിൽ പുകമറയുടെ അംശം പോലുമില്ല; ന്യുഡൽഹി ലോകത്തെ പേടിപ്പെടുത്തിയിരുന്ന പഴയ നഗരമല്ല; വെനീസിലെ തടാകങ്ങൾക്ക് കണ്ണീർ പോലെ ശുദ്ധി; 125 മൈലുകൾ അകലെ നിന്നും ഹിമാലയ പർവതം സുന്ദരമായി കാണാം; കൊറോണയിൽ വിശുദ്ധി തെളിയിച്ച ലോകത്തിന്റെ ചില സുന്ദര ചിത്രങ്ങൾ ഇതാ

മിലാൻ നഗരത്തിൽ പുകമറയുടെ അംശം പോലുമില്ല; ന്യുഡൽഹി ലോകത്തെ പേടിപ്പെടുത്തിയിരുന്ന പഴയ നഗരമല്ല; വെനീസിലെ തടാകങ്ങൾക്ക് കണ്ണീർ പോലെ ശുദ്ധി; 125 മൈലുകൾ അകലെ നിന്നും ഹിമാലയ പർവതം സുന്ദരമായി കാണാം; കൊറോണയിൽ വിശുദ്ധി തെളിയിച്ച ലോകത്തിന്റെ ചില സുന്ദര ചിത്രങ്ങൾ ഇതാ

മറുനാടൻ ഡെസ്‌ക്‌

നുഷ്യ ചരിത്രം തന്നെ കോറോണക്ക് മുൻപും പിൻപും എന്ന് മാറ്റിയെഴുതേണ്ടിവരുമെന്ന് പല രംഗത്തേയും വിദഗ്ദർ പറയുന്നുണ്ട്. മനുഷ്യന്റെ ജീവിത ശൈലിയിലും സാമൂഹിക ഇടപെടലുകളിലുമൊക്കെ കാതലായ മാറ്റങ്ങൾ ഈ മഹാവ്യാധി കൊണ്ടുവരും എന്നുതന്നെയാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ മനുഷ്യനെ മാത്രമല്ല, പ്രകൃതിയേയും കൊറോണ മാറ്റിമറിക്കുമെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഭൂമിയേയും അന്തരീക്ഷത്തേയും മലീമസപ്പെടുത്തിയ മനുഷ്യനെ ഒരുമാസത്തിലധികമായി കൂട്ടിലടച്ചപ്പോൾ പ്രകൃതീദേവി തന്റെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കുകയായിരുന്നു.

ആദ്യമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഇറ്റലിയിലെ മിലാൻ നഗരം ഇന്ന് പണ്ടത്തേക്കാൾ സുന്ദരിയാണ്. മിലന്റെ സൗന്ദര്യത്തെ മറച്ചുപിടിച്ച പുകമഞ്ഞിന്റെ വികൃതമായ ആവരണം അപ്രത്യക്ഷമായിരിക്കുന്നു. മുഖപടം നീക്കി പുറത്തുവന്ന മിലാൻ എന്ന സുന്ദരിയുടെ പുതിയ ചിത്രം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതുപോലെത്തന്നെതെളിനീരണിഞ്ഞ് സുന്ദരിമാരായി മാറിയിരിക്കുകയാണ് വെനീസ് നഗരത്തിന്റെ ധമനികളായി അറിയപ്പെടുന്ന കനാലുകളും.

വിനോദ സഞ്ചാരികളുടെ ആധിക്യവും വലിയ തോതിലുള്ള ബോട്ട് യാത്രകളും കലക്കിമറിച്ച കനാലിലെ വെള്ളം ഇന്ന് കണ്ണുനീർ പോലെ തെളിഞ്ഞു കിടക്കുന്നു. മനുഷ്യന്റെ അഭാവത്തിൽ ഈ സൗന്ദര്യം ആസ്വദിച്ച് കളിച്ചുതിമിർക്കുന്ന മത്സ്യങ്ങളും അടിത്തട്ടിൽ തലവിരിച്ചാടുന്ന ചെറു സസ്യങ്ങളുമൊക്കെ വ്യക്തമായി ദൃശ്യമാവുകയാണ് ഈ കനാലുകളിൽ. മാത്രമല്ല, വെനീസിനു മുകളിലെ ആകാശവും ഇന്ന് മാലിന്യമുക്തമായിരിക്കുന്നു. ഈശ്വരൻ സൃഷ്ടിച്ച വെനീസ്, അതിന്റെ തനത് രൂപത്തിലും ഭാവത്തിലും എന്നാണ് ഒരാൾ ഈ കനാലിന്റെ ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്.

ജനങ്ങൾ നിർബന്ധിത ക്വാറന്റൈനിൽ ആയതോടെ ന്യുഡൽഹിയും മാലിന്യമുക്തമായ പഴയ ഇന്ദ്രപ്രസ്തമായി മാറിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും അധികം മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ഒന്നായ ന്യുഡൽഹിക്ക് ഇന്ന് അതെല്ലാം എന്നോ കണ്ട് മറന്ന പേക്കിനാക്കൾ മാത്രം. ഒറ്റയക്ക ഇരട്ടയക്ക നിയന്ത്രണങ്ങൾ ഉൾപ്പടെ പല നടപടികളും എടുത്തിട്ടും മാലിന്യമുക്തമാക്കാൻ പറ്റാതിരുന്ന ന്യുഡെൽഹിയെ ഒരു മാസം കൊണ്ടാണ് ഈ കുഞ്ഞൻ വൈറസ് മാലിന്യ രഹിത നഗരമാക്കിയത്. ആൽപൈൻ വർവ്വതങ്ങളുടേതിന് സമമായ അന്തരീക്ഷസ്ഥിതിയാണ് ഇന്നവിടെയുള്ളത്.

ന്യുഡൽഹിയിൽ മാത്രമല്ല, ഇന്ത്യയുടെ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ മലിനീകരണം ഏറെ കുറഞ്ഞിട്ടുണ്ട്. കാളിദാസൻ ഉൾപ്പടെയുള്ള മഹാകവികൾ പാടിപ്പുകഴ്‌ത്തിയ ഹിമാലയത്തിന്റെ സൗന്ദര്യം 30 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി 125 മൈലുകൾക്കിപ്പുറം നിന്ന് ആസ്വദിക്കാവുന്ന നിലയിലെത്തിയിരിക്കുകയാണ്.

1998 നും 2016 നും ഇടയിൽ അന്തരീക്ഷ മലിനീകരണം 171 ശതമാനം ഉയർന്ന ജക്കാർത്തയുടെ അന്തരീക്ഷവും കൊറോണയെന്ന കുഞ്ഞൻ വൈറസ് വൃത്തിയാക്കിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണം കാരണം ഓരോ ഇന്ത്യോനേഷ്യൻ പൗരനും തന്റെ ജീവിതത്തിന്റെ ശരാശരി 1.2 വർഷങ്ങൾ നഷ്ടപ്പെടുന്നു എന്ന് ശാസ്ത്രജ്ഞർ കണ്ടുപിടിച്ച സമയത്താണ് കൊറോണയെത്തി ശുചീകരണം ആരംഭിക്കുന്നത്.

മൊത്ത മരണത്തിന്റെ 22 ശതമാനം അന്തരീക്ഷ മലിനീകരണം കാരണമാണെന്ന് 2015 ൽ മെഡിക്കൽ ഗവേഷകർ കണ്ടെത്തിയ പാക്കിസ്ഥാനിലെ ഇസ്ലാമാബാദും ആ ഒരു ഭീഷണിയിൽ നിന്നും കരകയറുകയാണ് കൊറോണ ഭീതി ആളുകളിലേക്ക് എത്തിയതോടെ. ലോകമാകെ മരണം വിതറുമ്പോഴും, മനുഷ്യൻ അവശേഷിപ്പിച്ച മാലിന്യങ്ങൾ പലതും നീക്കം ചെയ്ത് പ്രകൃതിയെ ശുദ്ധീകരിക്കുക എന്നൊരു ഉത്തരവാദിത്തം കൂടി ഈ വൈറസ് ഏറ്റെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP