Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

അഞ്ഞൂറിൽ അധികം പേർ വീതം ഇപ്പോഴും ദിവസവും മരിച്ചുവീഴുമ്പോഴും ലോക്ക്ഡൗൺ മാറ്റി പതിവ് ജീവിതത്തിലേക്ക് മടങ്ങി ഇറ്റലിയും സ്പെയിനും; മെയ്‌ 11 വരെ ലോക്ക്ഡൗൺ നീട്ടിയ ഫ്രാൻസിലും ഇളക്കം; നാട്ടുകാർ പൊലീസിനെ തല്ലാൻ തുടങ്ങിയതോടെ ലോക്ക്ഡൗൺ മാറ്റാൻ ആലോചിച്ച് ജർമ്മനിയും; മരണം കുതിച്ചുയരുന്ന ബ്രിട്ടന് രാജ്യം തുറക്കാൻ ഭയം; വിപണി തുറക്കാൻ അമേരിക്കയും; ലോക്ക് ഡൗണിൽ നിന്നും ലോകം രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ

അഞ്ഞൂറിൽ അധികം പേർ വീതം ഇപ്പോഴും ദിവസവും മരിച്ചുവീഴുമ്പോഴും ലോക്ക്ഡൗൺ മാറ്റി പതിവ് ജീവിതത്തിലേക്ക് മടങ്ങി ഇറ്റലിയും സ്പെയിനും; മെയ്‌ 11 വരെ ലോക്ക്ഡൗൺ നീട്ടിയ ഫ്രാൻസിലും ഇളക്കം; നാട്ടുകാർ പൊലീസിനെ തല്ലാൻ തുടങ്ങിയതോടെ ലോക്ക്ഡൗൺ മാറ്റാൻ ആലോചിച്ച് ജർമ്മനിയും; മരണം കുതിച്ചുയരുന്ന ബ്രിട്ടന് രാജ്യം തുറക്കാൻ ഭയം; വിപണി തുറക്കാൻ അമേരിക്കയും; ലോക്ക് ഡൗണിൽ നിന്നും ലോകം രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊറോണയെ പൂർണ്ണമായി കീഴടക്കാനായില്ലെങ്കിലും നിയന്ത്രണവിധേയമാക്കാനായി എന്ന ആത്മവിശ്വാസത്തിൽ സ്പെയിനും ഇറ്റലിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഇന്നലെ ദശലക്ഷക്കണക്കിന് സ്പാനിഷുകാരാണ് നീണ്ട ഇടവേളക്ക് ശേഷം ജോലിക്ക് പോയി തുടങ്ങിയത്. അത്യാവശ്യ ഉദ്പന്നങ്ങൾ അല്ലാത്ത വ്യവസായ മേഖലയിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നാണിത്. രണ്ടാഴ്‌ച്ചയായി ഈ മേഖലയിൽ തുടരുന്ന ലോക്ക്ഡൗൺ സ്പെയിനിന്റെ സമ്പ്ദ്മേഖലയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

കഴിഞ്ഞ മൂന്നാഴ്‌ച്ചകളിലെ ഏറ്റവും കുറഞ്ഞ രോഗവ്യാപനമായ പ്രതിദിനം 3,477 പുതിയ രോഗബാധിതർ എന്നനിലയിലേക്ക് എത്തുകയും കുറഞ്ഞ മരണസംഖ്യയായ 517 രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഈ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചത്. എന്നിരുന്നാലും സാമൂഹ്യ അകലം പാലിക്കുന്നത് ജനങ്ങൾ തുടരണമെന്നും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരിൽ ജോലിസ്ഥലത്ത് നിന്നും അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ അതാത് സ്ഥാപനങ്ങൾ എടുക്കണമെന്നും നിർദ്ദേശമുണ്ട്.

രോഗവ്യാപനത്തിന്റെ നിരക്ക് 2 ശതമാനമായതോടെ ഇറ്റലിയും പടിപടിയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അത്യാവശ്യ വസ്തുക്കളിൽ ഉൾപ്പെടാത്ത ബുക്ക് സ്റ്റോറുകൾ കുട്ടികളുടെ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ എന്നിവ ഇന്ന് മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. എന്നാൽ സാമൂഹിക അകലം പാലിക്കൽ, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കൽ, അത്യാവശ്യമല്ലാത്ത വസ്തുക്കൾ ഉദ്പ്പാദിപ്പിക്കുന്ന വ്യവസായ ശാലകൾ അടച്ചിടൽ എന്നിവ ഇനിയും തുടരും. ഇറ്റലിയിൽ ഔദ്യോഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത് മെയ് 9 വരെയാണ്.

എന്നാൽ 4000 ത്തിൽ അധികം പുതിയ രോഗബാധകൾ രേഖപ്പെടുത്തുകയും ഇന്നലെ 500 ൽ ഏറെ പേർ മരണമടയുകയും ചെയ്ത ഫ്രാൻസിൽ ലോക്ക്ഡൗൺ മെയ്‌ 11 വരെ നീട്ടിയിട്ടുണ്ട്. രാജ്യം ഇത്തരമൊരു പകർച്ചവ്യാധിയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല എന്ന് സമ്മതിച്ച പ്രസിഡണ്ട് പക്ഷെ, പ്രത്യാശക്ക് വകയുണ്ടെന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ അപര്യാപ്തതകളുണ്ടെങ്കിലും വൈറസിനെ ഒരു പരിധിവരെ നിയന്ത്രണാധീനമാക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതേസമയം ലോക്ക്ഡൗൺ നീക്കുവാൻ ജർമ്മനിയിലും സമ്മർദ്ദമേറുകയാണ്.ലോക്ക്ഡൗൺ വയവസ്ഥകൾ ലംഘിച്ച് ഒരുകൂട്ടം ആളുകൾ വെള്ളിയാഴ്‌ച്ച ഫ്രാങ്ക്ഫർട്ട് തെരുവുകളിൽ അഴിഞ്ഞാടുകയയിരുന്നു. ഇരുമ്പ് വടികൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി പൊലീസിനെ വരെ ജനങ്ങൾ ആക്രമിക്കുന്ന നിലയിലെത്തി ജർമ്മനിയിലെ കാര്യങ്ങൾ. വേറെ ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.തിങ്കളാഴ്‌ച്ച മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ഒരുപറ്റം വിദ്യാഭ്യാസ വിദഗ്ദർ ചാൻസലറോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളോടെ ഇത് സാധ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. മരണ നിരക്ക് 2 ശതമാനത്തിൽ ഒതുക്കി നിർത്താൻ കഴിഞ്ഞ യൂറോപ്പിലെ ഒരേയൊരു രാജ്യമാണ് ജർമ്മനി. ഇറ്റലിയിൽ ഇത് 13 ശതമാനമായിരുന്നു എന്നോർക്കണം. ബുധനാഴ്‌ച്ച മുതൽ പടിപടിയായി നിയന്ത്രണങ്ങൾ എടുത്തുമാറ്റാനാണ് ഇപ്പോൾ ജർമ്മനി ആലോചിക്കുന്നത്.

ഓസ്ട്രിയ, ഡെന്മാർക്ക്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തുവാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒറ്റയടിക്ക് എടുത്ത് മാറ്റരുതെന്നും, അത് പടിപടിയായി ചെയ്യണമെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദനോം ഘെബ്രെയേസുസ് പറഞ്ഞു. ഡെന്മാർക്കിൽ സ്‌കൂളുകൾ ബുധനാഴ്‌ച്ച മുതൽ പ്രവർത്തനമാരംഭിക്കും. വ്യവസായശാലകളും തുറന്ന് പ്രവർത്തനമാരംഭിക്കും. എന്നാൽ ബാറുകൾ, പബ്ബുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ ഈ രാജ്യങ്ങളിൽ ഒക്കെത്തന്നെയും ഇനിയും അടഞ്ഞു തന്നെ കിടക്കും. റെസ്റ്റോറന്റുകൾക്ക് മാത്രം ഡോർ ഡെലിവറി നടത്താനുള്ള അനുമതി നൽകിയിട്ടുണ്ട്.

മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങൾ സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ ബ്രിട്ടൻ ഇപ്പോൾ അതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകാത്ത നിലയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രതിദിന മരണനിരക്കിൽ കുറവുണ്ടെങ്കിലും അത് സ്ഥിരമായ ഒരു ട്രെൻഡ് ആയി കാണാനാകില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഞായർ, തിങ്കൾ ദിവസങ്ങളിൽ മുൻപും മരണസംഖ്യ കുറവായിരുന്നു എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ബ്രിട്ടൻ ഇനിയും രോഗബാധയുടെ മൂർദ്ധന്യ ഘട്ടത്തിൽ എത്തിയിട്ടുമില്ല.

ഈ അവസരത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ എന്തെങ്കിലും ഇളവുകൾ നൽകുന്നത് തിരിച്ചടിക്ക് കാരണമായേക്കും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതിനെ കുറിച്ച് ആലോചിക്കാൻ വ്യാഴാഴ്‌ച്ച ഒരു ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട് അതിനു ശേഷമായിരിക്കും ലോക്ക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരിക. എന്തായാലും മെയ് 7 വരെയെങ്കിലും ലോക്ക്ഡൗൺ നീട്ടും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതിനിടെ വിപണി തുറക്കാൻ അമേരിക്കയും തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതു കൊണ്ടാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP