Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ചൈനയുടേയും ഉത്തരകൊറിയയുടേയും വഴിയേ സത്യം മറച്ചുവച്ച് റഷ്യയും; ഒന്നും സംഭവിച്ചിട്ടില്ല എന്നു പറയുമ്പോഴും ഒരാശുപത്രിക്ക് മുൻപിൽ 45 ആംബുലൻസുകൾ ഊഴം കാത്തു നിൽക്കുന്ന വീഡിയോ ആശങ്ക ഉണർത്തുന്നത്; 15 മണിക്കൂർ ആംബുലൻസിൽ കാത്തിരുന്നാലും ഡോക്ടറെ കാണാനാകാതെ പുട്ടിന്റെ മൊസ്‌കോ നഗരം; കൊറോണക്കാലത്തെ മറ്റൊരു ദുരൂഹത കൂടി പുറത്താവുമ്പോൾ

ചൈനയുടേയും ഉത്തരകൊറിയയുടേയും വഴിയേ സത്യം മറച്ചുവച്ച് റഷ്യയും; ഒന്നും സംഭവിച്ചിട്ടില്ല എന്നു പറയുമ്പോഴും ഒരാശുപത്രിക്ക് മുൻപിൽ 45 ആംബുലൻസുകൾ ഊഴം കാത്തു നിൽക്കുന്ന വീഡിയോ ആശങ്ക ഉണർത്തുന്നത്; 15 മണിക്കൂർ ആംബുലൻസിൽ കാത്തിരുന്നാലും ഡോക്ടറെ കാണാനാകാതെ പുട്ടിന്റെ മൊസ്‌കോ നഗരം; കൊറോണക്കാലത്തെ മറ്റൊരു ദുരൂഹത കൂടി പുറത്താവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ:  കൊറോണയെന്ന ഭീകരൻ അഴിഞ്ഞാടുവാൻ തുടങ്ങിയ ആദ്യനാൾ മുതൽ തന്നെ ചൈനയുടെ ഇരുമ്പ് മറക്ക് കനം വർദ്ധിച്ചിരുന്നു. അവിടെനിന്നും പുറത്ത് വന്നിരുന്നതൊക്കെ അസത്യങ്ങളോ അർദ്ധ സത്യങ്ങളോ ആയിരുന്നു. സത്യം എന്തെന്നറിയുവാൻ ലോകത്തിന് ഒരു വഴിയുമുണ്ടായിരുന്നില്ല. ലോകാരോഗ്യ സംഘടനയുടെ സംഘം വുഹാൻ സന്ദർശിച്ച് കാര്യങ്ങൾ പഠിക്കുന്നത് വരെ ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുകയില്ലെന്നായിരുന്നു ചൈന വാദിച്ചത്. അതുകൊണ്ട് തന്നെയാണ് യാത്രാവിലക്കുകൾ ഒന്നുമില്ലാതെ, ലക്ഷക്കണക്കിന് ആളുകൾക്ക് കോറോണയും വഹിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്താനായത്.

ഇതുതന്നെയായിരുന്നു ഉത്തര കൊറിയയിലേയും സ്ഥിതി. യഥാർത്ഥ വിവരങ്ങൾ മറച്ച് വെച്ച്, കൊറോണ ബാധ ഉണ്ടായിട്ടേയില്ലെന്നായിരുന്നു ഉത്തര കൊറിയയുടെ വാദം. ഈയടുത്ത ദിവസങ്ങളിലാണ് ഈ കള്ളി പൊളിഞ്ഞത്. അതിനു തൊട്ടു പുറകെ വരുന്ന വാർത്ത റഷ്യയിൽ നിന്നുമാണ്. കൊറോണ നിയന്ത്രണാധീനമാണെന്നും, റഷ്യയെ അത് ബാധിക്കില്ലെന്നും പറഞ്ഞിരുന്ന പുട്ടിന്റെ മോസ്‌കോയിൽ ഒരു ആശുപത്രിക്ക് മുന്നിൽ നിരനിരയായി, രോഗികളുമായി ഊഴം കാത്ത് നിൽക്കുന്ന ആംബുലൻസുകളുടെ വീഡിയോ സഹിതമാണ് വാർത്ത പുറത്ത് വരുന്നത്.

റഷ്യയുടെ തലസ്ഥാന നഗരി കൊറോണ ബാധമൂലം ദുരിതമനുഭവിക്കുകയാണെന്നാണ് സൂചന. കോവിഡ് 19 ലക്ഷണങ്ങളും പേറുന്ന രോഗികളുമായി നഗരത്തിലെ ക്ലിനിക്കുകൾക്ക് മുന്നിൽ ആംബുലൻസിന്റെ നീണ്ട നിര തന്നെ കാണുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു വീഡിയോയിൽ ഏകദേശം 45 ആംബുലൻസുകളാണ് രോഗികളുമായി ഊഴം കാത്ത് കിടക്കുന്നത്. മോസ്‌കോയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മോസ്‌കോയോട് ചേർന്ന് കിടക്കുന്ന ഖിംകി പ്രദേശത്തെ ഷെറെമെട്യോവ് വിമാനത്താവളത്തിനടുത്തുള്ള ഒരു ആശുപത്രിയിലാണ് ഈ നീണ്ട നിര കാണപ്പെട്ടത്. ലോസിനൂസ്ട്രോവ്സ്‌കി ജില്ലയിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാർക്കുള്ള ആശുപത്രിക്ക് മുന്നിലും ഒരു നീണ്ട നിരയുണ്ടായിരുന്നു. 15 മണിക്കൂർ വരെ ഡോക്ടർമാരെ കാണുവാനായി കാത്തിരിക്കേണ്ടി വരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഖിംകി ആശുപത്രിക്ക് എതിർവശത്ത് താമസിക്കുന്ന ഒരുാളാണ് തന്റെ ജനലിലൂടെ ഈ ദൃശ്യം പകർത്തിയത്.

കണക്കിലധികം കോറോണ രോഗികൾ എത്തുന്നത് ആശുപത്രികളുടെ മേൽ സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന് ഇന്നലെ ക്രെംലിൻ സമ്മതിച്ചിരുന്നു. ഇതുവരെ 130 മരണങ്ങളാണ് റഷ്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. 15,770 പേർക്ക് രോഗബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ പല മടങ്ങ് വരുമെന്നാണ് ആശുപത്രികൾക്ക് മുന്നിലെ നീണ്ട നിരകൾ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നിട്ടും രോഗവ്യാപനം കാര്യമായി തടയാനാവുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൊസ്‌കോയിലേയും സെയിന്റ് പീറ്റേഴ്സ്ബർഗിലേയും സ്ഥിതി ആശങ്കാ ജനകമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മോസ്‌കോയേയാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്. രോഗികളുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികാരികൾ പറയുമ്പോഴും മോസ്‌കോയിലെ ഒരു ടെലഗ്രാം ചാനൽ പറയുന്നത് ആശുപത്രികൾക്ക് രോഗികളുടെ ഒഴുക്കിനോട് കാര്യക്ഷമമായി പ്രതികരിക്കാനാകുന്നില്ല എന്നാണ്.

പ്രതിദിനം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്കയുയർത്തുമ്പോൾ തന്നെയാണ് ആശുപത്രികൾ സമ്മർദ്ദം അനുഭവിക്കുന്നു എന്ന് സമ്മതിച്ച് വ്ലാഡിമർ പുട്ടിന്റെ വക്താവ് വന്നതും . ആശുപത്രികളും ആംബുലൻസ് സർവ്വീസുകളും ഇപ്പോൾ തന്നെ അവയുടെ പരമാവധി കപ്പാസിറ്റി ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യം രോഗബാധയുടെ മൂർദ്ധന്യ ഘട്ടത്തിനോട് അടുക്കുകയാണോ എന്ന് രണ്ട് മൂന്നാഴ്‌ച്ചകൾ കഴിഞ്ഞാലേ കൃത്യമായി പറയാനാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണയെ നേരിടാൻ ജർമ്മൻ മാതൃക സ്വീകരിക്കുമെന്നാണ് റഷ്യൻ നേതാക്കൾ വ്യക്തമാക്കുന്നത്. 10,000 ത്തിൽ അധികം തൊഴിലാളികളെ ദിവസം മുഴുവൻ ജോലിചെയ്യിച്ച് ഒരു മാസത്തിനുള്ളിൽ 92 മില്ല്യൺ പൗണ്ട് ചെലവു വരുന്ന ഒരു പ്രത്യേക കൊറോണാ ആശുപത്രി മോസ്‌കോയിൽ നിർമ്മിച്ചിട്ടുണ്ട്. കൊറോണയെ നേരിടാൻ റഷ്യയിലാകമാനം നിർമ്മിച്ച 18 പുതിയ ആശുപത്രികളിൽ ഏറ്റവും വലിയതാണിത്. ഇതിന്റെ നിർമ്മാണത്തിൽ മാത്രമാണ് സൈന്യത്തിന് പങ്കില്ലാത്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP