Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രി വരാന്തകളിൾ മഞ്ഞ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൃതശരീരങ്ങൾ അടുക്കി വച്ചിരിക്കുന്നു; ഒന്നിനു പുറകെ ഒന്നായി പടുകൂറ്റൻ ലോറികൾ എത്തി ശവങ്ങളുമായി പോകുന്നു; മരണം പിടിവിട്ടു കുതിക്കുന്ന ന്യുയോർക്കിലെ കാഴ്ചകൾ ഭയാനകം; മരണസംഖ്യ 10,000 ത്തിന് അടുത്തെത്തിയിട്ടും രോഗത്തേക്കാൾ ചെലവേറിയ ചികിൽസ വേണ്ടെന്ന വാദവുമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ട്രംപും

ആശുപത്രി വരാന്തകളിൾ മഞ്ഞ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൃതശരീരങ്ങൾ അടുക്കി വച്ചിരിക്കുന്നു; ഒന്നിനു പുറകെ ഒന്നായി പടുകൂറ്റൻ ലോറികൾ എത്തി ശവങ്ങളുമായി പോകുന്നു; മരണം പിടിവിട്ടു കുതിക്കുന്ന ന്യുയോർക്കിലെ കാഴ്ചകൾ ഭയാനകം; മരണസംഖ്യ 10,000 ത്തിന് അടുത്തെത്തിയിട്ടും രോഗത്തേക്കാൾ ചെലവേറിയ ചികിൽസ വേണ്ടെന്ന വാദവുമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ട്രംപും

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കൊറോണയുടെ ശക്തി തിരിച്ചറിയാതെപോയ അമേരിക്ക ഇന്ന് ആ കൊലയാളി വൈറസിന്റെ പ്രഹരങ്ങൾ ഏറ്റുവാങ്ങുകയാണ്. ഇതുവരെ 3,336, 327 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ 10,000 ത്തോട് അടുക്കുന്നു. അമേരിക്കയിലെ കൊറോണയുടെ എപിസെന്ററായ ന്യുയോർക്കിൽ മാത്രം ഇതുവരെ 4,159 പേരാണ് മരിച്ചത്. 1,23,018 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ കണക്കില്ലാതെ വർദ്ധിച്ചതോടെ ഏതൊരു മനുഷ്യന്റേയും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ദൃശ്യങ്ങളാണ് ന്യുയോർക്കിൽ നിന്നും പുറത്ത് വരുന്നത്.

ബുഷ്വിക്കിലെ വൈക്കോഫ് ഹൈറ്റ്സ് മെഡിക്കൽ സെന്ററിലേക്ക് കടന്നുവരുന്ന ഏതൊരു സന്ദർശകനേയും വരവേൽക്കുന്നത് ഇളം ഓറഞ്ച് നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ്, വരാന്തയിലെ സ്ട്രെക്ച്ചറുകളിൽ അടുക്കിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രമാണ്. ഇത് ഒരു ആശുപത്രിയിലെ മാത്രം ദൃശ്യമല്ല, മരണം അഴിഞ്ഞാടുന്ന ന്യുയോർക്കിലെ മിക്ക ആശുപത്രികളുടെയും അവസ്ഥ ഇതുതന്നെയാണ്.

എല്ലാ ആശുപത്രികൾക്ക് മുന്നിലും ഒന്നിനു പുറകെ ഒന്നായി എത്തുന്നുണ്ട് പ്രത്യേക റഫ്രിജറേറ്റഡ് ട്രക്കുകൾ. സുരക്ഷാ ഉപകരണങ്ങൾ ധരിച്ച ജീവനക്കാർ ഈ മൃതദേഹങ്ങൾ ട്രക്കുകളിൽ അടുക്കിവയ്ക്കുന്നു. ആശുപത്രികളിലെ മോർച്ചറികളിൽ ഇടമില്ലാത്തതിനാലാണ് ഇത്തരം താത്ക്കാലിക മോർച്ചറികൾക്ക് രൂപം നൽകിയത്. ട്രക്കുകൾക്കുള്ളിലെ ദൃശ്യം ആശുപത്രികളിലേതിനേക്കാൾ ഭീകരമാണ്. ഒന്നിനു മുകളിൽ ഒന്നായി അട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ ആരുടേയും കണ്ണ് നിറയിക്കും. ശുശ്രൂഷകൾ ഏറ്റുവാങ്ങാതെ സ്വർഗ്ഗയാത്രയ്ക്കൊരുങ്ങുന്ന ആത്മാക്കളുടെ ഗദ്ഗദം ആ ട്രക്കുകൾക്കുള്ളിൽ മാറ്റൊലി കൊള്ളുന്നു.

ഇന്നലെ മാത്രം 594 പേരാണ് ന്യുയോർക്ക് നഗരത്തിൽ മരിച്ചത്. ഇത് തൊട്ടുതലേന്നാളത്തെ പ്രതിദിന മരണനിരക്കിനേക്കാൾ കുറവാണെങ്കിലും, അമേരിക്കയിൽ രോഗവ്യാപനം കുറയുവാൻ തുടങ്ങി എന്നതിന്റെ ലക്ഷണമായി ഇതിനെ കണക്കാക്കാൻ കഴിയില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതുപോലെ രോഗബാധയാൽ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതും ഒരു താത്ക്കാലിക പ്രതിഭാസം മാത്രമായാണ് അവർ കാണുന്നത്.

ന്യുയോർക്കിൽ രോഗബാധിതരുടെ എണ്ണത്തിൽ ചെറിയ കുറവ് വരുമ്പോഴും, അമേരിക്ക മൊത്തത്തിൽ കണക്കാക്കുമ്പോൾ രാജ്യം ഇനിയും രോഗബാധയുടെ മൂർദ്ധന്യാവസ്ഥ കടന്നിട്ടില്ല എന്നുവേണം കരുതാൻ. കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളിൽ 1,00,000 ത്തിൽ അധികം പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതുപോലെ ഇന്നലെയും പ്രതിദിന മരണസംഖ്യ 1000 കടന്നു.

37,505 രോഗബാധിതരും 917 മരണങ്ങളുമായി ന്യു ജഴ്സിയാണ് ന്യുയോർക്കിന് തൊട്ടുപിന്നിലുള്ളത്. മിച്ചിഗണിൽ 15,718 രോഗികളും 617 മരണങ്ങളുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 15,037 രോഗബാധിതരും 347 മരണങ്ങളുമായി കാലിഫോർണിയ തൊട്ടുപുറകിലുണ്ട്. അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ഇതിന്റെ ഭീകരത വർദ്ധിക്കുകയാണ്.

ഇതിലും ഭീതിദങ്ങളായ ദിനങ്ങളായിരിക്കും നമ്മളെ കാത്തിരിക്കുന്നത് എന്ന് പ്രസിഡണ്ട് ട്രംപ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കൊറോണയുടെ ഗൗരവം താൻ മനസ്സിലാക്കുന്നുണ്ടെന്ന് ഈ വാക്കുകളിലൂടെ തെളിയിക്കുമ്പോഴും ട്രംപിന്, രോഗത്തേക്കാൾ ചെലവേറിയതാകരുത് ചികിത്സ എന്ന സിദ്ധാന്തത്തിൽ നിന്നും പുറകോട്ട് വരാൻ മടിയാണെന്നാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്. ''നമുക്ക് നമ്മുടെ രാജ്യത്തെ നശിപ്പിക്കാനാകില്ല, നമ്മുക്ക് നമ്മുടെ ജോലികളിലേക്ക് തിരിച്ചുപോയേ മതിയാകൂ'' എന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.

ഒരുപാട് നാൾ ലോക്ക്ഡൗണുമായി പോകാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെപോയാൽ ഒരുപക്ഷെ കൊറോണമൂലം മരിച്ചവരേക്കാൾ കൂടുതൽ പേർ പല കാരണങ്ങളാലും മരിക്കാൻ ഇടയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണയെ കീഴടക്കാൻ ഇനിയും സമയം ആവശ്യമാണെന്ന് സമ്മതിച്ച അദ്ദേഹം പക്ഷെ രോഗത്തേക്കാൾ ചെലവേറിയതാകരുത് ചികിത്സ എന്ന തത്ത്വം ഇന്നലെയും ഉദ്ദരിച്ചു.

കൊറോണ, മനുഷ്യരുടെ ജീവിതങ്ങൾ പോലെ അമേരിക്കയുടെ സമ്പദ്വ്യവസ്ഥയേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ച മാത്രം 6.6 ദശലക്ഷം ആൾക്കാരാണ് തൊഴിൽ നഷ്ടത്തിനുള്ള നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരിക്കുന്നത്. അതിനു തൊട്ടു മുൻപത്തെ ആഴ്ച ഈ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്നത് ഏകദേശം 3.3 ദശലക്ഷം ആളുകളായിരുന്നു. അതായത് ഒരാഴ്‌ച്ചക്കുള്ളിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഇരട്ടിയായിരിക്കുന്നു.

ഏകദേശം 10 ദശലക്ഷം അമേരിക്കക്കാർക്ക് കഴിഞ്ഞ രണ്ടാഴ്‌ച്ചയായി തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. ഇതേ സ്ഥിതി കുറച്ചുകാലം കൂടി തുടർന്നാൽ, കലാപങ്ങൾ വരെ പൊട്ടിപ്പുറപ്പെടുന്ന സ്ഥിതിവിശേഷം വന്നുചേർന്നേക്കാം എന്ന് കരുതുന്നവരും ഉണ്ട്. ഇതൊക്കെ കണക്കിലെടുത്തായിരിക്കണം ട്രംപ് ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് എടുത്തുമാറ്റാൻ ശ്രമിക്കുന്നത്. ഏന്തായാലും നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ ഈസ്റ്ററിനു മുൻപായി ഈ ലോക്ക്ഡൗൺ മാറ്റുകയില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP