Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ

8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിചാരിച്ചത് പോലെ അത്ര നിസ്സാരനൊന്നുമല്ല കൊറോണ എന്ന വൈറസ്. കൂടുതൽ കടുത്ത നടപടികൾ തന്നെ വേണം ഈ ഭീകരനെ തുരത്തുവാൻ എന്ന് ലോകം തിരിച്ചറിയുമ്പോൾ, അത് നേരത്തേ തിരിച്ചറിഞ്ഞ ആസ്‌ട്രേലിയയും ജർമ്മനിയും ഇന്ത്യയും ലോകത്തിന് മാതൃകകളാവുകയാണ്.

ഇതുവരെ കേവലം 23 പേർ മാത്രമേ മരിച്ചിട്ടുള്ളു എങ്കിലും ലോക്ക്ഡൗൺ ജൂൺ അവസാനം വരെ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ആസ്‌ട്രേലിയ. വളരെ നേരത്തേ ആരംഭിച്ച വ്യാപക പരിശോധനകൾ വഴി, രോഗബാധ തടയാനാവില്ലെങ്കിലും മരണസംഖ്യ കാര്യമായി കുറയ്ക്കാനാകുമെന്ന് തെളിയിക്കുകയാണ് ജർമ്മനി. അതുപോലെ, യഥാസമയത്തുള്ള നടപടികൾ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുമെന്ന് ലോകത്തിന്റെ മുൻപിൽ തെളിയിക്കുന്നു ഇന്ത്യ.

കൊറോണ കേവലമൊരു ആരോഗ്യപ്രശ്‌നം എന്നതിനേക്കാളേറെ ജീവിതത്തിന്റെ സമസ്തമേഖലകളേയും ബാധിക്കുന്ന ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുമെന്നതിൽ സംശയമൊന്നുമില്ല. അതേസമയം, ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് പല സ്ഥലങ്ങളിലും മനുഷ്യന്റെ മാനസികാരോഗ്യത്തേയും വിപരീതമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ സർവ്വനാശകാരിയായ ഒരു വിപത്ത് ഒരുപക്ഷെ സമീപകാല ചരിത്രത്തിലൊന്നും മനുഷ്യൻ നേരിട്ടിട്ടില്ല. അതിനാൽ തന്നെ ലോകരാജ്യങ്ങൾ വളരെയേറെ ശ്രദ്ധയോടെയാണ് ഇക്കാര്യത്തെ സമീപിക്കുന്നതും. മറ്റ് പല രാജ്യങ്ങളിൽ നിന്നും വേറിട്ട നിലപാടുകൾക്കൊണ്ടും നടപടികൾ കൊണ്ടും ശ്രദ്ധേയമാകുന്ന മൂന്നു രാജ്യങ്ങളുടെ കഥയാണിത്.

ലോക്ക്ഡൗൺ 90 ദിവസത്തേക്ക് കൂടി നീട്ടി ആസ്‌ട്രേലിയൻ സംസ്ഥാനം

മറ്റ് പല പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആസ്‌ട്രേലിയയിൽ കാര്യമായ ഭീഷണിയൊന്നും തന്നെയില്ല എന്നു പറയാം. ഇതുവരെ 5048 പേർക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതുവരെ മരിച്ചവർ 23പേർ മാത്രമാണ്. എങ്കിലും രാജ്യം കൊറോണയെ സമീപിക്കുന്നത് വളരെ കരുതലോടെയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനം നിലവിലുള്ള ലോക്ക്ഡൗൺ ഏപ്രിൽ അവസാനം വരെ തുടരുമെന്ന് വ്യക്തമാക്കി. ഇന്നലെ ന്യുസൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മൈക്ക് ഫുള്ളറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് സൈന്യം രാജ്യമാകെ കർശന പരിശോധനയിലാണ്. പാർക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കാണുന്നവരെ നിർബന്ധപൂർവ്വം വീടുകളിലേക്ക് പറഞ്ഞുവിടുകയാണ്. മാത്രമല്ല, സാധുവായ കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്ക് 1000 ആസ്‌ട്രേലിയൻ ഡോളർ പിഴ ചുമത്തുന്നുമുണ്ട്. ന്യുസൗത്ത് വെയിൽസിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിലുള്ള 116 കേസുകൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിക്കുന്നു.

ഫേസ് മാസ്‌ക് ഉൾപ്പടേയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ എല്ലാം തന്നെ ആസ്‌ട്രേലിയ വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ വിവിധ രാജ്യങ്ങൾ കൊറോണഭീതിയിൽ ആയതോടെ ഇത്തരം വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചത് ആസ്‌ട്രേലിയയെ വിഷമത്തിലാക്കുന്നുണ്ട്. അതിനാൽ തന്നെ രോഗവ്യാപനം തടയുക എന്നത് ആസ്‌ട്രേലിയക്ക് ഒരു ജീവന്മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. അതുതന്നെയാണ് ലോക്ക്ഡൗൺ നീട്ടുന്നതിന്റെ പുറകിലെ കാരണവും. നിലവിലുള്ള ലോക്ക്ഡൗൺ കൊണ്ട്, രോഗവ്യാപനം തടയുന്ന കാര്യത്തിൽ എത്രമാത്രം മുന്നോട്ട് പോകാനായി എന്നത് വരും നാളുകളിൽ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.

പരിശോധന വ്യാപകമാക്കി കൊറോണയെ തടയുവാൻ ജർമ്മനി

കൊറോണയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന ആഗോള സംഘടനകൾ എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമുണ്ട്, രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിലായാലും മരണസംഖ്യയിലായാലും, പാശ്ചാത്യ രാജ്യങ്ങളിൽ ജർമ്മനി നൽകുന്ന കണക്കുകളാണ് യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത് എന്ന്/ ജർമ്മനിൻ നടപ്പാക്കിയ വ്യാപക പരിശോധന തന്നെയാണ് ഇതിന് കാരണം. ബ്രിട്ടനിൽ ഒരു ദിവസം 10,000 പേരെ പരിശോധിക്കുമ്പോൾ ജർമ്മനിയിൽ പ്രതിദിനം പരിശോധനയ്ക്ക് വിധേയരാകുന്നത് 1 ലക്ഷത്തോളം പേരാണ്.

ലോകത്തെ കൊറോണ ഗ്രസിക്കാൻ തുടങ്ങിയ കാലത്ത് തന്നെ ജർമ്മനി ചില മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്ത് രോഗപരിശോധനാ സംവിധാനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നതായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. രോഗികളുടെ യഥാർത്ഥ എണ്ണം തിരിച്ചറിഞ്ഞാൽ അത് രോഗവ്യാപനത്തെ തടയുവാൻ ഏറ്റവുമധികം സഹായിക്കും എന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. മാത്രമല്ല, നേരത്തെ തിരിച്ചറിഞ്ഞാൽ രോഗം എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും, മരണസംഖ്യ കുറയ്ക്കുവാനും സാധിക്കും.

രോഗ പരിശോധന മേഖലയിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കഴിഞ്ഞ ജനുവരിയിൽ തന്നെ ഈ മഹാമാരിയെ നേരിടാൻ ജർമ്മനി തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിശോധന മേഖല കൂടുതൽ വികേന്ദ്രീകൃതമാക്കുകയായിരുന്നു അതിന്റെ ആദ്യപടി. രാജ്യത്ത് നിലവിലുള്ള ലബോറട്ടറികൾ പരിഷ്‌കരിച്ച്, സ്വതന്ത്രമായി പരിശോധനകൾ നടത്തി ഫലം കണ്ടെത്താൻ കെല്പുള്ളതാക്കി. ഹോസ്പിറ്റലുകളിലും, ഡോക്ടർമാരുടെ ഇടങ്ങളിലും മാത്രമല്ല, തെരുവുകളിൽ പോലും പരിശോധന നടത്തുവാനുള്ള സംവിധാനങ്ങൾ ഒരുക്കി.

ഇത്തരം നടപടികൾക്കൊപ്പം, ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കടുത്തനടപടികളും കൂടി ആയപ്പോൾ ജർമ്മനിക്ക് മരണനിരക്ക് പിടിച്ചുകെട്ടാൻ ആയി. ഇന്ന് പല യൂറോപ്പ്യൻ രാജ്യങ്ങളും ജർമ്മനിയുടെ ഈ മാതൃക അനുകരിക്കുവാനുള്ള ശ്രമത്തിലാണ്. ഇറ്റലിയും ഫ്രാൻസും പരിശോധനയുടെ വ്യാപ്തി കൂട്ടിയപ്പോൾ, ബ്രിട്ടനിലും അത് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണയ്ക്ക് ഒരുമുഴം മുമ്പേ എറിഞ്ഞ് ഇന്ത്യ

അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇന്നനുഭവിക്കുന്ന ദുരിതത്തിന് പ്രധാനകാരണം കൊറോണ എന്ന മാരക വ്യാധിയുടെ പ്രഹരശക്തിയെ അവഗണിച്ചു എന്നതാണ്. അമേരിക്കയിൽ ഇത് ബാധിക്കുകയേയില്ല എന്ന് പ്രസിഡണ്ട് ട്രംപ് കട്ടായം പറഞ്ഞപ്പോൾ, ഈ വ്യാധിയെ അത്ര ഗൗരവകരമായി എടുക്കുവാൻ യൂറോപ്പ്യൻ രാജ്യങ്ങളും ആദ്യമാദ്യം തയ്യാറായില്ല. തനത് ജീവിതശൈലിയുടെ ഭാഗമായി തന്നെ സാമൂഹിക സമ്പർക്കങ്ങൾ ധാരാളമുള്ള ഒരു സമൂഹത്തിൽ ഇതുപോലൊരു മഹാമാരി പടർന്നുപിടിക്കാൻ ഏറെ സമയമൊന്നും വേണ്ടിവരില്ല എന്ന കാര്യം അവർ മുഖവിലയ്‌ക്കെടുത്തില്ല. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന ഘട്ടമെത്തിയപ്പോഴാണ് പല യൂറോപ്പ്യൻ രാജ്യങ്ങളും മനസ്സില്ലാ മനസ്സോടെയാണെങ്കിലും ലോക്ക്ഡൗൺ പോലുള്ള കടുത്ത നടപടികൾക്ക് മുതിർന്നത്. അമേരിക്കയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാൻ പിന്നെയും ആലോചിക്കേണ്ടി വന്നു.

മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ച ഇന്ത്യ രോഗത്തിന്റെ സമൂഹവ്യാപന ഘട്ടം ആരംഭിക്കുന്നതിനു മുൻപേ ലോക്ക്ഡൗൺ പോലുള്ള നടപടികളിലൂടെ സാമൂഹിക ഇടപെടലുകൾക്ക് തടയിട്ടുകൊണ്ട് രംഗത്ത് വന്നു. മാർച്ച് 22 ലെ ജനതാകർഫ്യുവിന് ശേഷം, മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്തയിലെ രോഗബാധിതരുടെ എണ്ണം 500 ൽ താഴെ മാത്രമായിരുന്നു. ഏകദേശം പത്തോളം മരണങ്ങളും. ഇന്ന് അമേരിക്കയിലെ ന്യുയോർക്കിലോ ഇറ്റലിയിലെ ലംബോർഗിനിയിലോ സംഭവിക്കുന്നത് പോലെ ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി കൂടുതൽ രോഗബാധ കണ്ടെത്തിയിട്ടുമില്ലായിരുന്നു. അതായത്, കൊറോണയുടെ സമൂഹവ്യാപന ഘട്ടം എത്തിയിട്ടില്ലായിരുന്നു എന്നർത്ഥം.

ജനുവരി 31 നായിരുന്നു ഇറ്റലിയിൽ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ ഫെബ്രുവരി 21 മുതൽക്കാണ് സമൂഹവ്യാപനം ആരംഭിച്ചത് എന്നാണ് കരുതുന്നത്. ഫെബ്രുവരി 21 ന് 16 രോഗികളുണ്ടായിരുന്നത് 22 ന് 66 രോഗികളായി വർദ്ധിച്ചു. പിന്നെ ഈ വ്യാപനം അതിവേഗം തുടരുകയായിരുന്നു. ഇതേദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കേവലം 11 മുൻസിപ്പൽ പ്രദേശങ്ങളിൽ മാത്രമായി ഒതുക്കുകയായിരുന്നു. പിന്നീട് ഇത് പലഘട്ടങ്ങളായി കർക്കശമാക്കി മാർച്ച് 9 ന് രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം 5000 കടന്നിരുന്നു. ഏകദേശം 230 പേർ മരണമടയുകയും ചെയ്തിരുന്നു.

ഇതുതന്നെയാണ് അമേരിക്കയിലും സംഭവിച്ചത്. സമൂഹവ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുവാൻ തുടങ്ങിയ നേരത്താണ് ഭാഗികമായെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാൻ അമേരിക്കൻ ഭരണകൂടം തയ്യാറായത്. വൈകിയെടുത്ത തീരുമാനങ്ങൾ ഈ രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖലക്ക് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പലരും ചികിത്സപോലും ലഭ്യമാകാതെ മരണമടയുകയും ചെയ്തു. ഈ അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടു എന്നതാണ് ഇന്ത്യയുടെ നേട്ടം. മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, രോഗബാധിതരുടെ എണ്ണം 500 ൽ താഴെ മാത്രമായിരുന്നു.

മാത്രമല്ല, ന്യുയോർക്കിലേതു പോലെയോ, ഇറ്റലിയിലെ ലംബോർഗിനിയേ പോലെയോ, ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് ക്രമാതീതമായി രോഗവ്യാപനം ഉണ്ടായിട്ടുമില്ല. അതായതുകൊറോണയുടെ സമൂഹ വ്യാപനഘട്ടം ആരംഭിച്ചിരുന്നില്ല എന്നർത്ഥം. കൃത്യ സമയത്തുള്ള നടപടി, ഇന്ത്യയെ രക്ഷിച്ചു എന്നതിന് തെളിവാണ്, സമൂഹ വ്യാപനഘട്ടം ആരംഭിച്ചിട്ടും രോഗവ്യാപനത്തിന്റെ തോത് പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ വർദ്ധിക്കുന്നില്ല എന്നത്.

വിദഗ്ദരുടെ അഭിപ്രായപ്രകാരം സമൂഹവ്യാപനഘട്ടം ആരംഭിച്ചിട്ടേയുള്ളു. ഇനിയുള്ള നാളുകളാകും ഏറെ പ്രാധാന്യമുള്ളതാകുക. അതുകൊണ്ട് തന്നെ കൂടുതൽ കരുതൽ ആവശ്യമുള്ളതും ഈ നാളുകളിൽ തന്നെയാണ്. രോഗത്തെ പ്രതിരോധിക്കാൻ സർക്കാർ എടുത്ത നടപടികൾക്ക് പൂർണ്ണഫലം സിദ്ദിഖണമെങ്കിൽ, ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഇനിയും മൂന്നു മാസത്തേക്ക് കൂടി നീട്ടേണ്ടി വരും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ആസ്‌ട്രേലിയ ചെയ്തതുപോലെ ഈ മഹാമാരിയെ പൂർണ്ണമായും തൂത്തെറിയും വരെ ഇന്ത്യൻ ജനത കൂടുതൽ നിയന്ത്രണങ്ങൾക്ക് വിധേയരായിരിക്കും എന്ന് ചുരുക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP