Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിയിലെ രോഗികളിൽ 11.6 ശതമാനം മരിക്കുമ്പോൾ ജർമ്മനിയിൽ അത് വെറും 0.6 ശതമാനം മാത്രം; മരണ ശതമാനത്തിൽ രണ്ടും മൂന്നും സ്ഥാനമുറപ്പിച്ച് സ്‌പെയിനും നെതർലാൻഡ്സും; അമേരിക്കയിൽ മരണ ശതമാനം 1.51 ആകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കുമായി 0.41 ശതമാനത്തോടെ ആസ്‌ട്രേലിയ; കൊറോണാ മരണം എങ്ങനെയാണ് രാജ്യങ്ങൾ തോറും വ്യത്യസ്തപ്പെടുമ്പോൾ

ഇറ്റലിയിലെ രോഗികളിൽ 11.6 ശതമാനം മരിക്കുമ്പോൾ ജർമ്മനിയിൽ അത് വെറും 0.6 ശതമാനം മാത്രം; മരണ ശതമാനത്തിൽ രണ്ടും മൂന്നും സ്ഥാനമുറപ്പിച്ച് സ്‌പെയിനും നെതർലാൻഡ്സും; അമേരിക്കയിൽ മരണ ശതമാനം 1.51 ആകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കുമായി 0.41 ശതമാനത്തോടെ ആസ്‌ട്രേലിയ; കൊറോണാ മരണം എങ്ങനെയാണ് രാജ്യങ്ങൾ തോറും വ്യത്യസ്തപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഭൂമിയിൽ താണ്ഡവമാരംഭിച്ചിട്ട് നാലുമാസമാകുന്നു എങ്കിലും കൊറോണ മൂലമുള്ള മരണനിരക്ക് എത്രയെന്ന് കൃത്യമായി കണക്കാക്കാനാകുന്നില്ല ഇതുവരെ. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ശരാശരി മരണനിരക്ക് 4.5% ആണെന്ന് വേണമെങ്കിൽ കണക്കാക്കാം. അതായത് ഓരോ 22 രോഗികളിലും ഒരാൾ വീതം മരിക്കുന്നു എന്നർത്ഥം. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും കുറവായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കാരണം, പല രാജ്യങ്ങളിൽ നിന്നുള്ള മരണനിരക്കുകൾ പരിശോധനയുടെ ഗുണനിലവാരം മുതൽ മറ്റ് പലതിനേയും ആശ്രയിച്ച് വ്യത്യാസപ്പെടാൻ ഇടയുണ്ട് എന്നതുകൊണ്ട്.

മരണ സംഖ്യയിൽ എന്നപോലെ മരണ നിരക്കിലും ഇറ്റലി തന്നെയാണ് മുന്നിൽ, 11.6 ശതമാനം. പ്രായമേറിയവരുടെ എണ്ണം ഇറ്റലിയിൽ വളരെ കൂടുതലാണ് എന്നതാണ് ഇതിനൊരു കാരണമായി കണക്കാക്കുന്നത്. മാത്രമല്ല താരതമ്യേന ചെറിയൊരു പ്രദേശത്ത് വ്യാപകമായ രീതിയിൽ രോഗം പടർന്നതുമൂലമുണ്ടായ ആരോഗ്യ സംവിധാനങ്ങളിലെ അപര്യാപ്തതയും അതുപോലെൻ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേ സമയം തൊട്ടടുത്തുള്ള ജർമ്മനിയിൽ മരണനിരക്ക് വെറും 0.62 ശതമാനമാണ്. ജനസംഖ്യയിൽ യുവാക്കളുടെ ആധിക്യവും രോഗബാധിതരിൽ ഭൂരിഭാഗവും താരതമ്യേന പ്രായം കുറഞ്ഞവരായിരുന്നു എന്ന വസ്തുതയും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു. 50,000 ത്തൊളം രോഗികളുള്ള ജർമ്മനിയിൽ ഇതുവരെ മരണമടഞ്ഞത് കേവലം 304 പേർ മാത്രമാണ്. രോഗം പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ തന്നെ നടത്തിയ വ്യാപകമായ പരിശോധനയും താരതമ്യേന മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ സാന്നിദ്ധ്യവുമാണ് ഇവിടെ മരണനിരക്ക് കുറയാൻ കാരണമായത്. സർക്കാർ നിയന്ത്രണത്തിലുള്ള പരിശോധനാ സംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണ് എന്നതിനെ ആശ്രയിച്ചാണ് ഒരിടത്തെ മരണനിരക്ക് കൂടുകയോ കുറയുകയോ ചെയ്യുന്നത് എന്ന് ചുരുക്കം.

രോഗികളുടെ എണ്ണം കൂടുകയും അതിനനുസരിച്ച് മരണസംഖ്യ കുറയുകയും ചെയ്താൽ മരണനിരക്ക് കുറയും. എന്നാൽ ബ്രിട്ടനിലേ പോലെ ഗുരുതരമായ രോഗബാധിതയുള്ളവരെ മാത്രം പരിശോധനക്ക് വിധേയരാക്കുമ്പോൾ സ്വാഭാവികമായും മരണനിരക്ക് വർദ്ധിക്കും. കാരണം, ഗുരുതരമല്ലാത്ത രോഗമുള്ളവർ പരിശോധിക്കപ്പെടുകയോ, മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ അവർ ഉൾപ്പെടുകയോ ചെയ്യുന്നില്ല. പരിശോധിച്ച് സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിനെ മാത്രം ആശ്രയിച്ച് മരണനിരക്ക് കണക്കാക്കപ്പെടുമ്പോൾ ഇവിടങ്ങളിൽ മരണനിരക്ക് സ്വാഭാവികമായും വർദ്ധിക്കും.

പരിശോധനകളുടെ എണ്ണം മാത്രമല്ല ലഭ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ, അവയുടെ ഗുണമേന്മ, രോഗബാധിതരുടെ പ്രായം എന്നീ നിരവധി ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഇതുവരെ 14543 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രിട്ടനിൽ 759 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് മരണനിരക്ക് ഏതാണ്ട് 5.21%. എന്നാൽ ഇവിട ആശുപത്രികളിൽ എത്തുന്നവരെ മാത്രമേ പരിശോധിക്കുന്നുള്ളു എന്നോർക്കണം.

രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞതുകൊറോണാ ബാധമൂലമുള്ള മരണനിരക്ക് ഏകദേശം 1.4 ശതമാനമായിരിക്കുമെന്നാണ്. ലോകാരോഗ്യ സംഘടന കണക്കാക്കിയ 3.4 % മരണനിരക്കിനേക്കാൾ വളരെ കുറവാണത്.

ഇതുവരെ രോഗബാധയുള്ള രാജ്യങ്ങളിൽ ഏറ്റവുമധികം പരിശോധനാ നിരക്കുള്ളത് സ്വിറ്റ്‌സർലാൻഡിനാണ്. 8.4 മില്ല്യൺ ജനങ്ങളുള്ള രാജ്യത്തിൽ ഓരോ ആയിരം പേരിലും 10.88 പേർ വീതം പരിശോധനക്ക് വിധേയരാകുന്നു. 12,928 രോഗികളും 231 മരണങ്ങളുമായി സ്വിറ്റ്‌സർലാൻഡിന്റെ മരണനിരക്ക് 1.68 ശതമാനമാണ്. അതേസമയം മരണനിരക്ക് അഞ്ചിനോടടുത്തുള്ള ഫ്രാൻസ് (5.74), യു. കെ (5.21), നെതർലാൻഡ്സ് (6.33) എന്നീ രാജ്യങ്ങൾക്ക് താരതമ്യേന കുറഞ്ഞ പരിശോധനാ സംവിധാനങ്ങളേയുള്ളു. ഉദാഹരണത്തിന് ഫ്രാൻസിൽ ഓരോ ആയിരം പേരിലും 1.49 ആളുകൾ മാത്രം പരിശോധനക്ക് വിധേയരാകുമ്പോൾ യു. കെയിൽ അത് 1.59 ആണ്. നെതർലാൻഡ്സിൽ ഓരോ ആയിരം പേരിലും 2.21 ആളുകൾ പരിശോധനക്ക് വിധേയരാകുന്നു.

വ്യാപകമായ പരിശോധന മാത്രം മരണനിരക്ക് കുറക്കുവാൻ സഹായിക്കില്ല എന്നാണ് ഇറ്റലിയുടെയും സ്‌പെയിനിന്റെയും കാര്യം പറയുന്നത്. മരണനിരക്ക് ഏറെയുള്ള ഇറ്റലിയിൽ ഓരോ ആയിരം പേരിലും 5.79 പേർ പരിശോധനക്ക് വിധേയരാകുമ്പോൾ സ്‌പെയിനിൽ ഇത് 7.1 ആണ്. വ്യാപകമായ പരിശോധന മരണ നിരക്ക് കുറക്കുന്നതിൽ ഒരു ഘടകം ആണെന്നുമാത്രം. ഇത് ഇറ്റലിയിൽ ഫലം കാണാതെ പോയത്, ഇറ്റലിയിലെ രോഗബാധിതരിൽ ഏറെയും പ്രായാധിക്യമുള്ളവരാണ് എന്നതുകൊണ്ടാണ്. മരണസംഖ്യ കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളിൽ മറ്റൊന്നാണ് രോഗബാധിതരുടെ പ്രായം. മരണ നിരക്ക് കുറവുള്ള ആസ്ട്രിയയിൽ (7500 രോഗികൾ, 58 മരണം, മരണനിരക്ക് 0.77) രോഗബാധിതരുടെ പ്രായം തന്നെയാണ് മരണനിരക്ക് കുറയ്ക്കുവാൻ സഹായകരമായതെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

എന്നാൽ, രോഗവ്യാപനത്തിന്റെ വേഗത വർദ്ധിച്ചപ്പോൾ, ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ വന്ന അപര്യാപ്തതയാണ് സ്‌പെയിനിലെ മരണനിരക്ക് വർദ്ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ അതിവേഗമുള്ള വ്യാപനം മുൻകൂട്ടിക്കണ്ട്, നേരിയ ലക്ഷണം കാണിച്ചവരെപ്പോലും വളരെ നേരത്തെ പരിശോധനക്ക് വിധേയരാക്കി വേണ്ട നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞു എന്നതാണ് ജർമ്മനിക്ക് മരണനിരക്ക് കുറയ്ക്കുവാൻ സഹായകരമായത്.

വുഹാനിലെ പഠനപ്രകാരം കൊറോണ മൂലമുള്ള മരണനിരക്ക് 1.4 ശതമാനവും ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ അനുസരിച്ച് ഇത് 3.4 ശതമാനവുമാണ്. എന്നാൽ, യഥാർത്ഥ കണക്കുകൾ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ലോകമാകമനമുള്ള ഒട്ടുമിക്ക വിദഗ്ദരും പറയുന്നത് യഥാർത്ഥ മരണനിരക്ക് ഇപ്പോൾ പറയുന്ന ഈ രണ്ട് നിരക്കുകളുടെയും ഇടയിലായിരിക്കുമെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP