Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് മാസം മുൻപ് പൊട്ടിപ്പുറപ്പെട്ട കൊറോണ രോഗികളാക്കിയവരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷത്തിലെത്താൻ രണ്ടാഴ്ച പോലും വേണ്ടിവന്നില്ല; അന്റാർട്ടിക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഇതുവരെ രോഗം എത്തിയത് 160 രാജ്യങ്ങളിൽ; പകരുന്നവരിൽ നിന്നും പടർന്നു മനുഷ്യകുലത്തെ മുടിപ്പിച്ച് കൊറോണയുടെ തേരോട്ടം; ഇറാനിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെ; രോഗികളുടെ എണ്ണത്തെ 11 ദിവസം കൊണ്ട് ഇരട്ടിയാക്കിയത് യൂറോപ്പിലെ വ്യാപനം

രണ്ട് മാസം മുൻപ് പൊട്ടിപ്പുറപ്പെട്ട കൊറോണ രോഗികളാക്കിയവരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷത്തിലെത്താൻ രണ്ടാഴ്ച പോലും വേണ്ടിവന്നില്ല; അന്റാർട്ടിക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഇതുവരെ രോഗം എത്തിയത് 160 രാജ്യങ്ങളിൽ; പകരുന്നവരിൽ നിന്നും പടർന്നു മനുഷ്യകുലത്തെ മുടിപ്പിച്ച് കൊറോണയുടെ തേരോട്ടം; ഇറാനിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്നലെ; രോഗികളുടെ എണ്ണത്തെ 11 ദിവസം കൊണ്ട് ഇരട്ടിയാക്കിയത് യൂറോപ്പിലെ വ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ പ്രതിബന്ധങ്ങളില്ലാതെ തന്റെ തേരോട്ടം തുടരുകയാണ്. ഡിസംബറിൽ ആരംഭിച്ച രോഗബാധയിൽ രോഗികളുടെ എണ്ണം ആറക്കം കടക്കുവാൻ രണ്ടു മാസത്തിലധികം എടുത്തെങ്കിലും അത് ഇരട്ടിയായി രണ്ട് ൽക്ഷം കടക്കാൻ വേണ്ടിവന്നത് രണ്ടാഴ്ചയിൽ താഴെ സമയം മാത്രം. ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി പുറത്ത് വിട്ട കണക്ക് പ്രകാരം ഇതുവരെയായി 203,000 പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്. അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണയുടെ താണ്ഡവം തുടരുകയാണ്. 160 രാജ്യങ്ങളിൽ ഇതുവരെ കൊറോണ പടർന്നു പിടിച്ചതായി റിപ്പോർട്ടുകളുണ്ട്.

യൂറോപ്പിൽ വളരെവേഗം രോഗം പടർന്നു പിടിച്ചതാണ് രോഗികളുടെ എണ്ണം 11 ദിവസത്തിനുള്ളിൽ ഇരട്ടിയാകാൻ കാരണമായത്. ഇവിടെ ഇപ്പോഴും രോഗത്തെ നിയന്ത്രിക്കുന്നതിൽ കാര്യക്ഷമമായി ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ രോഗബാധയുടെ വേഗത ഇനിയും വർദ്ധിച്ചേക്കാം എന്നാണ് ലോകം ഭയക്കുന്നത്. മൊത്തം രോഗം ബാധിച്ചവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് 4% മാത്രമാണ് എന്നുള്ളതാണ് ഒരല്പമെങ്കിലും ആശ്വാസം നൽകുന്ന കാര്യം.

ഇറാനിൽ കൊറോണയുടെ താണ്ഡവം ശക്തിയായി തുടരുന്നു

ബുധനാഴ്ച ഒരു ദിവസം മാത്രം 147 പേരാണ് ഇറാനിൽ കൊറോണ മൂലം മരണമടഞ്ഞത്. ഇതോടെ ഇറാനിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1135 ആയി. ചൈനയ്ക്ക് ശേഷം ഏറ്റവുമധികം കൊറോണ ബാധയേറ്റ ഇറാനിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 19 നാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. ഇപ്പോൾ എല്ലാവർക്കും ഈ രോഗത്തെ കുറിച്ച് അറിയാമെങ്കിലും വലിയൊരു വിഭാഗം ജനങ്ങളും ഇത് ഗൗരവമായി എടുക്കുന്നില്ല എന്നാണ് ആരോഗ്യ സഹമന്ത്രി അലിറേസ റൈസി പറയുന്നത്. ജനങ്ങളുടെ സഹകരണമില്ലാതെ ഇതിനെ തടുക്കുക അസാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1192 കൊറോണാ ബാധകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ഇറാനിലെ മൊത്തം കൊറോണാ ബാധിതരുടെ എണ്ണം 17,161 ആയി ഉയർന്നു. ഏറ്റവും അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ടെഹ്‌റാനിലാണ്, 213 എണ്ണം. ടെഹ്‌റാനിലെ വിപണികൾ ഇപ്പോഴും സജീവമാണെന്നതും ആളുകൾ യാത്രാനിയന്ത്രണങ്ങൾ കാര്യമായി എടുക്കുന്നില്ല എന്നതുമാണ് ഇവിടെ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുവാനുള്ള കാരണമായി അധികാരികൾ പറയുന്നത്.

ഇതിനിടയിൽ ഷിയകളുടെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മസ്ഹദിലെ ഇമാം റേസയുടെ ദർഗ, ഖോമിലെ ഫാത്തിമ മസുമെഹ്, ടെഹ്‌റാനിലെ ഷാ അബ്ദോൽ- അസിം എന്നിവ ഇതിൽ ഉൾപ്പെടും. തീർത്ഥാടന കേന്ദ്രങ്ങൾ അടയ്ക്കുന്നതുൾപ്പടെയുള്ള കാര്യക്ഷമമായ നടപടികൾ കൊറോണാ വ്യാപനത്തെ തടയുവാൻ എടുക്കാത്തതിന്റെ പേരിൽ സർക്കാരിന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.

രാഷ്ട്രീയ തടവുകാർ ഉൾപ്പടെ ഏകദേശം 85,000 തടവുകാരെ രോഗബാധ തടയുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്നലെ താത്ക്കാലികമായി മോചിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മദ്ധ്യപൂർവ്വദേശത്തിലെ മിക്ക രാജ്യങ്ങളിലും കൊറോണ പടർന്നത് ഇറാനിൽ നിന്നായതിനാൽ പല രാജ്യങ്ങളും ഇറാനിലേക്കുള്ള യാത്രകൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറ്റലി ഭീതിയിൽ

അതിവേഗമാണ് ഇറ്റലിയിലെ വിവിധ മേഖലകളിൽ കോവിഡ്19 വ്യാപിക്കുന്നത്. ചൈനയേക്കാൾ മരണനിരത്തിന്റെ തോത് ഇറ്റലിയിൽ വർധിക്കുന്നതിന്റെ കാരണമറിയാതെ കുഴങ്ങുകയാണ് അധികൃതർ. 24 മണിക്കൂറിനുള്ളിൽ 500നടുത്ത് ആളുകൾ മരിക്കാനിടയായ സാഹചര്യം ഇനിയും വ്യക്തമല്ല. ഇതോടെ കോവിഡ്19ലെ മരണം ഇറ്റലിയിൽ 3000 കടന്നിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രോഗബാധിതരായ 368പേർക്കുണ്ടായ ജീവഹാനിക്ക് ശേഷമാണ് കൂടുതൽ അമ്പരിപ്പിക്കുന്ന വാർത്തകൾ പുറത്തുവരുന്നത്. നിലവിലെ കണക്കനുസരിച്ച് 35,713 പേരെയാണ് കോവിഡ്19 ബാധിച്ചിരിക്കുന്നത്. അതിർത്തിയടച്ചും പ്രതിരോധം തീർത്തിട്ടും ഇറ്റലിയിലെ പ്രായം കൊണ്ടും വിവിധ അസുഖത്താലും വിഷമിച്ചവരാണ് കോവിഡ്19ന്റെ ഇരയായിരിക്കുന്നത്.

ചൈനയിൽ ആരംഭിച്ചെങ്കിലും ലോകം മുഴുവൻ കോവിഡ്19 എത്താൻ കാരണം യൂറോപ്പാണ്. അമേരിക്കയിലേക്കും യൂറോപ്പിൽ പോയിവന്ന സ്വദേശികളും വിദേശികളുമാണ് കോവിഡ്19 എത്തിച്ചിരിക്കുന്നത്. അതിർത്തികളെല്ലാം അടക്കുന്നതിനപ്പുറം സുപ്രധാന മേഖലകളിലെ നിയന്ത്രണം സൈന്യത്തെ അമേരിക്ക ഏൽപ്പിച്ചിരിക്കുകയാണ്.

ഏഷ്യയിൽ മരണം കുറവ്

ഏഷ്യൻ രാജ്യങ്ങളിൽ മരണം 3384 കവിഞ്ഞപ്പോൾ യൂറോപ്പിൽ 3421 പിന്നിട്ടു. ലോകത്താകെ കൊറോണ മരണം 8400കഴിഞ്ഞു. 2,10,734 രോഗികൾ ചികിത്സയിലുണ്ട്. 82,721പേർ രോഗമുക്തരായി. ഇറ്റലിയിൽ സ്ഥിതിഗതികൾ അനുദിനം രൂക്ഷമാകുകയാണ്. 24 മണിക്കൂറിനിടെ 345 പേർ മരിച്ചു. ആകെ മരണം 2510 കഴിഞ്ഞു. ദിനംപ്രതി 3500ഓളം പേർക്ക് രോഗം ബാധിക്കുന്നു. മഹാദുരന്തത്തിന്റെ സൂചനയാണിതെന്ന് വിദഗ്ദ്ധർ പറയുന്നു.

ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ആശുപത്രി മോർച്ചറികളിൽ ശവശരീരങ്ങൾ കൂടിക്കിടക്കുന്നു. ഉറ്റവരുടെ ശവസംസ്‌കാരത്തിന് പോലും പങ്കെടുക്കാൻ കഴിയാത്തവർ. ചടങ്ങുകളിൽ വൈദികനും ശവം അടക്കുന്നയാളും മാത്രം. പ്രദേശിക പത്രങ്ങൾ ചരമവാർത്തകളുടെ പേജ് രണ്ടിൽ നിന്ന് പത്ത് ആയി വർദ്ധിപ്പിച്ചു.

യുദ്ധകാലത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല. ശ്വാസതടസവും ചുമയുമായി പോയ പലരും ജീവനോടെ മടങ്ങിവന്നില്ല. അഞ്ചുദിവസം കൊണ്ടാണ് ഇറ്റലിയിലെ മരണസംഖ്യ അതിഭീകരമായി ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP