Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളം ചാനൽ രംഗത്തും അംബാനിഫിക്കേഷൻ; ജയ്ദീപിനെ മേധാവിയാക്കാൻ അണിയറയിൽ ചർച്ച; മനോരമയിൽ നിന്ന് ശ്രീലാലും ഇന്ത്യാവിഷന്റെ അമരക്കാരനായിരുന്ന ദിലീപ് കുമാറും ന്യൂസ് 18ൽ; ചോർച്ച തടയാൻ കരുതലോടെ ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും

മലയാളം ചാനൽ രംഗത്തും അംബാനിഫിക്കേഷൻ; ജയ്ദീപിനെ മേധാവിയാക്കാൻ അണിയറയിൽ ചർച്ച; മനോരമയിൽ നിന്ന് ശ്രീലാലും ഇന്ത്യാവിഷന്റെ അമരക്കാരനായിരുന്ന ദിലീപ് കുമാറും ന്യൂസ് 18ൽ; ചോർച്ച തടയാൻ കരുതലോടെ ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും

തിരുവനന്തപുരം: കേരളത്തിലെ ദൃശ്യമാദ്ധ്യമരംഗത്ത് പുതിയ മത്സരത്തിന് തുടക്കമിട്ട് റിലയൻസിന്റെ മലയാളം വാർത്താചാനൽ സംപ്രേഷണം ആരംഭിക്കുന്നു. റിലയൻസിന്റെ ദൃശ്യമാദ്ധ്യമ വിഭാഗമായ ന്യൂസ് 18 നെറ്റ് വർക്കിന്റെ ഭാഗമാണ് ചാനൽ. ചാനലിന്റെ പരീക്ഷണ സംപ്രേഷണം തുടങ്ങിക്കഴിഞ്ഞു. വാർത്തയുടെ ലോകത്ത് മലയാളിക്ക് നവ്യാനുഭവം ആകുമെന്ന് അവകാശപ്പെടുന്ന ചാനലിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ വാർത്താ സംസ്‌കാരം കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് വ്യാപകമായി പ്രാദേശിക വാർത്താ ചാനലുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ ന്യൂസ് 18 നെറ്റ് വർക്കിന് 13 ഭാഷാ ചാനലുകളുണ്ട്. ഇതുകൂടാതെ മലയാളം, തമിഴ്, ആസാമീ ചാനലുകളാണ് ഇപ്പോൾ തുടങ്ങാൻ പോകുന്നത്. കേരളത്തിൽ വാർത്താസംപ്രേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകളുടെ കുത്തക തകർക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം, വൻതോതിൽ പണംമുടക്കിയാണ് മലയാളം ചാനൽ ആരംഭിക്കുന്നത്. മറ്റ് ചാനലുകളിലെ പ്രമുഖർക്ക് വൻശമ്പളമാണ് റിലയൻസിന്റെ വാഗ്ദാനം.

തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ന്യൂസ് 18 ന്റെ അണിയറ പ്രവർത്തകർ കേരളത്തിലെത്തി മലയാളം ദൃശ്യമാദ്ധ്യമ പ്രവർത്തകരെ ചാക്കിട്ടുപിടിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പ്രമുഖ ചാനലുകളിലെ ദൃശ്യമാദ്ധ്യമ പ്രവർത്തകർ റിലയൻസിലേക്ക് വരാൻ തയ്യാറായില്ല. ചാനലിന്റെ ഘടന എങ്ങനെയായിരിക്കും, ടീം ആരൊക്കെ ആയിരിക്കും എന്ന സംശയം നിലനിന്നിരുന്നതാണ് കാരണം. അതേസമയം, പൂട്ടിപ്പോയ ഇന്ത്യാവിഷൻ, പ്രതിസന്ധിയിലായ ടി.വി. ന്യൂ, റിപ്പോർട്ടർ തുടങ്ങിയ ചാനലുകളിൽ നിന്ന് മാദ്ധ്യമപ്രവർത്തകർ എത്തി. ഇതിനിടെ ചാനൽ തുടങ്ങുമെന്ന് മംഗളം പ്രഖ്യാപിച്ചിരുന്നു. എന്നാൽ റിലയൻസിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശമ്പളമാണ് മംഗളം മാദ്ധ്യമപ്രവർത്തകർക്ക് ഓഫർ ചെയ്തത്.

ന്യൂസ് എഡിറ്റർ പദവിയിലുള്ള ഒരാളിന് പോലും പരമാവധി 20,000 രൂപയാണ് മംഗളം നൽകാമെന്ന് അറിയിച്ചത്. മംഗളത്തിൽ ചേർന്ന പലർക്കും റിലയൻസ് നല്ല ഓഫർ നൽകി. ഇതോടെ അവരും റിലയൻസിലേക്ക് ചേക്കേറി. മംഗളത്തിന്റെ കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്നു വി . ഉണ്ണിക്കൃഷ്ണനാണ് റിലയൻസിൽ ചേർന്ന ആദ്യത്തെ ബാച്ചിലെ പ്രമുഖൻ. ഇതിനിടെ ഇന്ത്യാവിഷനിൽ ഉണ്ടായിരുന്ന സി.എൻ.പ്രകാശ്, അഭിലാഷ് തുടങ്ങിയവരും റിപ്പോർട്ടർ ചാനലിൽ നിന്ന് ബിജുഗോപിനാഥ്, ശ്രീജിത്ത് എന്നിവരും മംഗളത്തിൽ നിന്നു തന്നെ ശ്രീലാപിള്ളയും ന്യൂസ് 18 നിൽ എത്തി.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചാനൽ പരീക്ഷണ സംപ്രേഷണവും ആരംഭിച്ചു. തൽസമയ സംപ്രേഷണത്തിനുള്ള ഡി.എസ്.എൻ.ജി അടക്കമുള്ള സംവിധാനങ്ങളുമായായിരുന്നു പരീക്ഷണ സംപ്രേഷണം. മറ്റ് ജില്ലകളിലും റിലയൻസിന് റിപ്പോർട്ടർമാരെ കിട്ടി. പ്രതിസന്ധിയിലായ റിപ്പോർട്ടറായിരുന്നു പ്രധാന സ്രോതസ്സ്. തെരഞ്ഞെ ടുപ്പിന് ശേഷം കൂടുതൽ മാദ്ധ്യമപ്രവർത്തകർ ന്യൂസ് 18 നോട് അടുപ്പം കാണിച്ചുതുടങ്ങി. മാദ്ധ്യമരംഗത്ത് ചാനൽ ശ്രദ്ധേയാകർഷിക്കുമെന്ന ബോധ്യം പ്രമുഖ ദൃശ്യമാദ്ധ്യമപ്രവർത്തകരിലെല്ലാം ഉണ്ടായി .ഇതോടെയാണ് റിലയൻസിലേക്ക് ഒഴുക്ക് തുടങ്ങുന്നത്. ചാനലിന്റെ എഡിറ്റർ സ്ഥാനത്തേക്ക് ഏഷ്യാനെറ്റിന്റെ ന്യൂസ് വിഭാഗത്തിന്റെ തലപ്പത്തുള്ള കെ.പി . ജയദീപിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.

ന്യൂസ് 18 മേധാവികൾ ഇതിനകം ജയദീപുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇതിനുപിന്നാലെയാണ് മനോരമ ന്യൂസ് ചാനലിന്റെ ഡൽഹി ബ്യൂറോ ചീഫായിരുന്ന ടി.ജെ. ശ്രീലാൽ രാജിവച്ച് ന്യൂസ് 18 ൽ ചേർന്നത്. വൻതുക ശമ്പളം നൽകിയാണ് ടി.ജെ. ശ്രീലാലിനെ ന്യൂസ് 18 സ്വന്തമാക്കിയത്. ഡൽഹിയിലെ മാദ്ധ്യമരംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായ ശ്രീലാലിനെ കിട്ടിയത് ന്യൂസ് 18 ന്റെ വാർത്താവിഭാഗത്തിന് കരുത്ത് പകർന്നിട്ടുണ്ട്. ശ്രീലാലിന് പിന്നാലെ ഇന്ത്യാവിഷൻ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു ബി. ദിലീപ് കുമാറും ന്യൂസ് 18 ൽ ചേർന്നു. ന്യൂസ് എഡിറ്ററായാണ് നിയമനം. എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്നതിന് മുമ്പ് ഇന്ത്യാവിഷൻ ഡൽഹി ബ്യൂറോ ചീഫായിരുന്നു ദിലീപ്.

ബംഗ്ലാദേശ് അതിർത്തിയിൽവച്ച് തടിയന്റവിട നസീറിനെ അറസ്റ്റ് ചെയ്ത സംഭവം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി അജ്മൽ അമീർ കസബിനെ തൂക്കിക്കൊന്നത് ഉൾപ്പെടെയുള്ള വാർത്തകൾ ദേശിയതലത്തിൽ തന്നെ ആദ്യമായി ബ്രേക്ക് ചെയ്ത റിപ്പോർട്ടറാണ് ദിലീപ്. ഇന്ത്യാവിഷൻ വിട്ട ശേഷം ദുബൈയിലെ റേഡിയോ റെഡിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ദിലീപ് ഇവിടെ നിന്നും രാജിവച്ചാണ് ന്യൂസ് 18 ൽ ഇപ്പോൾ ചേർന്നത്. അന്വേഷണാത്മക പത്രപ്രവർത്തകനായ പ്രദീപ് സി. നെടുമണും ന്യൂസ് 18 ൽ ജോലിക്ക് ചേർന്നിട്ടുണ്ട്. റിപ്പോർട്ടർ ചാനലിലെ കാണാത്ത കേരളം പരിപാടിയിലൂടെ ശ്രദ്ധേയനായ മാദ്ധ്യമപ്രവർത്തകനാണ് പ്രദീപ് സി. നെടുമൺ. കൈരളിയുടെ ന്യൂസ് ചാനലായ പീപ്പിളിന്റെ വാർത്താവതാരകനായിരുന്ന പ്രദീപും ന്യൂസ് 18 ൽ എത്തി. ജയ് ഹിന്ദ് ടിവിയിലെ സീനിയർ ന്യൂസ് എഡിറ്റർ ശ്രീനാഥും ചാനലിന്റെ ഭാഗമായി.

വരും ദിവസങ്ങളിൽ മറ്റ് പ്രമുഖ ചാനലുകളുടെ വാർത്താവിഭാഗത്തിൽ നിന്ന് കൂടുതൽ പേർ ന്യൂസ് 18 ലേക്ക് എത്തുമെന്നാണ് സൂചന. ഇതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. നിലവിൽ ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ എന്നിവ ഒഴികെയുള്ള ചാനലുകളുടെ വാർത്താവിഭാഗങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പല ചാനലുകളിലും മാദ്ധ്യമപ്രവർത്തകർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയും ഉണ്ട്. റിപ്പോർട്ടർ ചാനലിൽ രണ്ടുമൂന്ന് മാസം കൂടുമ്പോഴാണ് ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. ജീവൻ ടി.വിയിലും സ്ഥിതി വ്യത്യസ്ഥമല്ല. ജയ്ഹിന്ദിൽ ഭരണം മാറിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. ജയ്ഹിന്ദിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകയായിരുന്നു സിമിയും ജോലി രാജിവച്ച് ന്യൂസ് 18 ൽ ചേർന്നു. റിപ്പോർട്ടർ ചാനലിന്റെ കൊച്ചി റിപ്പോർട്ടറായിരുന്ന എം.എസ്. അനീഷ്‌കുമാർ ന്യൂസ് 18 ന്റെ ആലപ്പുഴ റിപ്പോർട്ടറാണ് ഇപ്പോൾ. റിപ്പോർട്ടർ ചാനലിന്റെ ഡസ്‌കിലുള്ള പലരുമായും ന്യൂസ് 18 മേധാവികൾ ചർച്ച നടത്തുന്നതായാണ് വിവരം.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമായാണ് ന്യൂസ് 18 ചാനലിന്റെ വരവ്. വാർത്താസംപ്രേഷണത്തിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കാൻ വേണ്ട സോഫ്റ്റ് വെയറുകൾ തയ്യാറായിക്കഴിഞ്ഞു. ഹൈദരാബാദിലെ രാമോജിറാവു ഫിലിംസിറ്റിയിലുള്ള സെൻട്രൽ ഡെസ്‌കിൽ നിന്നാണ് ന്യൂസ് 18 മലയാളത്തിന്റെ പരീക്ഷണ സംപ്രേഷണം ഇപ്പോൾ നടക്കുന്നത്. വൈകാതെ ചാനലിന്റെ പൂർണ്ണമായ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തേക്ക് മാറും. കഴക്കൂട്ടത്തിനടുത്ത് എസ്.എഫ്.എസിന്റെ കെട്ടിടത്തിൽ കോടികൾ മുടക്കി അത്യാധുനിക ഓഫീസ് നിർമ്മാണം നടന്നുവരികയാണ്. ചാനലിന്റെ പ്രധാന സ്റ്റുഡിയോ ഇവിടെയായിരിക്കും. കേരളത്തിലെ ഏറ്റവും വലിയ വാർത്താസ്റ്റുഡിയോ ആണ് ന്യൂസ് 18 ന് വേണ്ടി തയ്യാറാവുന്നത്. പ്രമോദ് രാഘവനാണ് ചാനലിന്റെ അസോസിയേറ്റ്  എഡിറ്റർ.

കടുത്ത മത്സരമാണ് മലയാളം വാർത്താ ചാനലുകൾക്കിടയിൽ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. വൻ മുതൽമുടക്കിൽ ന്യൂസ് 18 എത്തുന്നതോടെ ഈ മത്സരം കൊഴുക്കുമെന്ന് ഉറപ്പ്. റിലയൻസ് എന്ന ഭീമന്റെ പിന്തുണയും പ്രമുഖ മാദ്ധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യം കൂടിയാകുമ്പോൾ മലയാളം ദൃശ്യമാദ്ധ്യമരംഗത്ത് സജീവസാന്നിധ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP