Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മകൻ പാക്കിസ്ഥാനിൽ എത്തിയപ്പോൾ അപ്പൻ ഇന്ത്യയിലേക്ക്; അടുത്തയാഴ്ച ചാൾസ് ഭാര്യ കാമില ഇല്ലാതെ ഇന്ത്യയിൽ എത്തുന്നത് രണ്ടു ദിവസത്തേക്ക്; ചടങ്ങിൽ പിറന്നാൾ ആഘോഷവും; രണ്ടു വർഷം തികഞ്ഞപ്പോഴേക്കും ചാൾസ് ഓടിയെത്തുന്നത് വെറുതെയല്ല

മകൻ പാക്കിസ്ഥാനിൽ എത്തിയപ്പോൾ അപ്പൻ ഇന്ത്യയിലേക്ക്; അടുത്തയാഴ്ച ചാൾസ് ഭാര്യ കാമില ഇല്ലാതെ ഇന്ത്യയിൽ എത്തുന്നത് രണ്ടു ദിവസത്തേക്ക്; ചടങ്ങിൽ പിറന്നാൾ ആഘോഷവും; രണ്ടു വർഷം തികഞ്ഞപ്പോഴേക്കും ചാൾസ് ഓടിയെത്തുന്നത് വെറുതെയല്ല

കെ ആർ ഷൈജുമോൻ

ലണ്ടൻ: മകനും ഭാര്യയും പാക്കിസ്ഥാനിൽ നടത്തിയ സന്ദർശനം ഇന്ത്യക്കു ലേശം ചൊരുക്ക് ഉണ്ടാക്കിയോ എന്ന് ബ്രിട്ടീഷ് രാജകുടുംബം നിശ്ചയമായും കരുതിയിരിക്കണം. അതിനാൽ തന്നെ വില്യമും കെയ്റ്റും പാക്കിസ്ഥാൻ സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ പകരമായി അപ്പൻ ഇന്ത്യയിൽ എത്തട്ടെ എന്ന് രാജകുടുംബം തീരുമാനിച്ചിരിക്കണം. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം നല്ല മെയ്വഴക്കത്തോടെ പരിപാലിക്കുന്ന ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുത്തൻ സാമ്പത്തിക ക്രമത്തിൽ ഇന്ത്യയെ വെറുപ്പിച്ചു ഒരടി മുന്നോട്ടു പോകുന്നത് ആലോചിക്കാനേ വയ്യാത്ത കാര്യമാണ്, അതും ബ്രക്‌സിറ്റ് മുന്നിൽ വന്നു നിൽക്കുമ്പോൾ.

തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയുമായി നിൽക്കുന്ന പാക്കിസ്ഥാനും ചൈനയെ വരെ വെല്ലുവിളിച്ചു സാമ്പത്തിക കരുത്തു കാട്ടുന്ന ഇന്ത്യയും ഒരേ നിലയിൽ കാണുക എന്നത് ബ്രിട്ടന് സാധ്യമല്ല. പ്രത്യേകിച്ചും ദുർബല സർക്കാരുകൾ അടിക്കടി വന്നു പോകുന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ചാപല്യങ്ങൾ മറികടക്കാൻ ഉള്ള രാജകുടുംബത്തിന്റെ നീക്കം കൂടിയായി വേണം ചാൾസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനം വിലയിരുത്താൻ.

ചാൾസിന്റെ സന്ദർശനത്തിന് രാഷ്ട്രീയമായ പ്രാധാന്യം ഉണ്ടെന്നു ഓർമപ്പെടുത്തുന്നത് അദ്ദേഹം ഒറ്റയ്ക്ക് എത്തുന്നതുകൊണ്ട് കൂടിയാണ്. ഭാര്യയെ കൂട്ടാതെ പിറന്നാൾ ദിനം ആയിട്ട് കൂടി ഇന്ത്യയിൽ എത്താൻ ഉള്ള തീരുമാനം സന്ദർശനം അത്രയും പ്രധാനപ്പെട്ടത് ആണെന്ന സൂചനയാണ് നൽകുന്നത്. ഇന്ത്യയിൽ ജവഹർലാൽ നെഹ്രുവിന്റെ പിറന്നാൾ ആഘോഷം നടക്കുമ്പോൾ തന്നെ തന്റെ 71-ാമത് പിറന്നാൾ ആഘോഷിക്കാൻ ഉള്ള അവസരം ചാൾസ് തിരഞ്ഞെടുത്തത് ബോധപൂർവമായിരിക്കണം.

രാജ്യാന്തര ബന്ധങ്ങൾ വളർത്തുന്നതിൽ എല്ലായ്‌പ്പോഴും ഇത്തരം പൊടിക്കൈകൾ രാഷ്ട്ര നേതാക്കൾ പയറ്റാറുള്ളത് രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴവും പരപ്പും ലോകത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ്. ആവശ്യത്തിന് മാധ്യമ ശ്രദ്ധ ഇത്തരം കാര്യങ്ങളിൽ ലഭിക്കുന്നുണ്ട് എന്ന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര വിദഗ്ദ്ധർ ഉറപ്പാക്കുകയും ചെയ്യും.

ഇതോടെ വില്യമിന്റെയും കെയ്റ്റിന്റെയും പാക് സന്ദർശനം ഏതെങ്കിലും വിധത്തിൽ ഇന്ത്യക്കു നീരസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ന്യൂട്രലൈസ് ചെയ്യാൻ ചാൾസിന്റെ പിറന്നാൾ ദിനത്തിലെ വരവ് കാരണമായി മാറും എന്നാണ് ബ്രിട്ടന്റെ ചിന്ത. ഏഴു വർഷം മുൻപ് മറ്റൊരു ഇന്ത്യ സന്ദർശനത്തിലാണ് അദ്ദേഹം 65 പിറന്നാൽ ആഘോഷിച്ചത്. അന്നാകട്ടെ അദ്ദേഹം കേരളത്തിലാണ് ചെലവിട്ടത് എന്നത് മറ്റൊരു പ്രത്യേകതയാണ്.

ചാൾസിന്റെ വരവിനു ശേഷം കോവളം ബീച്ച് തേടി ബ്രിട്ടീഷ് സഞ്ചാരികൾ കൂടുതലായി എത്തിയത് സംസ്ഥാനത്തെ ടൂറിസം വരുമാനത്തിന് സഹായകമാകുകയും ചെയ്തു. അടുത്ത കാലത്തായി ശരത് കാല സന്ദർശന പരിപാടികളിൽ ഏഷ്യയിലേക്കുള്ള യാത്രകളിൽ ഇന്ത്യ അദ്ദേഹത്തിന്റെ സ്ഥിരം സന്ദർശക രാഷ്ട്രമായി മാറുന്നുമുണ്ട്. വില്യമും കെയ്റ്റും പാക് സന്ദർശനം പൂർത്തിയാക്കിയ ഉടൻ തന്നെ ചാൾസിന്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച അറിയിപ്പ് ക്ലാരൻസ് ഹൗസ് പുറത്തു വിട്ടതും കൗതുകകരമാണ്.

ഏഴു വർഷം മുൻപ് ഭാര്യ കാമിലയും ഒത്തു നടത്തിയ സന്ദർശനത്തിൽ നാലു ദിവസത്തോളം അദ്ദേഹം കേരളത്തിൽ ആയിരുന്നു. അന്നത്തെ പിറന്നാൾ ആഘോഷവും കേരളത്തിൽ തന്നെ ആയതു പുട്ടിനു പീര എന്ന കണക്കെ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ഈ ദിവസങ്ങളിൽ ഒക്കെയും ബ്രിട്ടീഷ് മാധ്യമങ്ങൾ മുഴുവൻ ചാൾസിന്റെയും കാമിലയുടെയും സന്ദർശന റിപ്പോർട്ട് നിറയ്ക്കുക ആയിരുന്നു.

പ്രധാന പത്രങ്ങൾ ടൈംസും ടെലെഗ്രഫും അടക്കം മിക്കവയും ഒന്നാം പേജിൽ തന്നെ മനോഹരമായ ചിത്രങ്ങൾ സഹിതം എല്ലാ ദിവസവും കേരളത്തെ ഒന്നാം പേജിൽ തന്നെ നിറച്ചതും കേരളത്തിൽ ബ്രിട്ടീഷ് സഞ്ചാരികൾ കുത്തി ഒഴുകാൻ കാരണമായിരുന്നു. അന്ന് ചാൾസിന്റെ സന്ദർശന വാർത്തകൾ നൽകിയപ്പോൾ മട്ടാഞ്ചേരിയിലെ കട സന്ദർശനത്തിനിടയിൽ പിറന്നാള ആഘോഷ ഭാഗമായി 65 തിരിയിട്ട നിലവിളക്ക് കത്തിക്കുന്നതിനിടെ ഒരു തിരിയിൽ ചാൾസിന്റെ കോട്ട് സ്പർശിച്ചതുവരെ വമ്പൻ തലക്കെട്ട് നിരത്തിയാണ് ടൈംസ് പോലുള്ള പത്രങ്ങൾ ആഘോഷിച്ചത്.

ബ്രിട്ടനിൽ നിന്നും ചാൾസ് കൂടെ കൊണ്ട് പോയ സുരക്ഷ ഉദ്യോഗസ്ഥൻ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് ചാൾസ് പോള്ളലേൽക്കാതെ രക്ഷപ്പെട്ടത് എന്നും പത്രം എഴുതിയിരുന്നു. തീ കൊണ്ടുള്ള കളി വേണ്ടെന്നു കാമില സൂചനയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നതൊക്കെ പത്രങ്ങൾ വാർത്തയാക്കിയപ്പോൾ കേരളം ഒരു അത്ഭുതമായി നിറയുകയായിരുന്നു ബ്രിട്ടനിൽ.

ഏറ്റവും ഒടുവിൽ രണ്ടു വർഷം മുൻപ് നവംബറിൽ തന്നെയാണ് ചാൾസ് ഇന്ത്യ സന്ദർശനം നടത്തിയത്. ഈ മാസം 13, 14 തീയതികളിൽ ആണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി വ്യാപാര ബന്ധങ്ങൾ, കാലാവസ്ഥ, സാമൂഹ്യ വികസനം എന്നീ കാര്യങ്ങളിൽ കേന്ദ്രീകരിച്ചു ചർച്ചകൾ ഉണ്ടാകും. ആരോഗ്യ സ്ഥിതി പരിഗണിച്ചു ബ്രിട്ടീഷ് രാജ്ഞി വിദേശ യാത്രകൾ ഏറെക്കാലമായി ഒഴിവാക്കിയ സാഹചര്യത്തിൽ ആ റോൾ ഏറ്റെടുത്തിരിക്കുന്നത് കിരീട അവകാശി കൂടിയായ ചാൾസ് രാജകുമാരൻ ആണ്.

ഇന്ത്യയിൽ നിന്നും ചാൾസ് നേരെ എത്തുക ന്യൂസിലന്റിലേക്കാണ്. അവിടെ വച്ചാകും അദ്ദേഹം പത്‌നി കാമിലയുമായി കൂട്ടിമുട്ടുക. അഞ്ചു നാളത്തെ ന്യൂസിലാന്റ് സന്ദർശനം കൂടുതൽ വ്യക്തിപരമായിരിക്കും എന്ന സൂചനയാണ് കാമിലയുടെ സാന്നിധ്യം നൽകുന്നത്. ഇന്ത്യ സന്ദർശനം പൂർണമായും ഔദ്യോഗികം ആയിരിക്കാൻ അദ്ദേഹത്തിന്റെ ഓഫീസ് ശ്രദ്ധ നൽകുകയാണ് എന്നത് സന്ദർശക പരിപാടിയുടെ വിശദംശങ്ങൾ തന്നെ സൂചന നൽകുന്നു.

      View this post on Instagram

The Prince of Wales will visit India from 13th-14th November, as part of Their Royal Highnesses’ Autumn tour, to celebrate British-Indian connections.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP