Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`ഞാനും എന്റെ മക്കളും പെരുവഴിയിലാണ്`; കിടപ്പാടം പോലുമില്ലാത്ത ഞങ്ങൾക്ക് എങ്ങോട്ട് പോകണമെന്ന് പോലും അറിയില്ല; നിയമവിരുദ്ധമായി തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവിന്റെ വീടിന് മുന്നിൽ ഫാത്തിമ ജുവൈരിയയുടെ സമരം ഒരാഴ്ച പിന്നിടുന്നു; യുവാവിന്റെ ധൈര്യം സിപിഎം നേതാക്കളുടെ പിന്തുണയെന്ന് ലീഗ്; അടിസ്ഥാനരഹിതമെന്ന് സിപിഎം; പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും തെരുവിലിട്ട് നീതിക്കായി ഇരുപത്തിനാലുകാരിയുടെ പോരാട്ടം

`ഞാനും എന്റെ മക്കളും പെരുവഴിയിലാണ്`; കിടപ്പാടം പോലുമില്ലാത്ത ഞങ്ങൾക്ക് എങ്ങോട്ട് പോകണമെന്ന് പോലും അറിയില്ല; നിയമവിരുദ്ധമായി തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവിന്റെ വീടിന് മുന്നിൽ ഫാത്തിമ ജുവൈരിയയുടെ സമരം ഒരാഴ്ച പിന്നിടുന്നു; യുവാവിന്റെ ധൈര്യം സിപിഎം നേതാക്കളുടെ പിന്തുണയെന്ന് ലീഗ്; അടിസ്ഥാനരഹിതമെന്ന് സിപിഎം; പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും തെരുവിലിട്ട് നീതിക്കായി ഇരുപത്തിനാലുകാരിയുടെ പോരാട്ടം

കെ വി നിരഞ്ജൻ

കോഴിക്കോട്: നിയമങ്ങൾ ശക്തമാകുമ്പോഴും സ്ത്രീകൾ ഇരകളാക്കപ്പടുന്നത് തുടർക്കഥയാകുന്നു. കോഴിക്കോട് നാദാപുരത്തിനടുത്ത് വാണിമേലിൽ ഫാത്തിമ ജുവൈരിയ എന്ന ഇരുപത്തിനാലുകാരിയുടെ സമരം ഒരാഴ്ചയായി തുടരുകയാണ്. ഭർത്താവ് നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയതോടെ മറ്റൊരു വഴിയുമില്ലാതെയാണ് തനിക്കു കൂടി അവകാശപ്പെട്ട ഭർത്താവിന്റെ വീട്ടുപരിസരത്ത് ജുവൈരിയയും മക്കളായ ഫാത്തിമ മഹറിനും മുഹമ്മദും സമരമിരിക്കുന്നത്. സമരത്തെച്ചൊല്ലി പ്രദേശത്തെ പ്രബല രാഷ്ട്രീയകക്ഷികളായ മുസ്ലിം ലീഗും സി പി എമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട്‌പോകുമ്പോൾ ഫാത്തിമയുടെ പോരാട്ടം തുടരുകയാണ്.

'ഞാനും എന്റെ മക്കളും പെരുവഴിയിലാണ്.. ഈ ചെറിയ കുട്ടികളെയും കൊണ്ട് എങ്ങോട്ടുപോവും എന്ന് എനിക്കറിയില്ല.. കയറിച്ചെല്ലാൻ വീടുപോലുമില്ലാത്ത അവസ്ഥ' - വേദനയോടെയാണ് ഫാത്തിമ ജുവൈരിയ സംസാരിക്കുന്നത്. മുമ്പിൽ വഴികളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ സമരം മാത്രമെ തനിക്ക് മുമ്പിലുള്ളുവെന്ന് ഈ യുവതി പറയുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാർലമെന്റ് പാസ്സാക്കിയിട്ടും കാര്യങ്ങൾക്കൊന്നും മാറ്റമില്ലെന്നതാണ് രാജ്യത്തെ അവസ്ഥ. കോഴിക്കോട് നേരത്തെ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയ മുക്കം ചുള്ളിക്കാപറമ്പിൽ ഇ കെ ഉസാമിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ സമാനമായ മറ്റൊരു സംഭവവുമുണ്ടായി. അതിന് ശേഷമുണ്ടാകുന്ന മുത്തലാഖ് കേസാണ് ഫാത്തിമ ജുവൈരിയയുടേത്.

നാദാപുരം വാണിമേൽ മുളിവയലിൽ ഫാത്തിമ ജുബൈരിയയെ 2013 ഓഗസ്റ്റ് പതിനെട്ടിനാണ് വാണിമേൽ മാമ്പിലാക്കൂൽ അച്ചാർകണ്ടി സമീർ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ടായി. വിവാഹം കഴിഞ്ഞ് കുറേ നാൾ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പിന്നീട് എങ്ങിനെയെങ്കിലും ഫാത്തിമയെ ഒഴിവാക്കണമെന്ന നിലപാടിലായി സമീർ. പിന്നെ ഫാത്തിമയെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ. ഭർത്താവും കുടുംബാംഗങ്ങളും പരമാവധി തന്നെ ഉപദ്രവിച്ചുവെന്ന് ഫാത്തിമ പറയുന്നു. പിന്നീട് കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഫാത്തിമയെ വീടിന് പുറത്താക്കുകയും ചെയ്തു. പിന്നീട് കുറേക്കാലം ഫാത്തിമ സ്വന്തം വീട്ടിലായിരുന്നു താമസം.

ഇതിനിടയിൽ തന്റെ പേരിലുണ്ടായിരുന്ന വീട് സമീർ സഹോദരന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റി. ഫാത്തിമയുടെ സ്വർണം ഉൾപ്പെടെ വിറ്റ കാശുകൊണ്ട് നിർമ്മിച്ച വീടാണ് വിവാഹബന്ധം വേർപെടുത്തിയാൽ ഫാത്തിമ അവകാശം ചോദിച്ചെത്തുമോ എന്ന് ഭയന്ന് ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നത്. തുടർന്ന് തങ്ങളുടെ പേരിലുള്ള വീട്ടിൽ ഫാത്തിമ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമീറിന്റെ സഹോദരൻ നൽകിയ ഹരജിയിൽ ഫാത്തിമ വീട്ടിൽ പ്രവേശിക്കുന്നത് കോടതി വിലക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 24 ന് സമീർ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധവും വേർപെടുത്തി. ഖത്തറിലായിരുന്ന സമീർ നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞാണ് ഫാത്തിമ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്. എന്നാൽ സമീർ അപ്പോഴേക്കും മറ്റൊരു യുവതിയെ നിക്കാഹ് ചെയ്തിരുന്നു.

'പത്ത് ദിവസത്തെ അവധിക്കാണ് ഭർത്താവ് നാട്ടിൽ വന്നത്. ദൂരെയുള്ള മഹല്ലിൽ വെച്ച് നിക്കാഹ് നടത്തിയെന്നാണ് അറിഞ്ഞത്. നിക്കാഹ് കഴിഞ്ഞ് അദ്ദേഹം ഖത്തറിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അദ്ദേഹം ഉണ്ടാക്കിയ വീട് ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റിയതോടെ തനിക്കും മക്കൾക്കും അവിടെ കയറിക്കിടക്കാൻ പോലും കഴിയില്ല. മക്കൾക്ക് വേണ്ടിയാണ്.. അവരുടെ ഭാവിക്ക് വേണ്ടിയാണ് ഞാനിങ്ങനെ ഈ വഴിയിൽ കിടക്കുന്നത്... ' ഫാത്തിമ വ്യക്തമാക്കുന്നു.

ഫാത്തിമയുടെ പരാതിയെതുടർന്ന് സമീറിനെതിരെ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ യഥാർത്ഥ വസ്തുത അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഒരാഴ്ചയായി ഫാത്തിമ സമരം തുടങ്ങിയിട്ട്. പ്രധാന പാർട്ടികളായ സി പി എമ്മും മുസ്ലിം ലീഗും ഈ പേരിൽ പരസ്പരം ഏറ്റുമുട്ടുകയാണ്. സമീർ സി പി എം അനുഭാവിയാണ്. പ്രദേശത്തെ പ്രാദേശിക സി പി എം നേതാക്കളെല്ലാം സമീറിനൊപ്പമാണ്. ഇത്തരം നേതാക്കളുടെ പിന്തുണയാണ് സമീറിന്റെ ധൈര്യമെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കുന്നത്. ഫാത്തിമയെ നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി സമീർ വിവാഹബന്ധം വേർപെടുത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളും പരാതിയുമായി ആദ്യം സമീപിച്ചത് സി പി എം നേതൃത്വത്തെയായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാഷ്ട്രീയപാർട്ടികളൊന്നും തുടക്കത്തിൽ പ്രശ്‌നത്തിൽ ഇടപെട്ടില്ല.

സമീറിന്റെ സ്വാധീനം കാരണം യുവതിയെ സഹായിക്കാൻ തീരുമാനിച്ച അവിടുത്തെ സി പി എം നേതൃത്വം പിന്നീട് പ്രശ്‌നത്തിൽ നിന്ന് തലയൂരിയെന്നാണ് ലീഗ് പറയുന്നത്. മഹല്ല് കമ്മിറ്റി പ്രശ്‌നം തീർപ്പാക്കുന്നതിനിടയിലാണ് സി പി എം പ്രശ്‌നത്തിൽ ഇടപെട്ടത്. പിന്നീട് സി പി എമ്മുകാരനായ യുവതിയുടെ ഭർത്താവിന് വേണ്ടി സി പി എം യുവതിയെ കൈവിടുകയായിരുന്നുവെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു. സി പി എം ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും പ്രശ്‌നത്തിൽ വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചെതന്നും ലീഗ് നേതാക്കൾ ആക്ഷേപിക്കുന്നു. ഇതേ സമയം വിഷയത്തിൽ ഏറ്റവുമാദ്യം ഇടപെട്ട രാഷ്ട്രീയ പാർട്ടി സിപിഐ ആണെന്ന് സിപിഐ നേതാക്കൾ പറയുന്നു. യുവതിക്ക് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ അവർക്കൊപ്പം പാർട്ടി ഉറച്ചു നിൽക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി ഗവാസ് പറയുന്നു.

വിഷയത്തിൽ സി പി എമ്മിനെതിരെ ലീഗ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി പി എം വിശദീകരിക്കുന്നു. പ്രശ്‌നത്തിൽ ഏരിയാ കമ്മിറ്റി ഇടപെട്ടിട്ടില്ല. കുടുംബപ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടത് സി പി എം ലോക്കൽ കമ്മിറ്റിയും മഹല്ല് കമ്മിറ്റിയുമാണ്. പൊലീസ് സാന്നിധ്യത്തിൽ മധ്യസ്ഥശ്രമം നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ഇതിനിടയിൽ സമീർ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ പാർട്ടി അതിനോട് യോജിച്ചില്ല. പക്ഷെ ആരുമറിയാതെ സമീർ അയൽവാസിയായ യുവതിയെ വിവാഹം കഴിച്ചു. ഈ നടപടിയോട് പാർട്ടിക്ക് യോജിപ്പില്ല. ഫാത്തിമയ്ക്ക് നീതി ലഭിക്കണം. പ്രശ്‌നം പരിഹരിക്കാൻ സമീർ തയ്യാറാകണം. ഇതാണ് പാർട്ടി നിലപാടെന്നിരിക്കെ മുസ്ലിം ലീഗ് തെറ്റായ പ്രചരണങ്ങൾ അഴിച്ചുവിടുകയാണെന്നും സി പി എം നേതാക്കൾ വിശദീകരിക്കുന്നു. വാദങ്ങളെല്ലാം ഇങ്ങനെ തുടരുമ്പോഴും രണ്ട് ചെറിയ കുട്ടികളുമായി ഫാത്തിമ സമരം തുടരുകയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ അണിചേർന്നുകൊണ്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP