Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ ജില്ലാ സഹകരണ ബാങ്കുകളേയും ചേർത്ത് രൂപീകരിക്കുന്ന കേരള ബാങ്കിനോട് മുഖം തിരിച്ച് മലപ്പുറം; മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള ബാങ്കിൽ കേരള ബാങ്ക് എന്ന നീക്കം ജനറൽ ബോഡി തള്ളിയത് രണ്ട് തവണ; ഇടപാടുകാർക്കും ജീവനക്കാർക്കും സേവനം ലഭിക്കണമെങ്കിൽ കേരളബാങ്ക് ആയെ മതിയാകൂ എന്ന് സർക്കാർ; കേരള ബാങ്കിന്റെ ഭാഗമായില്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് എന്ത് സംഭവിക്കും?

എല്ലാ ജില്ലാ സഹകരണ ബാങ്കുകളേയും ചേർത്ത് രൂപീകരിക്കുന്ന കേരള ബാങ്കിനോട് മുഖം തിരിച്ച് മലപ്പുറം; മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള ബാങ്കിൽ കേരള ബാങ്ക് എന്ന നീക്കം ജനറൽ ബോഡി തള്ളിയത് രണ്ട് തവണ; ഇടപാടുകാർക്കും ജീവനക്കാർക്കും സേവനം ലഭിക്കണമെങ്കിൽ കേരളബാങ്ക് ആയെ മതിയാകൂ എന്ന് സർക്കാർ; കേരള ബാങ്കിന്റെ ഭാഗമായില്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് എന്ത് സംഭവിക്കും?

ജംഷാദ് മലപ്പുറം

മലപ്പുറം: കേരള ബാങ്ക് വരുന്നതോടെ ജില്ലാ സഹകരണ ബാങ്കുകളുടെ പേരും മാറും. എന്നാൽ കേരളാ ബാങ്കിനോട് എതിർത്ത് നൽക്കുന്നത് മുസ്ലിംലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രമാണ്, മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനാമ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. റിസർവ് ബാങ്കിന്റ പച്ചക്കൊടി കിട്ടിയതായും അധികൃതർ വ്യക്തമാക്കി. കേരള ബാങ്ക് രൂപീകരണ പ്രമേയത്തെ മുസ്ലിംലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജനറൽബോഡി യോഗം രണ്ടുതവണയാണ് തള്ളിയത്. ഇതിന് പുറമെ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അനുരഞ്ജന ചർച്ചകളും ഭരണസമിതി ബഹിഷ്‌കരിച്ചു.

മലപ്പുറം മാത്രം ജില്ലാ ബാങ്കായി നിലനിൽക്കാനുള്ള ചിലരുടെ സ്വാർഥ താൽപ്പര്യമാണ് ഇതിന് പിന്നിലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ കേരള ബാങ്ക് യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെ ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ഇല്ലാതാവും. ഇടപാടുകാർക്കും ജീവനക്കാർക്കും സേവനം തുടർന്നും ലഭിക്കണമെങ്കിൽ ജില്ലാ ബാങ്കിന് കേരളാ ബാങ്ക് രൂപീകരണ പ്രമേയത്തെ അംഗീകരിക്കുകയേ നിർവാഹമുള്ളുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ജില്ലാ സഹകരണ ബാങ്കുകളിലെ സർവീസ് ബാങ്ക് പ്രതിനിധികളുടെ പൊതുയോഗങ്ങൾ ചേർന്ന് കേരള ബാങ്ക് രൂപീകരണ പ്രമേയം പാസാക്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശത്തെ ദുരുപയോഗം ചെയ്താണ് മലപ്പുറം ജില്ലാ ബാങ്ക് പൊതുയോഗം പ്രമേയം രണ്ടുതവണയും തള്ളിയതെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്.

കഴിഞ്ഞ മാർച്ച് ഏഴിന് ചേർന്ന പൊതുയോഗത്തിൽ എൽഡിഎഫ് അനുകൂല പ്രാഥമിക സഹകരണ സംഘം പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയെങ്കിലും യുഡിഎഫ് പ്രതിനിധികൾ എതിർത്തു. ജൂലൈയിൽ ചേർന്ന യോഗത്തിലും ഇത് ആവർത്തിച്ചു. ഇതിനുശേഷം ജില്ലാ ബാങ്കായി നിലനിൽക്കാനുള്ള അനുമതിക്കായി കോടതിയെയും സമീപിച്ചു.ജില്ലാ ബാങ്ക് സ്വതന്ത്രമായി നിലനിൽക്കാമെന്ന കോടതിവിധി ലഭിച്ചാലും സംസ്ഥാനത്തെ ജില്ലാ ബാങ്കുകളും ആയിരക്കണക്കിന് ശാഖകളും കേരള ബാങ്കിനുകീഴിൽ പ്രവർത്തനസജ്ജമാകുന്നതോടെ മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രവർത്തനം അപ്രസക്തമാകുമെന്നും ഇക്കൂട്ടർ വാദിക്കുന്നു.

ജില്ലയിലും കേരള ബാങ്കിന്റെ നിരവധി ബ്രാഞ്ചുകൾ തുറക്കും. ഏറ്റവും കൂടുതൽ പ്രവർത്തനമൂലധനവും ശാഖകളും ഇടപാടുകാരുമുള്ള കേരള ബാങ്കിന് സർക്കാർ-സർക്കാരിതര ഏജൻസികളിൽനിന്ന് സഹായങ്ങളും ഫണ്ടും ലഭിക്കുമ്പോൾ മലപ്പുറം ജില്ലാ ബാങ്കിന് ഇതെല്ലാം നഷ്ടമാകുമെന്നും ആരോപണമുണ്ട്. ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണമോ പുതിയ നിയമനങ്ങളോ നടത്താനുമാവില്ല. ജില്ലയിലെ സർവീസ് ബാങ്കുകളുടെ അഫിലിയേഷൻ കേരള ബാങ്കിലേക്ക് മാറ്റുന്നതോടെ പ്രവർത്തനമൂലധനവും ഗണ്യമായി കുറയും.
സർക്കാർ ഇടപാടുകളെല്ലാം പുതിയ ബാങ്കിലൂടെ നടക്കുമ്പോൾ ജില്ലാ ബാങ്കിനും ശാഖകൾക്കും ചെറുകിട ഇടപാടുകൾപോലും കിട്ടാക്കനിയാകും.

മലപ്പുറം ജില്ലാ ബാങ്കിന് ജില്ലയിലാകെ 54 ശാഖകളും നാനൂറോളം ജീവനക്കാരുമാണുള്ളത്.
അതേ സമയം നവംബർ ഒന്നിന് ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളുടെ പേര് മാറ്റം മാത്രമായിരിക്കും നടക്കുയെന്നാണ് ഇതിനെ മറുവിഭാഗം പറയുന്നത്. കേരള ബാങ്കിന്റെ പേരിൽ ബാക്കിയുള്ളതെല്ലാം ആശങ്കകൾ മാത്രമാണെന്നും ഇക്കൂട്ടർ ആരോപിക്കുന്നു. സംസ്ഥാനസഹകരണ ബാങ്കിൽ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് പുതിയ ബാങ്ക് തുടങ്ങുന്നതിന് സംസ്ഥാന സർക്കാറിന് റിസർവ് ബാങ്ക് അനുമതി നൽകിയെങ്കിലും നിശ്ചിത സമയത്തിനകം നിർദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുകയില്ലെന്ന് സഹകരണ, ബാങ്കിങ് മേഖലയിലുള്ള വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മാനദണ്ഡങ്ങൾ എല്ലാം പാലിക്കാനാവുമെന്ന് സഹകരണ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കന്നുണ്ടെങ്കിലും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇതെല്ലാം നടപ്പാക്കാനാവില്ലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.

കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് കേരള ബാങ്ക് പ്രവർത്തനം ആരംഭിക്കാൻ 2020 മാർച്ച് 31 വരെയാണ് സംസ്ഥാന സർക്കാറിന് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്. ഇതിന് ശേഷം കേരള ബാങ്കിന്റെ തൽസ്ഥിതി സംബന്ധിച്ച് നബാർഡ് വഴി റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകണം.
കേരള ബാങ്കിന് പ്രവർത്തനാനുമതി നൽകുമ്പോൾ തന്നെ റിസർവ് ബാങ്ക് സംസ്ഥാന സഹകരണ നിയമത്തിൽ കൊണ്ടുവന്നിട്ടുള്ള വകുപ്പ് 14 എയുമായി ബന്ധപ്പെട്ട കേസുകളിൽ കേരള ഹൈക്കോടതിയുടെ തീർപ്പുകൾക്ക് വിധേയമായാണ് ലയനം നടപ്പിലാക്കേണ്ടതെന്ന് നിർദ്ദേശിക്കുന്നുണ്ട്.

ആറു മാസത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഏകീകൃത സോഫ്റ്റ് വെയർ രൂപീകരണം നടപ്പാക്കാൻ സർക്കാറിനാവില്ല. കേരള ബാങ്കിന് തത്വത്തിൽ അംഗീകാരം നൽകുമ്പോൾ മുന്നോട്ട് വെച്ച് 19 നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടതാണ് ഏകീകൃത സോഫ്റ്റ് വെയർ വേണമെന്നത്. ഇത് ആർ.ബി.ഐ നിഷ്‌കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾകൂടി പരിഗണിച്ചുള്ളതാവണം. 14 ജില്ലാ ബാങ്കുകളുടെയം സംസ്ഥാന സഹകരണ ബാങ്കുകളുടെയും വ്യത്യസ്ത രീതിയിലുള്ള സോഫ്റ്റ്്വെയറുകൾ ഡാറ്റകൾ നഷ്ടപ്പെടുത്താതെ പുതിയതും ഏകീകരിക്കപ്പെട്ടതുമായ സോഫ്‌റ്റ്‌വെയറിലേക്ക് മാറ്റണം. ഇതിനുള്ള ആസൂത്രണം നടത്താൻ പോലും ടെക്‌നിക്കൽ കമ്മിറ്റിക്ക് ആയിട്ടില്ല.

ഒന്നര വർഷത്തോളമായി സോഫ്‌റ്റ്‌വെയർ ഏകീകരണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ട്. കഴിഞ്ഞ ജൂലൈയിൽ ഓൺലൈൻ ടെണ്ടർ ക്ഷണിച്ചിരുന്നെങ്കിലും കമ്പനികളുമായി ധാരയിലെത്താൻ പോലും സാധിച്ചിരുന്നില്ല. ഏത് രീതിയിലുള്ള സോഫ്‌റ്റ്‌വെയർ വേണമെന്നതിന് രൂപരേഖയുണ്ടാക്കി അവതരിപ്പിച്ച് കാര്യക്ഷമത സംബന്ധിച്ച പരിശോധനകൾ നടത്തി വേണം റിസർവ് ബാങ്കിന്റെ അന്തിമാനുമതി നേടാൻ. ശതകോടികൾ ചെലവിട്ടുവേണം സുരക്ഷിതത്വം ഉറപ്പാക്കിയുള്ള സോഫ്‌റ്റ്‌വെയർ സ്ഥാപിക്കാൻ. ഒന്നര വർഷമായിട്ടും നടപ്പാക്കാൻ സാധിക്കാത്ത സോഫ്‌റ്റ്‌വെയർ ഏകീകരണം ഇനിയുള്ള ദിവസങ്ങൾകൊണ്ട് സർക്കാറിന് നടപ്പാക്കാനാവില്ല.

വോട്ടവകാശം ഇല്ലാതെ വായ്‌പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊട്ടേഷൻ അടിസ്ഥാനത്തിൽ പുതിയ ബാങ്കിന്റെ ഭരണസമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണം.ബോർഡ് ഓഫ് മാനേജ്‌മെന്റ് ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് സമാനമായ മാർഗ്ഗ നിർദ്ദേശത്തിനനുസരിച്ചാവണം. സിഇഒക്ക് ആർ.ബി.ഐ നിഷ്‌കർഷിക്കുന്ന യോഗ്യതയുണ്ടാവണം. . ഭരണസമിതിയിൽ ചുരുങ്ങിയത് 2 പ്രൊഫഷണൽസ് ഉണ്ടാകണം.

ലയനശേഷം കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ലൈസൻസ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകൾ കെ.എസ്.സി.ബിയുടെ ബ്രാഞ്ചുകളായി മാറും. തുടർന്ന് കെ.എസ്.സി.ബി ഈ ബ്രാഞ്ചുകളുടെ ലൈസൻസിനായി ആർ.ബി.ഐക്ക് ക്ക് അപേക്ഷ നൽകണം. ആർ.ബി.ഐയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകൾ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകൾ അവരുടെ ലൈസൻസ് ആർ.ബി.ഐക്ക് സറണ്ടർ ചെയ്യണം. തുടങ്ങിയവയാണ് അനുമതിക്കായി റിസർവ് ബാങ്ക് നൽകിയ നിർദ്ദേശം. നിശ്ചിത സമയത്തിനകം അനുകൂലമായ കോടതി വിധി സമ്പാദിക്കാനും സോഫ്‌റ്റ്‌വെയർ ഏകീകരണ കടമ്പയും കടക്കാതെ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാലും കേരള ബാങ്ക് യാഥാർഥ്യമാക്കാൻ സാധിക്കുകയില്ലെന്നും കേരളാ ബാങ്കിനെ എതിർക്കുന്നവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP