Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ആരാണ് ഗ്രെറ്റ തുൻബർഗ്; എന്തുകൊണ്ടാണ് പൊടുന്നനെ ഈ 16-കാരി ലോകശ്രദ്ധയിൽ എത്തിയത്? ലോകം മുഴുവനും ഒരു സ്‌കൂൾ കുട്ടിയുടെ വാക്കുകൾക്ക് കാതോർക്കാൻ കാരണമെന്ത്? പ്രകൃതി സംരക്ഷണത്തിന്റെ പുതിയ ആഗോള പ്രവാചകയെ അറിയാം

ആരാണ് ഗ്രെറ്റ തുൻബർഗ്; എന്തുകൊണ്ടാണ് പൊടുന്നനെ ഈ 16-കാരി ലോകശ്രദ്ധയിൽ എത്തിയത്? ലോകം മുഴുവനും ഒരു സ്‌കൂൾ കുട്ടിയുടെ വാക്കുകൾക്ക് കാതോർക്കാൻ കാരണമെന്ത്? പ്രകൃതി സംരക്ഷണത്തിന്റെ പുതിയ ആഗോള പ്രവാചകയെ അറിയാം

മറുനാടൻ ഡെസ്‌ക്‌

കാലാവസ്ഥാവ്യതിയാനം തടയുന്നതിന് ഭരണകൂടങ്ങളുെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സ്വീഡനിൽനിന്നുള്ള 16-കാരി, ഗ്രെറ്റ തുൻബർഗ് ഇന്ന് ലോകത്തിന്റെ ആവേശങ്ങളിലൊന്നാണ്. യു.എൻ. കാലാവസ്ഥാ ഉച്ചകോടിയിൽ കത്തുന്ന നോട്ടവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലും വിറപ്പിച്ച മിടുക്കി. വെള്ളിയാഴ്ചകളിൽ സ്‌കൂളിൽപ്പോകാതെ സ്വീഡിഷ് പാർലമെന്റിനുമുന്നിൽ ഗ്രെറ്റയാരംഭിച്ച ഒറ്റയാൾ സമരമാണ് ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള ലോകത്തിന്റെ പോരാട്ടമായിമാറിയത്. ഇന്നലെ കാനഡയിലെ മോൺട്രിയയിൽ ഗ്രെറ്റയുടെ ഫ്രൈഡേ ഫോർ ഫ്യൂച്ചറിൽ പങ്കെടുക്കാനും അവളുടെ വാക്കുകൾ കേൾക്കാനും തടിച്ചുകൂടിയത് അഞ്ചുലക്ഷത്തോളം പേരാണ്.

2003-ലാണ് ഗ്രെറ്റ ജനിക്കുന്നത്. സ്വീഡിഷ് ഓപ്പറ ഗായിക മലേന എൺമാന്റെയും അഭിനേതാവ് സ്വാന്ത് തുൻബെർഗിന്റെയും മകൾ. ആളുകളുമായി ഇടപഴകാനും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും കടുത്ത ബുദ്ധിമുട്ടനുഭവിച്ചിരുന്ന പെൺകുട്ടിയായിരുന്നു ഗ്രെറ്റ. അസ്പർജേഴ്‌സ് സിൻഡ്രോം എന്ന, ഓട്ടിസത്തിന്റെ വകഭേദം അവളെ ബാധിച്ചിരുന്നു. എന്നാൽ, ഗ്രെറ്റയുടെ ത്വരയെ തളർത്താൻ അതിനൊന്നുമായില്ല. ഭാവിതന്നെ ഇരുട്ടിലാകുമ്പോൾ കുട്ടികൾ സ്‌കൂളിൽപ്പോകുന്നതെന്തിനെന്ന ഗ്രെറ്റയുടെ ചോദ്യം ലോകത്തിന്റെ അതിർത്തികൾ ഭേദിച്ചു. എല്ലാ രാജ്യങ്ങളിലും കാലാവസ്ഥാ സംരക്ഷണത്തിനായി കുട്ടികൾ വെള്ളിയാഴ്ചകളിൽ തെരുവിലിറങ്ങി. ഗ്രെറ്റ ലോകത്തിന്റെ പുതിയ പ്രതീക്ഷയായി.

Stories you may Like

നിങ്ങളെന്റെ സ്വപ്‌നങ്ങളും നാളെയും കവർന്നെടുത്തുവെന്ന വികാര തീവ്രവാമായ പ്രസംഗത്തിലൂടെ ട്രംപടക്കമുള്ള ലോകനേതാക്കളെ ചുട്ടുപൊള്ളിച്ച ഗ്രെറ്റയ്ക്ക് ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോൾത്തന്നെ ഉയർന്നുകഴിഞ്ഞു. കഴിഞ്ഞവർഷവും ഗ്രെറ്റയെ സ്വീഡൻ നാമനിർദ്ദേശം ചെയ്തിരുന്നു. ബദൽ നൊബേൽ എന്നറിയപ്പെടുന്ന സ്വീഡിഷ് മനുഷ്യാവകാശ പുരസ്‌കാരമായ റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം കഴിഞ്ഞദിവസം അവളെത്തേടിയെത്തി.

ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഗ്രെറ്റ പുതിയ വിപ്ലവത്തിന് തുടക്കമിട്ടത്. ഇന്നത എല്ലാ രാജ്യങ്ങളിലേക്കും പടർന്നുകഴിഞ്ഞു. തുടർച്ചയായി വെള്ളിയാഴ്ചകളിൽ ക്ലാസ് ബഹിഷ്‌കരിച്ച് സ്വീഡിഷ് പാർലമെന്റിനു മുന്നിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് ഗ്രെറ്റ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. സ്വീഡിഷ് സർക്കാരിന്റെ നയങ്ങൾക്കെതിരെ 'ഫ്രൈഡേ സ്‌കൂൾ പ്രൊട്ടെസ്റ്റ്' എന്ന പ്രതിഷേധത്തിലൂടെ പാരീസ് ഉടമ്പടി പാലിച്ചുകൊണ്ട് കാർബൺ പുറംതള്ളൽ കുറയ്ക്കണമെന്ന് അവൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

തുടക്കത്തിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഗ്രെറ്റയുടെ സമരം പിന്നീട് ലോകംതന്നെ ഏറ്റെടുത്തു. ഒരു കൗതുകമായി മാത്രം തുടക്കത്തിൽ വീക്ഷിക്കപ്പെട്ട സമരം പിന്നീട് ലോകത്തെങ്ങുമുള്ള കൗമാരക്കാർക്ക് ആവേശത്തിന്റെ തീ പകർന്നു. ഭാവിതന്നെയില്ലെങ്കിൽ പിന്നെ ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം, എന്തിന് സ്‌കൂളിൽ പോകണം? വിദ്യാഭ്യാസം നേടിയവരുടെ വാക്കുകൾ ഭരണകേന്ദ്രങ്ങൾ ചെവിക്കൊള്ളുന്നില്ലെങ്കിൽ പിന്നെ എന്തിനു വിദ്യ നേടണം എന്നീ ചോദ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു ഗ്രെറ്റ സ്‌കൂൾ ബഹിഷ്‌കരണ സമരം സംഘടിപ്പിച്ചത്.

ഗ്രെറ്റയുടെ സമരം ലോകം ഏറ്റെടുത്തതോടെ 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' എന്ന പ്രസ്ഥാനമായി അതുമാറി. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അതിൽ സജീവ പങ്കാളികളായി. ഗ്രെറ്റ ഈ സമരങ്ങളുടെയൊക്കെ ധീരനായികയായി. ലണ്ടനിലും സ്റ്റോക്ക്‌ഹോമിലും ഹെൽസിങ്കിയിലും ബ്രസ്സൽസിലുമൊക്കെ സംഘടിപ്പിച്ച വൻ റാലികളിൽ ഗ്രെറ്റ സംസാരിച്ചു. കഴിഞ്ഞ ഡിസംബറിൽ പോളണ്ടിൽവെച്ച് യു എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തിയ ഗ്രെറ്റ, പ്രശ്‌നത്തിൽ ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

ഇക്കൊല്ലം ജനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിലും ഗ്രെറ്റയെത്തി. പ്രത്യേക ക്ഷണിതാവായെത്തി. അവിടെ ഗ്രെറ്റ നടത്തിയ പ്രസംഗം ലോകമെമ്പാടുമെത്തി. ഇന്ത്യയുൾപ്പെടെ നൂറ്റിയിരുപത്തിയെട്ടോളം രാജ്യങ്ങളിലെ 2233 നഗരങ്ങളിൽ വെള്ളിയാഴ്ചകളിൽ സ്‌കൂൾ വിട്ടിറങ്ങി കുട്ടികൾ പ്രകൃതിക്കായി പ്രകടനങ്ങൾ നടത്തുന്നു. ഇപ്പോഴിതാ ലോക കാലാവസ്ഥാ ഉച്ചകോടിയിലും ഗ്രെറ്റയുടെ ശബ്ദം ഉയർന്നുതന്നെ നിന്നു. ഇനിയും ഞങ്ങളെ സംരക്ഷിക്കാനായില്ലെങ്കിൽ നിങ്ങളെന്തിന് ലോകം ഭരിക്കണമെന്ന ചോദ്യമാണ് ഗ്രെറ്റ ഉയർത്തിയത്. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കൊന്നും അതിന് വ്യക്തമായ ഉത്തരമില്ലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP